
കൊച്ചി: നെടുമ്പാശേരി മിനി കൂപ്പര് വാഹനാപകടത്തില് പ്രതികളുടെ ജാമ്യ അപേക്ഷയില് വിധി ശനിയാഴ്ച.അങ്കമാലി മജിസ്ട്രേറ്റ് കോടതിയില് വാദം പൂര്ത്തിയായി. ജാമ്യ ഹര്ജി പ്രോസിക്യൂഷന് എതിര്ത്തു.
പ്രഥമദൃഷ്ട്യ തന്നെ പ്രതികള്ക്ക് എതിരെ തെളിവ് ഉണ്ടെന്ന് പ്രോസിക്യൂഷന് വ്യക്തമാക്കി.മൂത്രം,രക്തം എന്നിവ പരിശോധിച്ചപ്പോള് മദ്യപിച്ചത് സ്ഥിരീകരിച്ചുവെന്നും ചൂണ്ടിക്കാട്ടി.വണ്ടിയുടെ ഇഡിആര് പരിശോധനക്ക് അയച്ചിട്ടുണ്ടെന്നും അതില് നിന്ന് അപകട ആഘാതം തെളിയുമെന്നും വ്യക്തമാക്കി. സുഹൈല് മദ്യപിച്ചിരുന്നു എന്ന് അറിയാമായിരുന്നിട്ടും വാഹനം ഓടിക്കുന്നതില് നിന്ന് രണ്ടും മൂന്നും നാലും പ്രതികള് പിന്തിരിപ്പിച്ചില്ല.അന്വേഷണം നിര്ണായകഘട്ടത്തിലാണെന്നും രണ്ടുദിവസത്തെ കസ്റ്റഡി കൊണ്ട് പൂര്ത്തിയാക്കാന് ആകില്ല എന്നും പ്രോസിക്യൂഷന് വാദിച്ചു.
പ്രതികളുടെ ജാമ്യാപേക്ഷയെ മരിച്ച ഗോപികയുടെ കുടുംബത്തിന്റെ അഭിഭാഷകന് എതിര്ത്തു.കേസ് എന്റെ ബാപ്പ നോക്കിക്കോളും എന്ന് അപകട ശേഷം പ്രതി പറഞ്ഞത് ചൂണ്ടിക്കാട്ടിയ അഭിഭാഷകന് മുമ്പ് ഏതെങ്കിലും കേസ് ബാപ്പ ഒതുക്കിയിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു.
എന്നാല്, തെളിവെടുപ്പും, ചോദ്യം ചെയ്യലും കഴിഞ്ഞുവെന്നും 24 മണിക്കൂറില് അധികം പൊലിസ് കസ്റ്റഡി അനുവദിച്ചുവെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി. കസ്റ്റഡി പൊലിസ് നീട്ടി ചോദിച്ചിട്ടില്ല. ഇനിയും ജുഡീഷ്യല് കസ്റ്റഡി ശരിയല്ല. അതിനാല് ജാമ്യം വേണമെന്ന് ആവശ്യപ്പെട്ടു.കഴിഞ്ഞ ഒരാഴ്ചയായി വലിയ ചര്ച്ചയായ വാര്ത്തയെ ഒതുക്കാനാണ് ഈ അപകടം വലിയ വാര്ത്തയാക്കിയതെന്നും ഇതില് ഗൂഢാലോചനയുണ്ടെന്നും പ്രതിഭാഗം ആരോപിച്ചു. നരഹത്യകുറ്റം ചുമത്താന് എന്ത് കുറ്റമാണ് ഉണ്ടായതെന്നും അമിതവേഗത എന്നതിന് തെളിവില്ല എന്നും പ്രതിഭാഗം വാദമുയര്ത്തി.