Categories: Varadyam

കാഴ്ചപ്പാടിന്റെ രാഷ്‌ട്രീയം

Published by

കാഴ്ചകള്‍ മങ്ങുമ്പോള്‍ വല്ലാത്ത പ്രയാസമാണ്‌ അനുഭവപ്പെടുക. കാഴ്ചകളുടെ സൗന്ദര്യവും അഭംഗിയും ഒരുപോലെ മനസ്സിലേക്ക്‌ സന്നിവേശിപ്പിക്കാന്‍ കഴിയുന്ന ഒന്നാണ്‌ കണ്ണടയെന്ന്‌ ചിലര്‍ പറയുന്നു. അതുകൊണ്ടാണ്‌ ഒരു കവി മങ്ങിയകാഴ്ചകള്‍ കാണാന്‍ കണ്ണടകള്‍ വേണം എന്നു പറഞ്ഞത്‌. അപ്പോള്‍ കണ്ണടകള്‍ക്ക്‌ അതിന്റേതായ പ്രാധാന്യം ഉണ്ടെന്നത്‌ നിസ്തര്‍ക്കമായ സംഗതിയത്രെ.

കാഴ്ചകളുടെ കാര്യത്തില്‍ സമൃദ്ധമാണ്‌ കാലമെങ്കിലും കാഴ്ചപ്പാടിന്റെ പാതനോക്കിയാല്‍ പ്രശ്നം തന്നെയാണ്‌. യോഗഗുരു രാംദേവും ഗാന്ധിയന്‍ അണ്ണാഹസാരെയും എന്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നു എന്നതിനെക്കുറിച്ചും വ്യക്തമായ ഒരു കാഴ്ചപ്പാട്‌ ഭരണകൂടത്തിനുമില്ല; അവരെ ഉപദേശിക്കുന്ന കൂട്ടത്തിനുമില്ല. അതുകൊണ്ട്‌ സംഭവിക്കുന്നതോ ജനാധിപത്യ സംവിധാനത്തിന്റെ ദുരന്തവും.

അണ്ണാഹസാരെയെ സര്‍ക്കാരിന്റെ ചിട്ടവട്ടങ്ങളിലേക്ക്‌ ഒടിച്ചുമടക്കിക്കിടത്താനുള്ള ശ്രമം പരാജയപ്പെട്ടപ്പോള്‍ അദ്ദേഹത്തെ ആക്ഷേപിക്കാന്‍ സോണിയകോണ്‍ഗ്രസ്‌ ഒരു വാക്കുപ്രയോഗിച്ചു; ഏകാധിപതി. ഈ വാക്കിന്റെ ശക്തിയും സൗന്ദര്യവും ആവോളം നുകര്‍ന്ന കക്ഷിയാണത്‌ എന്ന്‌ ഇന്ത്യാ മഹാരാജ്യത്തെ ബഹുഭൂരിപക്ഷം പേര്‍ക്കും വ്യക്തമായ അറിവുണ്ട്‌. ജനാധിപത്യസംവിധാനങ്ങള്‍ വഴി തന്റെ ഏകാധിപത്യത്തിന്‌ ഉടവുതട്ടുമെന്ന്‌ കണ്ട നേതാവ്‌ പൊടുന്നനെ കണ്ടെത്തിയ അടിയന്തരാവസ്ഥയെന്ന എളുപ്പവഴി കോണ്‍ഗ്രസ്സുകാരുടെ ആത്മാവില്‍ പട്ടം പറത്തുകയാണെന്നതിന്റെ സൂചനയാണ്‌ അണ്ണാഹസാരെക്കുനേരെയുള്ള മേപ്പടി ആക്രോശം.

അതിന്റെ അലയൊലി ആഞ്ഞടിക്കുന്ന വേളയിലാണ്‌ നമ്മുടെ പ്രിയപ്പെട്ട ഗാന്ധിജിയുടെ കണ്ണട മഹാരാഷ്‌ട്രയിലെ വാര്‍ധയിലുള്ള സേവാഗ്രാം ആശ്രമത്തില്‍ നിന്ന്‌ മോഷണം പോയത്‌. ആ കണ്ണടയിലൂടെയുള്ള കാഴ്ചപ്പാടുകള്‍ രാജ്യത്തെ മാറ്റിമറിച്ചതിനെക്കുറിച്ച്‌ ധാരണയുള്ളവര്‍ അത്‌ മാറ്റിയതായിരിക്കുമോ? ഗാന്ധിജിയുടെ കാഴ്ച ഹൃദയത്തിലൂടെയായിരുന്നു എന്നു മനസ്സിലാവാത്തവര്‍, ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ക്ക്‌ വര്‍ധിച്ചുവരുന്ന പ്രസക്തി നഷ്ടപ്പെടുത്താന്‍ ചെയ്തതാവുമോ? ഒരു അണ്ണാഹസാരെയിലൂടെ ഇങ്ങനെയൊക്കെ സംഭവിക്കുമെങ്കില്‍ ഭാവിയില്‍ എന്തെന്തൊക്കെ ഉണ്ടായിക്കൂടാ. ഗാന്ധിജിയുടെ ഓര്‍മകള്‍പോലും ഈ ഭൂമുഖത്തുനിന്ന്‌ തുടച്ചുമാറ്റണമെന്ന്‌ ആഗ്രഹിക്കുന്ന കോണ്‍ഗ്രസ്‌ നേതാക്കള്‍ സ്വേച്ഛാധിപത്യത്തിന്റെ വഴികള്‍ വെട്ടിയൊരുക്കുമ്പോള്‍ ഗാന്ധിജിയുടെ കണ്ണടമോഷണം പോയത്‌ യാദൃച്ഛികമല്ല. ഗാന്ധിയന്‍ കാഴ്ചപ്പാടുകള്‍ക്ക്‌ പക്ഷേ, പ്രിയം ഏറിയേറിവരികയാണെന്ന്‌ പാവങ്ങള്‍ അറിയുന്നുമില്ല.

കാഴ്ചപ്പാടുകള്‍ക്ക്‌ ഏറെ പ്രസക്തിയും മാനങ്ങളുമുണ്ട്‌. രാംദേവിന്റെ ഉപവാസമായാലും അണ്ണാഹസാരെയുടെ ഉദ്ബോധനമായാലും അതൊക്കെ ജനങ്ങളില്‍ ഒരു കാഴ്ചപ്പാടിന്‌ അവസരമൊരുക്കുന്നു. അതുകൊണ്ടാണല്ലോ ഭരണയന്ത്രം ഉപയോഗിച്ച്‌ ആയതൊക്കെ തച്ചുതകര്‍ക്കാന്‍ നോക്കുന്നത്‌. നമ്മുടെ കലാകൗമുദി (ജൂണ്‍ 19)യും ഇന്ത്യാ ടുഡെ (ജൂണ്‍ 22)യും മാധ്യമ (ജൂണ്‍ 20)വും ഇത്തവണ അണ്ണാഹസാരെ, രാംദേവുമാരുടെ ഗാന്ധിയന്‍ സമരരീതികളെക്കുറിച്ചുള്ള വിശകലന വിവരണത്താല്‍ സമൃദ്ധമാണ്‌. ഓരോവാരികയുടെയും നടത്തിപ്പുകാരുടെ കാഴ്ചപ്പാടുകള്‍ പേജുകളില്‍ തിങ്ങി നിറഞ്ഞുകിടക്കുന്നു.

എന്നത്തേയും പോലെ വേറിട്ട സമീപനംകൊണ്ട്‌ വിഷം കലക്കാന്‍ ഒരുമ്പെടുന്ന മാധ്യമത്തിന്‌ രാംദേവിന്റെ സമരം തനി കാടത്തമാണ്‌. അതൊരു സമ്മര്‍ദ്ദരൂപമായി ദുര്‍വിനിയോഗം ചെയ്യപ്പെടുകയാണെന്നാണ്‌ സി.അഷറഫ്‌ എന്ന മഹിതാശയന്‍ പറയുന്നത്‌. സത്യത്തോടുള്ള ആഗ്രഹം, സത്യത്തില്‍ ഉറച്ചുനില്‍ക്കല്‍ എന്നൊക്കെയാണ്‌ സത്യഗ്രഹത്തിന്റെ അര്‍ഥമെന്നുപറയുന്ന അഷറഫ്‌, ഇപ്പോഴത്തെ രീതികളിലൊന്നും ഗാന്ധിയന്‍ സമീപനങ്ങളില്ലെന്ന്‌ ചൂണ്ടിക്കാട്ടുന്നു. കാലവ്യാധിഗ്രസിച്ച സത്യഗ്രഹസമരം എന്ന തലക്കെട്ടില്‍ ടിയാന്‍ മൂന്നുപേജിലേ കസര്‍ത്ത്‌ നടത്തിയിട്ടുള്ളൂ. നഞ്ഞെന്തിന്‌ നാനാഴി ?

അണ്ണാഹസാരെയോട്‌ മാധ്യമത്തിനും അഷറഫിനും അത്രവിരോധമില്ല. പക്ഷേ, രാംദേവ്‌ ചതുര്‍ഥിയാണ്‌. കാവി വിറളിപിടിപ്പിക്കുന്നതരത്തിലേക്ക്‌ മാറിപ്പോയിരിക്കുന്നു ഇരുകൂട്ടര്‍ക്കും . നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ എന്നാണല്ലോ.

എന്നാല്‍ ഇന്ത്യാടുഡേ ഒരു വിശാലകാഴ്ചപ്പാടാണ്‌ ഇരുവരുടെയും സമരത്തിനോട്‌ സ്വീകരിച്ചിരിക്കുന്നത്‌. അതില്‍ മേറ്റ്ന്തെങ്കിലും അജണ്ടാധിഷ്ഠിത സമീപനമില്ല. അണപൊട്ടിയ അമര്‍ഷം എന്ന കവര്‍ക്കഥയാണ്‌ അവരുടെ വിഭവം. ഭാവനാവിജ്‌- അറോറ, ഷാഫിറഹ്മാന്‍ എന്നിവര്‍ ചേര്‍ന്നെഴുതിയ ഫീച്ചറില്‍ പറയേണ്ടത്‌ പറയാനും കാണേണ്ടത്‌ കാണാനും അവസരമുണ്ട്‌. രാംദേവ്‌ തന്റെ പ്രവൃത്തിയിലൂടെ പണമുണ്ടാക്കിയതിനെ ചോദ്യംചെയ്യാതെ ചോദ്യംചെയ്യുന്നുമുണ്ട്‌ ഇന്ത്യാടുഡെ. വിശകലനങ്ങളില്‍ സര്‍വെയുണ്ട്‌, കണക്കുകളുണ്ട്‌. വിഷം തുപ്പണം എന്ന മനോഭാവം നേരത്തെ സൂചിപ്പിച്ച പ്രസിദ്ധീകരണത്തിനുള്ളതുപോലെ ഇന്ത്യാടുഡേക്കില്ല എന്ന്‌ സാരം. സമാധാനപരമായി പ്രതിഷേധിച്ചവരെ ആട്ടിപ്പായിച്ച്‌ സര്‍ക്കാര്‍ വരുത്തിയ പിഴവിലൂടെ ബാബാരാംദേവിന്റെയും അണ്ണാഹസാരെയുടെയും അനുയായികള്‍ ഒറ്റക്കെട്ടായിത്തീര്‍ന്ന്‌ അഴിമതിക്കെതിരെ അഭൂതപൂര്‍വമായ വികാരം ആളിക്കത്തിക്കുന്നു എന്നാണ്‌ ഇന്ത്യാടുഡേയുടെ പക്ഷം. സ്വയം കൃതാനര്‍ഥം എന്നേ പറയാനാവൂ!

ജനാധിപത്യം ജനക്കൂട്ടത്തിന്റെ ആധിപത്യമാകരുത്‌ എന്ന ലേഖനം വഴി കലാകൗമുദിയിലൂടെ, കാവിവേഷക്കാര്‍ ആരെയും ഉപദ്രവിക്കാന്‍ നില്‍ക്കാതെ ഏതെങ്കിലും കാട്ടിലും മേട്ടിലും ധ്യാനിക്കാന്‍ പോകണം എന്നാണ്‌ ജെ.ഗോപീകൃഷ്ണന്‍ പറയുന്നത്‌. മാധ്യമക്കാരന്റെ കാഴ്ചപ്പാടുമായി ഒത്തുവരുമെങ്കിലും ഇത്‌ രാഷ്‌ട്രീയ വിഷമാണ്‌. രാജവെമ്പാലയുടെ വിഷമോ എട്ടടിമൂര്‍ഖന്റെ വിഷമോ വീര്യം കൂടിയത്‌ എന്ന്‌ ചോദിച്ചാല്‍ കടിക്കുന്നതിന്‌ അനുസരിച്ചിരിക്കും എന്നേ പറയാനാവൂ. ഗോപീകൃഷ്ണനാണ്‌ 2ജി സ്പെക്ട്രം അഴിമതി പുറത്തുകൊണ്ടുവരാന്‍ ഇടയാക്കിയത്‌ എന്നതുകൊണ്ട്‌ എന്തിനെക്കുറിച്ചും ആധികാരികമായി പറയാന്‍ അവകാശമുണ്ടെന്ന്‌ സമ്മതിക്കാനാവില്ലല്ലോ.

അതേസമയം അഴിമതിയുടെ സ്കാനിങ്‌ എന്ന അഡ്വ.കാളീശ്വരംരാജിന്റെ നിരീക്ഷണം (കലാകൗമുദി) സുതാര്യമാണ്‌; ആത്മാര്‍ഥതയുള്ളതും. അഴിമതിവിരുദ്ധ സത്യഗ്രഹസമരങ്ങള്‍, അവരുടെ സകലമാന പരിമിതികളോടെയാണെങ്കിലും നമ്മുടെ രാഷ്‌ട്ര ശരീരത്തെ സ്കാന്‍ചെയ്യുന്നു: രോഗം കണ്ടെത്തുകയും ചെയ്യുന്നു. ഒപ്പം ചികിത്സിക്കാന്‍ ശ്രമിക്കുകയെങ്കിലും ചെയ്യുന്നു എന്ന നിരീക്ഷണം തെളിമയുള്ളതാണ്‌. ഗോപീകൃഷ്ണനും കാളീശ്വരം രാജും രാംദേവിന്റെ കാര്യത്തില്‍ ഏതാണ്ട്‌ സമാനനിലപാടാണ്‌ സ്വീകരിക്കുന്നത്‌. കോടികള്‍ ആസ്തിയുള്ളയാളാണ്‌ രാംദേവ്‌ എന്ന്‌ പറഞ്ഞാണ്‌ അദ്ദേഹത്തിന്റെ സമരത്തെ ഇരുവരും ഇകഴ്‌ത്തുന്നത്‌. ബഹുമാനിതരേ 2ജി സ്പെക്ട്രം പോലുള്ള തരികിടകള്‍ വഴിയല്ലല്ലോ, അതൊക്കെ സമ്പാദിച്ചത്‌ എന്ന്‌ ഏത്‌ ഇന്ത്യക്കാരനും ചോദിച്ചുകൂടേ? സ്വത്ത്‌ വെളിപ്പെടുത്താന്‍ രാംദേവിനോട്‌ ഒരു കോടതിയും ആവശ്യപ്പെടാതെ തന്നെയല്ലേ അദ്ദേഹം അതൊക്കെ പരസ്യപ്പെടുത്തിയതും. ചോരവേണ്ടവന്‌ ചായകൊടുത്തിട്ട്‌ കാര്യമെന്ത്‌?

കേരളത്തിലെ തെരഞ്ഞെടുപ്പില്‍ വിഎസ്‌ തരംഗമുണ്ടായിരുന്നു എന്ന്‌ ഇനിയാരും പറഞ്ഞേക്കല്ലേ. മാതൃഭൂമി ആഴ്ചപ്പതിപ്പ്‌ (ജൂണ്‍ 19) അതിന്റെ തെളിവും മറ്റുമായി രംഗത്ത്‌. അടുത്തവന്‍ അകലുമ്പോഴും അകന്നവന്‍ അടുക്കുമ്പോഴും സൂക്ഷിക്കണം എന്ന്‌ പഴമക്കാര്‍ പറഞ്ഞത്‌ വെറുതെയല്ല. വിഎസ്സിന്റെ ഒട്ടുനാളത്തെ മനസ്സാക്ഷിസൂക്ഷിപ്പുകാരന്‍ കെ.എം.ഷാജഹാന്‍ ആണ്‌ മുഴക്കോലും ഉളിയും മറ്റുമായി രംഗത്തെത്തിയിരിക്കുന്നത്‌. ഇതാ കണക്കുകള്‍; വി.എസ്‌.തരംഗമുണ്ടായില്ല എന്ന പന്ത്രണ്ട്‌ പേജ്‌ ലേഖനം വഴി പിബി ആഗ്രഹിച്ചതും എസ്‌ സി കൊതിച്ചതുമായ കാര്യങ്ങളാണ്‌ ഷാജഹാന്റെ വഹ. എന്തായാലും ടിയാന്‍ യുക്തിഭദ്രമായി പറയുന്ന ഒരു സന്ദര്‍ഭം ഇതാ: ഇക്കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം നടത്തിയ വന്‍ മുന്നേറ്റത്തിന്‌ കാരണം വിഎസ്‌ തരംഗമാണ്‌ എന്ന വാദം വികാരത്തിന്റെയും വിശ്വാസത്തിന്റെയും മാത്രം അടിസ്ഥാനത്തിലുള്ളതാണ്‌. ആ വാദത്തിന്‌ കണക്കുകളുടെ പിന്‍ബലമില്ല. സംസ്ഥാനത്തെ 14 ജില്ലകളില്‍ 3 ജില്ലകളില്‍ മാത്രമാണ്‌ (കോഴിക്കോട്‌, ആലപ്പുഴ, കൊല്ലം) വി.എസ്സിന്റെ സ്വാധീനം ദൃശ്യമാകുന്നത്‌. യുഡിഎഫിന്‌ അനുകൂലമായി നടന്ന ക്രിസ്ത്യന്‍, മുസ്ലീം വോട്ടുകളുടെ ധ്രുവീകരണത്തിന്‌ ബദലായി നടന്ന ഹിന്ദു വോട്ടുകളുടെ ധ്രുവീകരണമാണ്‌ എല്‍ഡിഎഫിന്റെ കുതിപ്പിന്റെ പുറകിലെ പ്രധാന ചാലകശക്തി. ഒരു ദേശീയ പാര്‍ട്ടിയുടെ നേതാവ്‌ ഇങ്ങനെവരുമെന്ന്‌ തെരഞ്ഞെടുപ്പിന്‌ മുമ്പെ പറഞ്ഞത്‌ പക്ഷേ, ബധിരകര്‍ണങ്ങളിലാണ്‌ പതിച്ചത്‌.

തൊട്ടുകൂട്ടാന്‍

നമുക്കുമാത്രമേയെല്ലാം പഠിച്ചിടേണ്ടു.

പഠിച്ചതൊക്കെയും പിന്നെപ്പരീക്ഷിക്കേണ്ടു.

ചിതയിലുമൊടുങ്ങാത്ത സംശയത്തോടെ

ക്ഷിതിവാസമഹാശിക്ഷകഴിച്ചിടേണ്ടു !

– ബാലചന്ദ്രന്‍ ചുള്ളിക്കാട്‌

കവിത: സംശയം

മാതൃഭൂമി ആഴ്ചപ്പതിപ്പ്‌ (ജൂണ്‍ 19)

-കെ. മോഹന്‍ദാസ്‌

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts