Kerala

സഹകരണ ബാങ്ക് അഴിമതി: സിപിഎം നേതൃത്വത്തിന് പരാതി നല്‍കാന്‍ പൊന്‍താമര പിള്ള

Published by
ജന്മഭൂമി ഓണ്‍ലൈന്‍

പത്തനംതിട്ട: അടൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ നടന്ന 75 ലക്ഷം രൂപയുടെ കൊള്ള സംബന്ധിച്ച് സിപിഎം സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കുമെന്ന് രാജിവെച്ച ബാങ്ക് പ്രസിഡന്റ് പൊന്‍താമര പിള്ള. സിപിഎം അടൂര്‍ ഏരിയാ കമ്മിറ്റി അംഗവും മുന്‍ ബാങ്ക് പ്രസിഡന്റുമായ പി. രവീന്ദ്രനാണ് അഴിമതിക്ക് ചുക്കാന്‍ പിടിച്ചത്. എന്നാല്‍ രവീന്ദ്രനെ സംരക്ഷിക്കുന്ന നിലപാടാണ് സിപിഎം മുന്‍ ജില്ലാ സെക്രട്ടറിയും സംസ്ഥാന സമിതി അംഗവുമായ കെ.പി. ഉദയഭാനു സ്വീകരിച്ചതെന്നും പൊന്‍താമരപിള്ള പറഞ്ഞു.

അഴിമതി സംബന്ധിച്ച തന്റെ വെളിപ്പെടുത്തലിന് മറുപടിയായി പത്തനംതിട്ട പ്രസ് ക്ലബില്‍ പി. രവീന്ദ്രന്‍ നടത്തിയ പത്രസമ്മേളത്തില്‍ കെ.പി. ഉദയഭാനുവും പങ്കെടുത്തിരുന്നു. ബാങ്കില്‍ ക്രമക്കോടൊന്നും നടന്നിട്ടില്ലെന്നും ജീവനക്കാര്‍ തമ്മില്‍ ചെറിയ പ്രശ്‌നമേ ഉള്ളൂ എന്നുമായിരുന്നു വിശദീകരണം. പാര്‍ട്ടി അറിയാതെ താത്കാലിക ജീവനക്കാരിയെ നിയമിച്ചു എന്നത് പച്ചക്കള്ളമാണ്. നിയമന കാര്യം പാര്‍ട്ടിയെ മുന്‍കൂട്ടി അറിയിച്ചെന്നും പ്രതിമാസം 8,350 രൂപ ശമ്പളം നിശ്ചയിച്ചത് പാര്‍ട്ടിയാണെന്നും പൊന്‍താമര പിള്ള വ്യക്തമാക്കി. അടൂര്‍ കരുവാറ്റ സ്വദേശിനി ഗ്രേസി എന്ന നിക്ഷേപകയുടെ സ്ഥിരനിക്ഷേപത്തില്‍ നിന്ന് 30 ലക്ഷം രൂപയാണ് അവര്‍ അറിയാതെ പിന്‍വലിച്ചത്. 85 ലക്ഷം രൂപയാണ് 2019ല്‍ അവര്‍ ബാങ്കില്‍ നിക്ഷേപണ്ടിച്ചത്. അവര്‍ക്ക് 48 ലക്ഷം രൂപ കൂടി മടക്കി നല്‍കാനുണ്ട്.

ബാങ്കിന് വെറും 75 ലക്ഷം രൂപയുടെ ആസ്തിയേ ഉള്ളൂ എന്ന ഭരണസമിതിയുടെ വിശദീകരണം കള്ളമാണ്. യഥാര്‍ത്ഥത്തില്‍ ഒരു കോടിയില്‍ അധികം ആസ്തിയുണ്ട്. അഞ്ചു മാസമായി ബാങ്ക് മിനിറ്റ്‌സ് താന്‍ കാണുന്നില്ല. ബുക്ക് സെക്രട്ടറി സ്വന്തം വീട്ടില്‍ സൂക്ഷിച്ചിരിക്കുകയാണ്. ബാങ്ക് ലോക്കറിന്റെ താക്കോല്‍ പോലും പ്രസിഡന്റ് എന്ന നിലയില്‍ താന്‍ ആവശ്യപ്പെട്ടാല്‍ തരാന്‍ സെക്രട്ടറി തയ്യാറായിരുന്നില്ല. ഫോണ്‍ അടക്കം സെക്രട്ടറി സ്വന്തം കസ്റ്റഡിയില്‍ സൂക്ഷിക്കുകയായിരുന്നു. പ്യൂണ്‍ പോലും സഹകരിക്കാത്ത അവസ്ഥ. ഇക്കാര്യങ്ങള്‍ എല്ലാം സിപണ്ടിഎം സംസ്ഥാന നേതൃത്വത്തെ അറിയിക്കുമെന്നും പൊന്‍താമരപിള്ള പറഞ്ഞു.