Categories: Varadyam

ഇന്ദ്രജാലം പോലെ

Published by

കവളമുക്കട്ട എന്ന കുഗ്രാമത്തെ കുറിച്ച്‌ കേട്ടിട്ടുണ്ടോ? കവളമുക്കട്ടയോ, അതേതുസ്ഥലമെന്ന്‌ കേള്‍ക്കുന്നവര്‍ ചോദിക്കും. അത്രയ്‌ക്കൊന്നും പ്രശസ്തമായിരുന്നില്ല പ്രകൃതി രമണീയമായ ഈ കൊച്ചുഗ്രാമം. എന്നാല്‍ ഇപ്പോള്‍ ഇന്റര്‍നെറ്റിലെ ഏതെങ്കിലും സെര്‍ച്ചിംഗ്‌ സോണില്‍ കയറി കവളമുക്കട്ട എന്ന്‌ ടൈപ്പ്‌ ചെയ്ത്‌ നോക്കൂ…..നൂറുകണക്കിന്‌ ഉത്തരങ്ങള്‍ നിങ്ങളുടെ മുന്നിലെത്തും. എല്ലാം ഒരാളുടെ പേരില്‍. ലോകമറിയുന്ന മഹാമാന്ത്രികന്‍ ഗോപിനാഥ്മുതുകാട്‌ എന്ന പേരില്‍….

കവളമുക്കട്ട എന്ന കുഗ്രാമത്തില്‍ മാജിക്കിന്റെ മാന്ത്രിക ലോകം സ്വപ്നം കണ്ടു നടന്നിരുന്ന ഒരു കുട്ടിയില്‍ നിന്ന്‌ ഗോപിനാഥ്‌ മുതുകാട്‌ ഇന്ന്‌ എത്തി നില്‍ക്കുന്നത്‌ മാജിക്കിലെ ഓസ്കാര്‍ എന്നറിയപ്പെടുന്ന ഇന്റര്‍നാഷണല്‍ മെര്‍ലിന്‍ പുരസ്കാര നേട്ടത്തില്‍ വരെയാണ്‌. ഓരോ പടവും കഠിനാധ്വാനത്തിലൂടെ ശ്രദ്ധാപൂര്‍വ്വം, സൂക്ഷ്മതയോടെ അദ്ദേഹം ചവിട്ടിക്കയറിയതാണ്‌. മലപ്പുറം ജില്ലയിലെ നിലമ്പൂരിലാണ്‌ കവളമുക്കട്ട ഗ്രാമം. 1964 ഏപ്രില്‍ 10ന്‌ കവണഞ്ചേരി കുഞ്ഞുണ്ണി നായരുടെയും മുതുകാട്‌ ദേവകിയമ്മയുടെയും ഇളയപുത്രനായാണ്‌ ജനനം. ഏഴാം വയസ്സില്‍ മാന്ത്രിക വിദ്യകളില്‍ പരിശീലനം ആരംഭിച്ച ഗോപിനാഥ്‌ പത്താം വയസ്സില്‍ അരങ്ങേറ്റം നടത്തി. ഗണിതത്തില്‍ ബിരുദം നേടിയിട്ടുണ്ടെങ്കിലും മാന്ത്രികന്റെ കൈയടക്കമായിരുന്നു ജീവിത താളം. മുതുകാടെന്ന പേരുകേള്‍ക്കുമ്പോള്‍ തന്നെ ഏതൊരാളുടെയും മനസ്സിലേക്ക്‌ നൂറുകണക്കിന്‌ ഇന്ദ്രജാല പ്രകടനങ്ങള്‍ കയറിവരും. എല്ലാം കണ്ണുകളെയും മനസ്സിനെയും

വിസ്മയിപ്പിക്കുന്നവ….മജീഷ്യന്മാരുടെ രാജ്യാന്തര സംഘടനയായ അമേരിക്കയിലെ ഐഎംഎസ്‌ ആണ്‌ മെര്‍ലിന്‍ അവാര്‍ഡ്‌ നല്‍കുന്നത്‌. ഒരുമാന്ത്രികന്‌ ലഭിക്കാവുന്ന ഏറ്റവും വലിയ പുരസ്കാരം. ഇതിനപ്പുറം മറ്റൊന്നും ഇനി ലഭിക്കാനില്ലെന്നാണ്‌ മുതുകാട്‌ മെര്‍ലിന്‍ പുരസ്കാര ലബ്ധിയെ കുറിച്ച്‌ പറഞ്ഞത്‌. ഇന്ത്യയില്‍ ഇതിനു മുമ്പ്‌ പി.സി.സര്‍ക്കാര്‍ ജൂനിയറിനു മാത്രമേ ഈ അംഗീകാരം ലഭിച്ചിട്ടുള്ളൂ. മുതുകാടിനുള്ള അംഗീകാരം എന്നതിലുപരി ലോകം ഭാരതത്തിനു നല്‍കുന്ന പുരസ്കാരമാണിത്‌.

ഈ മാസം 23ന്‌ ദില്ലിയില്‍ നടക്കുന്ന ചടങ്ങില്‍ മുതുകാടിന്‌ പുരസ്കാരം സമ്മാനിക്കും. ഐ.എം.എസ്‌. പ്രസിഡന്റ്‌ ടോണി ഹസിനി അവാര്‍ഡു സമ്മാനിക്കും. 37,000 മജീഷ്യന്മാര്‍ അംഗങ്ങളായുള്ള ആഗോള സംഘടനയായ ഐഎംഎസ്‌ ദേശീയതലത്തിലും രാജ്യാന്തര തലത്തിലും മാജിക്കിന്റെ ഏറ്റവും ഉയര്‍ന്ന തലത്തില്‍ എത്തിയവര്‍ക്കാണ്‌ മെര്‍ലിന്‍ അവാര്‍ഡു നല്‍കുന്നത്‌. 23-ന്‌ നടക്കുന്ന ചടങ്ങില്‍ ഇവര്‍ക്കുപുറമെ സമൂഹത്തിന്റെ വിവിധ മേഖലകളില്‍നിന്നുള്ളവരും പങ്കെടുക്കും. 1968ല്‍ പ്രശസ്ത ശില്‍പി കാരള്‍ മിക്കാഡ്‌ രൂപകല്‍പന ചെയ്ത ശില്‍പമടങ്ങുന്നതാണ്‌ അവാര്‍ഡ്‌.

സിനിമയില്‍ ഓസ്കറും ടെലിവിഷനില്‍ എമ്മിയും നാടകത്തില്‍ ടോണിയും പോലെയാണ്‌ മാജിക്കില്‍ മെര്‍ലിന്‍ അവാര്‍ഡ്‌. ഈ അവാര്‍ഡുനേട്ടത്തിലൂടെ മുന്‍ ജേതാക്കളായ ഡേവിഡ്‌ കോപ്പര്‍ഫീല്‍ഡ്‌, ഫ്രാന്‍സ്‌ ഹരാരി, ക്രിസ്‌ ഏന്‍ജല്‍, ഹാരി ബ്ലാക്സ്റ്റോണ്‍, ഡഗ്‌ ഹെന്നിംഗ്‌, ചാനിംഗ്‌ പൊളാക്ക്‌, സീഗ്ഫ്രീഡ്‌ ആന്‍ഡ്‌ റോയ്‌, പെന്‍ ആന്‍ഡ്‌ ടെല്ലര്‍, ലൂ ചെന്‍, ലൂയി ഡിമാറ്റോ, പി.സി.സര്‍ക്കാര്‍ തുടങ്ങിയ മാജിക്ക്‌ ഇതിഹാസങ്ങളുടെ തലത്തിലേയ്‌ക്ക്‌ മുതുകാട്‌ ഉയര്‍ത്തപ്പെട്ടിരിക്കുന്നു.

കലയും ശാസ്ത്രവും എന്ന നിലയില്‍ മാജിക്കിനെ പോഷിപ്പിക്കാനും പ്രചരിപ്പിക്കാനും കഴിഞ്ഞ 35 വര്‍ഷമായി മുതുകാട്‌ നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്താണ്‌ അദ്ദേഹത്തെ മെര്‍ലിന്‍ അവാര്‍ഡിനു തെരഞ്ഞെടുത്തത്‌. ഏഷ്യയിലെ ആദ്യ മാജിക്‌ അക്കാദമി തിരുവനന്തപുരത്ത്‌ സ്ഥാപിച്ചതും വിസ്മയം എന്ന പേരില്‍ നാലു തവണ മാജിക്‌ കണ്‍വെന്‍ഷനുകള്‍ സംഘടിപ്പിച്ചതും മാജിക്‌ ബോധവല്‍കരണത്തിനു സ്വീകരിച്ച നടപടികളും ഈ കലയുടെ തലതൊട്ടപ്പനായ ഹൗഡിനിയുടെ പ്രകടനങ്ങള്‍ സ്റ്റേജില്‍ പുനരാവിഷ്കരിച്ചതും സാമൂഹിക മൂല്യങ്ങള്‍ പ്രചരിപ്പിക്കാന്‍ ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ സ്വീകരിച്ചതുമാണ്‌ മുതുകാടിനെ അവാര്‍ഡിന്‌ അര്‍ഹനാക്കിയത്‌.

പ്രശോഭിതമായ മൂന്നു പതിറ്റാണ്ട്‌ മാജിക്കില്‍ പിന്നിട്ട മുതുകാടിന്റെ തനതായ മുദ്രാവാക്യം മാജിക്‌ ഒരു ദൗത്യമാണെന്നതാണ്‌. നന്മയുടെ സന്ദേശങ്ങള്‍ സമൂഹത്തിനു മാജിക്കിലൂടെ പകര്‍ന്നുകൊടുത്ത മുതുകാട്‌ പെട്ടെന്നുതന്നെ സഹപ്രവര്‍ത്തകര്‍ക്ക്‌ ഒരു മാതൃകയായി മാറി. ജനങ്ങളോട്‌ അടുത്തിടപഴകാനും താന്‍ പഠിച്ചതൊക്കെ അവര്‍ക്കു പകര്‍ന്നുകൊടുക്കാനുമുള്ള മുതുകാടിന്റെ സന്നദ്ധതയാണ്‌ 1996-ല്‍ തിരുവനന്തപുരത്ത്‌ മാജിക്‌ അക്കാദമി സ്ഥാപിക്കാന്‍ പ്രേരണയായത്‌. മാജിക്കിനെ ശാസ്ത്രീയമായും ചിട്ടയോടെയും പഠിതാക്കള്‍ക്ക്‌ പകര്‍ന്നുനല്‍കുന്ന ഈ സ്ഥാപനം ഏഷ്യയിലെ ഇത്തരത്തിലുള്ള ആദ്യകേന്ദ്രമാണ്‌.

മാജിക്ക്‌ പഠിപ്പിക്കുന്ന ഒരു സ്ഥാപനം പഠിച്ചിറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക്‌ സര്‍വ്വകലാശാല സര്‍ട്ടിഫിക്കറ്റ്‌ നല്‍കുന്നത്‌ ലോകത്തു തന്നെ ആദ്യമാണെന്ന്‌ മുതുകാട്‌ പറയുന്നു. മുതുകാടിന്റെ മാജിക്ക്‌ അക്കാദമിയില്‍ നിന്ന്‌ പഠിച്ചിറങ്ങുന്നവര്‍ക്ക്‌ സര്‍ട്ടിഫിക്കറ്റ്‌ നല്‍കുന്നത്‌ കേരളസര്‍വ്വകലാശാലയാണ്‌.

മലയാറ്റൂര്‍ രാമകൃഷ്ണനുമായുള്ള അടുപ്പമാണ്‌ മുതുകാടിനെ മാജിക്ക്‌ അക്കാദമി സ്ഥാപിക്കുന്നതിലേക്കെത്തിച്ചത്‌. മാജിക്കിനെ ഏറെ സ്നേഹിച്ച സാഹിത്യകാരനായിരുന്നു മലയാറ്റൂര്‍. മാജിക്കെന്നാല്‍ ചെപ്പടി വിദ്യയും കണ്‍കെട്ടുമൊക്കെയാണെന്ന്‌ നിസ്സാരവല്‍ക്കരിച്ചിരുന്ന കാലത്ത്‌ മാജിക്കിന്റെ അനന്ത സാധ്യതകളെ കുറിച്ചദ്ദേഹം ദീര്‍ഘവീക്ഷണത്തോടെ ചിന്തിച്ചു. ലാസ്‌ വേഗാസിലെ ഡേവിഡ്കോപ്പര്‍ ഫീല്‍ഡിന്റെയും സിഗ്ഫ്രഡ്‌ റോയിമാരുടെയും മാജിക്‌ തീയേറ്ററുകളെ കുറിച്ചും ഹോളിവുഡിലെ മാജിക്‌ കാസിലിനെ കുറിച്ചുമൊക്കെ ശേഖരിച്ച വിവരങ്ങള്‍ മലയാറ്റൂരാണ്‌ മുതുകാടിനോട്‌ പറഞ്ഞത്‌. മാജിക്കിലെ നിഗൂഢത നീക്കി അതൊരു കലയാക്കി വളര്‍ത്തിക്കൊണ്ടുവരണമെന്ന്‌ അദ്ദേഹം ഉപദേശിച്ചു. അന്ധവിശ്വാസങ്ങള്‍ക്കെതിരെ പടപൊരുതാനുള്ള അയുധമാക്കി മാജിക്കിനെ ഉപയോഗിക്കാന്‍ അദ്ദേഹം പറഞ്ഞു. ഇതിനെല്ലാം വേണ്ടത്‌ മാജിക്ക്‌ പഠിപ്പിക്കുന്ന സ്ഥാപനമാണ്‌. നമുക്കും വേണം ഒരു മാജിക്ക്‌ അക്കാദമിയെന്ന്‌ മലയാറ്റൂര്‍ പറഞ്ഞപ്പോള്‍ മുതുകാടിന്റെ മനസ്സില്‍ ആശയങ്ങളുടെ വേലിയേറ്റമുണ്ടായി.

“കവളമുക്കട്ടയില്‍ നിന്ന്‌ തിരുവനന്തപുരത്തെ പൂജപ്പുരയിലേക്കുള്ള ദൂരം നാനൂറ്റിപന്ത്രണ്ട്‌ കിലോമീറ്റര്‍. എന്നാല്‍ എന്റെ ഗ്രാമജീവിതത്തില്‍ നിന്ന്‌ അനന്തപുരിയിലെ ജീവിതാനുഭവങ്ങളിലേക്കുള്ള ദൂരം അളന്നു തിട്ടപ്പെടുത്താനാകാത്തതാണ്‌. മാജിക്ക്‌ അക്കാദമിയുടെ സാക്ഷാല്‍ക്കാരത്തിനായി വരുത്തി വയ്‌ക്കുന്ന ലക്ഷങ്ങളുടെ സാമ്പത്തിക ബാധ്യതയറിഞ്ഞ്‌ പകച്ചു നില്‍ക്കുന്ന വീട്ടുകാരോട്‌ യാത്രപറഞ്ഞ്‌ എന്റെ മുറിയുടെ വാതില്‍ ചാരി ഞാന്‍ പുറപ്പെട്ടു. എല്ലാ കാര്യത്തിനും മലയാറ്റൂര്‍ സാറാണ്‌ മുന്നില്‍ നിന്നത്‌. മാജിക്ക്‌ അക്കാദമിയുടെ ഓരോ മൂലക്കല്ലിനും മലയാറ്റൂര്‍ രാമകൃഷ്ണനെന്ന ആ വലിയ മനുഷ്യന്റെ സ്പന്ദനമറിയാം. മാജിക്ക്‌ അക്കാദമി എന്ന സ്ഥാപനമുയര്‍ന്നത്‌ ആ കരങ്ങളുടെ താങ്ങുള്ളതിനാലായിരുന്നു.

1996 മെയ്‌ 31, സന്ധ്യയില്‍ നിറഞ്ഞ സദസ്സിനെ സാക്ഷി നിര്‍ത്തി മാജിക്ക്‌ അക്കാദമി സാംസ്കാരിക കേരളത്തിനുമുന്നില്‍ സമര്‍പ്പിക്കപ്പെട്ടു……” ഇപ്പോള്‍ മാജിക്ക്‌ അക്കാദമിക്ക്‌ പതിനഞ്ച്‌ വയസ്സാകുന്നു. വിശാലമായ ഈ ഭൂപ്പരപ്പില്‍ ഒരു മണല്‍ത്തരിയായി മാജിക്ക്‌ അക്കാദമി നില്‍ക്കുന്നുവെന്ന്‌ വിനയത്തോടെ ഗോപിനാഥ്‌ മുതുകാട്‌ പറയും. എത്തിപ്പിടിക്കാവുന്ന മാന്ത്രിക വിസ്മയങ്ങളെ കയ്യിലൊതുക്കുകയാണ്‌ ലക്ഷ്യം.

മാജിക്ക്‌ അക്കാദമിയില്‍ ഇപ്പോള്‍ മായക്കണ്ണാടിയെന്ന പേരില്‍ മാജിക്ക്‌ മിറര്‍ മ്യൂസിയമുണ്ട്‌. കണ്ണാടിക്കാഴ്ചയുടെ മാന്ത്രിക ഭാവങ്ങള്‍ ഇവിടെ കാണാം. തികച്ചും വിസ്മയിപ്പിക്കുന്ന കാഴ്ചകളുടെ കണ്ണാടിക്കൊട്ടാരം.

അക്കാദമിയില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി നിരവധി കോഴ്സുകള്‍ പഠിപ്പിക്കുന്നു. പലകാല ദൈര്‍ഘ്യങ്ങളുള്ള വ്യത്യസ്തങ്ങളായ കോഴ്സുകള്‍. എല്ലാവര്‍ക്കും താങ്ങാവുന്ന തരത്തിലുള്ള ചെറിയ ഫീസുവാങ്ങും. പക്ഷെ, മുതുകാടിനൊരു ദുഃഖമുണ്ട്‌. മാജിക്ക്‌ അക്കാദമിയില്‍ നിന്ന്‌ ഇതുവരെ പഠിച്ചിറങ്ങിയവരില്‍ പത്തോ പതിനഞ്ചോ പേര്‍മാത്രമാണ്‌ മാജിക്കിനെ ഒരു പ്രൊഫഷനായി സ്വീകരിച്ചിട്ടുള്ളത്‌. കൂടുതലാളുകളും കൗതുകത്തിനുവേണ്ടി മാത്രം മാജിക്ക്‌ പഠിക്കുന്നു.

അക്കാദമിയുടെ പേരില്‍ നിരവധിപദ്ധതികളും പരിപാടികളും സംഘടിപ്പിച്ചു വരുന്നു. മാജിക്കിനെ കുറിച്ച്‌ ഗവേഷണവും പഠനങ്ങളും ഇവിടെ നടക്കുന്നുണ്ട്‌. എല്ലാവര്‍ഷവും മാജിക്ക്‌ ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നതും അക്കാദമിയാണ്‌.

2005ല്‍ തിരുവനന്തപുരം നഗരത്തെ വിസ്മയത്തിന്റെ കൊടുമുടി കയറ്റി തെരുവുമാന്ത്രികരുടെ സമ്മേളനം നടത്തിയതും മുതുകാടിന്റെ അക്കാദമിയുടെ നേതൃത്വത്തിലാണ്‌. പരമ്പരാഗതമായി തെരുവില്‍ മാജിക്ക്‌ അവതരിപ്പിക്കുന്ന നൂറുകണക്കിന്‌ മാന്ത്രികരാണ്‌ ഇന്ത്യയുടെ പലഭാഗത്തു നിന്നായി തിരുവനന്തപുരം നഗരത്തിലെത്തിയത്‌.

ലോകമെങ്ങുമുള്ള മാന്ത്രികരുടെ സമ്മേളനം നടത്തിയതും അക്കാദമിയുടെ നേതൃത്വത്തിലാണ്‌. വിസ്മയമെന്ന പേരില്‍ നടത്തിയ സമ്മേളനം വലിയ വിജയമായിരുന്നു. മാജിക്കിനെ സാമൂഹികപുരോഗതിക്കു വിനിയോഗിക്കുന്ന മുതുകാടിന്റെ ഉദ്യമങ്ങളെ മുന്‍ രാഷ്‌ട്രപതി ഡോ.എ.പി.ജെ. അബ്ദുല്‍ കലാമും മുന്‍പ്രധാനമന്ത്രി അടല്‍ബിഹാരിവാജ്പേയിയും പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗുമടക്കമുള്ള നിരവധി ദേശീയ നേതാക്കള്‍ പ്രകീര്‍ത്തിച്ചിട്ടുണ്ട്‌.

മുതുകാടിന്റെ മാജിക്‌ ലോകം എന്ന പരിപാടിയിലൂടെ അദ്ദേഹം ലോകമെങ്ങും പ്രേക്ഷകരും ആരാധകരുമുള്ള മജീഷ്യനായി മാറി. പുതുമകളും പ്രകടനപരതയും തേടിയുള്ള ശ്രമങ്ങള്‍ മുതുകാടിനെ മാജിക്കില്‍ ഭാവനയുടെ പ്രതിരൂപമാക്കി മാറ്റി. പ്രശസ്തിയുടെ ദന്തഗോപുരങ്ങളില്‍ മയങ്ങാതെ ചട്ടക്കൂടുകള്‍ തകര്‍ത്ത്‌ മാജിക്കിനെ സാമൂഹ്യസേവനത്തിലേയ്‌ക്ക്‌ മാറ്റിയെടുത്ത മുതുകാടിന്‌ സമൂഹം മാന്‍ ഓഫ്‌ മാജിക്‌ എന്ന ബഹുമതിയും നല്‍കി.

സമൂഹത്തിനുവേണ്ടി മാജിക്ക്‌ എന്നതാണ്‌ മുതുകാടിന്റെ മുദ്രാവാക്യം. ദേശീയോദ്ഗ്രഥനത്തിന്റെ പ്രചാരണത്തിനായും സാക്ഷരകേരളത്തിനായും അദ്ദേഹം മാജിക്കിനെ ഉപയോഗിച്ചു. മിഷന്‍ ഇന്ത്യ എന്ന പേരില്‍ 2010ല്‍ ഇന്ത്യയിലാകെ നടത്തിയ മാന്ത്രിക യാത്ര അക്രമത്തിനും തീവ്രവാദത്തിനുമെതിരായിരുന്നു. 2007ല്‍ ശ്രീനഗറില്‍ നിന്ന്‌ കന്യാകുമാരിവരെ അദ്ദേഹം വിസ്മയ സ്വരാജ്‌ യാത്ര നടത്തി. ദേശീയ സ്വാതന്ത്ര്യത്തിനായി രക്തസാക്ഷിത്വം വരിച്ചവരുടെ ഓര്‍മ്മകളും പേറിയായിരുന്നു ആ യാത്ര.

2005ല്‍ ജമ്മുവില്‍ നിന്ന്‌ കന്യാകുമാരിയിലേക്ക്‌ നടത്തിയ ഗാന്ധിമന്ത്ര മാന്ത്രിക യാത്ര മഹാത്മാഗാന്ധിയുടെ സന്ദേശങ്ങള്‍ പ്രചരിപ്പിക്കാനായിരുന്നു. 2002ലെ വിസ്മയ ഭാരത യാത്ര ദേശീയ അഖണ്ഡതയ്‌ക്കും മതസൗഹാര്‍ദ്ദത്തിനും വേണ്ടിയുള്ളതായിരുന്നു. 2009ല്‍ സ്റ്റോപ്പ്‌ സാഡ്‌ മൂവിംഗ്‌ തീയേറ്റര്‍ എന്ന പേരില്‍ തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡുവരെ നടത്തിയ പരിപാടി പുകവലി, മദ്യപാനം, മയക്കുമരുന്ന്‌ എന്നിവയ്‌ക്കെതിരായുള്ളതായിരുന്നു.

മഴക്കാല രോഗങ്ങള്‍ക്കെതിരെ മുതുകാട്‌ നടത്തിയ മണ്‍സൂണ്‍ മാജിക്ക്‌ പരിപാടി ഏറെ ശ്രദ്ധേയമാണ്‌. തിരുവന്തപുരം മുതല്‍ കാസര്‍ഗോഡുവരെയുള്ള സ്ഥലങ്ങളില്‍ മഴക്കാലത്തുണ്ടാകാറുള്ള രോഗങ്ങള്‍ക്കെതിരെ ജനങ്ങളെ ബോധവാന്മാരാക്കാനായിരുന്നു പരിപാടി. ജനാധിപത്യത്തിനായി മാജിക്ക്‌, യുവജനങ്ങള്‍ക്കായി മാജിക്ക്‌, ആദിവാസികള്‍ക്കായി മാജിക്‌ തുടങ്ങിയവയെല്ലാം മുതുകാടെന്ന മാന്ത്രികന്റെ സാമൂഹ്യപ്രതിബദ്ധത വിളിച്ചറിയിക്കുന്ന പ്രകടനങ്ങളായിരുന്നു. കൂടാതെ വിസ്മയത്തിന്റെ തേരിലേറ്റി കാഴ്ചക്കാരനെ യാത്രയാക്കുന്ന നിരവധി പ്രകടനങ്ങള്‍ വേറെയും. തീവ്രവാദത്തിനും വിഘടനവാദത്തിനുമെതിരായി ഇന്ത്യാജാല്‍ എന്ന പേരില്‍ പുതിയ പരിപാടിക്ക്‌ ഒരുങ്ങുകയാണിപ്പോള്‍ ഗോപിനാഥ്‌ മുതുകാട്‌. ആഗസ്റ്റ്‌ 14, 15 തീയതികളിലാണ്‌ ഇന്ത്യാജാല്‍. കഴിഞ്ഞ 35 വര്‍ഷത്തില്‍ മുതുകാട്‌ നേടിയെടുത്ത അംഗീകാരങ്ങളും ബഹുമതികളും ഏറെയാണ്‌. ദേശീയവും അന്തര്‍ദേശീയവുമായി നിരവധി പുരസ്കാരങ്ങള്‍. അവയില്‍ ചിലത്‌: മാജിക്കിന്‌ സംഗീത നാടക അക്കാദമി നല്‍കുന്ന ആദ്യ അവാര്‍ഡ്‌, 1995. ഇന്റര്‍നാഷനല്‍ മാജിക്‌ സ്റ്റാര്‍ അവാര്‍ഡ്‌ മോണ്ടി കാര്‍ലോ, ഫ്രാന്‍സ്‌, 1999. കേരള സര്‍ക്കാരിന്റെ പ്രതിഭ പ്രണാം ബഹുമതി 2001. റോട്ടറി വൊക്കേഷനല്‍ എക്സലന്‍സ്‌ അവാര്‍ഡ്‌ 2002-2003. ലിംകാ ബുക്ക്‌ ഓഫ്‌ റെക്കോര്‍ഡ്സ്‌ എന്‍ട്രി 2003. ഹ്യുമാനിറ്റി സര്‍വീസ്‌ അവാര്‍ഡ്‌, ആന്റി സ്മോക്കിംഗ്‌ സൊസൈറ്റി, ഖത്തര്‍ 2004. ലയണ്‍സ്‌ എക്സലന്‍സ്‌ അവാര്‍ഡ്‌ 2005. ആരോഗ്യമേഖലയിലെ സംഭാവനയ്‌ക്കുള്ള ഐ.എം.എ. സംസ്ഥാന അവാര്‍ഡ്‌ 2006. ഐക്കണ്‍ ഓഫ്‌ ഇല്യൂഷന്‍സ്‌ അവാര്‍ഡ്‌, നാഗര്‍കോവില്‍ പ്രസ്‌ ക്ലബ്‌ 2007. ദേശീയോദ്ഗ്രഥനത്തിന്‌ ഗാന്ധി ഭവന്‍ ഇന്റര്‍നാഷനല്‍ ട്രസ്റ്റിന്റെ ജനസുരക്ഷാ അവാര്‍ഡ്‌ 2010. മാജിക്കിനു നല്‍കിയ മികച്ച സംഭാവനകള്‍ക്കുള്ള ഇന്റര്‍നാഷനല്‍ മജീഷ്യന്‍ സൊസൈറ്റിയുടെ മെര്‍ലിന്‍ പുരസ്കാരം 2011.

 

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts