
തിരൂർ: ലൈംഗികമായി പീഡനക്കേസില്‍ കുടുക്കുമെന്ന് കാണിച്ച് 15 വയസ്സുകാരനെ ലഹരി മാഫിയയുടെ വലയിലേക്ക് വലിച്ചിഴക്കാൻ ശ്രമം. ഇതിനായി ഭാര്യ സത്യഭാമയും ഈ 15കാരനും തമ്മിലുള്ള സ്വകാര്യദൃശ്യങ്ങളുടെ വീഡിയോ പകര്‍ത്തിയത് ഭര്‍ത്താവ് സാദിഖ്. ഈ വീഡിയോ വെച്ച് 15കാരനെ ഭീഷണിപ്പെടുത്തി ആദ്യം മയക്കമരുന്നിന് ഇരയാക്കാനും പിന്നീട് ലഹരി വില്‍പന ഏജന്‍റാക്കാനുമായിരുന്നു ശ്രമം.
പാലക്കാട് സ്വദേശിനിയായ സത്യഭാമ എന്ന സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒളിവിലുള്ള ഭർത്താവ് സാദിഖിനായി അന്വേഷണം പുരോഗമിക്കുകയാണ്.കേസിൽ ലൈംഗികാതിക്രമം, ഭീഷണിപ്പെടുത്തൽ, പണം തട്ടാൻ ശ്രമം, കുട്ടിയെ ലഹരി ശൃംഖലയിലേക്ക് വലിച്ചിഴക്കാൻ ശ്രമം തുടങ്ങിയ ഗുരുതര കുറ്റങ്ങള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
പോലീസ് അന്വേഷണത്തിൽ, സത്യഭാമ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതായും, ഈ ദൃശ്യങ്ങൾ ഭർത്താവ് സാദിഖ് മൊബൈൽ ഫോണിൽ പകർത്തിയതായും കണ്ടെത്തി. തുടർന്ന് കുട്ടിയുടെ സ്വകാര്യ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി കുട്ടിയെ നിരന്തരം സമ്മർദത്തിലാക്കുന്ന തന്ത്രമാണ് ഇവര്‍ പ്രയോഗിച്ചത്.
.
ഭീഷണിക്ക് വഴങ്ങി കുട്ടിയെ ലഹരിമരുന്ന് ഉപയോഗിക്കാൻ പ്രേരിപ്പിച്ചതായും, തങ്ങൾ നിർദേശിക്കുന്ന ആളുകൾക്ക് ലഹരിമരുന്ന് എത്തിച്ചുനൽകാൻ നിർബന്ധിച്ചതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഇതിനൊപ്പം, സ്വകാര്യ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി കുട്ടിയിൽ നിന്ന് പണവും ആവശ്യപ്പെട്ടതായി പോലീസ് അറിയിച്ചു.
മകന്റെ പെരുമാറ്റത്തിൽ അസ്വാഭാവിക മാറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് മാതാപിതാക്കൾ സ്നേഹപൂർവം കാര്യങ്ങൾ അന്വേഷിക്കുകയായിരുന്നു. അപ്പോഴാണ് കുട്ടി താൻ നേരിട്ട പീഡനവും ഭീഷണിയും ഉൾപ്പെടെയുള്ള വിവരങ്ങൾ തുറന്നുപറഞ്ഞത്. ഇതിനിടെ വീട്ടില്‍ നിന്നും വന്‍തുക നഷ്ടപ്പെടുകയും ചെയ്തിരുന്നു. ഇതോടെയാണ് മാതാപിതാക്കൾ പോലീസിൽ പരാതിപ്പെട്ടത്.
പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പോലീസ് സത്യഭാമയെ അറസ്റ്റ് ചെയ്തു. ഒളിവിലുള്ള സാദിഖിനെ കണ്ടെത്താൻ വ്യാപക അന്വേഷണം തുടരുകയാണ്.