Categories: Samskriti

ചാണക്യദര്‍ശനം

Published by

നാളന്നോദക സമം ദാനം

ന തിഥിര്‍ദ്ദ്വാദശി സമാ

ന ഗായത്ര്യാ പരോ മന്ത്രോ

ന മാതുഃ പരം ദൈവതം

ശ്ലോകാര്‍ത്ഥം

‘ജീവിതത്തില്‍ ഏറ്റവും വിശിഷ്ടമായി ചെയ്യാവുന്ന ഏതാനും കാര്യങ്ങളുണ്ട്‌. ദാനം ചെയ്യാന്‍ ഏറ്റവും ഉത്തമം പാനീയങ്ങളാണ്‌. തീയതികളില്‍ വെച്ച്‌ ഏറ്റവും ശ്രേഷ്ഠം 12 ആണ്‌ (ദ്വാദശി), മന്ത്രങ്ങളില്‍ വച്ച്‌ അത്യുത്തമം ഗായത്രി തന്നെ, ഈശ്വര തുല്യമായി കരുതേണ്ടത്‌, നിസ്സംശയം പറയാം, അമ്മയേയും!’

ആചാരാനുഷ്ഠാനങ്ങളില്‍ വളരെ പ്രസിദ്ധവും ഭാരതമാകെ അടിയുറച്ച്‌ വിശ്വസിക്കപ്പെടുന്നതുമായ ചില കാര്യങ്ങള്‍ ഒരു സാരോപദേശം എന്ന നിലയ്‌ക്ക്‌ ചാണക്യനിവിടെ നിരത്തുന്നു. ഓരോ മാസവും പലതരം അനുഷ്ഠാനങ്ങള്‍ പതിവുണ്ട്‌. എന്നാല്‍ അതിലേറ്റവും ഉത്തമമായി ആദരിച്ചുവരുന്നത്‌ ഏകാദശിയും ദ്വാദശിയുമാണ്‌. അതായത്‌ മാസത്തിന്റെ 11 ഉം 12 ഉം ദിവസങ്ങള്‍. അതിലും ഉത്തമം ദ്വാദശി. ഏകാദശി നോല്‍ക്കുകയും ദ്വാദശി നാള്‍ കുളി കഴിഞ്ഞ്‌ വിഷ്ണുവിനെ തൊഴുത്‌ തീര്‍ത്ഥം സേവിക്കുകയും ചെയ്യുമ്പോഴേ വ്രതം പൂര്‍ണമാവുന്നുള്ളു. പല പുരാണങ്ങളിലും ദ്വാദശി മാഹാത്മ്യം വര്‍ണിക്കപ്പെട്ടിട്ടുണ്ട്‌.ഇതേപോലെ വിശിഷ്ടങ്ങളായ മറ്റുപലതും ചൂണ്ടിക്കാണിക്കുകയാണ്‌ ഗുരുചാണക്യന്‍. ഭക്ഷ്യവസ്തുക്കളും ജലവും ദാനം ചെയ്യുന്നതിനേക്കാള്‍ സ്വര്‍ഗ്ഗീയമായി മറ്റൊരു കര്‍മവുമില്ല. അശരണനും അനാഥനുമായ ഒരാള്‍ക്ക്‌ ഈ ദാനം എത്ര കണ്ട്‌ ഉപകാരപ്പെടും എന്ന്‌ ചിന്തിക്കാവുന്നതേയുള്ളൂ. ദാനത്തിന്റെ മഹത്വവും ഇവിടെ പറയുന്നു. യാതൊന്നാണോ നമ്മെ രക്ഷിക്കുന്നത്‌, അതാണല്ലോ മന്ത്രം. വളരെ ഗഹനവും ഗാഢവുമായ മന്ത്രാര്‍ത്ഥത്തിന്റെ വിദൂരതലങ്ങളിലേക്ക്‌ നാം ഇറങ്ങിച്ചെല്ലേണ്ട ആവശ്യമില്ല. അത്രമാത്രം ഒരു ജനപ്രിയമായ മന്ത്രമാണ്‌ ഗായത്രി. അമ്മയേക്കാള്‍ വലിയ ആരാദ്ധ്യദേവത മറ്റൊരാളില്ല. ഇവിടെയും ആദ്ധ്യാത്മികഭാവത്തോടെയാണ്‌ ഗുരു ചാണക്യന്‍ അമ്മയെ അവതരിപ്പിക്കുന്നത്‌.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by