Categories: Vicharam

കൊച്ചി ‘നരക’വികസനം

Published by

രുപക്ഷേ ഇന്ത്യന്‍ നഗരങ്ങളില്‍ ആസൂത്രണമില്ലാതെ വികസന പ്രക്രിയ നടക്കുന്ന ഒരു നഗരം കൊച്ചിയായിരിക്കും. നഗരത്തിലെ മുഖ്യപ്രശ്നങ്ങളായ വെള്ളക്കെട്ട്‌, കൊതുക്‌ ശല്യം, കുടിവെള്ളക്ഷാമം, വാഹനക്കുരുക്ക്‌, വായു-ജല മലിനീകരണം, കായല്‍-തോട്‌ കയ്യേറ്റം, ഖരമാലിന്യ പ്രശ്നം, ഭരണരംഗത്തെ അഴിമതി, ചട്ടംലംഘിച്ചുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍, സ്ത്രീ സുരക്ഷയില്ലായ്മ, ബസ്സുകളുടെ മരണപ്പാച്ചില്‍, ബോട്ടുയാത്രകളുടെ സുരക്ഷിതത്വമില്ലായ്മ തുടങ്ങിയ കാതലായ പ്രശ്നങ്ങള്‍ക്ക്‌ പതിറ്റാണ്ടുകളായി ഒരു മാറ്റവും ഇല്ലാതെ വികസിച്ചുകൊണ്ടിരിക്കുന്ന ഏക നഗരം കൊച്ചിയായിരിക്കും. ഇവിടെ എന്തിനാണ്‌ ഒരു നഗരസഭയെന്നും ജില്ലാ ഭരണകൂടമെന്നും നഗരവാസികള്‍ ചിന്തിച്ചുകൊണ്ടിരിക്കുന്ന അറബിക്കടലിന്റെ റാണി. പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍, എപ്പോള്‍ വേണമെങ്കിലും നിലയ്‌ക്കുന്ന കുടിവെള്ള വിതരണ സംവിധാനം, ചീഞ്ഞുനാറുന്ന റോഡുവക്കുകള്‍, രൂക്ഷഗന്ധം വമിക്കുന്ന അഴുക്കുചാലുകള്‍, ദിവസത്തിന്റെ പകുതിയിലേറെ സമയവും റോഡ്‌ ബ്ലോക്കില്‍ ചെലവഴിക്കേണ്ടിവരുന്ന ജനം. ഇതൊക്കെയായാല്‍ കൊച്ചി നഗരത്തിന്റെയും നഗരവാസികളുടേയും ഏകദേശ വര്‍ണനയായി.

പദവിക്കും പത്രാസിനും വേണ്ടി കൗണ്‍സിലര്‍മാരും സ്റ്റാന്റിംഗ്‌ കമ്മറ്റി ചെയര്‍മാന്‍മാരും മേയര്‍മാരുമാകുന്ന ജനപ്രതിനിധികളുടെ ഒരു നാടായിപ്പോയി നമ്മുടേത്‌. പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുപകരം അത്‌ സങ്കീര്‍ണമാക്കുന്നതില്‍ സന്തോഷം കാണുന്ന സര്‍ക്കാര്‍ ജീവനക്കാര്‍. ജനാധിപത്യമെന്ന്‌ കേട്ടാല്‍ ജനങ്ങള്‍ നാണിച്ചുപോകുന്ന തരത്തിലുള്ള ഭരണരീതികള്‍. ആര്‍ക്കും ഉത്തരവാദിത്തമില്ല. ഒന്നിനും ഒരു ആസൂത്രണവുമില്ല. വികസനമെന്നാല്‍ ഖജനാവ്‌ കൊള്ളയാണെന്ന്‌ വിശ്വസിക്കുന്ന ഒരുപറ്റം കോണ്‍ട്രാക്ടര്‍മാരാണ്‌ എവിടെയും ഭരണസംവിധാനംതിരിക്കുന്നത്‌. ഖരമാലിന്യനീക്കമെന്ന പേരില്‍ നടക്കുന്ന പകല്‍ക്കൊള്ള നഗരത്തിന്റെ മാത്രം പ്രത്യേകതയായിരിക്കും. സുപ്രീംകോടതി നിര്‍ദ്ദേശങ്ങളും കേന്ദ്രമലിനീകരണനിയന്ത്രണബോര്‍ഡിന്റെ ഓര്‍ഡറുകളും കാറ്റില്‍ പറത്തി പണിത ബ്രഹ്മപുരം ഖരമാലിന്യപ്ലാന്റ്‌ ചതുപ്പില്‍ താഴ്‌ന്നുകൊണ്ടിരിക്കുന്നു. സംസ്ക്കരണത്തിന്‌ പകരം ബ്രഹ്മപൂരത്ത്‌ നടക്കുന്നത്‌ ഖരമാലിന്യ സംഭരണമാണ്‌. ചിത്രപുഴയേയും കുടിവെള്ള സ്രോതസ്സുകളെയും മലിനീകരിക്കുവാനും ദുര്‍ഗന്ധം പരത്തുവാനുമായി ഒരു മാലിന്യസംസ്ക്കരണപ്ലാന്റ്‌.

പൊതുമുതല്‍ ഒരു മാലിന്യ സംസ്ക്കരണ പ്ലാന്റിനുവേണ്ടി നശിപ്പിച്ച ഒരു അനുഭവം. കഴിഞ്ഞ ഭരണകാലത്ത്‌ നടപ്പാക്കിയതില്‍ ഞങ്ങള്‍ക്ക്‌ ഉത്തരവാദിത്തമില്ലെന്ന്‌ ഇപ്പോഴത്തെ ഭരണനേതൃത്വത്തിന്‌ പറയാം. എങ്കിലും കാരിബാഗുകളില്‍ മാലിന്യം നിറച്ച്‌ സംസ്കരിക്കാമെന്ന്‌ ഇനിയും കൊച്ചി നഗരസഭ കരുതരുത്‌. കൊതുക്‌ ശല്യം കുറയ്‌ക്കാനായിരിക്കും കൊച്ചിയില്‍ കൂടുതല്‍ പരീക്ഷണം നടത്തിയിട്ടുള്ളത്‌. കൊതുകിനെ കൊല്ലാന്‍ കടല്‍ ജലം കാനയിലൊഴുക്കുന്നതിന്‌ പല ഘട്ടങ്ങളിലായി ചെലവാക്കിയ ലക്ഷങ്ങള്‍ എത്രയെന്ന്‌ ആര്‍ക്കറിയാം. കായലും കടലും ചുറ്റപ്പെട്ട വൈപ്പിനില്‍ ഉപ്പുവെള്ളത്തില്‍ മുട്ടയിട്ട്‌ പെരുകുന്ന കൊതുകാണ്‌ ശല്യം സൃഷ്ടിക്കുന്നത്‌. അതുകൊണ്ട്‌ കാനകളില്‍ ഉപ്പിട്ടാലും കടല്‍ ജലം തെളിച്ചാലും കിംഫലം എന്ന്‌ അറിയാത്തവര്‍ എത്രപേര്‍? എന്നാല്‍ കൊച്ചിയിലെ കൊതുകിനെ പ്രതിരോധിക്കുവാനും മന്ത്‌ തടയുവാനുമായി പോണ്ടിച്ചേരിയിലെ വെക്ടര്‍ കണ്‍ട്രോള്‍ റിസര്‍ച്ച്‌ സെന്റര്‍ തയ്യാറാക്കിയ മാസ്റ്റര്‍ പ്ലാന്‍ കോര്‍പ്പറേഷന്റെ അലമാരയില്‍ ഉറങ്ങുകയാണ്‌.

കൊച്ചിയെ ഒന്നായി കണ്ടുകൊണ്ട്‌ ചരിവനുസരിച്ചുള്ള ഡ്രെയിനേജ്‌ സിസ്റ്റം നടപ്പിലാക്കാതെ കൊച്ചിയിലെ വെള്ളക്കെട്ടിന്‌ എങ്ങനെ പരിഹാരമാകും? ഒരു ഡിവിഷനില്‍നിന്നും വെള്ളം അടുത്ത ഡിവിഷനില്‍ എത്തിക്കുന്ന കാനനിര്‍മാണം എന്നാണാവോ നിര്‍ത്തുക. ഒരുവര്‍ഷത്തില്‍ ഒരു തവണയെങ്കിലും കാന പൊളിച്ചു പണിയാത്ത കാനകള്‍ നഗരത്തില്‍ വിരളം. വെള്ളക്കെട്ട്‌ പൂര്‍വാധികം ശക്തിയായി തുടരുന്നു. ഓരോ തവണ കാന പണിയുമ്പോഴും ഇതോടെ പ്രശ്നപരിഹാരമാകുമെന്ന്‌ കരുതുന്ന നഗരവാസികള്‍ വിഡ്ഢികള്‍ അല്ലാതെന്തു പറയാന്‍. പശ്ചിമകൊച്ചിയില്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്ന കന്നുകാലികള്‍ക്ക്‌ വേണ്ടി പണിത കേറ്റില്‍ ഷെഡ്‌ പശുക്കള്‍ക്ക്‌ മഴകൊള്ളും എന്ന കാരണത്താല്‍ ഉദ്ഘാടന ദിവസം തന്നെ പൊളിച്ചു പണിയാന്‍ തീരുമാനിച്ച ചരിത്രവും ഈ നഗരസഭയ്‌ക്കുണ്ടത്രെ! ഒരു പശുവിന്റെ നീളമറിയാത്ത എഞ്ചിനീയര്‍മാരുണ്ടെന്ന്‌ അങ്ങനെ നഗരസഭ തെളിയിച്ചു. നഗരവാസികളെ വിഡ്ഢികളാക്കി എത്രനാള്‍ ഭരിക്കാനാകും. പുറമ്പോക്ക്‌ കയ്യേറി കെട്ടിടം പണിയുക. അതും എറണാകുളം മഹാത്മാഗാന്ധി റോഡില്‍ തന്നെ. അത്തരം ഒരു അഭ്യാസം സാധ്യമാകുക ഒരുപക്ഷെ ഈ നഗരത്തില്‍ മാത്രമായിരിക്കും ചട്ടം ലംഘിച്ചുള്ള കെട്ടിട നിര്‍മാണം ഏറ്റവും കൂടുതല്‍ നടന്നിട്ടുള്ളതും നടക്കുന്നതും ഒരുപക്ഷെ ഇവിടെയായിരിക്കും.

നഗരത്തിലെ ഒട്ടുമിക്ക ബഹുനില കെട്ടിടങ്ങളുടേയും പാര്‍ക്കിംഗ്‌ ഏരിയ വളച്ചുകെട്ടി മറ്റ്‌ ഉപയോഗങ്ങള്‍ക്കായി മാറ്റിയെടുത്തിരിക്കുന്നതും ഇവിടെത്തന്നെ. നഗരത്തിലെ വലിയതോടുകളായ പേരണ്ടൂര്‍ കനാല്‍, മുല്ലശ്ശേരി കനാല്‍, ഇടപ്പള്ളി-തൃപ്പൂണിത്തുറ തുകലന്‍ കുത്തിയതോട്‌ തുടങ്ങി അമ്പതിലേറെ തോടുകള്‍ കയ്യേറി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ അനുവാദം ലഭിക്കുക ഒരുപക്ഷെ ഈ നഗരത്തില്‍ മാത്രമായിരിക്കും. സര്‍ക്കാര്‍ ഭൂമി കയ്യേറി ഭൂമി വളച്ചുകെട്ടിയെടുത്താല്‍ നടപടിയെടുക്കാത്തത്‌ എന്തുകൊണ്ടാണ്‌. ഉത്തരം അത്തരം കാര്യങ്ങള്‍ ചെയ്യേണ്ടത്‌ റവന്യൂ വകുപ്പാണെന്നായിരിക്കും ആരാണ്‌ തുടങ്ങേണ്ടത്‌. ആര്‍ക്കറിയാം? വഴിയോര തണല്‍ മരങ്ങള്‍ ആസിഡ്‌ ഒഴിച്ചും കൊമ്പ്‌ മുറിച്ചും കടകളുടെ ബോര്‍ഡുകള്‍ മറയ്‌ക്കുമെന്നതിനാല്‍ നശിപ്പിച്ചു കളയുന്നതിനെതിരെ ഒരു നടപടിയും സ്വീകരിക്കാത്തത്‌ എന്തുകൊണ്ട്‌? ആവശ്യത്തിന്‌ ഫ്ലൈഓവറുകളും റിംഗ്‌ റോഡുകളും നിര്‍മിക്കാതെയും റോഡ്‌ ഗതാഗതത്തിന്‌ പുറമെ മറ്റുസംവിധാനങ്ങള്‍ ഒരുക്കി ഗതാഗതക്കുരുക്ക്‌ ഒഴിവാക്കുവാന്‍ ഒന്നും ചെയ്യാത്ത നഗരസഭ ഒരുപക്ഷെ കൊച്ചിയായിരിക്കും. ജനപ്പെരുപ്പം വാഹനപ്പെരുപ്പം എന്നിവ കണക്കാക്കി വികസന പദ്ധതികള്‍ ആസൂത്രണം ചെയ്ത്‌ നടപ്പാക്കാത്തതും ഇവിടെ തന്നെ. കുടിവെള്ളത്തിനായി മണിക്കൂറുകളോളം കാത്തുനില്‍ക്കുന്ന ഒരു ജനത ഒരുപക്ഷെ കൊച്ചിയിലെപോലെ കേരളത്തില്‍ മറ്റൊരു നഗരത്തിലും കാണില്ല. വെളിച്ചം കാണാത്ത മാസ്റ്റര്‍ പ്ലാനുകളും പഠന റിപ്പോര്‍ട്ടുകളും ഏറ്റവും കൂടുതല്‍ ഒരുപക്ഷെ കൊച്ചിയിലായിരിക്കും. ഇവിടെ ഒരു നഗര വികസന ഭരണമുണ്ടോ എന്നുപോലും ജനങ്ങള്‍ ആശങ്കയോടെ ചോദിക്കുന്നു?

ഫുട്പാത്തിലൂടെ നടക്കുന്ന കാല്‍നടയാത്രക്കാരന്‍ എപ്പോഴാണ്‌ കാനയില്‍ വീഴുകയെന്ന്‌ ആര്‍ക്കും പറയാനാകില്ല. കാരണം പൊട്ടിപ്പൊളിഞ്ഞതും സ്ഥലം മാറിയിരിക്കുന്നതുമായ സ്ലാബുകളാണ്‌ ഏറിയ പങ്കും. ഫുട്പാത്തുകളില്‍ സ്ലാബിടേണ്ട ആരാണ്‌ ഉത്തരവാദി എന്നുചോദിച്ചാല്‍ ഉത്തരം പൊതുമരാമത്ത്‌ വകുപ്പ്‌ എന്നായിരിക്കും. കൊച്ചിയില്‍ ഉല്‍പ്പാദിപ്പിക്കുന്ന മലിനജലം അഞ്ചുശതമാനംപോലും സംസ്കരിക്കപ്പെടുന്നില്ല. കഴിഞ്ഞ അഞ്ചുവര്‍ഷങ്ങളായി തുടര്‍ച്ചയായി ടൈഫോയിഡ്‌ റിപ്പോര്‍ട്ട്‌ ചെയ്യുന്ന നഗരം കൊച്ചിയാണ്‌. എലിപ്പനി, മറ്റുതരം പനികള്‍, വയറിളക്കം തുടങ്ങി മാലിന്യവുമായി ബന്ധപ്പെട്ട്‌ ജലത്തിലൂടെയും വായുവിലൂടെയും പരക്കുന്ന രോഗങ്ങള്‍ നഗരവാസികളെ നിരന്തരം വേട്ടയാടിക്കൊണ്ടിരിക്കുന്നു. ആരോഗ്യസംരക്ഷണ രംഗം മാലിന്യങ്ങള്‍മൂലം പ്രതിസന്ധിയിലാണ്‌. ഗുജറാത്തിലെ അങ്കലേശ്വറിനോടൊപ്പം കേന്ദ്രപരിസ്ഥിതി മന്ത്രാലയം കൊച്ചിയെ ക്രിട്ടിക്കല്‍ വായു മലിനീകരണത്തിന്റെ പേരില്‍ പുതിയ വ്യവസായം തുടങ്ങുന്നതില്‍നിന്നും വിലക്കിയിരിക്കുകയായിരുന്നു. സംസ്ഥാന മലിനീകരണ നിയന്ത്രണബോര്‍ഡ്‌ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്‌ ചില ചെപ്പടി വിദ്യകള്‍ റിപ്പോര്‍ട്ടുകള്‍ വഴി ഏതാനും ദിവസങ്ങള്‍ക്ക്‌ മുമ്പാണ്‌ കേന്ദ്രം മൊട്ടോറിയം എടുത്തുമാറ്റിയത്‌. വ്യവസായശാലകളും ഗതാഗതക്കുരുക്കുമൂലമുള്ള വായു മലിനീകരണം രൂക്ഷമായതിന്റെ വെളിച്ചത്തിലാണ്‌ കൊച്ചിയെ ക്രിട്ടിക്കല്‍ മലിനീകരണ പ്രദേശമായി പ്രഖ്യാപിച്ചത്‌.

വാസ്തവത്തില്‍ ഈ അവസ്ഥയ്‌ക്ക്‌ കാര്യമായ ഒരു മാറ്റവും ഉണ്ടായിട്ടില്ല. നഗരവാസികള്‍ ഇപ്പോഴും വായു മലിനീകരണത്തിന്റെ പിടിയില്‍ തന്നെയാണ്‌. ഭരണനേതൃത്വങ്ങള്‍ അത്‌ കൊച്ചി നഗരസഭയായാലും ജില്ലാ ഭരണകൂടമായാലും ആരോഗ്യവകുപ്പായാലും സംസ്ഥാന മലിനീകരണനിയന്ത്രണബോര്‍ഡായാലും വായുമലിനീകരണം തടയുവാന്‍ ക്രിയാത്മകമായി ഒന്നും ചെയ്യുന്നില്ലെന്നതാണ്‌ സത്യം. നഗരസഭ വഴി എന്തെങ്കിലും കാര്യം നടക്കണമെങ്കില്‍ നഗരവാസികള്‍ നേരിടേണ്ടിവരുന്നത്‌ അഴിമതിയെയാണ്‌. അഴിമതി സര്‍വസാധാരണമെന്ന തരത്തിലാണ്‌ ജീവനക്കാരുടെ പെരുമാറ്റം. സ്ത്രീകളുടെ സുരക്ഷ നഗരത്തില്‍ ചോദ്യചിഹ്നമായി തുടരുന്നു. അധികൃതവും അനധികൃതവുമായ പരസ്യ ബോര്‍ഡുകളുടെ പെരുമഴയാണ്‌ നഗരത്തില്‍. വാഹനം ഓടിക്കുന്നവരുടെശ്രദ്ധ തെറ്റിക്കുന്ന തരത്തിലുള്ള പരസ്യബോര്‍ഡുകളില്‍ നഗ്നത പ്രദര്‍ശിപ്പിക്കാതിരിക്കുവാന്‍ നഗരസഭയ്‌ക്കാകില്ലേ. കൂടുതല്‍ പാര്‍ക്കിംഗ്‌ സംവിധാനം ഏര്‍പ്പെടുത്തുവാന്‍ നഗരസഭ എന്തുകൊണ്ട്‌ ഉണര്‍ന്ന്‌ പ്രവര്‍ത്തിക്കുന്നില്ല. നഗരത്തില്‍ പ്ലാസ്റ്റിക്‌ നിരോധനം നിലവിലുണ്ടെങ്കിലും നിശ്ചിത കനത്തില്‍ കുറവുള്ള പ്ലാസ്റ്റിക്‌ കാരിബാഗുകള്‍ വ്യാപാരികളില്‍നിന്നും പിടിച്ചെടുക്കുവാനോ പിഴ ചുമത്തുവാനോ നഗരസഭ മടിച്ചുനില്‍ക്കുന്നതെന്തിന്‌?

നഗരത്തിലെ കാനകളുടെ പ്രവര്‍ത്തനം നിശ്ചലമാക്കുന്നതില്‍ പ്രധാനപ്പെട്ട പങ്കുവഹിക്കുന്ന പ്ലാസ്റ്റിക്‌ മലിനീകരണം തടയുക നഗരസഭയുടെ കര്‍ത്തവ്യമാണ്‌. നഗരത്തിലെത്തുന്ന മനുഷ്യര്‍ക്ക്‌ മൂത്രമൊഴിക്കുവാനും മറ്റു പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റുവാനുള്ള സംവിധാനങ്ങള്‍ ഒരുക്കുന്നതില്‍ നഗരസഭ മടി കാണിക്കുന്നതെന്തിനാണ്‌. നഗരത്തെ ഹരിതനഗരമാക്കുവാനും വൃത്തിയുള്ള നഗരമാക്കുവാനുമാണ്‌ പ്രഥമ പരിഗണന നല്‍കേണ്ടത്‌. എന്നാല്‍ ഇവിടെ വികസനമെന്നാല്‍ നിര്‍മാണപ്രവര്‍ത്തനങ്ങളാണെന്നാണ്‌ അധികാരികളുടെ കാഴ്ചപ്പാട്‌. കൊച്ചിയിലെ കായലും കണ്ടലും സംരക്ഷിക്കുവാന്‍ നടപടി സ്വീകരിക്കേണ്ട നഗരസഭ തന്നെയാണ്‌ മുണ്ടംവേലിയില്‍ അവ നശിപ്പിച്ചിരിക്കുന്നത്‌. പത്തോ ഇരുപതോ കൊല്ലം മുന്നില്‍ കണ്ടുകൊണ്ടുള്ള മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ച്‌ കൊച്ചിയിലെ വികസനം ആസൂത്രണം ചെയ്ത്‌ നടപ്പാക്കിയില്ലെങ്കില്‍ നഗരജീവിതം നിശ്ചലമാകുവാന്‍ അധികകാലം വേണ്ട. ഭാരതത്തിലെ മറ്റു നഗരങ്ങള്‍ മുന്നോട്ടു പോകുമ്പോള്‍ കൊച്ചി മാത്രം അടിസ്ഥാന സൗകര്യവികസന കാര്യത്തില്‍ പുറകോട്ടു പോകുന്നത്‌ ഭരണകൂടത്തിന്റെ കെടുകാര്യസ്ഥതയായി മാത്രമേ ജനങ്ങള്‍ കാണൂ.

ഡോ.സി.എം.ജോയി

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by