Categories: Vicharam

തട്ടിപ്പുകള്‍ തുടര്‍ക്കഥയാവുന്നു

Published by

ആയിരംകോടി രൂപയുടെ മണിച്ചെയിന്‍ തട്ടിപ്പ്‌ സംസ്ഥാനത്ത്‌ നടന്നിട്ടുണ്ടെന്ന്‌ സ്ഥിരീകരിച്ച ഡിജിപി ജേക്കബ്‌ പുന്നൂസ്‌ ഈ തട്ടിപ്പിനെതിരെയും തട്ടിപ്പില്‍ ഉള്‍പ്പെട്ട പോലീസുകാര്‍ക്കെതിരെയും കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന്‌ പ്രഖ്യാപിക്കുമ്പോഴും കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിവിധ പേരുകളില്‍ ഈ തട്ടിപ്പ്‌ ഇപ്പോഴും തുടരുന്നുവെന്നാണ്‌ ഇതിനോടനുബന്ധിച്ച്‌ വരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്‌. ലക്ഷക്കണക്കിന്‌ കേരളീയരാണ്‌ ചെറിയ നിക്ഷേപം നടത്തി 200 മുതല്‍ 300 ശതമാനംവരെ ലാഭമുണ്ടാക്കാമെന്ന്‌ മോഹിച്ച്‌ ചതിയില്‍പ്പെട്ടിരിക്കുന്നത്‌. ഒരാള്‍ ചേര്‍ന്ന്‌ മറ്റൊരാളെക്കൂടി ചേര്‍ത്താല്‍ ഇരട്ടി വരുമാനം തുടങ്ങിയ വാഗ്ദാനങ്ങളില്‍ വഞ്ചിതരായാണ്‌ ജനം തട്ടിപ്പിനിരയാകുന്നത്‌. പൊളിഞ്ഞ കമ്പനികള്‍ പുതിയ പേരില്‍ അവതരിക്കുന്നു. കേരളം, ചെന്നൈ, ഹൈദരാബാദ്‌ മുതലായ സ്ഥലങ്ങളിലെ മേല്‍വിലാസമുള്ള കമ്പനികള്‍ക്ക്‌ അന്തര്‍ദേശീയബന്ധം പോലുമുണ്ടെന്ന്‌ തെളിയുമ്പോള്‍ ഇതില്‍ തീവ്രവാദ ശൃംഖലയും പെടുമോ എന്ന ആശങ്കയും ന്യായമായി തുടരുന്നു.

പോലീസ്‌ ഉദ്യോഗസ്ഥരും സര്‍ക്കാര്‍ ജീവനക്കാരും മണിച്ചെയിന്‍ പങ്കാളികളാണെന്ന്‌ വെളിപ്പെടുത്തിയ ഡിജിപി പോലീസുകാര്‍ ചേരുകവഴി ഈ സ്ഥാപനങ്ങള്‍ക്ക്‌ വിശ്വാസ്യതയും കൈവരുന്നുവെന്ന്‌ ചൂണ്ടിക്കാട്ടി. ബന്ധപ്പെട്ട പോലീസുകാര്‍ക്കെതിരെ കര്‍ശന നടപടികള്‍ വരുമെന്നും അതിനായി പേരുവിവരങ്ങള്‍ ശേഖരിക്കുകയാണെന്നും പറയുന്നു. നടപടികള്‍ക്ക്‌ മുന്നോടിയായാണ്‌ എസ്‌ഐ മുതല്‍ മുകളിലേക്കുള്ള ഉദ്യോഗസ്ഥരുടെ സ്വത്തുവിവരം രേഖാമൂലം വെളിപ്പെടുത്തണമെന്ന നിര്‍ദേശം നല്‍കിയിട്ടുള്ളതത്രെ. എറണാകുളം, കോഴിക്കോട്‌, വയനാട്‌ ജില്ലകള്‍ കേന്ദ്രീകരിച്ച്‌ നടക്കുന്ന അന്വേഷണം സംസ്ഥാനം ഒട്ടാകെ വ്യാപിച്ച്‌ കൂടുതല്‍ തട്ടിപ്പുകള്‍ പുറത്തുവരുമ്പോള്‍ നഷ്ടപ്പെട്ടത്‌ ആയിരം കോടിയുടെ പതിന്മടങ്ങാകാനും സാധ്യതയുണ്ട്‌. ഇപ്പോള്‍ ഓണ്‍ലൈന്‍ മണിച്ചെയിന്‍ തട്ടിപ്പും അരങ്ങേറുന്നുണ്ട്‌. പലിശ അമേരിക്കന്‍ ഡോളറായി ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. ഈ മണിച്ചെയിന്‍ തട്ടിപ്പുകള്‍ പ്രോത്സാഹിക്കപ്പെട്ടത്‌ പുതുതലമുറ ബാങ്കിംഗ്‌ സംവിധാനങ്ങളാണെന്നും ആരോപണമുണ്ട്‌. വ്യാജ വിലാസങ്ങള്‍ നല്‍കിയാണ്‌ ഇത്തരം ബാങ്കുകളില്‍നിന്നും അക്കൗണ്ടുകള്‍ സംഘടിപ്പിച്ചത്‌. അടുത്തിടെ പിടിയിലായ 300 കോടി തട്ടിപ്പ്‌ നടത്തിയ സ്ഥാപനത്തിന്‌ വിവിധ ബാങ്കുകളില്‍ 14 വ്യാജ അക്കൗണ്ടുകളാണ്‌. മേല്‍വിലാസമോ മറ്റു രേഖകളോ പരിശോധിക്കാതെയാണ്‌ അക്കൗണ്ട്‌ നല്‍കുന്നത്‌. ഇത്‌ റിസര്‍വ്‌ ബാങ്കിന്റെ ശ്രദ്ധയില്‍പ്പെടുത്താനാണ്‌ ഡിജിപി തീരുമാനിച്ചിരിക്കുന്നത്‌. റിസര്‍വ്‌ ബാങ്ക്‌ നിശ്ചയിച്ചതിനേക്കാള്‍ കൂടുതല്‍ പലിശ നല്‍കുകയോ ഈടാക്കുകയോ ചെയ്യുന്നതും കുറ്റകരമാണ്‌.

സംസ്ഥാനത്ത്‌ ഇനി മേലില്‍ നിക്ഷേപങ്ങള്‍ വാങ്ങി കൂടുതല്‍ ആളുകളെ ചേര്‍ക്കുന്ന പദ്ധതികള്‍ അനുവദിക്കില്ലെന്നും ഡിജിപി പറയുന്നു. ആളുകളെ ചേര്‍ക്കുന്നവരും പ്രതികളാകുമെന്ന വ്യവസ്ഥ ഇതിന്‌ തുനിയുന്നവരെ പിന്തിരിപ്പിക്കാന്‍ സഹായകരമാകും. ഇനിയും അന്വേഷണം പൂര്‍ത്തീകരിക്കാത്ത മണിച്ചെയിന്‍ തട്ടിപ്പില്‍ ലക്ഷം കോടികളുടെ തട്ടിപ്പുകള്‍ പുറത്തുവരുമെന്ന്‌ പ്രതീക്ഷിക്കുമ്പോള്‍ മണിച്ചെയിനും ലോട്ടറിയും കൂടി കേരളജനതയെ വഞ്ചിച്ചത്‌ ശതകോടികള്‍ക്കല്ലെ? ലോട്ടറി തട്ടിപ്പില്‍ അന്യസംസ്ഥാന ലോട്ടറികള്‍ തട്ടിയെടുത്തത്‌ 80,000 കോടി രൂപയാണെന്ന്‌ മുന്‍ മുഖ്യമന്ത്രി അച്യുതാനന്ദന്‍ സ്ഥിരമായി ഉത്ബോധിപ്പിച്ചതായിരുന്നല്ലോ. ഇപ്പോള്‍ യുഡിഎഫ്‌ സര്‍ക്കാര്‍ ലോട്ടറി കേസന്വേഷണം സിബിഐക്ക്‌ വിട്ട്‌ വിജ്ഞാപനം ഇറക്കിയിരിക്കുകയാണ്‌. ഇതും തട്ടിപ്പ്‌ തന്നെ എന്ന മുന്‍ മുഖ്യമന്ത്രി പ്രസ്താവിക്കുമ്പോഴും സിബിഐ അന്വേഷണം ആവശ്യപ്പെട്ട്‌ കത്തെഴുതുകയും മാധ്യമങ്ങളോട്‌ വിലപിക്കുകയും മാത്രമായിരുന്നല്ലോ അച്യുതാനന്ദന്‍ ചെയ്തത്‌. ഇപ്പോള്‍ യുഡിഎഫ്‌ സര്‍ക്കാര്‍ 32 കേസുകളില്‍, മേഘ ലോട്ടറി ഓഫീസ്‌ രേഖകള്‍ നശിപ്പിക്കപ്പെട്ട തീപിടിത്ത കേസുള്‍പ്പെടെ, സിബിഐ അന്വേഷണം ആവശ്യപ്പെട്ട്‌ ദല്‍ഹി പോലീസ്‌ എസ്റ്റാബ്ലിഷ്മെന്റ്‌ ആക്ട്‌ അനുസരിച്ചുള്ള ചട്ടപ്രകാരം വിജ്ഞാപനമിറക്കിയിരിക്കുകയാണ്‌.

സാന്റിയാഗോ മാര്‍ട്ടിന്‍ ദേശീയ പ്രമോട്ടറായും ജോണ്‍ കെന്നഡി കേരളാ പ്രമോട്ടറായുമാണ്‌ ഭൂട്ടാന്‍-സിക്കിം ലോട്ടറികള്‍ സംസ്ഥാനത്ത്‌ വില്‍പ്പന നടത്തി കോടികള്‍ കടത്തിയിരുന്നത്‌. മാര്‍ട്ടിനും കെന്നഡിക്കും രണ്ട്‌ രാഷ്‌ട്രീയ പാര്‍ട്ടികളിലും സ്വാധീനമുണ്ടായിരുന്നുവെന്നതും വസ്തുതയാണ്‌. ഇവര്‍ വിതരണം ചെയ്തിരുന്നത്‌ വ്യാജ ലോട്ടറി ടിക്കറ്റുകളായിരുന്നുവെന്നും ഈ ടിക്കറ്റുകള്‍ ശിവകാശിയില്‍ അടിച്ചവയാണെന്നുമുള്ള വിവരവും പുറത്തുവന്നിരുന്നു. 30ലക്ഷം വ്യാജ ലോട്ടറി ടിക്കറ്റുകള്‍ 2010 ഒക്ടോബര്‍ 22 ല്‍ വാളയാര്‍ ചുരം വഴി കടന്നുവന്നിരുന്നു. കേരളത്തില്‍ നിന്നൊഴുക്കിയ പണം ഭീകരവാദ പ്രവര്‍ത്തനത്തിന്‌ ഉപയോഗിക്കുന്നുവോ എന്നതും അന്വേഷണപരിധിയില്‍ വരണമെന്ന്‌ അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

സിക്കിം-ഭൂട്ടാന്‍ ലോട്ടറിക്കേസുകള്‍ വാദിക്കാന്‍ മുമ്പ്‌ രംഗത്തുവന്നത്‌ ആഭ്യന്തരമന്ത്രി പി.ചിദംബരത്തിന്റെ പത്നി നളിനി ചിദംബരവും കോണ്‍ഗ്രസ്‌ വക്താവ്‌ മനു അഭിഷേക്‌ സിംഗ്‌വിയും മറ്റുമായിരുന്നു. അതുകൊണ്ടുതന്നെ ലോട്ടറി കേസന്വേഷണം ഫലപ്രാപ്തിയിലെത്തുകയില്ല എന്ന വിശ്വാസം നിലനില്‍ക്കുന്നു. മുന്‍ ധനമന്ത്രി തോമസ്‌ ഐസക്കും സംശയത്തിന്റെ നിഴലിലായിരുന്നു. ഇപ്പോള്‍ കേസന്വേഷണം സിബിഐക്ക്‌ വിട്ട്‌ സംസ്ഥാനം വിജ്ഞാപനമിറക്കിയത്‌ ഒരു പ്രാഥമിക നടപടിയായിട്ടെങ്കിലും കണക്കാക്കാവുന്നതാണ്‌. ഇപ്പോള്‍ പന്ത്‌ കേന്ദ്രത്തിന്റെ കോര്‍ട്ടിലാണ്‌. സ്വതന്ത്രവും നിഷ്പക്ഷവുമായ സിബിഐ അന്വേഷണം പ്രതീക്ഷിക്കാമോ എന്ന ആശങ്ക ഇപ്പോഴും നിലനില്‍ക്കുന്നു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by