Categories: Vicharam

ആശ്രയമില്ലാത്ത സ്വാശ്രയം

Published by

കേരളത്തിലെ സ്വാശ്രയ വിദ്യാഭ്യാസ മേഖല വീണ്ടും പ്രക്ഷുബ്ധമായിരിക്കുന്നു. ഒരു വശത്ത്‌ വിദ്യാര്‍ത്ഥികളും പോലീസുംതമ്മില്‍ തെരുവില്‍ ഏറ്റുമുട്ടുന്നു. സ്വാശ്രയ മാനേജ്മെന്റുകളും സര്‍ക്കാരും ദന്തഗോപുരങ്ങളില്‍ ഒത്തുതീര്‍പ്പ്‌ ചര്‍ച്ചകളും അവകാശവാദങ്ങളുമായി ജനങ്ങളെ വിഡ്ഢികളാക്കുന്നു. മാധ്യമങ്ങളില്‍ സ്വാശ്രയം മെഗാ സീരിയല്‍ ആയി മാറുന്നു. ഇന്നത്തെ എപ്പിസോഡ്‌ എന്താണെന്ന്‌ അറിയാനുള്ള ആകാംക്ഷയിലാണ്‌ എല്ലാവരും.

ഈ സീരിയല്‍ തുടങ്ങിയിട്ട്‌ ഒരു പതിറ്റാണ്ട്‌ പിന്നിട്ടു. ജനം കേരളത്തില്‍ ഇടതിനേയും വലതിനേയും പരീക്ഷിച്ചുനോക്കി. എല്‍ഡിഎഫ്‌ ആയാലും യുഡിഎഫ്‌ ആയാലും ഫലം ഒന്നുതന്നെ! ഇപ്പോള്‍ ഉയര്‍ന്നു കേള്‍ക്കുന്ന ഒരു ആവശ്യമാണ്‌ സ്വാശ്രയം ‘കര്‍ണാടക മോഡലില്‍’ പരിഹരിക്കണം എന്നത്‌. ‘കേരളമോഡല്‍’ സ്വാശ്രയത്തിന്‌ കര്‍ണാകട മോഡല്‍ പരിഹാരം!

കേരളത്തിലെ വിദ്യാഭ്യാസ രംഗത്തെ നിയന്ത്രിക്കാന്‍ കേരളത്തിലെ ഒരു ഭരണാധികാരിക്കുംകഴിഞ്ഞിട്ടില്ല. ചരിത്രത്തിലേക്ക്‌ തിരിഞ്ഞുനോക്കിയാല്‍ വിദ്യാഭ്യാസ മേഖലകളിലെ ദുര്‍പ്രവണതകളെ കടിഞ്ഞാണിടാന്‍ ആദ്യ ശ്രമംനടത്തിയത്‌ തിരുവിതാംകൂര്‍ ദിവാനായിരുന്ന സര്‍ സിപി ആയിരുന്നു. അതോടെ സിപി കേരള ചരിത്രത്തിലെ ഏറ്റവും വലിയ മനുഷ്യദ്രോഹിയും വെറുക്കപ്പെടേണ്ടവനുമായി. ഐക്യ കേരളം രൂപീകരിക്കുകയും കേരളത്തില്‍ ജനകീയ സര്‍ക്കാര്‍ അധികാരത്തില്‍ വരികയും ചെയ്തപ്പോഴും ആദ്യ സര്‍ക്കാരിന്റെ മുന്നില്‍ കീറാമുട്ടിയും വിദ്യാഭ്യാസം തന്നെയായി. മഹാനായ പ്രൊഫ.ജോസഫ്‌ മുണ്ടശ്ശേരിയും നടത്തി ഒരു ശ്രമം. അദ്ദേഹം മാത്രമല്ല, ആ മന്ത്രിസഭ തന്നെ പിരിച്ചുവിടപ്പെട്ടു. പിന്നെ കേരളത്തില്‍ പല മന്ത്രിസഭകളും അധികാരത്തില്‍ വരികയും പോവുകയും ചെയ്തിട്ടുണ്ട്‌. എന്നാല്‍ വിദ്യാഭ്യാസ രംഗം കൈകാര്യം ചെയ്തിരുന്നത്‌ വിദ്യാഭ്യാസ മേഖലയിലെ അദൃശ്യശക്തികളായിരുന്നു. കേരളത്തിലെ സംഘടിത ന്യൂനപക്ഷമതമായി നേതൃത്വം. സ്വാശ്രയ സ്ഥാപനങ്ങള്‍ തുടങ്ങുന്നതിനെതിരെ സമരം ചെയ്ത്‌ അഞ്ച്‌ പേരെ കുരുതികൊടുത്ത്‌ അധികാരത്തിലെത്തിയവരാണ്‌ കേരളത്തില്‍ ആദ്യമായി സ്വാശ്രയ പ്രൊഫഷണല്‍ സ്ഥാപനങ്ങള്‍ തുടങ്ങിയതും ഇന്ന്‌ അത്‌ ഭരിക്കുന്നതും. സ്വകാര്യമേഖലയില്‍ സ്വാശ്രയ സ്ഥാപനങ്ങള്‍ പെരുകി സാമൂഹ്യനീതിയെ ചോദ്യം ചെയ്തപ്പോള്‍ ഉണ്ടായ വിദ്യാര്‍ത്ഥി രോഷത്തെയും സാമൂഹ്യ അസ്വാസ്ഥ്യത്തേയും തന്ത്രപരമായി ഉപയോഗപ്പെടുത്തി അധികാരത്തില്‍ തിരിച്ചുവന്നവരാണ്‌ സ്വാശ്രയ മേഖലയെ ഇന്നത്തെ രീതിയില്‍ അതിസങ്കീര്‍ണമാക്കിയത്‌.

ഇപ്പോഴത്തെ പ്രശ്നം പ്രധാനമായും മെഡിക്കല്‍ പിജി പ്രവേശനത്തേയും ഫീസിനെയും സംബന്ധിച്ചാണ്‌. കേരളത്തില്‍ പത്ത്‌ സ്വകാര്യ മെഡിക്കല്‍ കോളേജുകളില്‍ 131 ബിരുദാനന്തര സീറ്റുകള്‍ അനുവദിച്ചത്‌ കഴിഞ്ഞ എല്‍ഡിഎഫ്‌ സര്‍ക്കാരാണ്‌. തെരഞ്ഞെടുപ്പിന്റെ ‘ചൂടിലും’ വാദകോലാഹലങ്ങളിലും ഈ സംഭവം കേരളത്തില്‍ കാര്യമായി ആരുടേയും ശ്രദ്ധയില്‍പ്പോലും പെട്ടില്ല. കഴിഞ്ഞ മാര്‍ച്ച്‌ ഏപ്രില്‍ മാസങ്ങളിലായി അഖില ഭാരതീയ തലത്തില്‍ എബിവിപിയുടെ ആഭിമുഖ്യത്തില്‍ കേജി മുതല്‍ പിജിവരെയുള്ള ഫീസ്‌ ഘടനയെക്കുറിച്ച്‌ വ്യാപകമായ സര്‍വേ നടന്നിരുന്നു. അതില്‍ മെഡിക്കല്‍ പിജി കോഴ്സുകളുടെ ഫീസ്‌ ഘടനയെക്കുറിച്ച്‌ അന്വേഷിക്കുന്ന ഭാഗത്ത്‌ കേരളം പൂരിപ്പിച്ചത്‌ കേരളത്തില്‍ സ്വാശ്രയ മേഖലയില്‍ മെഡിക്കല്‍ രംഗത്ത്‌ പിജി കോഴ്സുകള്‍ തുടങ്ങിയിട്ടില്ല എന്നായിരുന്നു. മെഡിക്കല്‍ കോഴ്സ്‌ തന്നെ തുടങ്ങി വ്യാപകമായിട്ട്‌ അഞ്ച്‌ വര്‍ഷം പൂര്‍ത്തിയാകുന്നതേ ഉണ്ടായിരുന്നുള്ളൂ. മാത്രവുമല്ല ആ മേഖലയിലെ സങ്കീര്‍ണ്ണതകളും സര്‍ക്കാരുകളുടെ പരാജയവും സമൂഹത്തിന്റെ അനുഭവവും ഒക്കെ കണക്കിലെടുത്തപ്പോള്‍ മെഡിക്കല്‍ പിജി പെട്ടെന്ന്‌ തുടങ്ങാന്‍ സാധ്യത ഇല്ലെന്നുമാണ്‌ കണക്ക്‌ കൂട്ടിയത്‌.

ഏപ്രില്‍ 14 ന്‌ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ ബാലറ്റ്‌ പെട്ടിക്ക്‌ ചുറ്റും കാവലിരുന്ന പൊതുജനം കേരളത്തിലെ തരംഗവും തരംഗദൈര്‍ഘ്യവും അഗാധതലങ്ങളില്‍ അപഗ്രഥിച്ചുകൊണ്ട്‌ കാലം കഴിച്ചുകൂട്ടുന്നതിനിടയിലാണ്‌ ഈ ‘മെഡിക്കല്‍ പിജി’ നാടകത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കപ്പെട്ടത്‌. അങ്ങനെയാണ്‌ 10 കോളേജുകളിലായി 131 സീറ്റുകള്‍ കേരളത്തില്‍ അനുവദിച്ചത്‌. അതിന്‌ പുറമെ 16 ഡിപ്ലോമ സീറ്റുകളും അനുവദിക്കപ്പെട്ടിട്ടുണ്ട്‌. ഇതില്‍ പിജിയില്‍ 62 സീറ്റും ഡിപ്ലോമയില്‍ എട്ടെണ്ണവും സര്‍ക്കാര്‍ നേരിട്ട്‌ പ്രവേശനം നടത്തുമെന്നായിരുന്നു ധാരണ. അതിന്റെ നിശ്ചയിച്ച സമയപരിധിയില്‍ സര്‍ക്കാരിന്‌ ലിസ്റ്റ്നല്‍കാന്‍ കഴിഞ്ഞാല്‍ അത്‌ മാനേജ്മെന്റിന്‌ വന്നുചേരും എന്നതാണ്‌. കേരളത്തിലെ മുന്നണി വ്യത്യാസമൊന്നും നോക്കാതെ രാഷ്‌ട്രീയനേതൃത്വം തങ്ങളുടെ മക്കള്‍ക്ക്‌ മെഡിക്കല്‍സീറ്റ്‌ തരപ്പെടുത്തിവെക്കുകയും ബാക്കി സാങ്കേതികത്വം പറഞ്ഞ്‌ മാനേജ്മെന്റിന്‌ ഇഷ്ടദാനം നല്‍കുകയുംചെയ്തു. ഇതില്‍ വിദ്യാഭ്യാസ മന്ത്രി അബ്ദുള്‍ റബ്ബ്‌, ആരോഗ്യമന്ത്രി അടൂര്‍ പ്രകാശും പ്രതിപക്ഷ യുവജന പ്രസ്ഥാനത്തിന്റെ സമരങ്ങള്‍ നിയന്ത്രിക്കുന്ന നേതാവും മക്കള്‍ക്ക്‌ സീറ്റ്‌ നേടി പൊതു സമൂഹത്തിന്റെ പ്രാതിനിധ്യം ഉറപ്പുവരുത്തി!

ഇപ്പോള്‍ കോടതിയിലൂടെ 100 ശതമാനവും സീറ്റിലും മാനേജ്മെന്റ്‌ പ്രവേശനം സാധൂകരിച്ചെടുത്തിരിക്കയാണ്‌. തങ്ങളുടെ സാമൂഹ്യനീതിയെ വെല്ലുവിളിക്കുന്ന വിദ്യാഭ്യാസ കച്ചവടത്തെ വെള്ളപൂശാന്‍ പുതിയ അടവിന്റെ തിമിര്‍ത്താട്ടമാണ്‌ ഇന്ന്‌ കേരളത്തില്‍ നടക്കുന്നത്‌. ഭൂരിപക്ഷം മെഡിക്കല്‍ കോളേജുകളും നടത്തുന്ന ഇന്റര്‍ചര്‍ച്ച്‌ കൗണ്‍സില്‍ എന്ന ക്രൈസ്തവ സഭയുടെ നേതൃത്വം സര്‍ക്കാരുമായി ഒത്തുതീര്‍പ്പിനില്ലെന്ന്‌ പറഞ്ഞ്‌ മാറിനില്‍ക്കുന്നു. എംഇഎസ്‌ നേതാവ്‌ ഫസല്‍ ഗഫൂറിന്റെ നേതൃത്വത്തില്‍ മറ്റ്‌ സ്ഥാപന മാനേജ്മെന്റുകള്‍ സര്‍ക്കാരുമായി അനുരഞ്ജന ചര്‍ച്ചകള്‍ നടത്തിയും അവകാശവാദങ്ങള്‍ ഉന്നയിച്ചും ജനങ്ങളെ അങ്കലാപ്പിലാക്കുന്നു.

വാദവും തീര്‍പ്പും ഇങ്ങനെയാണ്‌ പോകുന്നത്‌. അമൃത മെഡിക്കല്‍മിഷന്റെ കോളേജില്‍ സര്‍ക്കാരിന്‌ യാതൊരു നിയന്ത്രണവുമില്ല. അതുകൊണ്ട്‌ ഞങ്ങള്‍ക്കും സര്‍ക്കാരിന്റെ പ്രവേശന ലിസ്റ്റില്‍നിന്ന്‌ പ്രവേശനം നല്‍കാനും ഫീസ്‌ ഘടന അനുവദിക്കാനും സാധ്യമല്ല എന്നാണ്‌ ക്രിസ്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ വാദം. അമൃതക്കും ക്രൈസ്തവസഭകളുടെ കീഴിലുളള കോളേജുകള്‍ക്കും ബാധകമല്ലാത്ത കാര്യം ഞങ്ങള്‍ക്ക്‌ സ്വീകാര്യമല്ലെന്ന്‌ ഫസല്‍ഗഫൂറും ടീമും പറയുന്നു. എല്ലാവരും പറയുന്നത്‌ ഒരേ കാര്യം പ്രവര്‍ത്തിക്കുന്നതും ഒന്നുതന്നെ! സാമൂഹ്യ നീതി, സാധാരണക്കാരന്റെ ഉന്നമനം, ആതുരസേവനം. ആരേയും ആകര്‍ഷിക്കുന്ന ആശയങ്ങള്‍, സാമൂഹ്യനീതിയില്‍നിന്നും സര്‍ക്കാര്‍ നിയന്ത്രണത്തില്‍നിന്നും പുറത്ത്‌ കടക്കാന്‍ തങ്ങള്‍ക്ക്‌ കഴിയുന്ന വഴി എല്ലാവരും പോകുന്നു. കല്‍പിത സര്‍വകലാശാല, ന്യൂനപക്ഷ സ്ഥാപനം അങ്ങനെ പലതും.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by