
തിരുവനന്തപുരം: പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ അഭിമുഖം ഫേസ്ബുക്കില്‍ നിന്ന് നീക്കാന്‍ നിര്‍ദേശിച്ചിട്ടില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കര്‍.വിദ്വേഷ കമന്റുകള്‍ നീക്കം ചെയ്യാനാണ് പൊലീസ് ആവശ്യപ്പെട്ടത്.മെറ്റയെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്.
കമന്റുകള്‍ പലതും മോശം ഭാഷയിലായിരുന്നതിനാലാണ് പൊലീസ് ഇടപെട്ടത്.കമന്റുകള്‍ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടതില്‍ വീഡിയോ തന്നെ നീക്കം ചെയ്ത സംഭവത്തില്‍ ഇടപെട്ടിട്ടുണ്ട്. അഭിമുഖ ഭാഗം റിസ്റ്റോര്‍ ചെയ്യാന്‍ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. അബദ്ധത്തില്‍ സംഭവിച്ച കാര്യമാണതെന്നും ദൂരദര്‍ശന് പരിപാടിക്ക് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഉണ്ടെന്നും രത്തന്‍ യു ഖേല്‍ക്കര്‍ പറഞ്ഞു.
ബിജെപി സീല്‍ വിവാദത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടാകും. മാതൃകാ പെരുമാറ്റച്ചട്ടം എല്ലാവര്‍ക്കും ബാധകമാണ്. അതില്‍ ആര്‍ക്കെതിരെയും അനാവശ്യമായി നടപടിയെടുക്കാന്‍ സാധിക്കില്ലെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു.
അതേസമയം, ബി. ഗോപാലകൃഷ്ണന്‍ വര്‍ഗീയ പരാമര്‍ശം നടത്തിയെന്ന ആരോപണത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം ലഭിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും. യു. പ്രതിഭയെ അധിക്ഷേപിച്ച വിഷയത്തില്‍ ആലപ്പുഴ ജില്ലാ കളക്ടര്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പൊലീസ് കേസെടുത്തിട്ടുള്ള ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം തുടര്‍നടപടികള്‍ ഉണ്ടാകുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.