Categories: Samskriti

ശൈശവം, കൗമാരം, യൗവ്വനം

Published by

നിഷ്കളങ്കമായ ശൈശവം. കുസൃതികള്‍ നിറഞ്ഞ കൗമാരം. സ്വപ്നങ്ങള്‍ പേറുന്ന യൗവനം. ഏതൊരു മനുഷ്യന്റെയും വ്യക്തിത്വ വികാസത്തെ നിര്‍ണായകമായി സ്വാധീനിക്കുന്ന കാലഘട്ടങ്ങളാണ്‌ മേല്‍ സൂചിപ്പിച്ചവ. സുപ്രധാനമായ ഈ കാലഘട്ടങ്ങള്‍ നഷ്ടപ്പെടുകയോ അവമതിക്കപ്പെടുകയോ ചെയ്യുന്ന ഒരു വ്യക്തിയുടെ ജീവിതത്തിലുടനീളം അതിന്റെ പ്രത്യാഘാതങ്ങള്‍ നിഴല്‍പരത്തിയിരിക്കും.<br/>

അനുപാതപൂര്‍ണമായ ചേരുവകളിലൂടെ അടിത്തറയൊരുക്കിയാല്‍ മാത്രമേ ഈടും ഉറപ്പുമുള്ള ഒരു സൗധം നമുക്കു നിര്‍മിക്കുവാനാവുകയുള്ളു. ജീവിതമെന്ന മഹത്തായ സൗധത്തിന്റെ അടിസ്ഥാന ഘടകങ്ങളായി വര്‍ത്തിക്കേണ്ടത്‌ സ്നേഹവും കരുണയും സഹജീവനവും സഹവര്‍ത്തിത്വവുമാണ്‌. ഇതാവട്ടെ ഒരു വ്യക്തിയെ സംബന്ധിച്ച്‌ പ്രാഥമികമായി അവന്റെ മാതാപിതാക്കളില്‍നിന്നും അദ്ധ്യാപകരില്‍നിന്നും, സമൂഹത്തില്‍നിന്നും അനുഭവപരമായി ലഭ്യമാകേണ്ടതാണ്‌.<br/>

നമ്മുടെ കുട്ടികള്‍ എത്രമാത്രം നന്മയും സ്നേഹവും നിറഞ്ഞവരായിരിക്കണം എന്നു നാം വിചാരിക്കുന്നുവോ അത്രമാത്രം നന്മയിലും സ്നേഹത്തിലും നമുക്കായിരിക്കാന്‍ കഴിയണം. അതല്ലാതെ വെറുതെ ഉപദേശങ്ങള്‍ നല്‍കിയതുകൊണ്ടോ ശിക്ഷിച്ചതുകൊണ്ടോ യാതൊരു പ്രയോജനവും ഉണ്ടാകുവാന്‍ പോകുന്നില്ല. പല മാതാപിതാക്കളും കുട്ടികളുടെ കാര്യത്തില്‍ നിക്ഷിപ്ത താല്‍പര്യവും സ്വാര്‍ത്ഥ ചിന്തയും നിറഞ്ഞവരായി മാറുന്നു. ഇത്തരക്കാരെ സംബന്ധിച്ച്‌ ഒരേയൊരു ലക്ഷ്യം മാത്രമേയുള്ളൂ. തങ്ങളുടെ കുട്ടി മറ്റാരേക്കാളും മിടുക്കനായിരിക്കണം. ഈ ‘മറ്റാരേക്കാളും’ എന്നിടത്തുനിന്നുതന്നെ മാത്സര്യം എന്ന വികൃതവികാരത്തിന്റെ ബീജാവാപം അവര്‍ കുട്ടികളില്‍ നിക്ഷേപിച്ചുകഴിഞ്ഞു. അറിവിനെ അനുഭവത്തിന്റെ തലത്തില്‍ നിന്നും അടര്‍ത്തിമാറ്റി ശാസനയിലൂടെയും ശിക്ഷണത്തിലൂടെയും മസ്തിഷ്ക്ക പ്രക്ഷാളനത്തിലൂടെയും ഓരോ കുട്ടികളേയും അവര്‍ ഈ മത്സരാധിഷ്ഠിത സമൂഹത്തിലെ ഏറ്റവും നല്ല ഉല്‍പന്നങ്ങളാക്കി മാറ്റുവാന്‍ ശ്രമിക്കുന്നു. <br/>

ഇവിടെ സ്വാഭാവികമായി അവനില്‍/അവളില്‍ വിടര്‍ന്നു വികസിക്കുന്ന അടിസ്ഥാന ചോദനകളെ തങ്ങള്‍ നിഷ്ക്കരുണം കരിച്ചുകളയുകയായിരുന്നു എന്ന വസ്തുത ഈ രക്ഷിതാക്കള്‍ മനസ്സിലാക്കുന്നില്ല. ഒരുപക്ഷേ, അവരിലെ വലിയൊരു ചിത്രകാരനെ, കവിയെ, സംഗീതജ്ഞനെയാവും തങ്ങളുടെ സ്വാര്‍ത്ഥപരമായ പ്രവര്‍ത്തനത്തിലൂടെ ഇക്കൂട്ടര്‍ നശിപ്പിച്ചുകളഞ്ഞത്‌. അതുവഴി ആഗ്രഹിച്ചതൊന്നും നേടാനാവാത്തതിലുള്ള ഇച്ഛാഭംഗത്തെ, നേടിയെടുത്ത മേഖലയിലേക്ക്‌ വിക്ഷേപിച്ചുകൊണ്ട്‌ ജീവിതമാകെ സംഘര്‍ഷഭരിതമായി തുടരുവാനാവും ഈ കുട്ടികളുടെ വിധി. ദാരിദ്ര്യവും കഷ്ടപ്പാടും ചേര്‍ന്ന്‌ സൃഷ്ടിക്കുന്ന അശാന്തിയില്‍ സുനിശ്ചിതവും സുരക്ഷിതവുമായ ഒരു കര്‍മ്മരംഗത്ത്‌ എത്തിപ്പെടുവാന്‍ കഴിയാതെ ഭഗ്നാശരാകേണ്ടിവരുന്ന കുട്ടികളുടെ കാര്യം ഇതിലും പരിതാപകരമായി മാറുന്നു.<br/>

ഇവിടെ മാതാപിതാക്കള്‍ക്കിടയിലെ അഭിപ്രായവ്യത്യാസങ്ങളും, സ്ഫോടനാത്മകമായ ജീവിതസന്ധികളും കുട്ടികളെ ഒറ്റപ്പെട്ടവരും ഭയചകിതരുമാക്കി മാറ്റുന്നു. ഗൃഹാന്തരീക്ഷത്തിലെ ഈ ഒറ്റപ്പെടലില്‍നിന്നും മോചനം നേടുവാനായി കുട്ടികള്‍ മദ്യത്തിലേക്കും, മയക്കുമരുന്നിലേക്കും, അവിഹിതമായ കൂട്ടുകെട്ടുകളിലേക്കും വഴുതിവീഴുന്നു. പരസ്പരം സ്നേഹം പുലര്‍ത്തുകയും, ശാന്തവും സുതാര്യവുമായ വിനിമയം സാദ്ധ്യമാകുകയും ചെയ്യുന്ന ഗൃഹാന്തരീക്ഷത്തിന്റെ അഭാവമാണ്‌ ഭൂരിപക്ഷം കുട്ടികളുടേയും സ്വഭാവവൈകൃതത്തിന്‌ കാരണമായിത്തീരുന്നത്‌. <

എന്റെ മക്കള്‍ തെറ്റായ വഴിയിലൂടെയാണ്‌ സഞ്ചരിക്കുന്നത്‌ എന്ന്‌ പരിതപിക്കുന്ന മാതാപിതാക്കള്‍ ആ നിലയിലേക്ക്‌ അവരെ എത്തിച്ച സാഹചര്യത്തെക്കൂടി മനസ്സിലാക്കേണ്ടതുണ്ട്‌.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by