Categories: Vicharam

നയം പോര, നടപടി വേണം

Published by

പതിമ്മൂന്നാം കേരള നിയമസഭയുടെ ആദ്യസമ്മേളനത്തിന്റെ രണ്ടാംഘട്ടത്തിനാണ്‌ ഇന്നലെ തുടക്കമായത്‌. പുതിയ സര്‍ക്കാരിന്റെ നയപ്രഖ്യാപന പ്രസംഗമായിരുന്നു ഇന്നലെ മുഖ്യ അജണ്ട. 38 ദിവസം പൂര്‍ത്തിയായ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ നയപ്രഖ്യാപന പ്രസംഗം ഗവര്‍ണര്‍ ആര്‍.എസ്‌.ഗവായ്‌ 18 മിനിട്ടു കൊണ്ട്‌ പൂര്‍ത്തിയാക്കി. 97 ഇനം തിരിച്ച്‌ 52 പേജുകളില്‍ ഒതുക്കിയ പ്രസംഗം മുഴുവന്‍ വായിക്കാന്‍ ഗവര്‍ണര്‍ മുതിര്‍ന്നില്ല. ഏതാനും പേജുകള്‍ വായിച്ച ശേഷം പ്രസംഗം മുഴുവന്‍ വായിച്ചതായി പരിഗണിക്കണമെന്ന്‌ അഭ്യര്‍ഥിച്ച്‌ അദ്ദേഹം മടങ്ങുകയായിരുന്നു. ആവര്‍ത്തന വിരസതയാണ്‌ ഈ നടപടിക്ക്‌ കാരണമെന്നാണ്‌ പ്രതിപക്ഷ നേതാക്കള്‍ വ്യാഖ്യാനിച്ചിട്ടുള്ളത്‌. ഒരര്‍ഥത്തില്‍ അത്‌ ശരിയുമാണ്‌. എല്ലാ പ്രതിബന്ധങ്ങളെയും പ്രശ്നങ്ങളെയും തരണം ചെയ്തു കൊണ്ട്‌ ഈ സംസ്ഥാനത്തിന്റെ വികസന മോഹങ്ങള്‍ സാക്ഷാത്കരിക്കുന്നതിനുള്ള സാമൂഹിക പ്രതിബദ്ധതയും ശേഷിയും അംഗങ്ങള്‍ക്കുണ്ടെന്നാണ്‌ ഗവര്‍ണര്‍ വിശ്വസിക്കുന്നത്‌. കേരളത്തിന്റെ ഭാവിയെക്കുറിച്ച്‌ വളരെ പ്രതീക്ഷയുണ്ടെന്നും അക്കാര്യത്തില്‍ തനിക്ക്‌ ഒട്ടും ആശങ്ക ഇല്ലെന്നും ഗവര്‍ണര്‍ ഗവായ്‌ പറഞ്ഞത്‌ “അതിവേഗം ബഹുദൂരം” എന്ന സന്ദേശം ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ നയിക്കുന്നു എന്നുള്ളതുകൊണ്ടാണ്‌. എന്നാല്‍ രാഷ്‌ട്രീയ നേതൃത്വം എന്തു തന്നെ ആത്മാര്‍ഥത കാണിച്ചാലും ബ്യൂറോക്രസിയുടെ നീരാളിയില്‍ നിന്നും നടപടിക്രമങ്ങള്‍ എളുപ്പമാണോ എന്ന സംശയം മുഴച്ചു നില്‍ക്കുകയാണ്‌.

നൂറു ദിന കര്‍മ പരിപാടികളുടെ പ്രഖ്യാപനവും എല്ലാ മന്ത്രിമാരുടെയും അവരുടെ പേഴ്സണല്‍ സ്റ്റാഫിന്റെയും കുടുംബാംഗങ്ങളുടെയും സ്വത്തു വിവരം വെളിപ്പെടുത്താനെടുത്ത തീരുമാനവും സുപ്രധാനമാണെന്ന്‌ വിലയിരുത്തിയ ഗവര്‍ണര്‍, രാജ്യമൊട്ടാകെ ഈ നൂതന സമീപനത്തെ പ്രശംസിക്കുകയാണെന്ന്‌ അഭിപ്രായപ്പെട്ടിരിക്കുന്നു. കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക്‌ സമാശ്വാസം നല്‍കാന്‍ തയ്യാറായതിനെയും മൂലമ്പള്ളിയില്‍ കുടിയിറക്കപ്പെട്ടവരുടെ പ്രശ്ന പരിഹാരത്തിന്‌ എടുത്ത നടപടികളും പ്രശംസനീയമായി ഗവര്‍ണര്‍ വിശേഷിപ്പിച്ചിട്ടുണ്ട്‌. സര്‍ക്കാരിന്റെ ദൃഢനിശ്ചയവും മാനുഷിക മുഖവും ഇതുവഴി പ്രകടിപ്പിച്ചതായും ഗവര്‍ണര്‍ അവകാശപ്പെട്ടു. കൊച്ചി മെട്രോ, കണ്ണൂര്‍ വിമാനത്താവളം, വിഴിഞ്ഞം തുറമുഖം എന്നീ പദ്ധതികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ തുടക്കം കുറിച്ചത്‌ ശുഭസൂചകമാണെന്ന്‌ ആരും പറയും. സര്‍ക്കാരിന്റെ നടപടി ഇമ്പമുള്ളതു തന്നെ. പക്ഷേ നടപടി എന്താകുമെന്നാണ്‌ ജനങ്ങള്‍ കാത്തിരിക്കുന്നത്‌. കഴിഞ്ഞ സര്‍ക്കാരിനെ നിശിതമായി വിമര്‍ശിച്ചു കൊണ്ടാണ്‌ ഗവര്‍ണറുടെ പ്രസംഗം പ്രസക്തഭാഗങ്ങളിലേക്ക്‌ കടന്നത്‌. കഴിഞ്ഞ അഞ്ചുവര്‍ഷക്കാലയളവിനുള്ളില്‍ ക്രമസമാധാന നില ആകെ തകരാറിലായി. വിലക്കയറ്റവും വികസന മുരടിപ്പും മൂലം ജനജീവിതം ദുസ്സഹമായി. സ്വന്തം പരാജയം മറച്ചുവയ്‌ക്കുന്നതിനായി കേന്ദ്രസര്‍ക്കാരിനെ നിരന്തരം ഇടതുമുന്നണി സര്‍ക്കാര്‍ കുറ്റപ്പെടുത്തി. സംസ്ഥാനത്തെ വന്‍കടക്കെണിയില്‍ അകപ്പെടുത്തി എന്നാണ്‌ ഇടതുമുന്നണി സര്‍ക്കാരിനെക്കുറിച്ചുള്ള ഗവര്‍ണറുടെ മുഖ്യവിമര്‍ശനം. സംസ്ഥാനത്തെ പൊതു കടം 77,900കോടി രൂപയായാണ്‌ ഉയര്‍ന്നിരിക്കുന്നത്‌. റവന്യൂ കമ്മി 4,522 കോടി രൂപയും ധനക്കമ്മി 6,913 കോടിരൂപയും ആയി ഉയര്‍ന്നു. അഴിമതിയും കെടുകാര്യസ്ഥതയും സര്‍ക്കാരിന്റെ മുഖമുദ്രയായിരുന്നു എന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തി.

കഴിഞ്ഞ യുഡിഎഫ്‌ ഭരണകാലത്ത്‌ വളര്‍ച്ചാ നിരക്ക്‌ പുരോഗതി രേഖപ്പെടുത്തിയതാണെന്ന്‌ ഗവര്‍ണറെക്കൊണ്ട്‌ പറയിച്ചിട്ടുണ്ട്‌. എല്‍ഡിഎഫ്‌ ഭരണകാലത്ത്‌ നിക്ഷേപത്തിന്റെ ഒഴുക്ക്‌ ശുഷ്കമായി. സംസ്ഥാനം കാര്‍ഷിക-വ്യവസായ മേഖലകളില്‍ കടുത്ത വീഴ്ച അഭിമുഖീകരിക്കുകയും ചെയ്തു. ക്രൈം റിക്കാര്‍ഡ്സ്‌ ബ്യൂറോയുടെ രേഖകള്‍ പ്രകാരം ക്രമസമാധാനത്തില്‍ മുന്‍ നിരയിലായിരുന്ന സംസ്ഥാനം ഇടതുഭരണത്തില്‍ കുറ്റകൃത്യങ്ങളുടെ കാര്യത്തിലാണ്‌ മുന്‍നിരയിലെത്തിയത്‌. മതസഹിഷ്ണുതയ്‌ക്ക്‌ പുകള്‍പെറ്റ കേരളം തീവ്രവാദികളുടെ പരിശീലന കളരിയായി മാറുന്ന കാഴ്ചയാണ്‌ ഉണ്ടായതെന്ന്‌ ഗവര്‍ണര്‍ കുറ്റപ്പെടുത്തിയിട്ടുണ്ട്‌. തീവ്രവാദികളെ സഹായിക്കാനും സംരക്ഷിക്കാനും ഇരുമുന്നണികളും തന്ത്രപൂര്‍വം പെരുമാറുകയായിരുന്നു എന്ന ആരോപണത്തില്‍ നിന്നും രക്ഷപ്പെടാനുള്ള പ്രയോഗമാണിതെന്ന കാര്യത്തില്‍ സംശയമില്ല. വികസന മേഖലയില്‍ ഗുണപരമായി ഒന്നും ചെയ്യാന്‍ ഇടതുമുന്നണി സര്‍ക്കാരിന്‌ കഴിഞ്ഞില്ലെന്നാണ്‌ ഗവര്‍ണര്‍ പ്രസ്താവിച്ചത്‌. രാഷ്‌ട്രപതിയായിരുന്ന ഡോ.എ.പി.ജെ.അബ്ദുള്‍കലാം അദ്ദേഹത്തിന്റെ വിഷന്‍ 2010 സഭയ്‌ക്കു മുമ്പാകെ അവതരിപ്പിച്ചതാണ്‌. അതിലെ നിര്‍ദേശങ്ങള്‍ ഒന്നു പോലും നടപ്പാക്കാന്‍ കഴിഞ്ഞില്ല. സഭയ്‌ക്കകത്തും പുറത്തും നിരവധി അഴിമതി ആരോപണങ്ങള്‍ ഉയര്‍ത്തിയെങ്കിലും നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ കൂട്ടാക്കിയില്ല. ലോട്ടറി മാഫിയ 80,000 കോടിരൂപ കൊള്ളയടിച്ചതായി സര്‍ക്കാര്‍ തന്നെ സമ്മതിച്ചിരുന്നതാണ്‌. ലോട്ടറിയില്‍ നിന്നും 5,000 കോടിരൂപയുടെ നികുതി കുടിശ്ശിക ഉണ്ടായിരുന്നെന്ന്‌ ആരോപിച്ചതിനു ശേഷം അധികാരത്തില്‍ വന്ന സര്‍ക്കാരിന്‌ ഒരു രൂപ പോലും പിരിച്ചെടുക്കാന്‍ കഴിയാത്തതും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.

മലയാളം പ്രഥമ ഭാഷയാക്കുന്നതിന്‌ യുഡിഎഫ്‌ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും മലയാളത്തെ ക്ലാസിക്കല്‍ ഭാഷയായി ഉയര്‍ത്താന്‍ ശ്രമിക്കുന്നതിനോടൊപ്പം തിരൂരിലെ തുഞ്ചന്‍ പറമ്പില്‍ ഒരു മലയാളം സര്‍വകലാശാല സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും വാഗ്ദാനമുണ്ട്‌. തുഞ്ചത്താചാര്യന്റെ പ്രതിമ സ്ഥാപിക്കുന്നതു പോലും അംഗീകരിക്കാത്ത തിരൂരില്‍ മലയാള സര്‍വകലാശാല എത്രമാത്രം ഭംഗിയായി നടക്കുമെന്ന്‌ കണ്ടറിയേണ്ടതുണ്ട്‌. വയനാട്ടിലെ ചെതലയത്ത്‌ ഒരു ആദിവാസി പഠന ഗവേഷണ കേന്ദ്രം സ്ഥാപിക്കുമെന്നും ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ സമഗ്രമായ ഡാറ്റാ ബാങ്ക്‌ ഉണ്ടാക്കുവാനും നയപ്രസംഗത്തില്‍ പറയുന്നുണ്ട്‌. സംസ്ഥാനത്തിന്റെ എല്ലാ പ്രശ്നങ്ങളെയും പ്രതിപാദിച്ചു കൊണ്ട്‌ അവയ്‌ക്ക്‌ പരിഹാരം നിര്‍ദേശിച്ചും നടത്തിയ പ്രസംഗത്തിനിടയില്‍ പ്രതിപക്ഷം സ്വീകരിച്ച നിലപാട്‌ വരുംദിവസങ്ങളില്‍ നിയമസഭയില്‍ അവര്‍ നടത്താന്‍ പോകുന്ന പ്രകടനങ്ങളുടെ സൂചനയാണ്‌ നല്‍കിയത്‌. ഗവര്‍ണറുടെ പ്രസംഗം തടസ്സപ്പെടുത്താനൊന്നും മുതിര്‍ന്നില്ലെങ്കിലും ആരോപണവിധേയരായ മന്ത്രിമാര്‍ രാജിവയ്‌ക്കണമെന്ന പ്ലക്കാര്‍ഡുകള്‍ അവര്‍ ഉയര്‍ത്തിക്കാട്ടി. പ്രസംഗം മതിയാക്കി സഭ വിട്ട്‌ പുറത്തേക്കു നടന്ന ഗവര്‍ണറെ നോക്കി ചില കമന്റുകള്‍ നടത്താനും പ്രതിപക്ഷാംഗങ്ങള്‍ തയ്യാറായി. പറഞ്ഞ കാര്യങ്ങളില്‍ പുതുമയൊന്നുമില്ലെങ്കിലും ജനങ്ങള്‍ക്ക്‌ പ്രയോജനകരമായി എന്തെങ്കിലും ഈ സര്‍ക്കാരിന്‌ ചെയ്യാന്‍ കഴിയുമോ എന്ന്‌ കാണാനിരിക്കുന്നതേയുള്ളൂ.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by