മട്ടാഞ്ചേരി: ബംഗ്ലാദേശില്‍ നിന്ന് നിരോധിത ചണം ഉത്പന്നങ്ങള്‍ കൊച്ചി തുറമുഖം വഴി ഇറക്കുമതി ചെയ്യാന്‍ ജ്യൂട്ട് ഷിപ്പേഴ്സ് കൗണ്‍സിലിന്റെ ശ്രമം. രാജ്യത്തെ ചണം കര്‍ഷകരുടെയും ബന്ധപ്പെട്ട ഫാക്ടറികളുടെയും ഭാവി മുന്നില്‍ക്കണ്ടാണ് കേന്ദ്രസര്‍ക്കാര്‍ ഇറക്കുമതിയില്‍ നിരോധനം കൊണ്ടുവന്നത്.
ജൂണ്‍ അവസാനവാരമാണ് വിലക്കേര്‍പ്പെടുത്തി വാണിജ്യ വകുപ്പിന് കീഴിലുള്ള ഡയറക്ടര്‍ ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് ഉത്തരവിറക്കിയത്. അടിയന്തിര ഘട്ടങ്ങളില്‍ മാത്രം മുംബൈയിലെ നവസേവ തുറമുഖം വഴി മാത്രം ബംഗ്ലാദേശ് അസംസ്‌കൃത ചണ നാരുകള്‍ ഇറക്കാന്‍ അനുമതിയുള്ളൂ. ബംഗ്ലാദേശില്‍ നിന്നുള്ള അസംസ്‌കൃത ചണം, ചണം നൂല്‍, ചണം നാര് അടക്കമുള്ള പതിനഞ്ചോളം ഇനങ്ങള്‍ക്കാണ് നിരോധനം. മെയ് മാസം മുതല്‍ തുണിത്തരങ്ങള്‍, റെഡിമെയ്ഡ് വസ്ത്രങ്ങള്‍, ഏതാനും ചില ഭക്ഷണ ഇനങ്ങളും ഇറക്കുമതി ചെയ്യുന്നതിന് കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.
ചണം കയറ്റുമതിയില്‍ ഒന്നാമതുള്ള ബംഗ്ലാദേശിന് മേല്‍ ചുമത്തിയ നിരോധനം സാമ്പത്തിക മേഖലയില്‍ വലിയ ആഘാതമാണുണ്ടാക്കുക. 2021- 22ല്‍ ബംഗ്ലാദേശില്‍ നിന്ന് ഭാരതത്തിലേയ്‌ക്ക് 117 ദശലക്ഷം ഡോളറിന്റെ ചണം ഇറക്കുമതിയാണുണ്ടായത്. 2023-24 വര്‍ഷമിത് 144 ദശലക്ഷം ഡോളറായി കുതിച്ചു. കയറ്റുമതിയായും കള്ളക്കടത്തായും രാജ്യത്തെത്തുന്ന ബംഗ്ലാദേശ് ചണ ഉല്പന്നങ്ങള്‍ ഭാരത ചണ അനുബന്ധ കര്‍ഷകരെയും മില്ലേഴ്സ്, വ്യാപാര- വിപണന ശൃംഖലകള്‍ക്ക് വലിയ വെല്ലുവിളിയായിരുന്നു.
കേന്ദ്ര സര്‍ക്കാര്‍ ചണം താങ്ങുവിലയായി 2024-25 വര്‍ഷം 5355 രൂപയാണ് പ്രഖ്യാപിച്ചത്. എന്നാല്‍ വിപണി വില 5000 രൂപയിലും താഴെയാണ്. ഇതിനിടെയാണ് വില കുറച്ച് നല്‍കി ബംഗ്ലാദേശ് 3500-4000 രൂപ നിരക്കില്‍ ചണം വിപണി കയ്യടക്കാനെത്തിയത്. ഈ ഘട്ടത്തില്‍ ഭാരതത്തില്‍ എട്ടോളം ചണം ഉല്പന്ന ഫാക്ടറികള്‍ അടച്ചു പൂട്ടുകയും അര ലക്ഷത്തിലെറെ തൊഴിലവസരങ്ങള്‍ നഷ്ടപ്പെടുകയും ചെയ്തു. പ്രശ്‌നം തിരിച്ചറിഞ്ഞ് ചണം കര്‍ഷക- വ്യാപാര – വിപണന ശൃംഖലകളെ സംരക്ഷിക്കുകയെന്ന ലക്ഷ്യവുമായാണ് കേന്ദ്രസര്‍ക്കാര്‍ ഇറക്കുമതി നിരോധനമേര്‍പ്പെടുത്തിയത്.
ഇതിനെ മറികടക്കാനും ബംഗ്ലാദേശിന് പരോക്ഷ പിന്തുണ നല്‍കാനുമാണ് നിലവിലെ ശ്രമങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക