
കൊല്‍ക്കത്തയില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന് ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തുന്നു
കൊല്‍ക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബംഗാളിലെത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന് ആവേശോജ്വല സ്വീകരണവുമായി ജനങ്ങള്‍. കൊല്‍ക്കത്തയില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ദേശീയ അധ്യക്ഷനെ ജനങ്ങള്‍ പുഷ്പങ്ങള്‍ വര്‍ഷിച്ചും ഭാരത് മാതാ കീ ജയ് മുഴക്കിയുമാണ് വേദിയിലേക്കാനയിച്ചത്.
മമത ബാനര്‍ജി സര്‍ക്കാരിന്റെ ജനവിരുദ്ധ നിലപാടുകളെ നിശിതമായി വിമര്‍ശിച്ച നിതിന്‍ നബിന്‍ ബംഗാളില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിനായി പ്രയത്‌നിക്കാന്‍ പാര്‍ട്ടി നേതാക്കളോടും പ്രവര്‍ത്തകരോടും നിര്‍ദേശിച്ചു.
പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ പ്രാദേശിക വിഷയങ്ങള്‍ കേന്ദ്രബിന്ദുവായി നിലനിര്‍ത്തിക്കൊണ്ട് ഓരോ ബൂത്തിലും സൂക്ഷ്മതല ആസൂത്രണം നടത്തി സംസ്ഥാനത്തുടനീളമുള്ള ജനങ്ങളിലേക്ക് എത്തിക്കാന്‍ ശ്രമിക്കണം. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി പിന്നിലായ മണ്ഡലങ്ങളില്‍ പ്രത്യേകശ്രദ്ധ കേന്ദ്രീകരിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കാനും അദ്ദേഹം പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു.
ബംഗാളില്‍ മതപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കുന്നതില്‍ മമത സര്‍ക്കാര്‍ ഇരട്ടത്താപ്പ് കാണിക്കുകയാണ്. നമസ്‌കാരം സ്വതന്ത്രമായി നടത്താമെങ്കിലും പൂജകള്‍ സംഘടിപ്പിക്കുന്നവര്‍ കോടതി അനുമതി തേടേണ്ടതുണ്ട്. ഇത് നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.
ഏപ്രില്‍ 23നും ഏപ്രില്‍ 29നും രണ്ട് ഘട്ടങ്ങളിലായി നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് തയാറെടുപ്പുകള്‍ അവലോകനം ചെയ്യുന്നതിനാണ് നിതിന്‍ നബിന്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ബംഗാളില്‍ എത്തിയത്.
സന്ദര്‍ശനത്തിന്റെ ആദ്യ ദിവസം തന്നെ അദ്ദേഹം കൊല്‍ക്കത്തയില്‍ പാര്‍ട്ടി നേതാക്കളുമായും പ്രവര്‍ത്തകരുമായും ഡിജിറ്റല്‍, സോഷ്യല്‍ മീഡിയ ടീമുകളുമായും തന്ത്രപരമായ യോഗങ്ങള്‍ നടത്തി. സംസ്ഥാനത്ത് ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം കൂടുതല്‍ ശക്തമാക്കുന്നതിന് ആവശ്യമായ നിര്‍ദ്ദേശങ്ങളും നല്‍കി.