Categories: Samskriti

ഗീതാസന്ദേശങ്ങളിലൂടെ..

Published by

സംഘര്‍ഷപൂരിതമായ ലോകത്തില്‍ പ്രശ്നങ്ങളഭിമുഖീകരിക്കുമ്പോള്‍ ധീരന്മാര്‍ ഒരിക്കലും തളരരുത്‌. പ്രശ്നങ്ങളഭിമുഖീകരിക്കുന്ന വേളയില്‍ ദുര്‍ബലമായതും മനുഷ്യസഹജവുമായ ഹൃദയദൗര്‍ബല്യത്തെ ത്യജിച്ച്‌ ഊര്‍ജ്ജസ്വലതയോടെ കര്‍മനിരതരാകണം. ദുഃഖിക്കേണ്ട ആവശ്യമില്ലാത്തതിനെക്കുറിച്ച്‌ പലരും ദുഃഖിക്കുന്നു. അവര്‍ തന്നെ ധര്‍മബോധമുള്ള ജ്ഞാനികളെപ്പോലെ സംസാരിക്കുകയും ചെയ്യാറുണ്ട്‌. ധീരന്മാര്‍ക്ക്‌ ഇത്തരത്തിലുള്ള പെരുമാറ്റം ഭൂഷണമല്ല.

കഴിഞ്ഞുപോയതിനെക്കുറിച്ച്‌ ദുഃഖിക്കേണ്ടതായ ആവശ്യമേയില്ല. ഇനി കഴിയാന്‍ പോകുന്ന കാര്യങ്ങളെക്കുറിച്ചും ദുഃഖിച്ചിട്ട്‌ കാര്യമില്ല. ഭൂതകാലവും ഭാവികാലവും വര്‍ത്തമാനകാലവുമെല്ലാം കാലത്തിന്റെ തുടര്‍പ്രവാഹങ്ങളാണ്‌. അവിടെ നാം ചെയ്തുതീര്‍ക്കേണ്ടതായ കാര്യങ്ങള്‍ ചെയ്തേ മതിയാകൂ!

പരമമായ സത്യത്തിന്റേയും വസ്തുതകളുടേയും തലത്തില്‍ വിശകലനം ചെയ്താല്‍ വ്യക്തമാകുന്ന കാര്യങ്ങളുണ്ട്‌. നമ്മളിലെല്ലാം അധിവസിക്കുന്ന ജീവാത്മാവിന്‌ ജനനമരണങ്ങളില്ല. അതൊരിക്കലും ഇല്ലാതിരുന്നിട്ടില്ല. ഇനി ഒരിക്കലും ഉണ്ടാകാത്ത അവസ്ഥയും സംജാതമാകില്ല. ജീവാത്മാവ്‌ തെരഞ്ഞെടുക്കുന്ന ശരീരത്തിലധിവസിച്ച്‌ ആ ശരീരം ബാല്യം, കൗമാരം, യൗവനം ,വാര്‍ദ്ധക്യം, ജരാനര എന്നീ അവസ്ഥയിലൂടെ കടന്ന്‌ പോകുന്നു എന്നത്‌ പ്രകൃതിനിയമമാണ്‌.

ശരീരം ജീര്‍ണിക്കുമ്പോള്‍ സ്വാഭാവികമായും ജീവാത്മാവും ആ ശരീരത്തെയുപേക്ഷിച്ച്‌ മറ്റൊന്നിലേക്ക്‌ പ്രയാണം ചെയ്യും. ഈ മാറ്റത്തില്‍ധീരന്മാര്‍ ദുഃഖിക്കേണ്ട ആവശ്യമില്ലല്ലോ. അതാണ്‌ എല്ലാവരും ഭയപ്പെടുന്ന മരണം. അത്‌ കാലത്തിന്റെ നിയമവും നിയതിയുമാണ്‌.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by