Categories: Samskriti

ഗീതാസന്ദേശങ്ങളിലൂടെ..

Published by

കര്‍മധീരന്മാര്‍ക്ക്‌ സുഖവും ദുഃഖവും ലാഭവും നഷ്ടവുമെല്ലാം അചഞ്ചലമായ മനസ്സോടെ അഭിമുഖീകരിക്കുവാന്‍ സാധിക്കണം. ഓരോ കര്‍മത്തിനും കര്‍മഭാഗവുമുണ്ട്‌ ജ്ഞാനഭാഗവുമുണ്ട്‌. <br/>ധര്‍മബോധമുള്ളവരനുഷ്ഠിക്കുന്ന കര്‍മം അധാര്‍മികമാകുകയില്ല. അവര്‍ കര്‍മമണ്ഡത്തിലൂടെ മുന്നേറുമ്പോള്‍ മനസ്സിനെ ഏകാഗ്രമാക്കി കൃത്യമായ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്നു. മനസ്സ്‌ അസ്ഥിരമായാല്‍ അതില്‍നിന്നും പലതരത്തിലുള്ള ചിന്തകളായിരിക്കും ഉണ്ടാകുന്നത്‌. പല ചിന്തകള്‍ പല മാര്‍ഗങ്ങള്‍ കാണിച്ച്‌ തരുന്നതായാല്‍ ലക്ഷ്യം പതറിപ്പോകും, ലക്ഷ്യഭ്രംശമുണ്ടാകും. എപ്പോള്‍, എങ്ങിനെ ആര്‌, എന്ത്‌, എന്തിന്‌ , എവിടെ വെച്ച്‌ ചെയ്യും അഥവാ ചെയ്യാതിരിക്കുമെന്ന്‌ ചിന്തിച്ചുകൊണ്ടേയിരുന്നാല്‍ ചിന്തിക്കുന്നവരൊരിടത്തുമെത്തുകില്ലെന്നത്‌ സത്യം. <br/>

കൃത്യമായ ലക്ഷ്യബോധവും ധര്‍മബോധവും ജ്ഞാനവുമുള്ള വ്യക്തികള്‍ പല പല ഗ്രന്ഥങ്ങളേയും പന്ഥാവുകളേയും ഉപദേശങ്ങളേയും സംഘര്‍ഷാവസ്ഥയില്‍ ആശ്രയിക്കേണ്ടതില്ല. അതേസമയം സുഖഭോഗങ്ങളെ ലക്ഷ്യമിട്ട്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ ,ഏകാഗ്രതയും ധര്‍മബോധവും നിലനിര്‍ത്താന്‍ പലപ്പോഴും സാധിച്ച്‌ എന്ന്‌ വരില്ല. പവിത്രമെന്ന്‌ നാം വിചാരിക്കുന്ന ഗ്രന്ഥങ്ങളിലെ നിര്‍ദ്ദേശങ്ങള്‍ പ്രാവര്‍ത്തികമാക്കിയാല്‍, ആ കര്‍മങ്ങളില്‍ പോലും സത്വരജസ്തമോഗുണപ്രദങ്ങളായ ഫലങ്ങളുണ്ടാകും. <br/>ധര്‍മബോധത്തോടെ പ്രവര്‍ത്തിക്കുന്നവര്‍ ഈ മൂന്ന്‌ ഗുണ ദോഷങ്ങള്‍ക്കുമതീതമായി പ്രവര്‍ത്തിക്കണം. ദാഹിക്കുന്ന വ്യക്തിക്ക്‌ ദാഹശമനത്തിന്നായി അല്‍പം വെള്ളം മാത്രമാണാവശ്യം. കവിഞ്ഞൊഴുകുന്ന വലിയ പാത്രം നിറച്ച്‌ വെള്ളമാവശ്യമില്ല. അതുപോലെ കര്‍മനിരതനായ വ്യക്തിക്ക്‌ അതിന്നാവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങളുടെ ഉപദേശങ്ങളെ ആവശ്യമുള്ളൂ. എല്ലാ വേദ-ധര്‍മ ഗ്രന്ഥങ്ങളിലുമുള്ള പലതരം ഉപദേശങ്ങളാവശ്യമില്ല.<br/>

കര്‍മവും കര്‍മഫലവും പരസ്പരം ചേര്‍ന്നിരിക്കുന്നതിനാല്‍ ഫലത്തോടുകൂടിയ കര്‍മം ചെയ്യുവാന്‍ മാത്രമേ നമുക്കധികാരമുള്ളു. കര്‍മത്തിന്റെ പ്രതിഫലത്തിന്‌ അവകാശമുണ്ടെങ്കിലും അധികാരമില്ല. ആ പ്രതിഫലത്തെക്കുറിച്ചും പുരസ്കാരത്തെക്കുറിച്ചുമുള്ള ആസക്തിയോ വിരക്തിയോ ഉണ്ടാകുവാനും പാടില്ല. പുരസ്കാരം ലഭിക്കുകയോ ലഭിക്കാതിരിക്കുയോ ചെയ്യട്ടെ! കര്‍മപ്രതിഫലത്തില്‍ ബന്ധനമില്ലാതെ സമബുദ്ധിയോടെ കര്‍മം ചെയ്യുന്നതിനെയാണ്‌ യോഗം എന്നറിയപ്പെടുന്നത്‌. ഫലത്തേയും പ്രതിഫലത്തേയും പുരസ്കാരത്തേയും മാത്രം ചിന്തിച്ച്‌ കര്‍മം ചെയ്യുന്നവര്‍ നീചരാണ്‌.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by