Parivar

ഭാരതത്തെ ഭാരതമായി നിലനിര്‍ത്തുകയും നമ്മുടെ ഓരോ തരി മണ്ണും സ്വന്തമെന്ന ഭാവത്തോടെ സംരക്ഷിക്കുകയും വേണം: ദത്താത്രേയ ഹൊസബാളെ

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ധര്‍മ്മശാല (ഹിമാചല്‍ പ്രദേശ്): ഭാരതത്തെ ഭാരതമായി നിലനിര്‍ത്തുകയും നമ്മുടെ ഓരോ തരി മണ്ണും സ്വന്തമെന്ന ഭാവത്തോടെ സംരക്ഷിക്കുകയും വേണമെന്ന് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. നമ്മുടെ ഭൂമി ചരിത്രവും പാരമ്പര്യവും ഉള്ളതാണ്. അതുകൊണ്ടാണ് പുരാതന ഗ്രന്ഥങ്ങളില്‍ ഇതിനെ ഭാരതം എന്നും ഹിന്ദുസ്ഥാന്‍ എന്നും വിളിക്കുന്നത്. നമ്മുടെ പൂര്‍വികര്‍ പാരമ്പര്യത്തിലൂടെയും സംസ്‌കാരത്തിലൂടെയുമാണ് ഇതിനെ ഭാരതമെന്ന് വിളിച്ചത്. ഭാരതം നമ്മുടെ സമസ്ത ജീവിതമേഖലകളിലും പ്രകടമായ ജീവസത്തയാണ്, സര്‍കാര്യവാഹ് പറഞ്ഞു. സംഘശതാബ്ദിയുടെ ഭാഗമായി കമ്മ്യൂണിറ്റി ഹാളില്‍ നടന്ന യുവജന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തിന്റെ 6000 വര്‍ഷത്തെ ചരിത്രം ഇന്ന് നമുക്ക് മുന്നിലുണ്ട്. ഗവേഷണാധിഷ്ഠിതമായി ‘സ്വാമി നാരായണ്‍ എഴുതിയ 10,000 വര്‍ഷത്തെ ചരിത്രം’ എന്ന പുസ്തകവുമുണ്ട്. ഒരുമയോടെ കഴിഞ്ഞിരുന്ന നമ്മുടെ ഗോത്രപാരമ്പര്യം ആയിരക്കണക്കിന് വര്‍ഷത്തെ പഴക്കമുള്ളതാണ്. ഇതെല്ലാം ഈ രാഷ്‌ട്രജീവിതത്തിന്റെ തുടര്‍ച്ചയെയും സുദീര്‍ഘകാല പാരമ്പര്യത്തെയുമാണ് അടയാളപ്പെടുത്തുന്നത്. നമ്മള്‍ അതിക്രൂരമായ ആക്രമണങ്ങള്‍ നേരിടുകയും അതിനോടെല്ലാം പൊരുതുകയും ചെയ്ത സമൂഹമാണെന്ന് കൂടി ഓര്‍ക്കണം.

മാര്‍ച്ച് 23ന് ഭഗത് സിങ്, സുഖ്ദേവ്, രാജ്ഗുരു എന്നിവരുടെ വീരസ്മൃതിദിനം നാം ആചരിച്ചു. വീര സവര്‍ക്കര്‍ ആന്‍ഡമാന്‍ ദ്വീപുകളിലെ കാലാപാനിയില്‍ തടവിലാക്കപ്പെട്ടു. അത്തരം എണ്ണമറ്റ ത്യാഗങ്ങള്‍ നമ്മുടെ ഈ സ്വതന്ത്ര ജീവിതത്തിന് പിന്നിലുണ്ട്. നമ്മുടെ പൂര്‍വികര്‍ അവരവരുടെ സന്തോഷത്തെ കണക്കാക്കാതെ ഭാരതമാതാവിനെ സേവിക്കാന്‍ പ്രതിജ്ഞയെടുത്തു. നമ്മള്‍ അവരോട് കടപ്പെട്ടിരിക്കുന്നു, ഹൊസബാളെ പറഞ്ഞു.

നമ്മുടെ ജീവിതം അങ്ങോട്ടും ഇങ്ങോട്ടും തൊടുക്കാന്‍ കഴിയുന്ന പന്തുകളോ വെടിയുണ്ടകളോ അല്ല. യുവാക്കള്‍ രാജ്യത്തിന്റെ നട്ടെല്ലാണ്. ഏത് വെല്ലുവിളി നിറഞ്ഞ ജോലിയും യുവാക്കള്‍ ചെയ്യുന്നു. ഡോ. ജഗദീഷ് ചന്ദ്രബോസിന് നോബല്‍ സമ്മാനം ലഭിക്കാതിരിക്കാന്‍ ഗൂഢാലോചന നടന്നുവെന്ന് നമ്മള്‍ അറിയണം. അദ്ദേഹത്തിന് നോബല്‍ സമ്മാനം നല്‍കേണ്ടതായിരുന്നുവെന്ന് ശാസ്ത്രജ്ഞനായ മാര്‍ക്കോണിയുടെ ചെറുമകന്‍ കൊല്‍ക്കത്തയില്‍ പറഞ്ഞത് സര്‍കാര്യവാഹ് ചൂണ്ടിക്കാട്ടി.

ഒരു സൂപ്പര്‍ കമ്പ്യൂട്ടര്‍ നിര്‍മിക്കാന്‍ യുഎസും ജപ്പാനും വെല്ലുവിളിച്ചപ്പോള്‍, സിഡിഎസി ശാസ്ത്രജ്ഞനായ വിജയ് ഭട്കര്‍ വിദേശത്തേക്ക് പോകാന്‍ തയാറെടുത്തിരുന്ന 150 യുവാക്കളെ പ്രേരിപ്പിച്ച് ഈ മണ്ണില്‍ത്തന്നെ നിര്‍ത്തി പരം കമ്പ്യൂട്ടര്‍ നിര്‍മിച്ചു.

ഒരു രാഷ്‌ട്രം നിര്‍മിക്കപ്പെടുന്നത് ഇങ്ങനെയാണ്. സ്വന്തം പാരമ്പര്യങ്ങള്‍ ഉപേക്ഷിച്ച് പുറത്തുനിന്നുള്ളവരെ സ്വീകരിക്കുകയല്ല, സാംസ്‌കാരിക പാരമ്പര്യങ്ങളെ അടിസ്ഥാനമാക്കിക്കൊണ്ടാണ് ആധുനികതയെ സ്വീകരിക്കേണ്ടത്. എന്നാല്‍ ഇതെല്ലാം നേടിയെടുക്കാന്‍ ഒരു ഏകോപിത ശക്തി ആവശ്യമാണ്. ടീം വര്‍ക്കിനെക്കുറിച്ച് അഗ്നിച്ചിറകുകള്‍ എന്ന പുസ്തകത്തില്‍ മുന്‍ രാഷ്‌ട്രപതി എപിജെ അബ്ദുള്‍ കലാം സൂചിപ്പിച്ചത് അതാണ്.

രാജ്യത്തിന് വേണ്ടി നമുക്ക് ചെയ്യാന്‍ ധാരാളം ജോലികളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവര്‍ക്കും എന്തെങ്കിലും ചെയ്യാന്‍ കഴിയും. ദൈനംദിന ജോലികള്‍ ചെയ്യുമ്പോള്‍ പോലും നമുക്ക് രാഷ്‌ട്രത്തെ സേവിക്കാന്‍ കഴിയുമെന്ന വിശ്വാസം എല്ലാ യുവാക്കള്‍ക്കും ഉണ്ടായിരിക്കണം, അദ്ദേഹം പറഞ്ഞു.

Recent Posts