India

ജസ്റ്റിസ് ജി.ആര്‍ സ്വാമിനാഥനെ അപഹസിച്ചയാള്‍ക്കെതിരെ കോടതിയലക്ഷ്യം വേണ്ടെന്ന് തമിഴ്‌നാട് സര്‍ക്കാര്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ചെന്നൈ: മദ്രാസ് ഹൈക്കോടതി സിറ്റിംഗ് ജഡ്ജി ജസ്റ്റിസ് ജി.ആര്‍ സ്വാമിനാഥന്‍ യൂട്യൂബ് അഭിമുഖത്തില്‍ നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ അദ്ദേഹത്തെ അപഹസിച്ച മദ്രാസ് ഹൈക്കോടതിയിലെ മുന്‍ജഡ്ജി ഡി. ഹരിപരന്തമനെതിരെ ക്രിമിനല്‍ കോടതിയലക്ഷ്യ നടപടികള്‍ വേണ്ടെന്ന് തമിഴ്‌നാട് അഡ്വക്കേറ്റ് ജനറല്‍ പി.എസ് രാമന്‍. കോടതിലക്ഷ്യ നിയമത്തിലെ സെക്ഷന്‍ 15 പ്രകാരം, ഒരു വ്യക്തി സമര്‍പ്പിക്കുന്ന ക്രിമിനല്‍ കോടതിയലക്ഷ്യ ഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നതിന് മുന്‍പ് ബന്ധപ്പെട്ട സംസ്ഥാനത്തെ അഡ്വക്കേറ്റ് ജനറലിന്റെ സമ്മതം ആവശ്യമാണ്.

2025 ഡിസംബര്‍ 4, 5 തീയതികളില്‍ ചില തമിഴ് യൂട്യൂബ് ചാനലുകളില്‍ ജി. സ്വാമിനാഥന്‍ നല്‍കിയ അഭിമുഖങ്ങളുടെ പേരിലാണ് മുന്‍ ജഡ്ജി അദ്ദേഹത്തെ അപഹസിച്ചതെന്നും മുന്‍ ജഡ്ജിക്കെതിരെ കോടതിയലക്ഷ്യ നടപടി വേണമെന്നും ചൂണ്ടിക്കാട്ടി രംഗരാജന്‍ നരസിംഹന്‍ എന്നയാളാണ് കോടതിയലക്ഷ്യത്തിന് അനുമതി തേടിയത്. എന്നാല്‍ ഹരിപരന്തമനെതിരെ ക്രിമിനല്‍ കോടതിയലക്ഷ്യ നടപടികള്‍ ആരംഭിക്കാന്‍ എജി വിസമ്മതിച്ചു.

സിറ്റിങ് ജഡ്ജിയെ അപഹസിച്ചത് കോടതിലക്ഷ്യമാണെങ്കിലും നടപടിക്ക് അനുമതി നല്‍കാന്‍ എജി വിസമ്മിച്ചത് വലിയ വിവാദമായിട്ടുണ്ട്. തിരുപ്രംകുണ്ഡ്രം ക്ഷേത്രവുമായി ബന്ധപ്പെട്ട കേസില്‍ അടക്കം സര്‍ക്കാരിനെതിരെ കര്‍ശന നിലപാട് സ്വീകരിച്ച ജഡ്ജിയാണ് സ്വാമിനാഥന്‍. അതിനാലാണ് അദ്ദേഹത്തെ അപഹസിച്ചയാള്‍ക്ക് എതിരെ കേസ് എടുക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ എജി വിസമ്മതിച്ചതെന്നാണ് സൂചന.