Categories: Kannur

കേന്ദ്രാവിഷ്കൃതപദ്ധതി പുരോഗതി അവലോകനം ചെയ്തു

Published by

കണ്ണൂര്‍: ജില്ലയില്‍ ഗ്രാമ വികസന വകുപ്പു മുഖേന നടപ്പിലാക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതികളുടെ പുരോഗതി അവലോകനം കലക്ടറേറ്റ്‌ സമ്മേളന ഹാളില്‍ നടന്നു. 2011 വര്‍ഷത്തെ ആദ്യത്തെ അവലോകന യോഗമാണിത്‌. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി ഇന്ദിരാ ആവാസ്‌ യോജന സ്വര്‍ണ്ണ ജയന്തി ഗ്രാമ സ്വറോസ്ഗാര്‍ യോജന( എസ്‌.ജി.എസ്‌ വൈ.) പ്രധാനമന്ത്രി ഗ്രാമസടക്‌ യോജന (പി.എംജി.എസ്‌.വൈ), സംയോജിത തരിശുഭൂമി വികസന പദ്ധതി( ഐ. ഡബ്ല്യൂ.ഡി.പി) എന്നീ പദ്ധതികളുടെ പുരോഗതിയാണ്‌ വിലയിരുത്തിയത്‌. ഡി.ആര്‍.ഡി.എ കോംപ്ലക്സിനായുളള നീക്കം ഇനിയും പൂര്‍ണ്ണഗതിയിലെത്താത്തതും ചര്‍ച്ചാ വിഷയമായി.

2010-11 ല്‍ 294074 കുടുംബങ്ങളാണ്‌ ജില്ലയില്‍ തൊഴിലുറപ്പുപദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തത്‌. ഇതില്‍ 172850 പേര്‍ക്ക്‌ കാര്‍ഡ്‌ വിതരണം ചെയ്തു. പട്ടിക ജാതിയില്‍ രജിസ്റ്റര്‍ ചെയ്തെ 7096 പേര്‍ക്കും തൊഴില്‍ കാര്‍ഡ്‌ നല്‍കുകയുണ്ടായി. 57290 കുടുംബങ്ങള്‍ തൊഴില്‍ ആവശ്യപ്പെട്ടതില്‍ 57129 പേര്‍ക്ക്‌ നല്‍കി. ഇതില്‍തന്നെ 100 ദിവസം തൊഴില്‍ കിട്ടിയ കുടുംബങ്ങള്‍ 2648 ആണ്‌. 2010-11ല്‍ സാങ്കേതിക/ ഭരണാനുമതി ലഭിച്ച 9003 പ്രവൃത്തികളില്‍ 7319 എണ്ണം പൂര്‍ത്തീകരിച്ചു. ഇവയുടെ ചെലവ്‌ 2269.67 ലക്ഷമാണ്‌.

2011-12 ല്‍ കേന്ദ്രവിഹിതമായി 286.88 ലക്ഷം രൂപയും സംസ്ഥാന വിഹിതമായി 95. 63 ലക്ഷം രൂപയുമാണ്‌ ഈ പദ്ധതിയില്‍ ലഭ്യമാവുക. പി.എം.ജി.എസ്‌ വൈ ആറാം ഘട്ടത്തില്‍ 15 ഗ്രാമീണ റോഡുകളുടെ പ്രവൃത്തി പൂര്‍ത്തീകരിക്കാനുണ്ട്‌.

സണ്ണി ജോസഫ്‌ എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ എം.എല്‍.എമാരായ ടി.വി. രാജേഷ്‌, കെ.എം.ഷാജി, എ.പി.അബ്ദുളളക്കുട്ടി ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ കെ.എ. സരള, ജില്ലാ കലക്ടര്‍ ആനന്ദ്‌ സിംഗ്‌, ഗ്രാമ വികസന വകുപ്പു മന്ത്രിയുടെ പി.എ.കെ.പി. ഗ്ലാഡ്‌ വിവിധ ബ്ലോക്ക്‌,ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ടുമാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by