പതിറ്റാണ്ടുകള്‍ക്കിടെ മാവോയിസ്റ്റുകള്‍ക്കെതിരായി ഭാരതം നടത്തിയ ഏറ്റവും വിജയകരമായ നടപടിയാണ് കഴിഞ്ഞ ദിവസം ഛത്തിസ്ഗഢിലുണ്ടായത്. മെയ് 21ന് നാരായണ്‍പൂരിനും ബിജാപൂരിനും ഇടയിലുള്ള മാവോയിസ്റ്റ് ശക്തികേന്ദ്രമായ മാഡിന് സമീപമായിരുന്നു ഏറ്റുമുട്ടല്‍. സുരക്ഷാ സേനയുടെ ഓപ്പറേഷന്‍ കാഗറിന്റെ ഭാഗമായി നടന്ന ദൗത്യത്തില്‍ 27 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. ഇടത് ഭീകരന്‍ നമ്പാല കേശവ്റാവു എന്ന ബസവരാജുവിനെ വധിക്കാന്‍ കഴിഞ്ഞത് കേന്ദ്ര സര്‍ക്കാരിന്റെ മാവോയിസ്റ്റ് വിരുദ്ധ ദൗത്യത്തിലെ നാഴികക്കല്ലാണ്. ബസവരാജിന്റെ ഉന്മൂലനം മാവോയിസ്റ്റ് ശ്രേണിയില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാക്കുമെന്നും ഒരുപക്ഷേ മാവോയിസ്റ്റുകളുടെ അവസാനത്തിന്റെ തുടക്കമായേക്കാമിതെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു.
ആരാണ് ബസവരാജു
തലയ്‌ക്ക് ഒരു കോടി രൂപ വിലയിട്ട ഇടത് ഭീകരന്‍. നിരോധിത ഇടത് ഭീകരസംഘടന കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ (മാവോയിസ്റ്റ്) ഏറ്റവും ഉന്നതനായ നേതാവ്, ജനറല്‍ സെക്രട്ടറി. ക്രൂരമായ ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്കിയ ആക്രമണാത്മക കമാന്‍ഡറെന്നും മാവോയിസ്റ്റുള്‍ക്കിടയില്‍ ഈ അറുപത്തൊമ്പതുകാരന്‍ അറിയപ്പെട്ടു.
1955 ജൂലൈ 10ന് ആന്ധ്രാപ്രദേശിലെ ശ്രീകാകുളത്തെ ജിയാനപേട്ടയില്‍ സാധാരണ കുടുംബത്തില്‍ ജനനം. വാറങ്കലിലെ റീജണല്‍ എന്‍ജിനീയറിങ് കോളജില്‍ നിന്ന് ബിരുദം നേടി. 1970കളില്‍ ഇടത് വിദ്യാര്‍ത്ഥി രാഷ്‌ട്രീയത്തില്‍ സജീവമായി. 1980ല്‍ എബിവിപി പ്രവര്‍ത്തകരുമായുണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്ന് അറസ്റ്റിലായി. പിന്നീട് പീപ്പിള്‍സ് വാറിന്റെ ഭാഗമായി. തുടര്‍ന്ന് ഇടത് ഭീകര സംഘടനയില്‍ പ്രവര്‍ത്തനം വ്യാപിപ്പിച്ചു. സപിഐ(എം) പോളിറ്റ്ബ്യൂറോ അംഗം, സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗം, കേന്ദ്ര കമ്മിറ്റി അംഗം, പാര്‍ട്ടിയുടെ പ്രസിദ്ധീകരണമായ അവാം ഇ ജങ്ങിന്റെ എഡിറ്റോറിയല്‍ ബോ
ര്‍ഡിലും പ്രവര്‍ത്തിച്ചു.
മവോയിസ്റ്റ് സംഘത്തിന്റെ ജനറല്‍ സെക്രട്ടറിയാകുന്നതിന് മുമ്പ് അവരുടെ കമാന്‍ഡര്‍ ഇന്‍ ചീഫ് ആയിരുന്നു ബസവരാജു. ജനറല്‍ സെക്രട്ടറിയായിരുന്ന മുപ്പല്ല ലക്ഷ്മണ്‍ റാവു എന്ന ഗണപതിയുടെ അനാരോഗ്യത്തെ തുടര്‍ന്ന് 2017ല്‍ ബസവരാജു പദവിയേറ്റെടുത്തുവെന്നാണ് റിപ്പോര്‍ട്ട്. 2018 ലാണ് ഇത് സ്ഥിരീകരിച്ചുള്ള വാര്‍ത്തകള്‍ വന്നത്. 14 വര്‍ഷത്തിനിടയില്‍ മാവോയിസ്റ്റുകള്‍ക്കിടയിലുണ്ടായ ആദ്യ നേതൃമാറ്റമായിരുന്നു അത്.
മാവോയിസ്റ്റുകള്‍ക്കായി രഹസ്യാന്വേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയ ബസവരാജുവാണ് കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി സൈന്യത്തിനെതിരായ എല്ലാ ആക്രമണങ്ങളുടെയും ഉത്തരവാദി. 2013ല്‍ ഝാര്‍ഖണ്ഡിലെ ലത്തേഹാറിലുണ്ടായ ആക്രമണത്തിന് പിന്നിലും ബസവരാജുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായുള്ള മാവോയിസ്റ്റ് വിരുദ്ധ ദൗത്യം ബസവരാജിന്റെ നേതൃത്വത്തിലുള്ള മാവോയിസ്റ്റുകളെ ദുര്‍ബലരാക്കി. സൈന്യം നൂറുകണക്കിന് എല്‍ഡബ്ല്യുഇ കേഡര്‍മാരെയും നേതാക്കളെയും കൊലപ്പെടുത്തുക മാത്രമല്ല മാവോയിസ്റ്റ് കേന്ദ്ര മേഖലകളിലേക്ക് ആഴത്തില്‍ മുന്നേറുകയും ചെയ്തു.
ബസവരാജിന്റെ നേതൃത്വത്തില്‍ നടന്ന ആക്രമണങ്ങള്‍
2018 സുക്മ ഐഇഡി (ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ്) ആക്രമണം: 2018 മാര്‍ച്ച് 13ന് ഛത്തിസ്ഗഢിലെ സുക്മ ജില്ലയില്‍ സിആര്‍പിഎഫ് വാഹനത്തിന് നേരെയുണ്ടായ ആക്രമണം. അന്നത്തെ ഐഇഡി ആക്രമണത്തില്‍ ഒന്‍പത് സൈനികര്‍ വീരമൃത്യു വരിച്ചു. ആറ് പേര്‍ക്ക് പരിക്കേറ്റു. മാര്‍ച്ച് രണ്ടിന് ബിജാപൂര്‍ വനമേഖലയില്‍ സൈന്യം മാവോയിസ്റ്റുകള്‍ക്കെതിരെ നടത്തിയ ആക്രമണത്തിന്റെ പ്രത്യാക്രമണമായിരുന്നു അത്. 10 മാവോയിസ്റ്റുകളെയാണ് സൈന്യം അന്ന് വധിച്ചത്.
ഗഡ്ചിരോലി കുഴിബോംബ് സ്‌ഫോടനം, 2019: മഹാരാഷ്‌ട്രയിലെ വിദര്‍ഭയില്‍. 25 വാഹനങ്ങള്‍ അഗ്നിക്കിരയാക്കിയ മാവോയിസ്റ്റുകള്‍ പോലീസ് വാഹനത്തെ ലക്ഷ്യമിട്ട് കുഴിബോംബ് ആക്രമണം നടത്തി. മെയ് ഒന്നിന് നടന്ന സംഭവത്തില്‍ 15 പോലീസുകാര്‍ കൊല്ലപ്പെട്ടു.
സുക്മ-ബിജാപൂര്‍ ആക്രമണം, 2021: മാവോയിസ്റ്റ് വിരുദ്ധ ദൗത്യത്തിലേര്‍പ്പെട്ടിരുന്ന സൈനികര്‍ക്ക് നേരെ ഒളിഞ്ഞിരുന്ന് നടത്തിയ ആക്രമണം. ഏപ്രില്‍ മൂന്നിന് ജാഗര്‍ഗുണ്ട പോലീസ് സ്റ്റേഷന്‍ പരിധിയില്‍ സുക്മ-ബിജാപൂര്‍ അതിര്‍ത്തിയിലായിരുന്നു ആക്രമണമുണ്ടായത്. ഏറ്റുമുട്ടലില്‍ 22 സൈനികര്‍ വീരമൃത്യു വരിച്ചു. 20 മാവോയിസ്റ്റുകളെ സൈന്യം വധിച്ചു.
ദന്തേവാഡ ഐഇഡി സ്‌ഫോടനം, 2023:മാവോയിസ്റ്റ് വിരുദ്ധ ദൗത്യം കഴിഞ്ഞ് മടങ്ങുകയായിരുന്ന സൈനിക വാഹനത്തെ ലക്ഷ്യമിട്ട് നടത്തിയ ഐഇഡി ആക്രമണം. പത്ത് ഡിസ്ട്രിക്ട് റിസര്‍വ് ഗാര്‍ഡ് (ഡിആര്‍ജി) ഉദ്യോഗസ്ഥരും ഡ്രൈവറും കൊല്ലപ്പെട്ടു.
ബിജാപൂര്‍ ഐഇഡി ആക്രമണം, 2025: മാവോയിസ്റ്റ് വിരുദ്ധ ദൗത്യം കഴിഞ്ഞ് മടങ്ങുകയായിരുന്ന സൈനിക വാഹനത്തെ ലക്ഷ്യമിട്ട് നടത്തിയ ഐഇഡി ആക്രമണം. എട്ട് ഡിആര്‍ജി ഉദ്യോഗസ്ഥരാണ് അന്ന് കൊല്ലപ്പെട്ടത്.
2024ല്‍ കാങ്കറിലും അബുജ്മദിലും സൈന്യം നടത്തിയ മാവോയിസ്റ്റ് വേട്ട ബസവരാജുവിന്റെ നേതൃത്വത്തിലുള്ള മാവോയിസ്റ്റുകള്‍ക്ക് തിരിച്ചടിയായി. കാങ്കറിലെ ദൗത്യത്തില്‍ 29 മാവോയിസ്റ്റുകളെയാണ് സൈന്യം വധിച്ചത്. അബുജ്മദില്‍ 38 മാവോയിസ്റ്റുകളെയും സൈന്യം ഇല്ലായ്മ ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക