
നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു
ന്യൂദല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടരുമ്പോള്‍ ഹോര്‍മൂസില്‍ നിന്ന് എണ്ണക്കപ്പലുകള്‍ സുരക്ഷിതമായെത്തിക്കാന്‍ ഭാരത നാവിക സേന അഞ്ചു യുദ്ധക്കപ്പലുകള്‍ വിന്യസിച്ചു. ഓപ്പറേഷന്‍ ഊര്‍ജ്ജ സുരക്ഷ എന്നാണ് ദൗത്യപ്പേര്.
ഹോര്‍മൂസ് കടലിടുക്കിലെ നിര്‍ണായക ചോക്ക് പോയിന്റിനു ചുറ്റും ഇവ നിലയുറപ്പിക്കും. വിവിധ രാജ്യങ്ങളില്‍ നിന്നു ചരക്കുമായെത്തുന്ന 22 കപ്പലുകള്‍ക്കു ഹോര്‍മൂസില്‍ നാവിക സേന സംരക്ഷണം തീര്‍ത്തിട്ടുണ്ട്. ഇതില്‍ 20 എണ്ണം എല്‍എന്‍ജി, എല്‍പിജി, അസംസ്‌കൃത എണ്ണ തുടങ്ങിയവയുടെ കപ്പലുകളാണ്.
ഭാരത എല്‍പിജി കപ്പലുകളായ പൈന്‍ ഗ്യാസും ജഗ് വസന്തും നാവികസേനാ അകമ്പടിയോടെ ഹോര്‍മൂസ് കടലിടുക്കു പിന്നിട്ടു. രണ്ടു കപ്പലുകളിലുമായി 92,000 ടണ്‍ എല്‍പിജിയുണ്ട്. ഇവ നാളെയും മറ്റന്നാളുമായി ഭാരതത്തിലെത്തും. ശിവാലിക്, നന്ദാദേവി, ക്രൂഡ് ഓയില്‍ ടാങ്കര്‍ ജഗ് ലാഡ്കി തുടങ്ങിയ കപ്പലുകളെയും നാവിക സേന സുരക്ഷിതമായെത്തിച്ചിരുന്നു. ഭാരതത്തിലേക്കുള്ള ചരക്കുകപ്പലുകള്‍ക്കു നിയന്ത്രണമുണ്ടാകില്ലെന്ന് ഇറാന്‍ ഭരണകൂടം വ്യക്തമാക്കിയിരുന്നു.
ഭാരത കപ്പലുകള്‍ക്കു ഹോര്‍മൂസ് കടക്കാന്‍ ഒരു രാജ്യത്തിനും പ്രത്യേകം പണം നല്‍കിയിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഇറാന്‍ വന്‍തുക ഈടാക്കുന്നെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് കേന്ദ്ര പ്രതികരണം. ആര്‍ക്കും പണം നല്കിയിട്ടില്ല. അന്താരാഷ്‌ട്ര കപ്പല്‍ച്ചാലായതിനാല്‍ പ്രത്യേക അനുവാദത്തിന്റെ ആവശ്യമില്ല. വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ഭാരതത്തിലെ ഇറാന്‍ സ്ഥാനപതിയുമായി കൂടിക്കാഴ്ച നടത്തി വിഷയം ധരിപ്പിച്ചതായും കേന്ദ്രം വ്യക്തമാക്കി.
ഹോര്‍മൂസ് കടക്കാന്‍ കപ്പലുകളില്‍ നിന്നു രണ്ടു മില്യന്‍ ഡോളര്‍ വരെ (ഏകദേശം 18.8 കോടി) ഇറാന്‍ ഈടാക്കാന്‍ തീരുമാനിച്ചെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.