Categories: Vicharam

സത്യഗ്രഹം സോണിയയുടെയും രാംദേവിന്റെയും

Published by

കള്ളപ്പണത്തിനും അഴിമതിക്കുമെതിരെ ദല്‍ഹിയിലെ രാംലീലാ മൈതാനിയില്‍ സത്യഗ്രഹം നടത്തിയ ബാബ രാംദേവിനെതിരായ പോലീസ്‌ നടപടിയെ ന്യായീകരിക്കാനായി സന്ന്യാസത്തെ അവഹേളിക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസ്‌ വക്താവ്‌ ജനാര്‍ദ്ദന്‍ ദ്വിവേദിക്ക്‌ കിട്ടേണ്ടത്‌, കിട്ടേണ്ടയാളില്‍നിന്നുതന്നെ കിട്ടി. രാജസ്ഥാനില്‍നിന്നുള്ള കോണ്‍ഗ്രസ്‌ അനുഭാവിയായ സുനില്‍കുമാര്‍ എന്നയാളാണ്‌ എഐസിസി ആസ്ഥാനത്ത്‌ നടന്ന പത്രസമ്മേളനത്തിനിടെ വേദിയില്‍ കയറിച്ചെന്ന്‌ ചെരിപ്പിനടി കിട്ടുമെന്ന്‌ ദ്വിവേദിയോട്‌ പറഞ്ഞത്‌. ഷൂ ഊരി ദ്വിവേദിയുടെ മുഖത്തിന്‌ നേര്‍ക്ക്‌ പിടിച്ചുകൊണ്ടായിരുന്നു സുനില്‍കുമാറിന്റെ പ്രതികരണം. ‘അക്രമി’ ആര്‍എസ്‌എസുകാരനാണെന്ന്‌ വരുത്താന്‍ കോണ്‍ഗ്രസ്‌ ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ്‌ സിംഗും പാര്‍ട്ടി നേതാവായ ജോസഫ്‌ വടക്കനുമൊക്കെ തീവ്രമായി ശ്രമിച്ചുവെങ്കിലും സത്യം പൊടുന്നനെ അവരെ നിശബ്ദരാക്കുകയായിരുന്നു. കോണ്‍ഗ്രസ്‌ സ്ഥാപനമായ രാജസ്ഥാന്‍ പബ്ലിക്‌ സ്കൂളിലെ ഇംഗ്ലീഷ്‌ അധ്യാപകനായിരുന്ന സുനില്‍കുമാര്‍ ഒരു കോണ്‍ഗ്രസ്‌ അനുഭാവിയാണെന്ന്‌ മാത്രമല്ല, കോണ്‍ഗ്രസിന്റെ തന്നെ കൗണ്‍സിലറായ ‘ശാരദ’ എന്ന സ്ത്രീയുടെ ഭര്‍ത്താവാണെന്നും തിരിച്ചറിഞ്ഞതോടെയാണ്‌ കോണ്‍ഗ്രസ്‌ നേതാക്കള്‍ക്ക്‌ നാവിറങ്ങിപ്പോയത്‌.

വേദിയില്‍ പാഞ്ഞുകയറിയ എഐസിസി ജീവനക്കാരും ചില ‘മാധ്യമപ്രവര്‍ത്തകരും’ സുനില്‍ കുമാറിനെതിരെ നടത്തിയ ക്രൂരമായ മര്‍ദ്ദനം യഥാര്‍ത്ഥത്തില്‍ ഏറ്റത്‌ വാര്‍ത്താസമ്മേളനം നടത്തിയ ദ്വിവേദിക്ക്‌ തന്നെയാണ്‌. വാര്‍ത്താസമ്മേളനത്തില്‍ ഒപ്പമുണ്ടായിരുന്ന, സദാസമയത്തും ക്രുദ്ധനായി കാണപ്പെടാറുള്ള മനീഷ്‌ തിവാരിയാകട്ടെ അസാധാരണമായ ഇത്തരമൊരു സംഭവമുണ്ടായിട്ടും ശാന്തനായി കാണപ്പെട്ടു! ദ്വിവേദിക്ക്‌ രണ്ട്‌ കിട്ടേണ്ടതാണെന്ന മട്ടിലായിരുന്നു തിവാരിയുടെ നില്‍പ്പ്‌.

അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ച ദ്വിഗ്‌ വിജയ്സിംഗിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന്‌ ആര്‍എസ്‌എസ്‌ വ്യക്തമാക്കിയതോടെ സിംഗ്‌ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ്‌ നേതാക്കള്‍ക്ക്‌ മുഖമടച്ച്‌ അടികിട്ടിയതുപോലെയായി.

യഥാര്‍ത്ഥ പ്രശ്നമിതല്ല. സന്ന്യാസത്തെ അപകീര്‍ത്തിപ്പെടുത്തിയും ബാബ രാംദേവിന്റെ സത്യഗ്രഹത്തെ മാന്യമല്ലാത്ത ഭാഷയില്‍ അവഹേളിച്ചും വാര്‍ത്താ സമ്മേളനത്തില്‍ ജനാര്‍ദ്ദന്‍ ദ്വിവേദി നടത്തിയ പരാമര്‍ശങ്ങള്‍ യഥാര്‍ത്ഥത്തില്‍ പാര്‍ട്ടി അധ്യക്ഷയായ സോണിയാഗാന്ധിയെ പ്രതിരോധിക്കാന്‍ വേണ്ടിയായിരുന്നു. രാംദേവിന്റെ സത്യഗ്രഹം വ്യക്തിപരമായി ആര്‍ക്കെങ്കിലുമെതിരാണെങ്കില്‍ ആ വ്യക്തി സോണിയാ ഗാന്ധിയാണ്‌. കാരണം വിദേശബാങ്കുകളില്‍ നിക്ഷേപിച്ചിരിക്കുന്ന കള്ളപ്പണം തിരിച്ചുകൊണ്ടുവരണമെന്നാണ്‌ രാംദേവിന്റെ മുഖ്യ ആവശ്യം. കള്ളപ്പണം പൊതുസ്വത്തായി പ്രഖ്യാപിക്കണമെന്ന രാംദേവിന്റെ ആവശ്യം അംഗീകരിക്കാമെന്ന്‌ വ്യക്തമാക്കപ്പെട്ടെങ്കിലും കള്ളപ്പണം വീണ്ടെടുക്കാന്‍ നടപടി സ്വീകരിക്കുമെന്ന ഉറപ്പ്‌ ലഭിക്കാത്തതിനെത്തുടര്‍ന്നാണ്‌ കേന്ദ്രവും രാംദേവുമായുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടത്‌. വിദേശബാങ്കുകളില്‍ കുമിഞ്ഞുകൂടിയിട്ടുള്ള ഇന്ത്യക്കാരുടെ കള്ളപ്പണത്തിനെതിരെ ഉയര്‍ന്നിട്ടുള്ള ആരോപണങ്ങളുടെ കേന്ദ്രബിന്ദു സോണിയാ ഗാന്ധിയാണ്‌. ഓരോ കോണ്‍ഗ്രസ്‌ നേതാവിനും ഇതറിയാം. കള്ളപ്പണം വീണ്ടെടുത്തേ പറ്റൂ എന്ന കാര്യത്തില്‍ വിട്ടുവീഴ്ചയ്‌ക്ക്‌ തയ്യാറാവണമെന്ന സന്ദേശമാണ്‌ സത്യഗ്രഹത്തിന്‌ മുമ്പും പിമ്പും ആവര്‍ത്തിച്ചുള്ള ചര്‍ച്ചകളില്‍ കേന്ദ്രമന്ത്രിമാര്‍ രാംദേവിന്‌ നല്‍കിയത്‌. സന്ന്യാസം ദൗര്‍ബല്യമല്ലെന്ന്‌ വിശ്വസിക്കുന്ന രാംദേവ്‌ ഇതിന്‌ വഴങ്ങിയില്ല. ഇതോടെ തങ്ങളുടെ ‘മേം സാബി’നെ കുടുക്കാനുള്ള സമരം അടിച്ചമര്‍ത്താന്‍ കോണ്‍ഗ്രസ്‌ നേതൃത്വം തീരുമാനിക്കുകയായിരുന്നു. അടിയന്തരാവസ്ഥയെ അനുസ്മരിപ്പിക്കുന്ന രാംലീലയിലെ പോലീസ്‌ അതിക്രമത്തിനുശേഷവും ഹരിദ്വാറില്‍ സത്യഗ്രഹം പുനരാരംഭിച്ച രാംദേവ്‌ വിദേശവംശജയായ സോണിയക്ക്‌ ഇന്ത്യയോട്‌ കൂറില്ലെന്ന്‌ തുറന്നടിച്ച പശ്ചാത്തലത്തിലായിരുന്നു ജനാര്‍ദ്ദന്‍ ദ്വിവേദിയുടെ വാര്‍ത്താസമ്മേളനം. സ്വിറ്റ്സര്‍ലന്റിലും ജര്‍മനിയിലെ ലിച്ചന്‍സ്റ്റനിലും സൂറിച്ചിലുമൊക്കെയുള്ള ബാങ്കുകളിലായി നിരവധി ഇന്ത്യാക്കാര്‍ക്ക്‌ കള്ളപ്പണ നിക്ഷേപമുണ്ടെങ്കിലും സോണിയയുടേയും മകന്‍ രാഹുലിന്റെയും പേരിലുള്ള അക്കൗണ്ടുകളാണ്‌ ഇതില്‍ പ്രമുഖമെന്നാണ്‌ മാധ്യമ റിപ്പോര്‍ട്ടുകള്‍.

സത്യഗ്രഹത്തില്‍നിന്ന്‌ സ്ത്രീവേഷം കെട്ടി ഒളിച്ചോടാന്‍ ശ്രമിച്ചു രാംദേവ്‌ എന്നാണ്‌ ജനാര്‍ദ്ദന്‍ ദ്വിവേദി വാര്‍ത്താസമ്മേളനത്തില്‍ പരിഹസിച്ചത്‌. പ്രതികൂല സാഹചര്യമുണ്ടാകുമ്പോള്‍ സത്യഗ്രഹികള്‍ ഇങ്ങനെയല്ല ചെയ്യേണ്ടതെന്നും ദ്വിവേദി പറയുകയുണ്ടായി. (തന്റെ നടപടി ഭീരുത്വമല്ല, ധീരതയാണെന്ന്‌ രാംദേവ്‌ യുക്തിസഹമായി വിശദീകരിച്ചിട്ടുണ്ട്‌.) എന്നാല്‍ രാംദേവിനെ ഇങ്ങനെ അധിക്ഷേപിക്കാന്‍ മുതിര്‍ന്ന ദ്വിവേദി 34 വര്‍ഷം മുമ്പ്‌ നടന്ന ഒരു സംഭവം ഓര്‍ക്കാതെ പോയി.

അടിയന്തരാവസ്ഥയ്‌ക്കുശേഷം 1977 ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്തി ജനതാപാര്‍ട്ടി കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപീകരിച്ചു. രാഷ്‌ട്രീയ സാഹചര്യം നെഹ്‌റു കുടുംബത്തിന്‌ എതിരായി. അതിനകം രാജീവ്‌ ഗാന്ധിയുടെ ഭാര്യയും ഇന്ദിരാഗാന്ധിയുടെ മരുമകളും ആയിക്കഴിഞ്ഞിരുന്ന സോണിയാഗാന്ധി അന്ന്‌ എന്താണ്‌ ചെയ്തത്‌? ഇന്ദിരാഗാന്ധിയെ ഉപേക്ഷിച്ച്‌ രണ്ട്‌ മക്കളുമായി മാതൃരാജ്യമായ ഇറ്റലിയുടെ ദല്‍ഹിയിലെ എംബസിയില്‍ ഓടിയൊളിക്കുകയായിരുന്നു അവര്‍. (1968 ല്‍ രാജീവിനെ വിവാഹം ചെയ്തിട്ടും 15 വര്‍ഷക്കാലം സോണിയാഗാന്ധി ഇന്ത്യന്‍ പൗരത്വമെടുത്തിരുന്നില്ല.) ഇന്ത്യന്‍ എയര്‍ലൈന്‍സിലെ പെയിലേറ്റ്ന്ന നിലയില്‍ സര്‍ക്കാരുദ്യോഗസ്ഥനായിരുന്നിട്ടും രാജീവ്‌ ഗാന്ധിയെയും ഒരു വിദേശ എംബസിയില്‍ ഒളിച്ചിരിക്കാന്‍ സോണിയ പ്രേരിപ്പിച്ചു! ദ്വിവേദി ഈ സംഭവങ്ങളൊന്നും അറിയാതിരിക്കാന്‍ വഴിയില്ല. കോണ്‍ഗ്രസിന്റെ മുഖ്യവക്താവായിരിക്കുന്നയാള്‍ പാര്‍ട്ടിയുടെ സ്വന്തം നേതാവിന്റെ പൂര്‍വകാല ചരിത്രം അറിഞ്ഞിരിക്കേണ്ടതാണല്ലോ.

രാംലീലയിലെ സത്യഗ്രഹം അഞ്ച്‌ ദിവസം പിന്നിട്ടപ്പോഴാണ്‌ പാതിരാ നേരത്ത്‌ സത്യഗ്രഹികള്‍ക്കെതിരെ മൃഗീയമായ പോലീസ്‌ നടപടിയുണ്ടായത്‌. തികച്ചും ജനാധിപത്യവിരുദ്ധമായ ഈ നടപടിക്കെതിരെ വ്യാപകമായ പ്രതിഷേധമുയരുകയും സുപ്രീംകോടതി സ്വന്തം നിലയ്‌ക്ക്‌ കേസെടുക്കുകയും ചെയ്തു. ഒറ്റപ്പെട്ടുപോയ കോണ്‍ഗ്രസും കേന്ദ്രസര്‍ക്കാരും അനുയായികളെ അക്രമത്തിന്‌ പ്രേരിപ്പിച്ച രാംദേവിന്റേത്‌ സത്യഗ്രഹമല്ലായിരുന്നുവെന്ന ന്യായീകരണവുമായാണ്‌ രംഗത്തെത്തിയത്‌. രാംലീലാ അതിക്രമവുമായി തങ്ങളുടെ നേതാവിന്‌ ബന്ധമൊന്നുമില്ലെന്ന്‌ കോണ്‍ഗ്രസ്‌ നേതാക്കള്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും സോണിയയുടെ അനുമതിയില്ലാതെ ഇത്തരമൊരു ഏകാധിപത്യപരമായ നടപടി അരങ്ങേറില്ലെന്ന്‌ വ്യക്തമാണ്‌. ഇവിടെയും രാംദേവിന്റെ സത്യഗ്രഹത്തെക്കുറിച്ച്‌ കള്ളക്കഥകള്‍ മെനഞ്ഞ കോണ്‍ഗ്രസ്‌ നേതൃത്വം സോണിയയെ വെള്ളപൂശാനാണ്‌ ശ്രമിച്ചത്‌.

2004 ലെ പൊതുതെരഞ്ഞെടുപ്പിനെത്തുടര്‍ന്ന്‌ ഡോ.മന്‍മോഹന്‍ സിംഗിനെ പ്രധാനമന്ത്രി പദത്തില്‍ പ്രതിഷ്ഠിക്കുന്നതിന്‌ മുമ്പ്‌ ദല്‍ഹിയിലെ 24 അക്ബര്‍ റോഡിലുളള പാര്‍ട്ടി ആസ്ഥാനത്ത്‌ സോണിയ നടത്തിയ നിരാഹാരം ആരും മറന്നുകാണാനിടയില്ല. 340 എംപിമാരുടെ പിന്തുണയൊപ്പിച്ച്‌ മെയ്‌ 17 വൈകിട്ട്‌ അഞ്ച്‌ മണിക്ക്‌ രാഷ്‌ട്രപതി എ.പി.ജെ.അബ്ദുള്‍ കലാമിനെ സന്ദര്‍ശിച്ച്‌ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദമുന്നയിക്കാനിരുന്നതാണ്‌ സോണിയ. എന്നാല്‍ നിശ്ചിത കൂടിക്കാഴ്ചയ്‌ക്ക്‌ ഒന്നരമണിക്കൂര്‍ മുമ്പ്‌ വൈകിട്ട്‌ 3.30 ന്‌ കൂടിക്കാഴ്ച റദ്ദാക്കണമെന്നും സര്‍ക്കാര്‍ രൂപീകരണത്തെക്കുറിച്ച്‌ അടുത്ത ദിവസം ചര്‍ച്ച ചെയ്യാമെന്നും കാണിച്ച്‌ കലാം സോണിയക്ക്‌ കത്തയയ്‌ക്കുകയായിരുന്നു. കത്തിന്റെ ഉള്ളടക്കം വായിച്ച്‌ സോണിയ ഞെട്ടിയെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. ഇതേത്തുടര്‍ന്ന്‌ താന്‍ ഇനി പ്രധാനമന്ത്രിയാവാനില്ലെന്ന്‌ പറഞ്ഞാണ്‌ പാര്‍ട്ടി ആസ്ഥാനത്ത്‌ സോണിയ നിരാഹാരം തുടങ്ങിയത്‌. ‘മാഡ’ത്തിന്റെ മനസ്സ്‌ മാറ്റാനെന്ന പേരില്‍ പിന്നീട്‌ ദല്‍ഹിയിലും മറ്റും തികഞ്ഞ അരാജകത്വമാണ്‌ അരങ്ങേറിയത്‌.

‘സോണിയയില്ലെങ്കില്‍ സര്‍ക്കാരുമില്ല’ എന്ന മുദ്രാവാക്യവുമായി കോണ്‍ഗ്രസുകാര്‍ തെരുവിലിറങ്ങി. നിരാഹാരമിരിക്കുന്ന സോണിയയോട്‌ ഐക്യം പ്രഖ്യാപിച്ച അവര്‍ ട്രെയിനുകള്‍ തടഞ്ഞിട്ടു. വാഹന ഗതാഗതം തടസ്സപ്പെടുത്തി. തന്റെ നേതാവിനെ പ്രധാനമന്ത്രിയാവാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച്‌ മുന്‍ കോണ്‍ഗ്രസ്‌ എംപി ഗംഗാചരണ്‍ രജ്പുത്താകട്ടെ മേറ്റ്ല്ലാവരേയും നിഷ്പ്രഭമാക്കുന്ന പ്രകടനമാണ്‌ കാഴ്ചവെച്ചത്‌. ഒരു മരത്തിനുമുകളില്‍ കയറിയ അയാള്‍ തോക്ക്‌ തലയോട്‌ ചേര്‍ത്തുവച്ച്‌ ആത്മഹത്യാ ഭീഷണി മുഴക്കി. രജിസ്ട്രേഷന്‍ വഴി പൗരത്വം നേടിയതിനാല്‍ ഇന്ത്യന്‍ പൗരത്വനിയമമനുസരിച്ച്‌ പ്രധാനമന്ത്രിയാവാന്‍ തനിക്ക്‌ വിലക്കുണ്ടെന്ന സത്യം (ഇക്കാര്യം പിന്നീട്‌ വിക്കിലീക്സ്‌ രേഖകള്‍ സ്ഥിരീകരിക്കുകയുണ്ടായി.) തുറന്നുപറയാതെ നേതാക്കളെയും അണികളെയും അക്രമത്തിന്‌ പ്രേരിപ്പിക്കുകയായിരുന്നു നിരാഹാരത്തിലൂടെ സോണിയ ചെയ്തത്‌. വിദേശ വംശജ എന്നനിലയില്‍ പ്രധാനമന്ത്രിയാവാന്‍ അയോഗ്യതയുള്ളയാളാണ്‌ തങ്ങളുടെ നേതാവ്‌ എന്ന സത്യം കോണ്‍ഗ്രസുകാരില്‍നിന്ന്‌ മറച്ചുപിടിക്കാനും പാര്‍ട്ടിയുടെ നേതൃത്വം തന്നില്‍ ഉറപ്പിച്ചുനിര്‍ത്താനും സോണിയ പയറ്റിയ തന്ത്രമായിരുന്നു അന്നത്തെ നിരാഹാരം.

രാജ്യത്തിന്റെ ശോഭനമായ ഭാവിയെ കരുതി അഴിമതിക്കും കള്ളപ്പണത്തിനും എതിരെയായിരുന്നു രാംദേവിന്റെ സത്യഗ്രഹം. ഒട്ടും അര്‍ഹതയില്ലാതിരുന്നിട്ടും അധികാരം കയ്യാളാന്‍ വേണ്ടി മാത്രമായിരുന്നു സോണിയയുടെ ‘സത്യഗ്രഹം’. ഇതിലേതാണ്‌ ഗാന്ധിയന്‍ പാത പിന്തുടരുന്നതെന്ന്‌ കോണ്‍ഗ്രസിന്റെ വക്താക്കള്‍ വിശദീകരിക്കാതെ തന്നെ ജനങ്ങള്‍ക്കറിയാം.

-മുരളി പാറപ്പുറം

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by