
ന്യൂഡൽഹി : വരാനിരിക്കുന്ന അർദ്ധ കുംഭമേളയ്‌ക്ക് മുന്നോടിയായി ഹരിദ്വാറിൽ നിന്ന് മാംസവിൽപ്പന ശാലകൾ മാറ്റി സ്ഥാപിക്കാൻ തീരുമാനിച്ച് മുനിസിപ്പൽ കോർപ്പറേഷൻ . നിലവിൽ നഗരത്തിൽ പ്രവർത്തിക്കുന്ന എല്ലാ മാംസക്കടകളും ലൈസൻസുള്ളതും അല്ലാത്തതും അടുത്തുള്ള സരായ് ഗ്രാമത്തിലേക്ക് മാറ്റുമെന്ന് മേയർ കിരൺ ജയ്‌സ്വാൾ പറഞ്ഞു. .ഇതിനായി മുനിസിപ്പൽ കോർപ്പറേഷൻ ഇതിനകം സരായ് ഗ്രാമത്തിൽ 57 കടകൾ നിർമ്മിച്ചിട്ടുണ്ട്.
രാജ്യത്തുടനീളവും വിദേശത്തുനിന്നും എത്തുന്ന ഭക്തരുടെ മതവികാരം കണക്കിലെടുത്താണ് ഈ നടപടി . 1935 ലെ ബൈലോകൾ പ്രകാരം, ഹർ കി പൗരിയുടെ 5 കിലോമീറ്റർ ചുറ്റളവിൽ മാംസം, മദ്യം, മുട്ട എന്നിവയുടെ വിൽപ്പന ഇതിനകം നിരോധിച്ചിട്ടുണ്ടെന്ന് മുനിസിപ്പൽ കമ്മീഷണർ നന്ദൻ കുമാർ വ്യക്തമാക്കി. ഈ നിരോധനം മുഴുവൻ മുനിസിപ്പൽ പരിധിയിലും വ്യാപിപ്പിക്കാനുള്ള പദ്ധതികൾ പുരോഗമിക്കുകയാണ്.
ഹരിദ്വാറിന്റെ മതപരമായ പവിത്രത കാത്തുസൂക്ഷിക്കുക എന്നതാണ് ഈ തീരുമാനത്തിന്റെ പ്രാഥമിക ലക്ഷ്യം. അതേസമയം ഈ നിർദ്ദേശത്തെ എതിർക്കുന്നതിൽ കോൺഗ്രസ് പാർട്ടി ഇരട്ടത്താപ്പ് കാട്ടുന്നുവെന്ന് മേയർ ആരോപിച്ചു. ബോർഡ് യോഗത്തിൽ മുനിസിപ്പൽ ബൈലോകൾ ഭേദഗതി ചെയ്യുന്നതിനുള്ള നിർദ്ദേശവും പാസാക്കിയതായി മുനിസിപ്പൽ കമ്മീഷണർ നന്ദൻ കുമാർ പറഞ്ഞു. നിയമങ്ങളിലെ ഭേദഗതികളിലൂടെ, മേളയ്‌ക്കിടെയുള്ള ക്രമീകരണങ്ങളുടെ സുഗമമായ പ്രവർത്തനം ഉറപ്പാക്കുന്നതിന് പച്ചമാംസത്തിന്റെ വിൽപ്പന പൂർണ്ണമായും നഗരപരിധിക്ക് പുറത്തേക്ക് മാറ്റുകയാണ്.