Categories: Vicharam

നിലയ്‌ക്കാത്ത ചൂഷണം

Published by

ടോള്‍പിരിവിനെതിരെ സംസ്ഥാനവ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കുവാന്‍ ദേശീയപാതാ ആക്ഷന്‍ കൗണ്‍സിലും വ്യാപാരി-വ്യവസായി-ബസ്‌-ടാക്സി ഉടമകളും തൊഴിലാളികളും ഉള്‍പ്പെട്ട സംഘടനകള്‍ ആലോചിക്കുന്നു. കേരളത്തിലെ അരൂര്‍-ഇടപ്പള്ളി ദേശീയപാതയിലെ ടോള്‍പിരിവിനെതിരെ കുമ്പളം നിവാസികള്‍ റോഡ്‌ ഉപരോധിച്ചതോടെ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭം ഇന്ന്‌ പടരുകയാണ്‌. മട്ടാഞ്ചേരി പാലത്തിലെ ടോള്‍പിരിവിനെതിരെയും ജനങ്ങള്‍ രംഗത്തുവന്നിരുന്നു. ബിഒടി അടിസ്ഥാനത്തില്‍ പണിയുന്ന പാലത്തിന്റെ മുടക്കുതുകയുടെ എത്രയോ ഇരട്ടി ടോളായി വര്‍ഷങ്ങളായി പിരിഞ്ഞിട്ടും ടോള്‍പിരിവ്‌ അന്തമില്ലാതെ തുടരുന്ന പ്രക്രിയ ജനങ്ങളെ ക്ഷുഭിതരാക്കുന്നത്‌ സ്വാഭാവികം.

ദേശീയപാതയില്‍ ടോള്‍പിരിവ്‌ ദേശവ്യാപകമായ രീതിയാണെന്നും ഇതില്‍നിന്നും കേരളത്തെ ഒഴിവാക്കാന്‍ ആകുകയില്ല എന്നുമാണ്‌ ദേശീയപാതാ അതോറിറ്റിയുടെ വിശദീകരണം. പക്ഷെ ഒരു ദേശീയപാതയില്‍ത്തന്നെ അന്‍പത്‌ മുതല്‍ 60 വരെ ടോള്‍ബൂത്തുകള്‍ സ്ഥാപിച്ച്‌ ടോള്‍ പിരിക്കുമ്പോള്‍ വര്‍ധിച്ച പെട്രോള്‍-ഡീസല്‍ വില നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്ക്‌ താങ്ങാവുന്നതില്‍ അധികം ആകുന്നു.

അരൂര്‍-ഇടപ്പള്ളി പാതയിലെ ടോള്‍പിരിവിനെതിരെ കുമ്പളം നിവാസികള്‍ രംഗത്തുവന്നത്‌ ചെറിയ ദൂരം യാത്രചെയ്യുന്നതിന്‌ പോലും ടോള്‍ കൊടുക്കേണ്ടിവന്ന പശ്ചാത്തലത്തിലാണ്‌. സമരം തുടങ്ങിയപ്പോള്‍ താല്‍ക്കാലികമായി ടോള്‍പിരിവ്‌ നിര്‍ത്തിവെച്ചുവെങ്കിലും ഇത്‌ തുടരേണ്ടിവരും എന്നാണ്‌ അധികൃതര്‍ നല്‍കുന്ന സൂചന. പക്ഷെ കര്‍ണാടകയില്‍ ജനങ്ങളുടെ പ്രതിഷേധത്തെത്തുടര്‍ന്ന്‌ ടോള്‍പിരിവ്‌ നിര്‍ത്തിവെച്ച സംഭവം ചൂണ്ടിക്കാണിച്ചാണ്‌ ഇവിടെ ടോള്‍ പിരിവ്‌ നിരോധിക്കണമെന്ന ആവശ്യമുയരുന്നത്‌. ടോള്‍പിരിവ്‌ പകല്‍ക്കാള്ളയാണെന്നും പെട്രോളിനും ഡീസലിനും ഏര്‍പ്പെടുത്തുന്ന ഇന്ധന സര്‍ച്ചാര്‍ജിന്റെ പകുതി തുക മാത്രമേ റോഡുവികസനത്തിനു വേണ്ടിവരികയുള്ളൂ എന്നുമാണ്‌ സമരനേതാക്കള്‍ ചൂണ്ടിക്കാണിക്കുന്നത്‌. കുമ്പളം പ്രദേശവാസികളെയെങ്കിലും സമരത്തില്‍നിന്നും ഒഴിവാക്കാതെ സമരം പിന്‍വലിക്കാന്‍ സാധ്യതയില്ല.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by