Kerala

ജി സുധാകരന് തെങ്ങിന്‍ തോട്ടം, അഹമ്മദ് ദേവര്‍കോവിലിന് ബക്കറ്റ് , കെ കെ രമയ്‌ക്ക് ടെലിവിഷന്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം:നിയമസഭാ തെരഞ്ഞെടുപ്പില്‍ മുന്നണികളുടെ പിന്തുണയോടെ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ക്കും മറ്റു സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ക്കും തിരഞ്ഞെടുപ്പ് ചിഹ്നം അനുവദിച്ചു. അമ്പലപ്പുഴയില്‍ യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജി സുധാകരന് തെങ്ങിന്‍ തോട്ടമാണ് ചിഹ്നം.ബേപ്പൂരില്‍ യു.ഡി.എഫ് പിന്തുണയില്‍ മത്സരിക്കുന്ന പിവി അന്‍വറിന് ഗ്യാസ് സിലിണ്ടര്‍ ആണ് ചിഹ്നം. അന്‍വറിന്റെ നാലു അപരന്‍മാര്‍ പത്രിക പിന്‍വലിച്ചില്ല.

വടകരയില്‍ കെ കെ രമ ഫുട്‌ബോള്‍ ചിഹ്നം ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല. മറ്റൊരു പാര്‍ട്ടിയുടെ ചിഹ്നമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ആവശ്യം തളളിയത്. ടെലവിഷന്‍ ചിഹ്നമാണ് കെ കെ രമയ്‌ക്ക് കമ്മീഷന്‍ അനുവദിച്ചത്.

തിരുവനന്തപുരം സെന്‍ട്രലില്‍ യു ഡി എഫിലെ ഘടകകക്ഷി സിഎംപിയുടെ സ്ഥാനാര്‍ത്ഥി സിപി ജോണിന് ചിഹ്നമായി കപ്പല്‍ അനുവദിച്ചു. ഇതേ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി സുധീര്‍ കരമനക്ക് ക്യാമറ ആണ് ചിഹ്നം.പാലക്കാട്ടെ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി എന്‍എംആര്‍ റസാഖിന് കുടം ചിഹ്നമായി അനുവദിച്ചു.തളിപ്പറമ്പിലെ സ്വതന്ത്ര സ്ഥാനാര്‍ഥി ടികെ ഗോവിന്ദന് ഗ്യാസ് സിലിണ്ടര്‍ചിഹ്നമായി അനുവദിച്ചു.

കോവളം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി ഭഗത് റൂഫസിന് മുന്തിരിയാണ് ചിഹ്നമായി അനുവദിച്ചത്. പയ്യന്നൂരിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി വി കുഞ്ഞികൃഷ്ണന് ഇലക്ട്രിക് പോസ്റ്റ് ആണ് ചിഹ്നം.എലത്തൂരില്‍ എ.കെ.ശശീന്ദ്രന് തിരിച്ചടിയായി അജിത്ത് പവര്‍ വിഭാഗം സ്ഥാനാര്‍ഥി പി കെ ശശീന്ദ്രന് ക്ലോക്ക് ചിഹ്നം അനുവദിച്ചു. അഹമ്മദ് ദേവര്‍കോവിലിന് ബക്കറ്റ് ചിഹ്നം ആണ് അനുവദിച്ചത്. ദേവര്‍കോവില്‍ ഗ്ലാസ് ചിഹ്നത്തില്‍ പോസ്റ്റര്‍ അടിച്ചു പ്രചരണം തുടങ്ങിയിരുന്നു.

 

Recent Posts