Article

മലയാളിയുടെയും സ്വപ്നമല്ലേ ബലൂചിന്റെ സ്വാതന്ത്ര്യം?

Published by

പാകിസ്ഥാനു നേരെയുള്ള ഭാരതത്തിന്റെ പ്രത്യാക്രമണ സാഹചര്യം മുതലെടുത്തു കൊണ്ട് ബലൂചിസ്ഥാനെ പാകിസ്ഥാനില്‍ നിന്ന് മോചിപ്പിക്കാനുള്ള മുന്നേറ്റം നടക്കുകയും ബലൂച് ലിബറേഷന്‍ ആര്‍മി (ബിഎല്‍എ) എന്ന സായുധ സംഘടന സ്വതന്ത്ര ബലൂചിസ്ഥാന്‍ പ്രഖ്യാപിക്കുകയും ചെയ്തത് കഴിഞ്ഞദിവസങ്ങളില്‍ വാര്‍ത്തയായിരുന്നു. പാകിസ്ഥാന്‍ ബലമായി പിടിച്ചെടുത്ത് കൈവശം വച്ചിരിക്കുന്ന ബലൂചിന്റെ ഭാവി ഇനി എന്തായിരിക്കുമെന്നത് ഇപ്പോള്‍ പ്രവചിക്കാനാവില്ല. എന്നാല്‍ ബലൂചിസ്ഥാന് 2500 ഓളം കിലോമീറ്റര്‍ അകലെ കിടക്കുന്ന കേരളവുമായി ബന്ധമുണ്ട്. ബലൂചികളുടെ ഭാഷയും മലയാളമുള്‍പ്പെടെയുള്ള ദ്രാവിഡ ഭാഷകളും തമ്മിലുള്ള സാദൃശ്യത്തെ പറ്റിയുള്ള പഠനങ്ങള്‍ ആ ബന്ധത്തിലേക്ക് വെളിച്ചം പകരുന്നു. അപ്പോള്‍ ബലൂചികള്‍ ആഗ്രഹിക്കുന്ന വിമോചന സ്വപ്നം നമ്മള്‍ മലയാളികള്‍ക്കും പ്രധാനമാണ്.

കഴിഞ്ഞ ദിവസങ്ങളില്‍ പാകിസ്ഥാനു നേരെ ഭാരതത്തിന്റെ പ്രത്യാക്രണങ്ങള്‍ നടന്നു കൊണ്ടിരിക്കെ ബലൂച് ലിബറേഷന്‍ ആര്‍മി കുഴിബോംബ് സ്ഫോടനത്തിലൂടെ 14 പാക് സൈനികരെ വധിച്ചിരുന്നു. തുടര്‍ന്ന് അവര്‍ സ്വതന്ത്ര ബലൂചിസ്ഥാന്‍ പ്രഖ്യാപിച്ച് പ്രദേശത്തെ പാക് പതാക മാറ്റി സ്വന്തം പതാക ഉയര്‍ത്തുകയും ചെയ്തു. പാകിസ്ഥാന്റെ പടിഞ്ഞാറെയറ്റത്തുളള പ്രവിശ്യയാണ് ബലൂചിസ്ഥാന്‍. അഫ്ഗാനിസ്ഥാനുമായും ഇറാനുമായും അതിര്‍ത്തി പങ്കിടുന്നു. ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായിരുന്ന ബലൂചിസ്ഥാന്‍ 1947 ല്‍ ഭാരതം സ്വതന്ത്രമാവുകയും പാകിസ്ഥാന്‍ രൂപം കൊള്ളുകയും ചെയ്തപ്പോള്‍ സ്വതന്ത്ര രാജ്യമായി മാറി. എന്നാല്‍ ഒരു വര്‍ഷത്തിനകം, 1948ല്‍ തന്നെ പാകിസ്ഥാന്‍ ബലൂചിസ്ഥാനെ ബലമായി തങ്ങളോടൊപ്പം ചേര്‍ക്കുകയും ഒരു പ്രവിശ്യയാക്കി മാറ്റുകയും ചെയ്തു. ഒരു പ്രവിശ്യ എന്നതിലുപരി കോളനി എന്നതു പോലെയാണ് പാക്കിസ്ഥാന്‍ ബലൂചിസ്ഥാനെ കണക്കാക്കിയിരുന്നത്. അന്ന് തൊട്ടു തന്നെ ബലൂചികള്‍ പാക് അടിമത്തത്തില്‍ നിന്നുള്ള മോചനത്തിനായി സമരം ആരംഭിച്ചിരുന്നു.

ദ്രാവിഡ ഭാഷാ ബന്ധം

ബലൂചികളുടെ പ്രധാന ഭാഷകളെിലൊന്ന് ബ്രഹൂയി ആണ്. നേരത്തെ 3.8 ദശലക്ഷത്തോളം പേര്‍ ഈ ഭാഷ സംസാരിക്കുന്നവരായി ഉണ്ടായിരുന്നുവെന്നാണ് കണക്കുകള്‍ പറയുന്നത്. എന്നാല്‍ ഇന്ന് വളരെ ചെറിയൊരു വിഭാഗം മാത്രമേ ഈ ഭാഷ ഉപയോഗിക്കുന്നുള്ളൂ. ബ്രഹൂയിക്ക് ദക്ഷിണേന്ത്യന്‍ ഭാഷകളായ മലയാളം, തമിഴ്, കന്നട, തെലുങ്ക് എന്നിവയുമായുള്ള സാമ്യമാണ് ബലൂചിസ്ഥാനില്‍ ദ്രവീഡിയന്‍ ബന്ധമുണ്ടായിരന്നുവെന്നതിന് തെളിവായി ചരിത്രകാരന്മാര്‍ സംശയിക്കുന്നത്. ബ്രഹൂയി ഭാഷയുടെ വ്യാകരണ ഘടനയും പദാവലിയും ദക്ഷിണേന്ത്യന്‍ ഭാഷകളുമായി സാദൃശ്യമുള്ളതാണ്.

മലയാളത്തില്‍ ഇന്ന് എന്ന പദത്തിന് പകരം ബ്രഹൂയിയില്‍ ഇയിനോ എന്നാണ്. അരിക്ക് ബ്രഹൂയി പദം അരിസി. വാ, കല്ല്, ഊര്, കാല്, കണ്ണ് എന്നീ മലയാളം വാക്കുകള്‍ക്കുള്ള സമാന ബ്രഹൂയി പദങ്ങള്‍ യഥാക്രമം ബാ, ഖല്‍, ഉരു, കാല്‍, കണ്‍ എന്നിവയാണ്.

ഇന്തോ-ആര്യന്‍ ഭാഷകള്‍ക്കിടയില്‍ ഒരു ദ്രാവിഡ ഭാഷ എങ്ങനെ കടന്നുവന്നു എന്നതിനെ കുറിച്ച് ഭാഷാശാസ്ത്രജ്ഞരും ചരിത്രഗവേഷകരും ചിന്തിച്ചിട്ടുണ്ട്. രണ്ട് കാരണങ്ങളാണ് അവര്‍ മുന്നോട്ട് വെക്കുന്നത്. സിന്ധുനദീതട സംസ്‌കാരത്തിന് ദ്രാവിഡ സംസ്‌കാരവുമായുള്ള ബന്ധത്തെ കുറിച്ചുള്ള നിഗമനങ്ങളുടെ അടിസ്ഥാനത്തില്‍ 2000 വര്‍ഷം മുമ്പ് സിന്ധുനദീതടത്തില്‍ നിന്ന് ദക്ഷിണേന്ത്യയിലേക്ക് മാറിയവരെ പോലെ തന്നെ പടിഞ്ഞാറോട്ട് നീങ്ങിയവരാവാം ബലൂചികള്‍ എന്നാണ് ഒന്ന്. ബലൂചികള്‍ ദക്ഷിണേന്ത്യയില്‍ നിന്ന് വടക്കു പടിഞ്ഞാറന്‍ ദിക്കിലേക്ക് കുടിയേറിവരാകാം എന്നതാണ് മറ്റൊരു വാദം. ഇതില്‍ ആദ്യം പറഞ്ഞതിനാണ് കൂടുതല്‍ വിശ്വാസ്യതയെന്നാണ് ഭാഷാ ശാസ്ത്രജ്ഞര്‍ പറയുന്നത്. സിന്ധുനദീതട സംസ്‌കാരവും ദക്ഷിണേന്ത്യയുമായുള്ള ബന്ധത്തിന് കൂടുതല്‍ തെളിവുകള്‍ തമിഴ്നാട്ടിലെ കീലാടിയില്‍ നടന്ന ഖനനങ്ങളിലൂടെ കണ്ടെത്തിയ സാഹചര്യത്തില്‍ ഈ നിഗമനത്തിന് സാധുതയേറുന്നുണ്ട്.

ഭാരതവും പിന്തുണയ്‌ക്കുന്നു

പാക് അടിമത്തത്തില്‍ നിന്നുള്ള ബലൂചിസ്ഥാന്റെ മോചനത്തെ ഭാരതവും പിന്തണയ്‌ക്കുന്നുണ്ട്. പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗഌദേശ് എന്നീ രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളില്‍ മുമ്പൊന്നും ഭാരതം ഇടപെട്ടിരുന്നില്ല. 2014ല്‍ എന്‍ഡിഎ അധികാരത്തില്‍ വരുന്നതിന് മുമ്പുള്ള ഈ നയത്തില്‍ മാറ്റമുണ്ടായിട്ടുണ്ട്. പാകിസ്ഥാനില്‍ വേരൂന്നിയ ഭീകരവാദത്തെ ചെറുക്കാനുള്ള ഭാരതത്തിന്റെ നീക്കങ്ങളിലൂടെ
ഈ നയം മാറ്റത്തിന്റെ പ്രതിഫലനങ്ങളുണ്ടാകുമെന്ന് തീര്‍ച്ചയാണ്. ബലൂച് ജനത ഭാരത സര്‍ക്കാരില്‍ അര്‍പ്പിച്ചിരുന്ന പ്രതീക്ഷകള്‍ വീണ്ടും നാമ്പെടുത്തു തുടങ്ങിയത് എട്ട് വര്‍ഷം മുമ്പാണ്. ഭാരത-പാകിസ്ഥാന്‍ ബന്ധം ഇന്നത്തേതു പോലെ തന്നെ മോശമായിരുന്ന സമയത്ത്, 2016ലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ബലൂചിസ്ഥാനെ കുറിച്ചുള്ള പരാമര്‍ശം നടത്തിയത്. ആ വര്‍ഷത്തെ സ്വാതന്ത്ര്യദിന പ്രസംഗത്തിലായിരുന്നു മോദിയുടെ ബലൂചിസ്ഥാന്‍ പരാമര്‍ശം. ബലൂചിസ്ഥാന്‍, ഗില്‍ഗിത്, പാക് അധീന കശ്മീര്‍ എന്നിവിടങ്ങളില്‍ പാക്കിസ്ഥാന്‍ നടത്തുന്ന അതിക്രമങ്ങള്‍ അന്താരാഷ്‌ട്ര സമൂഹത്തിന് മുമ്പാകെ കൊണ്ടുവരുമെന്നായിരുന്നു അന്നദ്ദേഹം പറഞ്ഞത്. ഇതേതുടര്‍ന്ന് പാകിസ്ഥാനിലും വിദേശങ്ങളിലും പ്രവര്‍ത്തിക്കുന്ന ബലൂച് വിമോചന ഗ്രൂപ്പുകളില്‍ നിന്ന് അഭിനന്ദനങ്ങള്‍ മോദിയെ തേടിയെത്തി. മോദി സര്‍ക്കാര്‍ തുടരാനുദ്ദേശിക്കുന്ന പാക് നയത്തിന്റെ വ്യക്തമായ സൂചനയാണ് 2016ല്‍ കണ്ടത്.

പാക്കിസ്ഥാന്റെ ആകെ ഭൂവിസ്തൃതിയുടെ 40 ശതമാനത്തോളം വരുന്ന ബലൂചിസ്ഥാന്‍ ഭൂമിശാസ്ത്രപരമായി ഏറെ പ്രത്യേകതകളുള്ള തന്ത്രപ്രധാന മേഖലയാണ്. മിഡില്‍ ഈസ്റ്റ്, സൗത്ത് വെസ്റ്റ് ഏഷ്യ, സെന്‍ട്രല്‍ ഏഷ്യ സൗത്ത് ഏഷ്യ എന്നിവിടങ്ങളിലായി അതിര്‍ത്തി പങ്കിടുന്നു ഈ പ്രദേശം. ഇറാനിലെ ഇസഌമിക് റിപ്പബഌക്കിനെതിരെ പൊരുതുന്ന സുന്നി വിമതരുടെ പ്രധാന താവളമാണിവിടം. അറേബ്യന്‍ കടലുമായി ചൈനയെ ബന്ധിപ്പിക്കുന്ന പാകിസ്ഥാനിലൂടെയുള്ള സാമ്പത്തിക ഇടനാഴി ബലൂചിസ്ഥാനിലെ മക്രാന്‍ തീരത്താണ്. ഇവിടുത്തെ ഗ്വാദര്‍ തുറമുഖം ചൈനീസ് നാവിക സേനയുടെ താവളമാക്കാന്‍ പാകിസ്ഥാന്‍ അനുമതി നല്‍കിയിട്ടുണ്ട്. സെന്‍ട്രല്‍ ഏഷ്യയിലേക്കുള്ള ഏറ്റവും ദുരം കുറഞ്ഞ തുറമുഖങ്ങള്‍ സ്ഥിതി ചെയ്യുന്നതും ഇവിടെയാണ്. ഈ കാരണങ്ങള്‍ കൊണ്ടുതന്നെ ആഗോളരാഷ്‌ട്രീയത്തില്‍ തന്ത്രപ്രധാനമായ ഒരു മേഖലയാണ് ബലൂചിസ്ഥാന്‍.

ബലൂചിസ്ഥാന്‍ സ്വാതന്ത്ര്യസമര പോരാളിയും വേള്‍ഡ് ബലൂച് വനിതാ ഫോറത്തിന്റെ പ്രസിഡന്റുമായ പ്രൊഫ. നൈല ഖാദ്രി ബലൂച് (ബലൂചിസ്ഥാന്റെ മോചനത്തിനായി പ്രവര്‍ത്തിക്കുന്നവരെല്ലാം, സ്ത്രീകളും പുരുഷന്മാരും, അവരുടെ പേരിനൊപ്പം ബലൂച് എന്ന് ചേര്‍ക്കുന്നു) 2016ല്‍ കേരളത്തിലെത്തിയിരുന്നു. തലശ്ശേരിയില്‍ ബ്രണ്ണന്‍ കോളജ് പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ സംഘടിപ്പിച്ച ഒരു പരിപാടിയില്‍ അവര്‍ പ്രസംഗിച്ചു. അന്ന് അവരുമായി സംസാരിക്കാന്‍ ഈ ലേഖകന് അവസരം ലഭിച്ചിരുന്നു. ആ പരിപാടിയുടെ തുടക്കത്തില്‍ വന്ദേമാതരം ആലപിച്ചിപ്പോള്‍ സ്വാഭാവികമായും എല്ലാവരും എഴുന്നേറ്റുനിന്നു. എന്നാല്‍ വന്ദേമാതരം തീരുന്നതുവരെ പ്രൊഫ. നൈല നിന്നത് വലതുകൈ തന്റെ നെഞ്ചോട് ചേര്‍ത്തുപിടിച്ചായിരുന്നു. ഇന്ത്യയെയും ഇന്ത്യന്‍ ജനതയെയും അവര്‍ തന്റെ ഹൃദയത്തോട് ചേര്‍ക്കുന്നതിന്റെ കാഴ്ചയായിരുന്നു അത്.

ബലൂച് ജനതയ്‌ക്കൊപ്പം നില്‍ക്കണമെന്ന് മനുഷ്യത്വത്തിലും സമാധാനത്തിലും വിശ്വസിക്കുന്ന ലോകത്തെ മുഴുവന്‍ ജനങ്ങളോടും അവര്‍ അഭ്യര്‍ത്ഥിച്ചു. ചൈന-പാകിിസ്ഥാന്‍ സാമ്പത്തിക ഇടനാഴി (സിപിഇസി) ഉപയോഗിച്ച് ചൈനയുടെ ഒത്താശയോടെ ഗ്വാദര്‍ തുറമുഖത്ത് പാക്കിസ്ഥാന്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടത്തുന്നതിനെ അന്നവര്‍ അപലപിച്ചു. ചൈന-പാകിിസ്ഥാന്‍ സാമ്പത്തിക ഇടനാഴി (സിപിഇസി) ഉപയോഗിച്ച് ചൈനയുടെ ഒത്താശയോടെ ഗ്വാദര്‍ തുറമുഖത്ത് പാക്കിസ്ഥാന്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടത്തുന്നതിനെ അന്നവര്‍ അപലപിച്ചു.

ബലൂചിസ്ഥാനിലെ ജനങ്ങള്‍ ഇന്ത്യയുടെ 73ാം സ്വാതന്ത്ര്യദിനത്തില്‍ (2019) ഭാരതത്തോടുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ബലൂചിസ്ഥാനെ പാക്കിസ്ഥാന്റെ പിടിയില്‍ നിന്നും മോചിപ്പിക്കാന്‍ പിന്തുണ അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു. നിരവധി ബലൂചികളാണ് സാമൂഹ്യമാധ്യമങ്ങളിലൂടെയും മറ്റും ഇതുസംബന്ധിച്ച് സന്ദേശങ്ങളയച്ചത്. ഭാരതത്തിലെ ദേശീയ മാധ്യമങ്ങള്‍ ഈ സന്ദേശങ്ങള്‍ പ്രധാനവാര്‍ത്തയായി നല്‍കുകയും ചെയ്തു. പുതിയ സാഹചര്യത്തില്‍ തങ്ങളുടെ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന് അന്താരാഷ്‌ട്ര സമൂഹത്തിന്റെ പിന്തുണ തേടുകയാണ് ബലൂച് ജനത.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by