
ന്യൂദല്‍ഹി: വാരാണസിയിൽ ഗംഗാ നദിയിൽ ബോട്ടിലെ ഇഫ്താർ വിരുന്നിൽ മാംസം കഴിച്ചെന്ന കേസിൽ അറസ്റ്റിലായ 14 മുസ്‍ലിം യുവാക്കൾക്ക് വാരാണസി കോടതി ജാമ്യം നിഷേധിച്ചു. പ്രതികൾ ചെയ്തത് ഗൗരവമുള്ളതും ജാമ്യം ലഭിക്കാത്തതുമായ കുറ്റകൃത്യമാണെന്നും ജാമ്യം നൽകാൻ മതിയായ കാരണങ്ങൾ ഇല്ലെന്നും അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് അമിത് യാദവ് ഉത്തരവിൽ പറഞ്ഞതായി റിപ്പോർട്ട് ചെയ്തു.
പ്രാദേശിക ബി.ജെ.പി യുവജന വിഭാഗം പ്രവർത്തകനായ രജത് ജയ്സ്‍വാൾ നൽകിയ പരാതിയിൽ വ്യാഴാഴ്ചയാണ് യുവാക്കളെ അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച വൈകീട്ട് യുവാക്കൾ ഗംഗ നദിയിലെ ബോട്ടിൽ മാംസം കഴിച്ചുവെന്നും മാലിന്യം നദിയിൽ തള്ളിയെന്നുമാണ് പരാതി. ആരാധനാലയം അശുദ്ധമാക്കുക, മതവികാരം വ്രണപ്പെടുത്തുക, ശത്രുത വളർത്തുക, പൊതു നീരുറവയിലെയോ ജലസംഭരണിയിലെയോ വെള്ളം മലിനമാക്കുക, പൊതുജന ശല്യമുണ്ടാക്കുക തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയത്. കൂടാതെ ഇവർക്കെതിരെ പണം തട്ടിയതിനും പോലീസ് കേസെടുത്തതായി പറയുന്നു. നോമ്പ് തുറക്കാനായി ബോട്ട് ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയതാണെന്ന അടിസ്ഥാനത്തിലാണ് പണം തട്ടിയതിന് കേസെടുത്തതെന്നും പറയുന്നു. ഐ.ടി നിയമപ്രകാരവും ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്.