Kerala

ശബരിമലയില്‍ മുറി ബുക്ക് ചെയ്യാന്‍ വ്യാജ സൈറ്റുകള്‍, അന്വേഷണം നടക്കുന്നു, ഭക്തര്‍ ജാഗ്രത കാട്ടണമെന്ന് പൊലീസ്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

പത്തനംതിട്ട: ശബരിമലയില്‍ ഭക്തജനങ്ങള്‍ക്ക് ഉന്നത നിലവാരത്തിലുള്ള താമസസൗകര്യം ലഭ്യമാക്കുന്നുവെന്ന് കാട്ടി ദേവസ്വം ബോര്‍ഡിന്റെ ഓണ്‍ലൈന്‍ സൈറ്റ് എന്ന വ്യാജേന ഓണ്‍ലൈന്‍ സൈറ്റുകള്‍ തുടങ്ങിയിട്ടുണ്ടെന്ന് പൊലീസ്. ഇത്തരം സൈറ്റുകളില്‍ ശബരിമലയില്‍ ലഭ്യമല്ലാത്തതും ആചാരങ്ങള്‍ക്ക് വിരുദ്ധമായതുമായ പല സംവിധാനങ്ങളും ഉള്ളതായും കാണിച്ച് ഭക്തജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് പണം ഈടാക്കി തട്ടിപ്പ് നടത്തുന്നതായും ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളതായി ജില്ലാ പൊലീസ് മേധാവി ആര്‍ ആനന്ദ് അറിയിച്ചു.

ഇത്തരം വെബ് സൈറ്റുകളില്‍ ഭക്തര്‍ക്ക് സ്പാ, കുട്ടികള്‍ക്കുള്ള കളിസ്ഥലം, മൗണ്ടന്‍ സൈറ്റ് സീയിംഗ് തുടങ്ങിയ സൗകര്യങ്ങള്‍ ഉള്ളതായി കാട്ടിയിട്ടുണ്ട്. ഇത് കണ്ട് ബുക്ക് ചെയ്യുന്ന ഭക്തരില്‍ നിന്നും 1500 രൂപ മുതല്‍ 25,000 രൂപ വരെ ഈടാക്കും. തുടര്‍ന്ന് ശബരിമലയില്‍ എത്തി മുറിക്കായി ചെല്ലുമ്പോള്‍ മാത്രമാണ് തങ്ങള്‍ കബളിപ്പിക്കപ്പെട്ടതായി ഭക്തര്‍ മനസിലാക്കുന്നതെന്നും അറിയുന്നു. ശബരിമലയില്‍ എത്തുന്ന ഭക്തജനങ്ങള്‍ക്ക് താമസിക്കുന്നതിന് വേണ്ടി ദേവസ്വം ബോര്‍ഡിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ 12 ഓളം കോംപ്ലക്‌സുകളില്‍ 400 ല്‍ അധികം മുറികളും അഞ്ച് ഹാളുകളും സജ്ജമാക്കിയിട്ടുണ്ട്.

ഇതില്‍ 14 മുറികള്‍ ദേവസ്വം ബോര്‍ഡിന്റെ ഐടി ഡിവിഷന്റെ നേരിട്ടുള്ള ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനത്തിലൂടെയും മറ്റുള്ളത് ദേവസ്വം ബോര്‍ഡ് നേരിട്ടുമാണ് ഭക്തജനങ്ങള്‍ക്ക് നല്‍കി വരുന്നത്. ദേവസ്വം ബോര്‍ഡിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ ‘ tdb online ‘ എന്ന സൈറ്റ് മാത്രമേ ശബരിമലയില്‍ മുറി ബുക്ക് ചെയ്യുന്നതിനായി പ്രവര്‍ത്തിക്കുന്നുള്ളൂ. തട്ടിപ്പ് ശ്രദ്ധയില്‍പ്പെട്ട ഇക്കഴിഞ്ഞ മണ്ഡല മകരവിളക്ക് സീസണില്‍ തന്നെ ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം പത്തനംതിട്ട സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനില്‍ BNS 319 (2) , 318(4) , 3(5) വകുപ്പുകളും കൂടാതെ ഐടി ആക്ടിലെ 66(C) , 66(D) വകുപ്പുകള്‍ പ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരികയാണ്. ഭക്തര്‍ ബോധവാന്മാരാകണമെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഔദ്യോഗിക സൈറ്റ് വഴി മാത്രം മുറികള്‍ ബുക്ക് ചെയ്യണമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.