Categories: Vicharam

അനാരോഗ്യകരമായ ജനാധിപത്യം

Published by

സ്വാതന്ത്ര്യ ലബ്ധിക്കായുള്ള സമര പാടവമല്ലാതെ ജനക്ഷേമകരമായ ഭരണപാടവം ഇന്ത്യയിലെ മിക്കവാറും രാഷ്‌ട്രീയനേതാക്കള്‍ക്കുമില്ലെന്ന സത്യം ബ്രിട്ടീഷ്‌ ഭരണാധികാരികള്‍ക്ക്‌ ബോധ്യപ്പെട്ടിരുന്നു. ഇന്ത്യക്ക്‌ 1947 ല്‍ സ്വാതന്ത്ര്യം നല്‍കുന്നതിനെ വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ അടിമുടി എതിര്‍ത്തിരുന്നു. ഒരിക്കലും സ്വാതന്ത്ര്യം നല്‍കരുതെന്നായിരുന്നില്ല. മറിച്ച്‌ ഇന്ത്യന്‍ ജനതയെ ബോധവല്‍ക്കരിച്ച്‌ പരിപക്വപ്പെടുത്തിയശേഷം-പതിറ്റാണ്ടുകള്‍ക്കുശേഷം സ്വാതന്ത്ര്യം നല്‍കുന്നതാണ്‌ ഇന്ത്യയ്‌ക്കും ലോകത്തിനും ഉപകരിക്കുക എന്നതായിരുന്നു ചര്‍ച്ചിലിന്റെ വാദം. സ്വാതന്ത്ര്യം കൊടുക്കുന്നതിനെക്കുറിച്ച്‌ ചര്‍ച്ച ചെയ്യുന്നതിന്‌ ആറ്റ്ലി പ്രഭുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ബ്രിട്ടീഷ്‌ ഹൗസ്‌ ഓഫ്‌ കോമണ്‍സില്‍ വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ നടത്തിയ പ്രസംഗത്തില്‍നിന്ന്‌:

” അടിമത്തത്തില്‍നിന്നുള്ള വിമോചനം ഏതൊരു മനുഷ്യന്റേയും ജന്മാവകാശമാണ്‌. കണക്കറ്റ ദരിദ്രരുള്‍പ്പെട്ട ഇന്ത്യയുടെ ഭരണാധികാരം ഇന്ത്യക്കാര്‍ക്ക്‌ ഈ ഘട്ടത്തില്‍ കൈമാറിയാല്‍ അനന്തരം അക്രമികളും കുറ്റവാളികളും അഴിമതിക്കാരും ഭരണം കയ്യടക്കും. സൗജന്യമായി ആര്‍ക്കും ശ്വസിക്കാവുന്ന ശുദ്ധവായു ഒഴികെ നികുതി വിധേയമല്ലാത്ത ഒരു കപ്പ്‌ വെള്ളമോ ഒരപ്പക്കഷ്ണമോ പോലും കിട്ടാനില്ലാത്തവിധം മനുഷ്യോപകാരപ്രദമായ സമസ്ത വസ്തുക്കള്‍ക്കും യാതൊരു മാനദണ്ഡവുമില്ലാത്തവിധം കുത്തനെ വിലയും നികുതികളും സദാ വര്‍ദ്ധിപ്പിച്ചുകൊണ്ടേയിരിക്കുമിവര്‍. അസഹ്യമായ നികുതിഭാരവും വിലക്കയറ്റവും മൂലവും അമിത അസമത്വം മൂലവും ഭൂരിപക്ഷജനതയുടെ ജീവിതം ദുരിതപൂര്‍ണമായി മാറും. അരക്ഷിതാവസ്ഥയും അരാജകത്വവും ഇന്ത്യയുടെ മുഖമുദ്രയായി പരിണമിക്കും. അധികാരത്തിന്റെ മധു ചഷകം നുണയാനുള്ള മദമാത്സര്യം മൂലം രാഷ്‌ട്രീയ കക്ഷികള്‍ തമ്മില്‍ ഭിന്നിപ്പും ചേരിപ്പോരും ശത്രുതയും വില പേശലും ഒറ്റിക്കൊടുക്കലും വ്യാപിപ്പിക്കും. ഇപ്പോള്‍ ഇന്ത്യയ്‌ക്ക്‌ സ്വാതന്ത്ര്യം നല്‍കിയാല്‍ വെളുക്കാന്‍ തേച്ചത്‌ പാണ്ടെന്നതുപോലെയായി മാറും. ഭൂരിപക്ഷ ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷിതത്വമില്ലാത്തവിധം അനാരോഗ്യകരമായ ജനാധിപത്യത്തിനുള്ള ചവിട്ടുപടിയായിരിക്കും ഇന്ത്യയ്‌ക്കിപ്പോള്‍ സ്വാതന്ത്ര്യം നല്‍കല്‍”………

ചര്‍ച്ചിലിന്റെ മേല്‍ പ്രസംഗത്തിനെതിരെ സ്വാതന്ത്ര്യസമര നേതൃത്വം കത്തിജ്ജ്വലിച്ചു. സ്വാതന്ത്ര്യം ലഭിച്ചാല്‍ ഒരാണ്ടിനകം ഇന്ത്യയിലെങ്ങും തേനും പാലുമൊഴുക്കുമെന്നും ഇന്ത്യക്കാരുടെ പേരില്‍ ബ്രിട്ടീഷുകാര്‍ മുതലക്കണ്ണീരൊഴുക്കേണ്ടെന്നും ഇന്ത്യന്‍ സമരനേതൃത്വം ഘോഷിച്ചു. പക്ഷേ ഗതിയെന്തായി? കുറ്റം പറയരുതല്ലോ. സ്വതന്ത്ര ഇന്ത്യയില്‍ ജനപ്രതിനിധികളോ മന്ത്രിമാരോ ആകാന്‍ കഴിഞ്ഞവരിലെ സിംഹപക്ഷത്തിന്റേയും വീടുകളില്‍ പലതലമുറകളോളം ഒഴുക്കാവുന്നത്ര തേനും പാലും സുലഭമായെങ്കിലും കോടിക്കണക്കിന്‌ ഇന്ത്യക്കാരുടെ വീടുകളില്‍ ഇനിയും പഴങ്കഞ്ഞി വെള്ളംപോലും പതിവായിട്ടില്ലല്ലോ!

അന്ന്‌ വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ പറഞ്ഞത്‌ അതേപടി ഇന്ന്‌ ഇന്ത്യന്‍ ജനതയുടെ എഴുപത്തഞ്ചു ശതമാനത്തോളം ജനങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്‌. മനുഷ്യോപകാരപ്രദമായ സമസ്തവസ്തുക്കള്‍ക്കും യാതൊരു മാനദണ്ഡവും നിയന്ത്രണവുമില്ലാതെ വില വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്‌. പെട്രോളിനും ഡീസലിനും കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഏഴെട്ടു തവണ വില വര്‍ധിപ്പിച്ചു. ഇനിയും വില വര്‍ധിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്‌. അതിനനുസൃതമായി അവശ്യവസ്തുക്കളുടെ വില അനുദിനം കുതിച്ചുയരുന്നു. ഭരണം പിടിച്ചുപറ്റുന്നതിന്‌ രാഷ്‌ട്രീയകക്ഷികള്‍ തമ്മില്‍ ഭിന്നിപ്പും ചേരിപ്പോരും ശത്രുതയും വിലപേശലും കുതികാല്‍ വെട്ടും.
കൂടുതല്‍ കുതതന്ത്രങ്ങള്‍ പ്രയോഗിക്കാന്‍ കഴിവുള്ളവര്‍ക്ക്‌ ഭൂരിപക്ഷസീറ്റ്‌ ലഭിച്ച്‌ അഞ്ചുവര്‍ഷത്തേക്ക്‌ ഭരണം പൊടിപൊടിക്കുന്നു. ഭരണക്കാരും പാര്‍ശ്വവര്‍ത്തികളും അനര്‍ഹമായതെല്ലാം നേടിയെടുക്കുന്നു. അഞ്ചുവര്‍ഷം വിശ്രമിച്ചവര്‍ക്ക്‌ അടുത്ത അഞ്ചുവര്‍ഷത്തേക്ക്‌ ഭരണം കിട്ടുന്നു. മൂന്നാമതൊരു കക്ഷി വന്നാല്‍ ഇരുകക്ഷികളും ചേര്‍ന്ന്‌ മൂന്നാം കക്ഷിയെ ഇല്ലായ്മ ചെയ്യാനുളള കുതന്ത്രങ്ങള്‍ മെനഞ്ഞ്‌ വിജയം നേടുന്നു. ക്ഷണവിശ്വാസ ശീലരായ അടിസ്ഥാനവര്‍ഗം തങ്ങളുടെ പാര്‍ട്ടിയില്‍നിന്ന്‌ വിട്ടുപോകാതിരിക്കുന്നതിന്‌ അവര്‍ ആവശ്യപ്പെടുന്നിടത്തെല്ലാം ബീവറേജ്‌ കോര്‍പ്പറേഷന്റെ ചില്ലറ വില്‍പ്പനശാലകള്‍ യഥേഷ്ടം തുറന്നുകൊടുക്കുന്നു. അവരെ കാണാതെ പഠിപ്പിച്ച ബൂര്‍ഷ്വാ, പെറ്റിബൂര്‍ഷ്വാ, പ്രത്യയശാസ്ത്രം, പോളിറ്റ്‌ ബ്യൂറോ, അസമത്വം, സ്ഥിതിസമത്വം, മുതലാളിത്തം, ചൂഷണം, ചൂഷകവര്‍ഗം, സ്ത്രീപീഡനം, ലൈംഗികം, ലൈംഗിക തൊഴിലാളി, ടാറ്റ, ബിര്‍ള, അമേരിക്ക, ആഗോളവല്‍ക്കരണം തുടങ്ങിയ കടുകട്ടിവാക്കുകളുപയോഗിച്ചുള്ള ലക്ഷ്മണരേഖയില്‍ തളച്ചിട്ടിരിക്കുന്നു. അവര്‍ക്കെന്നും കഞ്ഞി കുമ്പിളില്‍ തന്നെ.

കണക്കറ്റ ദരിദ്രരുള്‍പ്പെട്ട ഇന്ത്യയുടെ ഭരണാധികാരം വെള്ളക്കാരില്‍നിന്ന്‌ ഇന്ത്യന്‍ വെള്ളക്കാരിലേക്ക്‌ മാറിയപ്പോഴേക്കും അവര്‍ സമ്പന്നരും അതിസമ്പന്നരുമായി. ലോകമെമ്പാടുമുള്ള കള്ളപ്പണക്കാരുടെ വത്തിക്കാനാണ്‌ സ്വിസ്ബാങ്ക്‌. കണക്കില്‍പ്പെടാത്ത പണം ഈ നാട്ടില്‍ സൂക്ഷിച്ചാല്‍ എപ്പോഴെങ്കിലും കണക്ക്‌ ബോധിപ്പിക്കേണ്ടിവരുമെന്നുള്ള ‘ഉള്‍വിളി’ ഭയന്ന്‌ സുരക്ഷിതമായി സ്വിസ്സ്‌ ബാങ്കിലേക്ക്‌ മാറ്റിയിരിക്കുകയാണവര്‍. കള്ളപ്പണം സൂക്ഷിക്കുന്ന സ്വിസ്സ്‌ ബാങ്കുകളില്‍ ഇന്ത്യയില്‍നിന്നുള്ളവരുടെ കളളപ്പണമാണ്‌ ഏറ്റവും കൂടുതലുള്ളതെന്ന്‌. വിക്കിലീക്സ്‌ സ്ഥാപകന്‍ ജൂലിയന്‍ അസഞ്ജ്‌ ഇക്കാര്യം വെളിപ്പെടുത്തിയിട്ടുണ്ട്‌. ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ ഇന്റഗ്രിറ്റി എന്ന സംഘടനയുടെ കണക്കുകള്‍പ്രകാരം 2000 നും 2008 നുമിടയില്‍ മാത്രം അവിടെ ഒഴുകിയെത്തിയ പണം 48 ലക്ഷം കോടി രൂപാ ആണ്‌. അതായത്‌ 48 എഴുതി പതിനൊന്ന്‌ പൂജ്യം ചേര്‍ത്ത്‌ വായിക്കാവുന്ന ലക്ഷം കോടി.
രണ്ടായിരത്തിനുമുമ്പും രണ്ടായിരത്തി എട്ടിനുശേഷവും ഒഴികെയുള്ള കണക്കാണിത്‌. ഇതുംകൂടി ചേര്‍ത്തുകൂട്ടിയാല്‍ 71 ലക്ഷം കോടി രൂപാ വിദേശത്തുണ്ടാകുമെന്നാണ്‌ പ്രസിദ്ധ സാമ്പത്തിക ശാസ്ത്രവിദഗ്‌ദ്ധന്‍ പ്രൊ.വൈദ്യനാഥന്‍ അഭിപ്രായപ്പെടുന്നത്‌. ഈ പണം ഇന്ത്യയില്‍ തിരികെയെത്തിച്ച്‌ ഇന്ത്യക്കാരായ അടിസ്ഥാനവര്‍ഗത്തിന്റെ പുരോഗതിക്കുപയോഗിച്ചാല്‍ ഇവിടെ അടിസ്ഥാനവര്‍ഗമെന്ന്‌ പറയുന്ന ഒരു വിഭാഗം തന്നെ ഇല്ലാതാകും.
അതോടൊപ്പം അടിസ്ഥാന വര്‍ഗത്തിന്റെ പേരില്‍ മുതലക്കണ്ണീരൊഴുക്കുന്ന വര്‍ഗത്തിന്റെ അന്ത്യവും കുറിക്കും. ആരെങ്കിലുമിതിന്‌ കൂട്ടുനില്‍ക്കുമോ? പകരം മറ്റു ചില കണക്കുകളുദ്ധരിച്ച്‌ ഇന്ത്യയില്‍ സാധുക്കളും അടിസ്ഥാനവര്‍ഗവും ഉയര്‍ന്ന നിലവാരത്തില്‍ ജീവിക്കുന്നവരാണെന്ന്‌ പ്രസിദ്ധപ്പെടുത്തുകയാണ്‌ മാറിമാറി വരുന്ന ഭരണകര്‍ത്താക്കള്‍. ഇക്കഴിഞ്ഞ ഭരണകാലത്ത്‌ വിലക്കയറ്റംകൊണ്ട്‌ ജനങ്ങള്‍ പൊറുതിമുട്ടിയപ്പോഴും വിലക്കയറ്റമുണ്ടെന്ന്‌ ഒരൊറ്റ മന്ത്രിയും ഭരണകക്ഷികളില്‍പ്പെട്ട ഒരൊറ്റ നേതാവും പറയാന്‍ നാവു പൊങ്ങിയില്ല. “ജനങ്ങളുടെ വരുമാനം വര്‍ധിച്ചു, വാങ്ങാനുള്ള ശേഷികൂടി”- എന്നാണ്‌ ഈ വിഡ്ഢികള്‍ നാടുതോറും പ്രസംഗിച്ചു നടന്നത്‌.

അമേരിക്കയടക്കമുള്ള സകല വികസിത രാജ്യങ്ങളും സാമ്പത്തിക മാന്ദ്യത്താല്‍ ക്ഷയിക്കുമ്പോള്‍ ഇന്ത്യയെ സാമ്പത്തികമാന്ദ്യം ഏശുന്നേയില്ലെന്ന വീരസ്യം മേനിപറച്ചില്‍ മാത്രമാണ്‌. ലോകമെങ്ങും സാമ്പത്തികമാന്ദ്യത്താല്‍ സമസ്ത മേഖലകളിലും കൂപ്പുകുത്തിയ ദുരിതവേളയില്‍ ഇന്ത്യക്കാരുടെ പ്രതിശീര്‍ഷവരുമാനം മൂവായിരം രൂപയില്‍ കവിഞ്ഞത്‌ മഹാത്ഭുതമായാണ്‌ പെരുപ്പിച്ചു കാണിക്കുന്നത്‌.

കുത്തക വ്യവസായികള്‍ക്കും സ്വകാര്യ സംരംഭകര്‍ക്കും അവരുടെ പിണിയാളുകള്‍ക്കും രാഷ്‌ട്രീയ തൊഴിലാളികള്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുമാണ്‌ വരുമാനം കുത്തനെ പെരുകിയിട്ടുള്ളത്‌. ഇന്ത്യയുടെ വളര്‍ച്ചയെ തടയുന്ന ദുര്‍ഭൂതമാണ്‌ ശമ്പളക്കമ്മീഷന്‍. അമേരിക്കയിലും യൂറോപ്പിലും ബ്രിട്ടനിലും മറ്റും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്‌ കഴുത്തറപ്പന്‍ ശമ്പളം കിട്ടുന്നത്‌ അവിടങ്ങളിലെ പ്രതിശീര്‍ഷവരുമാനം അത്രയേറെ ഭീമമായതിനാലാണ്‌. ഒരു വികസ്വര രാജ്യം വികസിത രാജ്യമായിമാറണമെങ്കില്‍ പ്രസ്തുത രാജ്യത്തിലെ സര്‍ക്കാര്‍ ജീവനക്കാരുടെ മൊത്തം വേതനം പൊതുശീര്‍ഷ വരുമാനത്തിലധികമാവരുത്‌. ദരിദ്രരുടെ പ്രതിശീര്‍ഷ വരുമാനത്തിലധികം പെന്‍ഷനും സര്‍ക്കാര്‍ ജീവനക്കാര്‍ക്കരുത്‌. സര്‍ക്കാര്‍ ജീവനക്കാരടക്കമുള്ള ന്യൂനപക്ഷം മാത്രമാണ്‌ ഇന്ത്യയില്‍ വളര്‍ച്ചയില്‍ കഴിയുന്നവര്‍. ഇന്ത്യയിലെ സിംഹപക്ഷക്കാരായസാധുക്കളും സാധാരണക്കാരും തളര്‍ച്ചയുടെ പാതയില്‍ തന്നെയാണ്‌.

ധനികര്‍ കൂടുതല്‍ ധനികരായും ദരിദ്രര്‍ കൂടുതല്‍ ദരിദ്രരായും മാറിക്കൊണ്ടേയിരിക്കുന്ന ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥിതി പെറ്റുകൂട്ടുന്നത്‌ വ്യാപകവും അസഹനീയവുമായ അസമത്വമത്രേ! ഇന്ത്യയിലെ സിംഹപക്ഷക്കാരായ സാധുക്കളുടേയും സാധാരണക്കാരുടേയും ആത്മവീര്യം തകരുമ്പോള്‍ അന്തമില്ലാത്ത അശാന്തിയും ഇന്ത്യയ്‌ക്കപ്പോളനുഭവമായിടും. നമുക്കിങ്ങനെ ഉപസംഹരിക്കാം. ഇന്ത്യയില്‍ വളര്‍ച്ച എത്രമാത്രമുണ്ടോ, അത്ര മാത്രമോ അതിലധികമോ തളര്‍ച്ചയുണ്ട്‌.

-ആര്‍ച്ചല്‍ രാമചന്ദ്രന്‍

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by