Categories: Vicharam

യുഎഇ മണിട്രാന്‍സ്ഫര്‍!

Published by

ജൂലായ്‌ എട്ട്‌ സംസ്ഥാനത്തിന്‌ അസുലഭ മുഹൂര്‍ത്തം. കേരള സര്‍ക്കാരിന്റെ പുതിയ ബജറ്റ്‌ അന്നാണ്‌ കുഞ്ഞുമാണി നിയമസഭയില്‍ അവതരിപ്പിച്ചു റിക്കാഡിടുന്നത്‌, ഖജനാവില്‍ ചില്ലിക്കാശു ബാക്കി വെയ്‌ക്കാതെ തോമസ്ജി ഐസക്ജി മൂട്ടിലെ പൊടിയും തട്ടി ഇറങ്ങിപ്പോരുമ്പോള്‍ അവതരിപ്പിച്ച ‘അര്‍ത്ഥശാസ്ത്ര ബജറ്റ്‌’ വാച്ച്‌ ആന്റ്‌ വാര്‍ഡിനെക്കൊണ്ട്‌ മണ്ണെണ്ണയൊഴിച്ചു കത്തിക്കുന്നതും അന്നുതന്നെ. ബജേറ്റ്ന്നുവെച്ചാല്‍ ഒഎന്‍വി കവിത പാടാനും മേനി പറയാനും ഒറ്റ നില്‍പ്പില്‍ ഒരു ഡസന്‍ കുപ്പി ബിസ്ലേരി വീഴ്‌ത്താനും മാത്രമാണെന്ന്‌ വെച്ചാല്‍ എന്തുചെയ്യും? ഇനിയും പിറക്കാത്ത ‘അല്‍ബാരക്കില്‍’നിന്ന്‌ പണം കടമെടുത്തിട്ടുവേണം റോഡും പാലവും മേല്‍പ്പാലവും പണിയാന്‍. ഐസക്ജിയുടെ ബജറ്റ്‌ കത്തിക്കുകയല്ലാതെ എന്താചെയ്യുക?

ഉമ്മന്‍ചാണ്ടിജി കേരളത്തില്‍ കര്‍മപരിപാടി അവതരിപ്പിച്ചപ്പോള്‍ തമിഴ്‌നാട്ടില്‍ ജയലളിത കമ്മലിട്ടു. കമ്മലൂരി വെച്ച്‌ ശപഥംചെയ്ത്‌ നടക്കുകയായിരുന്നു കുറച്ചുനാളായി. ഒരു ചെറിയ ശമനം കിട്ടിയതുകൊണ്ട്‌ കമ്മലിടാന്‍ തുടങ്ങി. ഇനി കരുണാനിധി വന്നിട്ടുവേണം അമ്മ വാങ്ങിക്കൂട്ടിയ 3 ലക്ഷം ജോടി കമ്മലുകളുടെ കണക്ക്‌ ഏഴൈകളെ അറിയിക്കാന്‍. ഇടയക്കനി കമ്മലിട്ട സ്ഥിതിക്ക്‌ അമ്മയുടെ അനുയായി മന്ത്രി ഉദയകുമാറിന്‌ ചെരുപ്പിടുകയും ആവാം. ജയലളിതയോടുള്ള ആരാധന മൂത്ത്‌ ചെരിപ്പുപേക്ഷിച്ച്‌ നടക്കുകയായിരുന്നു മന്ത്രി. അമ്മ നടന്ന സെന്റ്‌ ജോര്‍ജ്‌ ഫോര്‍ട്ടില്‍ ചെരുപ്പിട്ട്‌ നടക്കാന്‍ പാടില്ലത്രേ. ചെറുഭ്രാന്തിന്റെ തുടക്കം ഇങ്ങനെയാണ്‌. മുഴുഭ്രാന്താകുമ്പോള്‍ ‘ഉദയം മുണ്ടും’ ഉപേക്ഷിക്കും. മുണ്ടിന്റെ കാര്യം പറഞ്ഞപ്പോഴാണ്‌ ‘ആഗ്ന ആന്റ്‌ അഡോണിസി’ന്റെ പരസ്യം ശ്രദ്ധയില്‍വന്നത്‌. കിറ്റക്സ്‌ കിഴക്കമ്പലത്തിന്റെ ഈ പരസ്യത്തിന്റെ കൂടെ ഒരു സാധനം തുണിയില്‍ പൊതിഞ്ഞ്‌ ടിവിയില്‍ കാട്ടുന്നുണ്ട്‌. കിറ്റക്സ്‌ മുതലാളിയുടെ സമ്പാദ്യമായിരിക്കും?

കേരള സ്റ്റേറ്റ്‌ ഇലക്ട്രിസിറ്റി ബോര്‍ഡ്‌ ജീവനക്കാര്‍ക്ക്‌ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്‌ അത്ര രസിച്ചില്ലെന്ന്‌ തോന്നുന്നു. നാഴികയ്‌ക്ക്‌ നാല്‍പ്പതുവട്ടമാണ്‌ കറന്റുപോക്ക്‌. ഇന്‍വെര്‍ട്ടര്‍ ബാക്കപ്പ്‌ നിര്‍മാതാക്കളുമായി ബോര്‍ഡ്‌ ജീവനക്കാര്‍ ‘ടൈ അപ്പ്‌’ ആണെന്ന്‌ തോന്നുന്നു. ജനത്തെ പാഠം പഠിപ്പിക്കുകയുമാവാം, കുറച്ച്‌ ചിക്കിലിയും തടയും. പവര്‍ക്കട്ട്‌ കൂട്ടിയ മുറയ്‌ക്ക്‌ ചാര്‍ജും കൂട്ടാന്‍ പോവുകയാണ്‌ ബോര്‍ഡ്‌. 1.50 രൂപയുടെ വര്‍ദ്ധനവാണ്‌ ലക്ഷ്യം. ഒരാഴ്ചകൂടി കഴിയുമ്പോള്‍ പിന്നെയും വര്‍ധിപ്പിക്കും. തുടരെത്തുടരെയുള്ള ഹര്‍ത്താല്‍ ഒഴിവാക്കാന്‍ ഘട്ടംഘട്ടമായി വര്‍ധനവ്‌. കേന്ദ്രസര്‍ക്കാര്‍ പെട്രോള്‍ കമ്പനികളെ കൂട്ടുപിടിച്ചിരിക്കുന്നത്‌ സംസ്ഥാന ഇല.ബോര്‍ഡിനും രസിച്ചിട്ടുണ്ട്‌. ജീവനക്കാരും ബോര്‍ഡും ചേര്‍ന്ന്‌ നാട്ടാരെ പാഠം പഠിപ്പിക്കുകയാണ്‌ ഉദ്ദേശ്യം. തങ്ങളുടെ പ്രിയങ്കരനായ ബാലന്‍ മന്ത്രിയെ പറഞ്ഞുവിട്ടതില്‍ അവര്‍ക്ക്‌ അമര്‍ഷമുണ്ട്‌.

സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ തോറ്റുകൊടുത്തെങ്കിലും ബാലന്‍(മുന്ാ‍മന്ത്രി വീണ്ടും വ്യത്യസ്തനായി. താന്‍ വ്യത്യസ്തനാണെന്നു പാടി സ്വാഗതം ചെയ്തവരെ സസ്പെന്റ്‌ ചെയ്തു. അങ്ങനെയല്ലെന്ന്‌ പണ്ട്‌ തെളിയിച്ചിട്ടുള്ളതാണ്‌. ബാലന്റെ മകനാകട്ടെ കൂടെ പഠിക്കുന്ന(?) പെണ്‍കുട്ടിയെ നടുറോഡില്‍ കരണത്തടിച്ച്‌ അച്ഛന്‍ വ്യത്യസ്തനല്ല, സഹപ്രവര്‍ത്തകരെപ്പോലെ ഒരാളാണെന്നും തെളിയിച്ചിട്ടുണ്ട്‌. എന്നാല്‍ ‘തിരുത്തല്‍ വാദി-മൂന്നാംചേരി’ കാര്‍ത്തികേയന്റെ സ്പീക്കര്‍ സ്ഥാനലബ്ധിയില്‍ അനുമോദനം നടത്തിയപ്പോള്‍ ബാലന്‍ വീണ്ടും വ്യത്യസ്തനായി. കൈനോട്ടം നടത്തിയാണ്‌ ബാലന്‍ കാര്‍ത്തികേയനെ അഭിനന്ദിച്ചത്‌. സഭയില്‍ പലപ്പോഴും സ്പീക്കറുടെ കാസ്റ്റിംഗ്‌ വോട്ട്‌ വേണ്ടിവരുമെന്ന്‌ കണ്ടെത്തിയ ബാലന്‍ കാര്‍ത്തികേയന്റെ മക്കളുടെ ഭാവിയെക്കുറിച്ച്‌ പറയാതിരുന്നത്‌ നന്നായി. ബാലനേയും കോടിയേരിയേയും മാണിയേയും ഉമ്മനേയും തൊമ്മനേയുംപോലെ മക്കളെ രാഷ്‌ട്രീയം കളിപ്പിച്ചില്ലെന്നത്‌ കാര്‍ത്തികേയന്റെയും സുലേഖയുടെയും സുകൃതം.

മുന്‍സര്‍ക്കാര്‍ പുകകൊള്ളാന്‍ പറഞ്ഞുവെച്ച ഒരുലക്ഷത്തി നാല്‍പ്പതിനായിരം ഫയലുകള്‍ തീര്‍പ്പാക്കുന്നതിന്‌ കൂടിയാണ്‌ ഉമ്മന്‍ചാണ്ടിയുടെ 100 ദിവസത്തെ കര്‍മപരിപാടി. തന്റെ അഞ്ചുവര്‍ഷത്തെ മന്ത്രിപ്പണിയ്‌ക്കിടെ 3 ലക്ഷം പരാതികളും ഒരു ലക്ഷം ഫയലുകളും നോക്കിത്തീര്‍ത്ത ഒരു മുന്‍മന്ത്രി നമുക്കുണ്ട്‌. അദ്ദേഹത്തിന്റെ സഹായം ഉമ്മന്‍ചാണ്ടിക്ക്‌ തേടാവുന്നതാണ്‌.

മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി രജിസ്ട്രാറും സംഘവും ഗള്‍ഫ്‌ പര്യടനത്തിലാണ്‌. യൂണിവേഴ്സിറ്റിയുടെ വക ഗള്‍ഫില്‍ എഞ്ചിനീയറിംഗ്‌ കോളേജ്‌ തുടങ്ങുന്നതിന്റെ സാധ്യത പഠിക്കുകയാണുദ്ദേശ്യം. പരീക്ഷസമയത്ത്‌ നടത്താതെ, റിസള്‍ട്ട്‌ പ്രസിദ്ധീകരിക്കാതെ അധ്യാപകനിയമനം അംഗീകരിക്കാതെ ഇവിടെ കാര്യങ്ങളെല്ലാം നേരാംവണ്ണമാക്കിയ സ്ഥിതിക്ക്‌ ഗള്‍ഫിലെ കാര്യങ്ങളും ഒന്നു ശരിയാക്കുകയാണ്‌ ലക്ഷ്യം. വിദേശ യൂണിവേഴ്സിറ്റികള്‍ പിസയും ബര്‍ഗറുമായി ഇന്ത്യയിലോട്ട്‌ തള്ളിക്കയറുമ്പോഴാണ്‌ ഇവിടെനിന്ന്‌ പരിപ്പുവടയും കട്ടന്‍ചായയുമായി അങ്ങോട്ട്‌. ഗള്‍ഫില്‍ സ്വന്തമായി ഒരു കോളേജുണ്ടെങ്കില്‍ പരീക്ഷ നടത്തിപ്പും മേല്‍നോട്ടവുമെന്നൊക്കെ പറഞ്ഞ്‌ യൂണിവേഴ്സിറ്റി മേലാളന്മാര്‍ക്ക്‌ ഇടയ്‌ക്കിടെ ഗള്‍ഫില്‍ പോകുകയും എയര്‍കണ്ടീഷന്റ്‌ മുറിയില്‍ ഒരു മാസം വെള്ളമടിച്ചു കിടന്നുറങ്ങുകയും ആവാം. ആവശ്യാനുസരണംപോലെ യുഎഇ മണിട്രാന്‍സ്ഫര്‍ വഴി നാട്ടിലെ ബാങ്ക്‌ അക്കൗണ്ടില്‍ എത്തുകയും ചെയ്യും.

-കെ.എ.സോളമന്‍

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by