Kerala

കൊച്ചി ബിനാലെ ബോസ് കൃഷ്ണമാചാരി രാജിവെച്ചത് പീഡന പരാതിയെത്തുടര്‍ന്ന്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

മട്ടാഞ്ചേരി: കൊച്ചി ബിനാലെ ചെയര്‍മാന്‍ ബോസ് കൃഷ്ണമാചാരി രാജിവെച്ചത് യുവതിയുടെ പീഡന പരാതിയെ തുടര്‍ന്ന്. കൊച്ചി മുസരീസ് ബിനാലെയുടെ ആറാം എഡിഷന്‍ നടക്കവേ ജനുവരി 14നാണ് കുടുംബകാര്യം പറഞ്ഞ് കൃഷ്ണമാചാരി രാജിവെച്ചത്. ഇതോടെ സ്ത്രീപീഡന പരാതിയില്‍ ബിനാലെയുടെ സ്ഥാപകരില്‍ രണ്ടാമനും പുറത്തായി. കൊച്ചി ബിനാലെ ഡയറക്ടര്‍ ബോര്‍ഡംഗമായ ബോസ് കൃഷ്ണമാചാരി കൊച്ചിയിലെ താമസസ്ഥലത്ത് വിളിച്ചു വരുത്തി പീഡിപ്പിച്ചതായി ഇയാളുടെ സഹപ്രവര്‍ത്തകയായ യുവതിയാണ് പരാതി നല്‍കിയത്.

ഡിസംബര്‍ 28ന് കൊച്ചിയിലെ താമസ സ്ഥലത്ത് വിളിച്ചു വരുത്തി ലൈംഗികവും ശാരീരികവുമായി പീഡിപ്പിച്ചെന്നാണ് പരാതി. സംഭവത്തെ തുടര്‍ന്ന് ജനുവരി എട്ടിനാണ് യുവതി ബിനാലെയുടെ ആഭ്യന്തര പരാതി സെല്ലില്‍ പരാതി നല്‍കിയത്. ബിനാലെ ചെയര്‍പേഴ്‌സണ്‍ വി. വേണു ഇതംഗീകരിക്കുന്നുണ്ട്. എന്നാല്‍ പരാതിക്ക് മേല്‍ അന്വേഷണവും തുടര്‍ നടപടിയും കൈക്കൊണ്ടത് സംബന്ധിച്ച് ചെയര്‍പേഴ്‌സണായ വി.വേണു മറുപടി പറയുന്നില്ല. പരാതി സെല്‍ സ്റ്റാറ്റിയൂട്ടറി ബോഡിയാണന്നുള്ള മറുപടിയാണ് ബിനാലെ അധികൃതര്‍ നല്‍കുന്നത്. എന്നാല്‍ പരാതി ഇല്ലെന്ന വാദമാണ് ബോസ് കൃഷ്ണമാചാരിയുടേത്. ഇതിനെതിരെ നിയമ നടപടിക്ക് ശ്രമിക്കുന്നതായും അദ്ദേഹം ചുണ്ടിക്കാട്ടി. ഏറെ വിവാദങ്ങളെ തുടര്‍ന്നാണ് സര്‍ക്കാര്‍ സെക്രട്ടറിയായിരുന്ന വി. വേണുവിനെ ബിനാലെയുടെ സുപ്രധാന ചുമതലക്കാരനായി നിയമിച്ചത്.

കൊച്ചി ബിനാലെയുടെ സംഘാടകരില്‍ ഒരാളായ റിയാസ് കോമുവും 2018ല്‍ മീ ടുവില്‍ യുവതിയുടെ പീഡന പരാതിയെ തുടര്‍ന്ന് ബിനാലെ സ്ഥാനങ്ങള്‍ നേരത്തെ രാജിവെച്ചിരുന്നു. ഇടത് സഹയാത്രികരായ ബിനാലെ സംഘാടക ചുമതലക്കാരില്‍ ഇരുവരും പീഡന കേസില്‍പ്പെട്ടതും രാജിവെച്ചതും ഇടതുപക്ഷത്തിന് തിരിച്ചടിയായി. യുവതിയുടെ പീഡന പരാതി ലഭിച്ച് രണ്ട് മാസം പിന്നിട്ടിട്ടും ബിനാലെയുടെ ഇന്റേണല്‍ കംപ്ലയിന്റ് സെല്‍ നടപടിയെടുക്കാത്തതിലുള്ള ആഭ്യന്തര തര്‍ക്കമാണ് പീഡന പരാതി വിഷയം പുറത്തായത്.
ഐസിസി നടപടിയെടുക്കാത്തതിന് പിന്നില്‍ ഇടത് ഭരണകൂട ഇടപെടലുണ്ടായതായും ആരോപണമുയര്‍ന്നിട്ടുണ്ട്. കൊച്ചി ബിനാലെ നടക്കുന്ന വേളയിലും തെരഞ്ഞെടുപ്പ് കാലത്തും പീഡന പരാതി വിഷയം തിരിച്ചടിയാകുമെന്ന ആശങ്കയാണ് ഇടത് ഭരണകൂടത്തിന്റേത്. എന്നാല്‍ കൊച്ചി ബിനാലെ കമ്മിറ്റിക്ക് മുന്‍പിലെത്തിയ യുവതിയുടെ പീഡന പരാതി രഹസ്യമാക്കി വെച്ചതും തുടര്‍ നടപടിയെടുക്കാത്തതും പോലീസിനെ അറിയിക്കാത്തതും ബിനാലെ ഡയറക്ടര്‍ ബോര്‍ഡിനേയും ഭരണസാരഥ്യത്തേയും സംശയത്തിലാക്കിയിട്ടുണ്ട്.

സംസ്ഥാന സെക്രട്ടറി സ്ഥാനത്തിരുന്ന ബിനാലെ ചെയര്‍പേഴ്‌സന്റെ ഒത്താശ പകര്‍ന്ന നടപടിയും വിവാദത്തിനിടയാക്കിയിട്ടുണ്ട്. ബോസ് കൃഷ്ണമാചാരിക്കെതിരെ കേസ് എടുക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്.

Recent Posts