Categories: Vicharam

തട്ടിപ്പുകളുടെ സ്വന്തം നാട്‌

Published by

കേരളം ഇന്ന്‌ തട്ടിപ്പ്‌ കമ്പനികളുടെ കേന്ദ്രമായി മാറുകയാണ്‌. പ്രബുദ്ധരും വിദ്യാസമ്പന്നരുമാണ്‌ മലയാളികള്‍ എന്ന നിലനില്‍ക്കുന്ന ധാരണ തിരുത്തിക്കുറിച്ചാണ്‌ കേരളത്തില്‍ തട്ടിപ്പ്‌ പരമ്പര അരങ്ങേറുന്നത്‌. ആട്‌, മാഞ്ചിയം തട്ടിപ്പുകളായിരുന്നു കേരളത്തില്‍ തട്ടിപ്പ്‌ പരമ്പരയ്‌ക്ക്‌ തുടക്കം കുറിച്ചത്‌. ഇപ്പോള്‍ ഇത്‌ പല പുതിയ പേരുകളിലും നൂതന ശൈലികളിലും പുനരവതരിക്കുകയാണ്‌. ടോട്ടല്‍ ഫോര്‍ യു മുതലാണ്‌ നിക്ഷേപത്തട്ടിപ്പുകള്‍ കേരളത്തില്‍ തുടങ്ങിയത്‌. ആപ്പിള്‍ എ ഡേ ഫ്ലാറ്റ്‌ കുംഭകോണത്തില്‍ 3000 നിക്ഷേപകര്‍ക്ക്‌ കോടികള്‍ നഷ്ടപ്പെട്ടപ്പോള്‍ ഉടമകള്‍ എല്ലാ നിക്ഷേപങ്ങളും പിന്‍വലിച്ച്‌ മുങ്ങുകയായിരുന്നു. ബാങ്കില്‍നിന്ന്‌ വായ്പ വാങ്ങി ഫ്ലാറ്റിന്‌ മുടക്കിയവര്‍ അങ്കലാപ്പിലാണ്‌. ടൈക്കൂണ്‍ എംപയര്‍ ഇന്റര്‍നാഷണല്‍ 370 കോടി രൂപയുടെ തട്ടിപ്പാണ്‌ നടത്തിയിരിക്കുന്നത്‌. ചെന്നൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കമ്പനിയും വിവിധ ബാങ്കുകളില്‍ നിക്ഷേപിച്ച തുകകള്‍ പിന്‍വലിച്ചുകഴിഞ്ഞു. ടൈക്കൂണ്‍ കമ്പനിയില്‍ 24,000 നിക്ഷേപകരെ ചേര്‍ത്തത്‌ ഒരുലക്ഷം രൂപ നിക്ഷേപിച്ചാല്‍ 10,000 രൂപവീതം 36 മാസം നല്‍കുമെന്ന വാഗ്ദാനം നല്‍കിയിരുന്നു. കൂടുതല്‍ ആളെ ചേര്‍ത്താല്‍ പത്ത്‌ ശതമാനം കൂടി നല്‍കുമെന്നും വാഗ്ദാനം നല്‍കി.

ബിസയര്‍ മണിച്ചെയിന്‍ തട്ടിപ്പില്‍ നഷ്ടപ്പെട്ടത്‌ 110 കോടി രൂപയാണ്‌. ഇതില്‍ ഒരുലക്ഷം പേരാണ്‌ കുടുങ്ങിയത്‌. ആലുവ ചുണങ്ങംവേലി ആസ്ഥാനമാക്കി 20 സെന്റ്‌ സ്ഥലം വാങ്ങി ഭൂമിപൂജ നടത്തി വിശ്വാസമാര്‍ജിച്ചാണ്‌ തട്ടിപ്പിന്‌ തിരശീല ഉയര്‍ന്നത്‌. കമ്മീഷന്‍ വ്യവസ്ഥയില്‍ 14,000 രൂപ മുതല്‍ രണ്ടുലക്ഷം രൂപവരെ നിക്ഷേപകര്‍ മുടക്കി. നിക്ഷേപകര്‍തന്നെ നിക്ഷേപകരെ കണ്ടുപിടിച്ച്‌ ചേര്‍ക്കുന്ന പ്രക്രിയയാണ്‌ ഇവിടെ അരങ്ങേറിയത്‌. തൃശൂരില്‍ നാനോ എക്സല്‍ തട്ടിപ്പില്‍ നഷ്ടമായത്‌ 200 കോടി രൂപയാണ്‌. ദുബായ്‌ മലയാളികള്‍പോലും ഈ തട്ടിപ്പില്‍ കുടുങ്ങി ലക്ഷങ്ങള്‍ നിക്ഷേപിച്ചു. ആദ്യം വാഗ്ദാനം ചെയ്ത തുക ലഭിച്ചപ്പോള്‍ ടോട്ടല്‍ ഫോര്‍ യു തട്ടിപ്പിലെന്നപോലെ കൂടുതല്‍ പേര്‍ ഇതിലേക്കാകര്‍ഷിക്കപ്പെട്ടു. കേരളത്തില്‍ ഒന്നരലക്ഷം പേര്‍ ഈ തട്ടിപ്പിനിരയായെന്നാണ്‌ റിപ്പോര്‍ട്ട്‌. ആപ്പിള്‍ എ ഡേ തട്ടിപ്പ്‌ പുറത്തുവന്നതോടെ കെട്ടിടനിര്‍മാണരംഗം മാന്ദ്യത്തിലായിരിക്കുന്നു. 7000 കോടിയുടെ ഈ ഇടപാടില്‍ 20ലക്ഷം തൊഴിലാളികള്‍ തന്നെയുണ്ട്‌. എന്തുകൊണ്ട്‌ വിദ്യാസമ്പന്നരായ മലയാളികള്‍ പഴയകാല അനുഭവങ്ങളില്‍നിന്നും പാഠം പഠിക്കുന്നില്ല. ഒരു അംഗീകൃത ബാങ്കില്‍ ഒരുലക്ഷം രൂപ നിക്ഷേപിക്കുമ്പോള്‍ കിട്ടുന്നത്‌ 7000 രൂപ മാത്രമാകുമ്പോള്‍ 12,000 തരാമെന്ന വാഗ്ദാനത്തിലെ ചതി എന്തുകൊണ്ട്‌ മലയാളി തിരിച്ചറിയുന്നില്ല?

ഇതിന്‌ പ്രധാന കാരണം മലയാളിയുടെ അത്യാഗ്രഹമാണെന്നാണ്‌ സാമൂഹ്യ ശാസ്ത്രജ്ഞന്മാരുടെ നിഗമനം. പെട്ടെന്ന്‌ പണക്കാരനാകാനുള്ള മോഹവും ആര്‍ത്തിയുമാണ്‌ ഈ രോഗാതുരമായ മാനസികാവസ്ഥ സൃഷ്ടിക്കുന്നത്‌. കേരളത്തിലെ ലോട്ടറി തട്ടിപ്പിലും ഈ ദുരാഗ്രഹം വ്യക്തമായതാണ്‌. കേരളത്തില്‍നിന്നും 8000 കോടി രൂപയാണ്‌ ആദ്യ സംസ്ഥാന ലോട്ടറികള്‍ തട്ടിയത്‌. ലോട്ടറി ടിക്കറ്റിലെ ലക്ഷങ്ങളാണ്‌ പറ്റിക്കപ്പെടാന്‍ പ്രചോദനമായത്‌. ഈ വിധം ഫ്ലാറ്റ്‌ തട്ടിപ്പിനും മണിച്ചെയിന്‍ തട്ടിപ്പിനും വിശ്വാസ്യത പകരുന്ന സുപ്രധാന ഘടകം ഈ കമ്പനിയുടെ ആകര്‍ഷകമായ പരസ്യങ്ങള്‍ പ്രമുഖ പത്രങ്ങളില്‍ വരുന്നുവെന്നതാണ്‌. പ്രധാന പത്രത്തില്‍ വരുന്ന പരസ്യം വരുമാനം ലക്ഷ്യമിട്ട്‌ വാങ്ങുന്നതാണെന്ന്‌ തിരിച്ചറിയാത്ത വായനക്കാര്‍ ഈ പരസ്യങ്ങളെ വിശ്വസിച്ച്‌ നിക്ഷേപത്തിന്‌ മുതിരുന്നു.

മറ്റൊരു പ്രധാന കാരണം ഈ തട്ടിപ്പ്‌ കമ്പനികള്‍ പ്രചരിപ്പിക്കുന്നതിന്‌ പോലീസുകാര്‍ മുതല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നുവെന്നതാണ്‌. കമ്പനിക്ക്‌ ഇതും വിശ്വാസ്യത പകരുന്നു. പരിചയക്കാര്‍ നിക്ഷേപകരായി ലാഭം ലഭിച്ചുവെന്നറിയുമ്പോള്‍ നിക്ഷേപത്തിന്‌ തുനിയുന്നവരും ധാരാളമാണ്‌. ആത്യന്തികമായി മലയാളി തട്ടിപ്പിനിരയാകുന്നത്‌ ദുര്‍മോഹം കൊണ്ടാണെങ്കില്‍പ്പോലും വഞ്ചനാക്കുറ്റത്തിനുള്ള ശിക്ഷ നിസ്സാരമാണെന്ന വസ്തുതയും ഈ തരം തട്ടിപ്പുകള്‍ക്ക്‌ മുതിരാന്‍ പ്രചോദനമാകുന്നു. ടോട്ടല്‍ ഫോര്‍ യു തട്ടിപ്പ്‌ നടത്തിയ ശബരീനാഥ്‌ സ്വതന്ത്രനായി നടക്കുന്നു. വഞ്ചനാക്കുറ്റങ്ങള്‍ക്ക്‌ കര്‍ശന ശിക്ഷ നടപ്പാക്കേണ്ടതാണ്‌. ഈ തട്ടിപ്പ്‌ പരമ്പരകള്‍ക്ക്‌ ശേഷമെങ്കിലും മലയാളിയുടെ പ്രായോഗിക ബുദ്ധി ഉണരുമോ എന്ന്‌ കണ്ടറിയണം.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by