Vicharam

അടിയന്തരാവസ്ഥയില്‍ മാധ്യമങ്ങള്‍

സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും വെളിച്ചത്തെയാകെ കൂരിരുട്ടിലേക്ക് വലിച്ചെറിഞ്ഞാണ് 1975 ജൂണ്‍ 25ന് അര്‍ധരാത്രിയില്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ജനാധികാരത്തിന്റെ മറ പിടിച്ച് അധികാരത്തിലേറിയ ഇന്ദിര,ഏകാധിപത്യത്തിന്റെ കളങ്കം അതേ ജനതയില്‍ അടിച്ചേല്‍പിച്ച അര്‍ധരാത്രിക്ക് അമ്പത് വയസാകുന്നു. ഭരണഘടനയുടെ അമൃതോത്സവകാലത്താണ് ആ സമരപര്‍വത്തിന്റെ അമ്പതാണ്ടോര്‍മ്മകള്‍ എത്തുന്നതെന്നതും ശ്രദ്ധേയം

Published by

(ഹിരണ്മയേന പാത്രേണ സത്യസ്യാപിഹിതം മുഖം) (സ്വര്‍ണപ്പാത്രം കൊണ്ടു സത്യത്തിന്റെ മുഖം മൂടപ്പെടുന്നു)
ഭാരതത്തിനെയാകെ വിറങ്ങലിപ്പിച്ചു കെട്ടിയിട്ട് മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഏര്‍പ്പെടുത്തിയ കരാളകാലഘട്ടമായ അടിയന്തരാവസ്ഥ അരനൂറ്റാണ്ട് പിന്നിടുന്ന ഈയവസ്ഥയിലും മനസ്സിനെ നടുക്കംകൊള്ളിക്കുന്നു. അക്കാലത്ത് രാജ്യത്തെ പത്രമാധ്യമങ്ങളെയാകെ സ്തംഭിപ്പിക്കാന്‍ അഥവാ വരച്ച വരയ്‌ക്കുള്ളില്‍ ഒതുക്കാന്‍ അവര്‍ മടിച്ചില്ല. പത്ര സ്വാതന്ത്ര്യം എന്ന ജനായത്താവകാശം അന്നു ധ്വംസിക്കപ്പെട്ടു. ജന്മഭൂമി അന്ന് കോഴിക്കോട്ട് ചെറിയ അന്തിപ്പത്രമായി പ്രസിദ്ധീകരണം ആരംഭിച്ചതേയുള്ളൂ. അതിന്റെ ചുമതല നല്‍കപ്പെട്ടിരുന്ന ആള്‍ എന്ന നിലയ്‌ക്ക് അക്കാലത്തെ ഓര്‍മകള്‍ അയവിറക്കാന്‍ ഈ അവസരം ഉപയോഗിക്കുകയാണ്.

കോഴിക്കോട് ജില്ലാ ജനസംഘം അധ്യക്ഷനായിരുന്ന യു. ദത്താത്രയ റാവു ചീഫ് പ്രമോട്ടറായി ആരംഭിച്ച മാതൃകാപ്രചരണാലയം കമ്പനിയാണിന്നും ജന്മഭൂമിയുടെ ഉടമ. സായാഹ്ന പത്രമായി ആരംഭിക്കാനും മൂലധന സ്വരൂപിക്കല്‍ മെച്ചപ്പെടുമ്പോള്‍ പത്രം വിപുലീകരിക്കാമെന്നുമായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. പി.വി.കെ. നെടുങ്ങാടി മലബാറിലെ തല മുതിര്‍ന്നു നരച്ച പത്രാധിപരായിരുന്നു. വടക്കെ മലബാറിലെ ‘യുവ’ പത്രപ്രവര്‍ത്തകരുടെയും എഴുത്തുകാരുടെയും ആശായ്മ അദ്ദേഹത്തിനവകാശപ്പെടാം. ജൂണ്‍ 25 ന് ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ അടിച്ചേല്‍പ്പിച്ചത് രാത്രി 12 മണിക്ക് ദല്‍ഹിയിലെ പത്രങ്ങളുടെ ആപ്പീസുകള്‍ സ്ഥിതി ചെയ്തിരുന്ന ബഹാദൂര്‍ ഷാ സഫര്‍ മാര്‍ഗിലെ വൈദ്യുതി വിച്ഛേദിച്ചശേഷമായിരുന്നു പ്രഖ്യാപനം. ഉദ്ദേശ്യം അനുക്തസിദ്ധമാണല്ലൊ. അവര്‍ ലക്ഷ്യമിട്ടത് സംഘജനസംഘ പ്രസ്ഥാനങ്ങളെയായിരുന്നു. അവരുടെ പത്രമായ മദര്‍ലാന്‍ഡ് അച്ചടിച്ചിരുന്നതാകട്ടെ റാണി ഝാന്‍സി മാര്‍ഗ് എന്ന ചെറു റോഡിനരികിലും ‘ഗണപതിക്കു വച്ചത് കാക്കയെടുത്തു’ എന്നതുപോലെ മദര്‍ ലാന്‍ഡ് പതിവുപോലെ പുറത്തുവന്നു.

ഇന്ദിരാഗാന്ധിയുടെ ഭരണത്തിന്റെ നിയമവിരുദ്ധമായ ആജ്ഞകളെ അനുസരിക്കരുത് എന്ന് ലോകനായക് ജയപ്രകാശ് നാരായണന്‍ തലേന്ന് ദല്‍ഹിയില്‍ ചേര്‍ന്ന മഹാസമ്മേളനത്തില്‍ പോലീസിനോടും സേനയോടും നടത്തിയ അഭ്യര്‍ത്ഥനയാണ് അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന്റെ കാരണമായി പറഞ്ഞിരുന്നത്. ഇന്ദിരാഗാന്ധിയും പശ്ചിമബംഗാള്‍ മുഖ്യമന്ത്രി സിദ്ധാര്‍ത്ഥ ശങ്കര്‍ റേയും പ്രഖ്യാപനം എഴുതിയ കടലാസുമായി രാഷ്‌ട്രപതിയെ നേരിട്ടു കണ്ട് ഒപ്പീടിക്കുകയായിരുന്നുവത്രേ.

മദര്‍ലാന്‍ഡ് മാത്രമായിരുന്നു തലസ്ഥാനത്തു പിറ്റേന്നു പുറത്തിറങ്ങിയ പത്രം. മറ്റു കേന്ദ്രങ്ങളില്‍ വൈകിയാണെങ്കിലും പത്രങ്ങള്‍ പുറത്തിറങ്ങി. എറണാകുളത്തു എളമക്കരയില്‍ പുതിയ പ്രാന്തകാര്യാലയം നിര്‍മിച്ചതിന്റെ ഗൃഹപ്രവേശത്തിനായി നിശ്ചയിക്കപ്പെട്ട ദിവസമായിരുന്നു അത്. തലേന്നു തന്നെ പ്രചാരകര്‍ എറണാകുളത്തെത്തിയിരുന്നു. അന്ന് ഭാരതീയ ജനസംഘത്തിലാണ് പരമേശ്വര്‍ജിയും ഈ ലേഖകനും കെ. രാമന്‍പിള്ളയും പ്രവര്‍ത്തിച്ചത്. ഒ. രാജഗോപാലും പൂര്‍ണസമയം പ്രവര്‍ത്തിച്ചുവന്നു. ഞങ്ങളെല്ലാവരും ജനസംഘത്തിന്റെ സംസ്ഥാന കാര്യാലയത്തില്‍ രാത്രി എത്തിയിരുന്നു. പുലര്‍ച്ചെ എളമക്കരയില്‍ എത്താമെന്നായിരുന്നു ഉദ്ദേശം. രാവിലെ അഞ്ചരമണിക്ക് ബി.ബി.സി വാര്‍ത്ത ശ്രദ്ധിക്കുന്ന സുഖക്കേട് അന്നെനിക്കുണ്ടായിരുന്നു. അന്നത്തെ വാര്‍ത്ത മുഴുവന്‍ അടിയന്തരാവസ്ഥ പ്രഖ്യാപനത്തെക്കുറിച്ചായിരുന്നു. ലോക്‌സഭയുടെ ഉപസമിതി ബെംഗളൂരില്‍ യോഗം ചേരാന്‍ എത്തിയിരുന്നതില്‍ വാജ്പേയി, അദ്വാനി, മധു ലിമയേ മുതലായവരും അകത്താക്കപ്പെട്ടുവെന്നു വാര്‍ത്തയില്‍ നിന്നറിഞ്ഞു.

പ്രതിപക്ഷ നേതാക്കള്‍ മാത്രമല്ല, ഇന്ദിരാഗാന്ധിയെ അനുകൂലിക്കാത്ത ഒട്ടേറെ കോണ്‍ഗ്രസ് നേതാക്കളും ചന്ദ്രശേഖറും മൊറാര്‍ജി ദേശായിയും മറ്റും അകത്തടയ്‌ക്കപ്പെട്ടു. പ്രാന്തകാര്യാലയത്തില്‍ മാ: യാദവ റാവുജി സംഘത്തിന്റെ മറ്റു ഉന്നതരുമായി സമ്പര്‍ക്കം ചെയ്ത ശേഷം ചേര്‍ന്ന ബൈഠക്കില്‍ സംഭവവികാസങ്ങള്‍ അറിയിച്ചു. സംഘത്തിന്മേലും നടപടികള്‍ ഉണ്ടാകാമെന്നും, കാര്യകര്‍ത്താക്കള്‍ പരിപാടി കഴിഞ്ഞ് ലഭ്യമായ ആദ്യ സൗകര്യം ഉപയോഗിച്ച് സ്വന്തം കര്‍മ്മക്ഷേത്രത്തിലെത്തി മുന്‍ കരുതലുകള്‍ എടുക്കുന്നതിനും മാര്‍ഗദര്‍ശനം നല്‍കി. ഉച്ചഭക്ഷണത്തിനുശേഷം പരിപാടി അവസാനിപ്പിച്ചു.

ആകാശവാണിയിലൂടെ വിവരങ്ങള്‍ നല്‍കുന്നത് തലതിരിച്ചായിരുന്നു. പത്രമാധ്യമങ്ങള്‍ എങ്ങനെ പെരുമാറണമെന്നതിന് ഔദ്യോഗികമായ പ്രഖ്യാപനമുണ്ടായി. ആയിടെ ഇന്ത്യന്‍ എക്സ്പ്രസിലും ശങ്കേഴ്സ് വീക്ക്ലിയിലും വന്ന കാര്‍ട്ടൂണുകള്‍ വാചാലങ്ങളായി. കുളിമുറിയിലെ ടബ്ബില്‍ കഴിയുന്ന പ്രസിഡന്റ് ഒരു കടലാസില്‍ ഒപ്പിടുന്നതും, ഇനി ഞാന്‍ കുളികഴിഞ്ഞശേഷം കൊണ്ടുവന്നാല്‍ മതിയെന്നു പറയുന്നതുമാണ് ഒരെണ്ണം. മറ്റൊന്ന് പ്രസിദ്ധമായ ശങ്കേഴ്സ് വീക്ക്‌ലിയില്‍ കൂട്ടിലിടപ്പെട്ട തത്ത ‘ഫ്രീഡം ഫ്രീഡം’ എന്നു കരയുന്നതും. ദേശാഭിമാനി പത്രം ഒരു ദിവസം മുഖപ്രസംഗം കോളം ഒഴിച്ചിട്ടു. പക്ഷേ ജില്ലാ അധികൃതരില്‍ നിന്നു കര്‍ശന നിര്‍ദേശം വന്നപ്പോള്‍ അതിനും നിവൃത്തിയില്ലാതെയായി. പത്രാധിപര്‍ ഗോവിന്ദപ്പിള്ള നാടന്‍കലകളെപ്പറ്റി ഗവേഷണം നടത്താന്‍ കര്‍ണാടകത്തിലെ ധാര്‍വാര്‍ഡ് സര്‍വകലാശാലയിലേക്കുപോയി. നേരത്തെ അപേക്ഷിച്ചിരുന്നുവെങ്കിലും ”കാക്ക വന്നിരുന്നു പനമ്പഴവും വീണു” എന്ന ‘കാകതാലീകന്യായം’ അദ്ദേഹത്തിനു രക്ഷയായി.

കേരളത്തില്‍ അന്നു മലയാള പത്രപ്രവര്‍ത്തനത്തിന്റെ ‘കുലഗുരു’ ചമഞ്ഞു നടന്ന എന്‍.വി. കൃഷ്ണവാര്യരാകട്ടെ
”പലരോടും നിനയാതെയൊരു കാര്യം തുടങ്ങൊല്ല
പണം മോഹിച്ചൊരുത്തനെച്ചതിച്ചീടൊല്ല
അറിവുള്ള ജനം ചൊന്ന വചനത്തെത്തടുക്കൊല്ല
അരചനെക്കെട്ടത്തൊന്നും പറഞ്ഞീടൊല്ല”
എന്ന മട്ടില്‍ 20 ഇന പരിപാടിയെപ്പറ്റി ഒരു നീതിവാക്യം തന്നെ രചിച്ചു പ്രസിദ്ധീകരിച്ചു. മാതൃഭൂമിയാകട്ടെ രാജ്ഞിയേക്കാളേറെ രാജഭക്തി പ്രകടിപ്പിക്കാന്‍ മുന്നിട്ടുനിന്നു.
ബുദ്ധിജീവികളുടെ കേരളത്തിലെ തലവനായിരുന്ന എം. ഗോവിന്ദനാകട്ടെ മനംകുളിര്‍പ്പിക്കുന്ന ഒരു ലഘു കവനവുമായി വന്നു.
എഴുത്തോ നിന്റെ കഴുത്തോ
ഏതാണ് വേണ്ടതെന്നു ചോദിച്ച്
ഒരുവനെന്‍മുന്നിലെത്തുന്നതിന് മുമ്പ്
ദൈവമേ നീയുണ്മയെങ്കില്‍
എന്നെക്കെട്ടിയെടുക്കണേ
നരകത്തിലേക്കെങ്കിലവിടേക്ക്

‘കേസരി’ വാരികയ്‌ക്കും അടിയന്തരാവസ്ഥക്കാലത്തു ഉജ്വലമായൊരു കഥ പറയാനുണ്ട്. പത്രാധിപര്‍ എം.എ.കൃഷ്ണന്. മിസാ വാറണ്ടിന്‍ നിഴലിലായിരുന്നു അദ്ദേഹം സാഹിത്യകാര, ബുദ്ധിജീവി വിഭാഗത്തെ സമ്പര്‍ക്കം ചെയ്തുകൊണ്ട് ഭാവാത്മക ഹിന്ദുത്വത്തിന് ശക്തമായ പ്രതിരോധനിരയുണ്ടാക്കി. കേസരി സ്റ്റാഫില്‍പ്പെട്ട രാജശേഖരന്‍ അടിയന്തരാവസ്ഥ പ്രഖ്യാപനത്തെ തുടര്‍ന്നു നടന്ന അറസ്റ്റില്‍പെട്ടു. ഞാനും അദ്ദേഹവും ഒരേ കള്ളക്കേസില്‍ പെട്ടു കോഴിക്കോട് സബ്ജയിലില്‍ നാലുമാസം കഴിച്ചു. സുകുമാരന്‍ പത്രാധിപരായി കേസരി മുടങ്ങാതെ കാത്തു. ഓഫീസ് പോലീസ് കസ്റ്റഡിയിലായിരുന്നതിനാല്‍ പത്രമിറക്കാന്‍ കഴിഞ്ഞില്ല. സുകുമാരന്‍ അഭിവന്ദ്യനായ കെ.പി. കേശവ മേനോനെപ്പോലുള്ള പ്രശസ്ത വ്യക്തികളുമായി നടത്തിയ സമ്പര്‍ക്കത്തിന്റെ ഫലമായി, കളക്ടറെയും പോലീസ് മേധാവികളെയും സമ്പര്‍ക്കം ചെയ്ത് ഓഫീസും, പ്രസ്സും സ്വതന്ത്രമാക്കി. പ്രസിദ്ധീകരിക്കുന്ന മാറ്റര്‍ ഫ്രീ സെന്‍സര്‍ ചെയ്യേണ്ടിയിരുന്നു. സെന്‍സറിങ് ഓഫീസറുമായും നല്ല സമ്പര്‍ക്കം നിലനിര്‍ത്തി. അതുമൂലം അദ്ദേഹവും സംഘാനുഭാവിയായി.

അതിനിടെ കേസരിയുടെ 25-ാം വാര്‍ഷികമെത്തി. അതു ആഘോഷിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. കേശവ മേനോന്‍ അധ്യക്ഷനായി രജതജയന്തിയാഘോഷ സമിതിയുണ്ടാക്കി. അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം സദ്യക്കു ‘കേസരി’ എന്ന മധുര പലഹാരം ഒരു വിഭവവുമാക്കി. ശ്രീ ഗുരുജി ജയന്തി സംബന്ധിച്ച് പ്രത്യേക പതിപ്പ് പ്രസിദ്ധീകരിച്ചതായിരുന്നു മറ്റൊരു നേട്ടം. അദ്ദേഹത്തെക്കുറിച്ചുള്ള ലേഖനങ്ങള്‍ സെന്‍സറിങ് ഓഫീസര്‍ നിഷ്‌കര്‍ഷയോടെ പരിശോധിച്ചു പാസ്സാക്കി. അങ്ങനെ അടിയന്തരാവസ്ഥക്കാലത്തു കേസരി രജത ജയന്തിയും ഗുരുജി ജയന്തിയും ആഘോഷിച്ചു.

കേസരിയുടെ ബാലപംക്തിയാണ്. ബാലഗോകുലം. അതിലൂടെ ധാരാളം ബാല എഴുത്തുകാരെയും കലാകുതുകികളെയും സൃഷ്ടിക്കാന്‍ സാധിച്ചു. അതിനെ ശക്തിമത്തായ ഒരു ബാലപ്രസ്ഥാനമാക്കിയുയര്‍ത്തിയതിന്റെ മേന്മയും കേസരിക്കവകാശപ്പെട്ടതാണ്. ലോകം അംഗീകരിച്ച ആ പ്രസ്ഥാനം ജനീവയിലും ടോക്കിയോവിലും നടന്ന ലോക ബാല സമ്മേളനങ്ങളില്‍ പ്രതിനിധീകരിക്കപ്പെട്ടു.

വി.ടി. ഭട്ടതിരിപ്പാടിന്റെ 80-ാം ജന്മദിനം കോഴിക്കോട് ആഘോഷിക്കാന്‍ മുന്‍കയ്യെടുത്തത് തപസ്യയുടെയും കേസരിയുടെയും ആഭിമുഖ്യത്തിലായിരുന്നു. അതും അടിയന്തരാവസ്ഥയിലാണ്. ഇതുവരെ ‘നമ്പൂരിയെ മനുഷ്യനാക്കാനായിരുന്നു പ്രയത്നം.
ഇനി ഞാന്‍ മനുഷ്യനെ നമ്പൂരിയാക്കട്ടെ’ എന്നു പിന്നീടദ്ദേഹം ഒരു സംഘപരിപാടിയില്‍ അധ്യക്ഷത വഹിച്ചു പ്രഖ്യാപിച്ചത് കോളിളക്കമുണ്ടാക്കി.

കേസരിയുടെ ദുര്‍ഘടം പിടിച്ച അക്കാലത്തു അതിനു സഹായകമായ ഒരു കാര്യം ചെയ്യാന്‍ ജയിലില്‍ കിടക്കുമ്പോള്‍ എനിക്കുമവസരമുണ്ടായി. ദിനപത്രമാരംഭിക്കാനുള്ള നിധി ശേഖരണത്തിനായി അടിയന്തരാവസ്ഥയ്‌ക്കു മുമ്പു തന്നെ ശ്രമമാരംഭിച്ചിരുന്നു. സംഘപ്രചാരകനായിരുന്ന കാലത്തു ചാവക്കാട്ടിനടുത്ത് പാല്‍വായ് എന്ന സ്ഥലത്തെ ചില സ്വയംസേവകര്‍ പിന്നീട് ഗള്‍ഫ് രാജ്യങ്ങളിലേക്കു പോയി സാമ്പത്തികാഭിവൃദ്ധി നേടിയിരുന്നു. അവരോട് പത്രമാരംഭിക്കുന്നതിനെപ്പറ്റി സംസാരിക്കുകയും, അതു സംബന്ധമായ കടലാസുകള്‍ നല്‍കുകയുമുണ്ടായി. അടിയന്തരാവസ്ഥ പ്രഖ്യാപനത്തെ തുടര്‍ന്നു ഞാന്‍ കോഴിക്കോട് സബ്ജയിലില്‍ കഴിയവേ ശിവന്‍ എന്ന ആ സ്വയംസേവകന്‍ അയച്ച കത്തു കോഴിക്കോട്ട് ജനസംഘം ഓഫീസില്‍ പുത്തൂര്‍ മഠം ചന്ദ്രന്‍ കാണുകയും എന്നെ കോടതിയില്‍ കൊണ്ടുവന്നപ്പോള്‍ വിവരമറിയുകയുമുണ്ടായി. ചന്ദ്രനോട് ചാവക്കാടു പോയി ആ തുക വാങ്ങാന്‍ ഞാന്‍ കത്തുകൊടുത്തു. തുക കേസരി രാഘവേട്ടനെ ഏല്‍പ്പിക്കാന്‍ ചുമതലപ്പെടുത്തി. ആ തുക കേസരിക്ക് തല്‍ക്കാലാവശ്യത്തിനെടുക്കാന്‍ രാഘവേട്ടന്‍ സമ്മതം ചോദിക്കുകയും അതു പിന്നീട് ജന്മഭൂമിക്കു മടക്കിത്തരികയുമുണ്ടായി.

അടിയന്തരാവസ്ഥക്കാലത്തെ മാധ്യമപ്രവര്‍ത്തനത്തെക്കുറിച്ചെഴുതാനാണ് ജന്മഭൂമി എന്നോടാവശ്യപ്പെട്ടത്. അതിനുശേഷമാണ് മാധ്യമമെന്ന സങ്കല്‍പ്പനത്തിന്റെ വ്യാപ്തിയില്‍ എനിക്കു ധാരണയുണ്ടായത്. എം.എ. സാറിനെയും സുകുമാരനെയും പോലെ ഭാവനാ സമ്പന്നരും, സമര്‍പ്പണബോധവുമുള്ളവര്‍ക്ക്, ഏത് പ്രതികൂലാവസ്ഥയെയും അനുകൂലമാക്കിത്തീര്‍ക്കാനാവും എന്നത് ബോധ്യമായി.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by