Kerala

മഞ്ചേശ്വരത്ത് ബിജെപിക്കെതിരേ കോണ്‍ഗ്രസ് ഡീല്‍; എസ്ഡിപിഐ സ്ഥാനാര്‍ത്ഥി പിന്മാറുന്നു, പിഡിപിയും ഒപ്പം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കാസര്‍കോട്: ബിജെപിക്കെതിരേ കോണ്‍ഗ്രസ് ഡീല്‍ ഭാഗമായി കാസര്‍കോട് മഞ്ചേശ്വരത്ത് എസ്ഡിപിഐ സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കാന്‍ നീക്കം. ബിജെപിക്കു ശക്തമായ സ്വാധീനമുള്ള മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനാണ്. ബിജെപിയെ പരാജയപ്പെടുത്തണമെന്നും അതിനാല്‍ വോട്ടുകള്‍ ഭിന്നിക്കരുതെന്നുമുള്ള യുഡിഎഫിന്റെ, പ്രത്യേകിച്ച് കോണ്‍ഗ്രസിന്റെയും ലീഗിന്റെയും നിര്‍ദേശം പരിഗണിച്ചാണിത്.

പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം ഇന്നാണ്. ബിജെപി മുന്നേറ്റം തടയുക എസ്ഡിപിഐയുടെ മാത്രം ബാധ്യതയല്ലെന്നും യുഡിഎഫിന്റേതു കൂടിയാണെന്നുമാണ് പാര്‍ട്ടി നേതൃത്വ വിശദീകരണം. എസ്ഡിപിഐയും യുഡിഎഫും വെവ്വേറെ മത്സരിക്കുന്നത് ബിജെപിക്കു ഗുണകരമാകുമെന്ന സര്‍വേ ഫലങ്ങളുടെ അടിസ്ഥാനത്തിലാണ് പിന്മാറ്റമെന്നും നേതാക്കള്‍ പറയുന്നു. യുഡിഎഫ് നേതാക്കള്‍ തങ്ങളുമായി ബന്ധപ്പെട്ടതായി എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റുതന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.

സംസ്ഥാനത്ത് ബിജെപിക്കു ജനപിന്തുണ വലിയ തോതില്‍ വര്‍ധിച്ചതോടെ മഞ്ചേശ്വരം ഉള്‍പ്പെടെയുള്ള നിര്‍ണായക മണ്ഡലങ്ങളില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്കു വലിയ വിജയ സാധ്യതയാണ്. അതിനാലാണ് ഇത്തരമൊരു നീക്കം. തങ്ങള്‍ക്ക് സ്ഥാനാര്‍ത്ഥിയില്ലാത്ത മണ്ഡലങ്ങളില്‍ ഏതു മുന്നണിയെ പിന്തുണയ്‌ക്കുമെന്ന് പിന്നീട് തീരുമാനിക്കുമെന്നും എസ്ഡിപിഐ വ്യക്തമാക്കി. ഇടതുപക്ഷ സ്ഥാനാര്‍ത്ഥികളും പിന്തുണ തേടിയിട്ടുണ്ട്. അതിനാല്‍ ബിജെപിയെ പരാജയപ്പെടുത്താനാകുന്ന മുന്നണികളെ പ്രാദേശികമായി പിന്തുണയ്‌ക്കാനാണ് പാര്‍ട്ടി തീരുമാനം.

ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐ പരസ്യമായി കോണ്‍ഗ്രസുമായി സംഖ്യത്തിലായിരുന്നു. അതിന്റെ തുടര്‍ച്ചയാണ് മഞ്ചേശ്വരത്ത് ആവര്‍ത്തിക്കുന്നത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി എ.കെ.എം. അഷ്റഫിന്റെ പേരിനോട് സമാനമായ കെ.എം അഷ്റഫാണ് എസ്ഡിപിഐ സ്ഥാനാര്‍ത്ഥി. വര്‍ഗീയ പാര്‍ട്ടികളുടെ വോട്ട് സ്വീകരിക്കില്ലെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പരസ്യ പ്രസ്താവനയില്‍ കാര്യമില്ലെന്ന് ഇതോടെ വ്യക്തമായി.

മഞ്ചേശ്വരത്ത് എസ്ഡിപിഐയുമായുള്ള യുഡിഎഫ് ഡീല്‍ പരസ്യമായ വോട്ടുകച്ചവടമാണെന്ന് ബിജെപി ആരോപിച്ചു. തോല്‍വി ഭയന്നാണ് യുഡിഎഫ് വര്‍ഗീയ പാര്‍ട്ടികളുമായി ധാരണയുണ്ടാക്കുന്നതെന്നും ഇത് വോട്ടര്‍മാര്‍ തിരിച്ചറിയുമെന്നും ബിജെപി നേതൃത്വം പ്രതികരിച്ചു.

Recent Posts