Categories: Kannur

സ്വാശ്രയം; നഗരത്തില്‍ വിദ്യാര്‍ത്ഥി കലാപം; 5 പോലീസുകാരുള്‍പ്പെടെ നിരവധി പേര്‍ക്ക്‌ പരിക്ക്‌

Published by

കണ്ണൂറ്‍: സ്വാശ്രയ പ്രശ്നത്തിണ്റ്റെ പേരില്‍ കഴിഞ്ഞ ദിവസമുണ്ടായ പൊലീസ്‌ ലാത്തിച്ചാര്‍ജ്ജില്‍ പ്രതിഷേധിച്ച്‌ എസ്‌എഫ്‌ഐ, എഐവൈഎഫ്‌ സംഘടനകള്‍ നഗരത്തില്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. എസ്‌എഫ്‌ഐ കലക്ടറേറ്റിലേക്കും എഐവൈഎഫ്‌ ഡിഡിഇ ഓഫീസിലേക്കും നടത്തിയ മാര്‍ച്ചാണ്‌ അക്രമാസക്തമായത്‌. എസ്‌എഫ്‌ഐയും പൊലീസും തമ്മിലുണ്ടായ സംഘട്ടനത്തിലും ലാത്തിച്ചാര്‍ജ്ജിലും കല്ലേറിലുമായി നിരവധി പേര്‍ക്ക്‌ പരിക്കേറ്റു. ടൗണ്‍ ഡിവൈഎസ്പി കെ.വി.സന്തോഷ്‌, എസ്‌ഐ എം.പി.ആസാദ്‌, എആര്‍ ക്യാമ്പിലെ ഹെഡ്‌ കോണ്‍സ്റ്റബിള്‍ കെ.ആര്‍.ചന്ദ്രസേന, പൊലീസുകാരായ പ്രകാശന്‍, പ്രഭാകരന്‍ എന്നിവര്‍ക്കും പരിക്കേറ്റു. പ്രാദേശിക ചാനലിണ്റ്റെ റിപ്പോര്‍ട്ടര്‍ ഇരിട്ടി സ്വദേശി അര്‍ജ്ജുന്‍ സി.വനജിനും കല്ലേറില്‍ പരിക്കേറ്റു. പ്രകടനമായെത്തിയ പ്രവര്‍ത്തകര്‍ പൊലീസ്‌ വലയം ഭേദിക്കാന്‍ ശ്രമിച്ചതോടെയാണ്‌ സംഘര്‍ഷത്തിന്‌ തുടക്കം കുറിച്ചത്‌. സമരക്കാര്‍ കല്ലേറ്‌ ആരംഭിച്ചതിനെ തുടര്‍ന്ന്‌ ജലപീരങ്കി ഉപയോഗിച്ച്‌ വെള്ളം ചീറ്റിയെങ്കിലും സമരക്കാര്‍ റോഡില്‍ കുത്തിയിരുന്ന്‌ പ്രതിഷേധിച്ചു. ഇതിനിടെ പ്രവര്‍ത്തകര്‍ ജലപീരങ്കിക്ക്‌ നേരെ പരക്കെ കല്ലെറിഞ്ഞു. കലക്ടറേറ്റ്‌ മതില്‍ ചാടി കടക്കാന്‍ ചിലര്‍ ശ്രമിച്ചതും പൊലീസുമായി പിടിവലിയും തുടര്‍ന്നപ്പോള്‍ പൊലീസ്‌ ലാത്തി വീശുകയായിരുന്നു. മാര്‍ച്ചിന്‌ എസ്‌എഫ്‌ഐ ജില്ലാ സെക്രട്ടറി വി.കെ.സനോജ്‌. ജില്ലാ സെക്രട്ടറിയേറ്റ്‌ അംഗം റോബര്‍ട്ട്‌ ജോര്‍ജ്ജ്‌ എന്നിവര്‍ നേതൃത്വം നല്‍കി. മാര്‍ച്ച്‌ എസ്‌എഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗം മനു തോമസ്‌ ഉദ്ഘാടനം ചെയ്തു. ഗതാഗതക്കുരുക്കുള്‍പ്പെടെയുള്ളവയ്‌ക്ക്‌ കാരണമായി അന്യായമായി സംഘടിച്ചതിണ്റ്റെ പേരിലും പൊലീസിണ്റ്റെ ഔദ്യോഗിക നിര്‍വ്വഹണം തടസ്സപ്പെടുത്തിയതിണ്റ്റെ പേരിലും 200 ഓളം എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരേ ടൗണ്‍ പൊലീസ്‌ കേസെടുത്തു. സ്വാശ്രയ പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട്‌ എഐഎസ്‌എഫിണ്റ്റെ നേതൃത്വത്തില്‍ ഡിഡിഇ ഓഫിസിലേക്ക്‌ നടത്തിയ മാര്‍ച്ചും അക്രമാസക്തമായി. കെ.ആര്‍.ചന്ദ്രകാന്ത്‌, ഇ.ഡി. മഹേഷ്‌, നിധിന്‍ എന്നിവര്‍ മാര്‍ച്ചിന്‌ നേതൃത്വം നല്‍കി. സംസ്ഥാന ജോയിണ്റ്റ്‌ സെക്രട്ടറി മഹേഷ്‌ കക്കത്ത്‌ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ്‌ പ്രസിഡണ്ട്‌ അഡ്വ. പി.അജയകുമാര്‍ അധ്യക്ഷത വഹിച്ചു. പൊലീസും സമരക്കാരും റോഡില്‍ ഏറ്റുമുട്ടിയതോടെ കണ്ണൂര്‍-തലശ്ശേരി പാതയില്‍ ഗതാഗതം തടസ്സപ്പെട്ടു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by