Categories: Samskriti

കനകധാരാസഹസ്രനാമസ്തോത്രം

Published by

ശ്രൃംഗാരനായികാ ശ്രീലാ ശ്രൃംഗാരാദിരസാലയാ

ഓം കാരചേതനാരൂപാ ഓംകാരപരിഗോപിതാ

ശ്രൃംഗാരനായികാ- ശ്രൃംഗാരസത്തിനുനായികയായവള്‍. ലളിതാസഹസ്രനാമം ദേവിയെ ശ്രൃംഗാരരസസമ്പൂര്‍ണ്ണയായി സ്തുതിക്കുന്നു. ശ്രൃംഗാരം രസരാജനാണ്‌. ദേവി പ്രപഞ്ചപ്രവര്‍ത്തനത്തിനായി സൃഷ്ടിച്ച രസങ്ങളില്‍ ഏറ്റവും പ്രധാനം ശ്രൃംഗാരമാണ്‌. സൃഷ്ടിശക്തിയായ രതിയാണ്‌ ശ്രൃംഗാരത്തിന്റെ സ്ഥായിയാഭാവം. അനുസ്യുതമായി തുടരേണ്ട സൃഷ്ടിപ്രക്രിയയ്‌ക്ക്‌ പ്രേരകമായ ശ്രൃംഗാരത്തിന്‌ ദേവി സ്വയം വഴങ്ങി കാമേശ്വരന്റെ ശരീരത്തില്‍ ലയിച്ച്‌ ചേര്‍ന്ന്‌ ശിവശക്ത്യൈക്യരൂപിണിയായി വര്‍ത്തിക്കുന്നു. ലളിതാഭാവത്തില്‍ മറ്റുഭാവങ്ങള്‍ സന്ദര്‍ഭാനുഗുണമായി പ്രദര്‍ശിപ്പിക്കുന്നുണ്ടെങ്കിലും മുഖ്യരസം ശ്രൃംഗാരം തന്നെ. ലളിതാദേവിയുടെ ഇരുപത്തിയഞ്ചാമത്തെ മുഖ്യനാമം.

ശ്രീലാ-ഐശ്വര്യവതി. ഐശ്വര്യദേവതയായ മഹാലക്ഷ്മിയുടെ മൂര്‍ത്തിയായ ലളിതാദേവി ഐശ്വര്യവതിയാണെന്ന്‌ പറയേണ്ടതില്ല. തന്റെ ഭക്തര്‍ക്ക്‌ എല്ലാഐശ്വര്യവും നല്‍കുന്നവള്‍ എന്ന്‌ ഫലിതാര്‍ത്ഥം.

ശ്രൃംഗാരാദിരസാലയാ- ശ്രൃംഗാരാദിരസങ്ങള്‍ക്ക്‌ വാസസ്ഥാനമായവള്‍. ശ്രൃംഗാരം വീരം കരുണം രൗദ്രം ഭയാനകം ഹാസ്യം ബീഭത്സം അദ്ഭുതം ശാന്തം എന്ന്‌ രസങ്ങള്‍ ഒന്‍പത്‌. ഈ ഒന്‍പത്‌ രസങ്ങളുടെയും രസം ഒന്നാണ്‌. -ആനന്ദിപ്പിക്കല്‍. രസിപ്പിക്കുന്നതുകൊണ്ട്‌ രസം എന്നപേര്‌. ചിദാനന്ദരസാത്മികയായ ദേവി നമ്മെ രസിപ്പിക്കാനായി രസങ്ങള്‍ തന്നില്‍ത്തന്നെ ശേഖരിച്ചുവച്ചിരിക്കുന്നു. സന്ദര്‍ഭാനുഗുണമായി വീരവും രൗദ്രവും ഭയാനകവും അദ്ഭുതവും ശാന്തവുമക്കെയും പുറത്തെടുക്കുമെങ്കിലും സദാശിവന്റെ പകുതി ശരീരമാകയാല്‍ ശ്രൃംഗാരത്തിന്‌ മുഖ്യസ്ഥാനം കൊടുക്കുന്നു.

ഓം കാരചേതനാരൂപാ- ഓംകാരത്തിന്റെ ചൈതന്യം രൂപമായവര്‍. ഓംകാരം. സിംഹാസനേശീ എന്ന നാമം തൊട്ടാണ്‌ ലളിതാദേവിയുടെ ഇരുപത്തിഅഞ്ച്‌ നാമങ്ങള്‍ ആരംഭിച്ചത്‌ ആ ശ്ലോകത്തിന്റെ രണ്ടാംപാദം ഓംകാരം എന്ന മന്ത്രാക്ഷരം കൊണ്ട്‌ തുടങ്ങി. തുടര്‍ന്നുള്ള ശ്ലോകങ്ങളുടെ രണ്ടാംപാദം ഓം കാരം എന്ന മന്ത്രാക്ഷരം കൊണ്ട്‌ തുടങ്ങി തുടര്‍ന്നുള്ള ശ്ലോകങ്ങളുടെ രണ്ടാംപാദം ഐം ഹ്രീം ശ്രീം ക ഏ ഈ ല ഹ്രീം ഹസകഹലഹ്രീം സകലഹ്രീം ശ്രീം ഐം ക്ലീം സൗഃ എന്നീ അക്ഷരങ്ങള്‍ കൊണ്ട്‌ തുടങ്ങി. ഇരുപത്തിയഞ്ചാമത്തേനാമമായ ശ്രൃംഗാരനായികാ എന്ന നാമം കൊണ്ടു തുടങ്ങുന്ന ശ്ലോകത്തിന്റെ രണ്ടാം പാദം ഓം എന്നാണ്‌. രണ്ടുവശവും ‘ഓം’ ചേര്‍ന്ന സമ്പുടജപമായി.

ഓംകാരപരിഗോപിതാ- ഓംകാരത്താല്‍ മറയ്‌ക്കപ്പെട്ടവള്‍. ഈ കനകധാരസഹസ്രനാമം ഒരുലക്ഷത്തിലെ പ്രതിഷ്ഠാമൂര്‍ത്തിയായ മഹാലക്ഷ്മിയെക്കുറിച്ചുള്ളതാണ്‌. താമരപ്പൂവില്‍ നില്‍ക്കുന്ന മഹാലക്ഷ്മിയായാണ്‌ വിഗ്രഹരൂപം. മുകളിലുള്ള രണ്ടുകൈകളിലും താമരപ്പുവുണ്ട്‌. താഴെയുള്ള രണ്ടുകൈകള്‍ അഭയ വരദമുദ്രകള്‍ പ്രദര്‍ശിപ്പിക്കുന്നു. ദേവിയുടെ മുന്‍പില്‍ ഒരു ഓം കാരം സ്ഥാപിച്ചുണ്ട്‌. അത്‌ വിഗ്രഹത്തെ ഭാഗികമായി മറയ്‌ക്കുന്ന മുഖവും കൈകളിലെ താമരപ്പൂക്കളും മറവില്ലാതെ കാണാം. ബാക്കിശരീരഭാഗം ഓം കാരത്തിലെ വിടവുകളിലൂടെയേകാണാനാകൂ. അത്കൊണ്ടാണ്‌ ഓംകാരപരിഗോപിതാ എന്ന നാമം. ഓം കാരത്തിന്റെ മറവില്ലാതെ വിഗ്രഹം ദര്‍ശിച്ചാലുണ്ടാകുന്ന സമ്പത്തിന്റെ ഭാരം താങ്ങാന്‍ സാധാരണക്കാര്‍ക്കുകഴിയുകയില്ല എന്നതുകൊണ്ടാണ്‌ മുന്‍പില്‍ ‘ഓം’ കാരപരിശോപനം. ക്ഷേത്രത്തെക്കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ തുടര്‍ന്ന്‌ വിവരിക്കുന്നുണ്ട്‌.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by