Article

വയനാടിനെ ആരാണ് ചതിച്ചത്?

Published by

ണത്തിന് ഒരു സമയമൂല്യമുണ്ട്. അമ്പതു കൊല്ലം മുമ്പ് നിങ്ങള്‍ ആരോടെങ്കിലും ആയിരം രൂപ കടം വാങ്ങിയിരുന്നു എന്ന് കരുതുക.(അന്നത് കൊണ്ട് ചിലപ്പോള്‍ 10 പവന്‍ സ്വര്‍ണം കിട്ടുമായിരിക്കും). അമ്പതു കൊല്ലത്തിന് ശേഷം ഇപ്പോഴാണ് അത് തിരിച്ചു കൊടുക്കേണ്ട കാര്യം നിങ്ങള്‍ക്ക് ഓര്‍മ വന്നത്. അല്ലെങ്കില്‍ അദ്ദേഹത്തിനെ വീണ്ടും കണ്ടെത്താന്‍ കഴിഞ്ഞത് എന്ന് കരുതുക. നിങ്ങള്‍ പഴയ കടം വീട്ടാനായി 1000 രൂപ എടുത്തു കൊടുക്കുന്നു. അദ്ദേഹം എന്ത് ചെയ്യും. ഇത്രയും കാലം കഴിഞ്ഞിട്ടും അത് ഓര്‍ത്തുവെച്ചതിനു നന്ദി പറഞ്ഞു മിക്കവാറും അത് വേണ്ടെന്നു പറയും. കാരണം അദ്ദേഹം അന്ന് നിങ്ങള്‍ക്ക് തന്ന മൂല്യവുമായി നോക്കുമ്പോള്‍ നിങ്ങള്‍ ആയിരം രൂപ തിരിച്ചു കൊടുക്കുന്നതും കൊടുക്കാതിരിക്കുന്നതും തമ്മില്‍ വലിയ വ്യത്യാസമില്ല.

ഈ വ്യത്യാസം വരുന്നത് രണ്ടു കാരണം കൊണ്ടാണ്. ഒന്നാമത്തേത് സമയം. രണ്ടാമത്തേത് ആ കാലയളവിലുള്ള ശരാശരി പലിശ നിരക്ക്. കാലയളവും പലിശനിരക്കും കൂടുന്തോറും സമയമൂല്യം കാരണമുള്ള മൂല്യവ്യത്യാസം കൂടും. വിവിധ കാലയളവില്‍ കൈമാറുന്ന പണത്തിന്റെ ഇപ്പോഴത്തെ മൂല്യം താരതമ്യം ചെയ്യുന്നത് അറ്റ വര്‍ത്തമാനകാല മൂല്യം (Net Present Value) ഉപയോഗിച്ചിട്ടാണ്. ശരാശരി പലിശ നിരക്ക് 8 ശതമാനമെന്നു കണക്കാക്കിയാല്‍ അമ്പത് കൊല്ലം കഴിഞ്ഞു ഒരാള്‍ക്ക് 529 കോടി തിരിച്ചു കൊടുക്കുന്നത് ഇന്ന് 11 കോടി കൊടുക്കുന്നതിനു തുല്യമാണ്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ഇന്ന് 518 കോടി രൂപ ഗ്രാന്റ് ആയി തരുന്നതിനു തുല്യമാണ് 529 കോടി രൂപ അമ്പതു വര്‍ഷത്തേക്ക് പലിശ രഹിത വായ്പയായി തരുന്നത്.

അതായത് വയനാട് പുനര്‍നിര്‍മാണത്തിന് വേണ്ടി 518 കോടി രൂപ ഗ്രാന്റ് ആയി അനുവദിക്കുന്നതിന് തുല്യമാണ് 529 കോടി രൂപ പലിശരഹിത വായ്പയായി 50 വര്‍ഷത്തേക്ക് നല്‍കുന്നത്. ഇതാണ് കേന്ദ്രം കേരളത്തോട് ചെയ്ത ചതിയായി ഡോക്ടര്‍ തോമസ് ഐസക്കും മറ്റുചിലരും വ്യാഖ്യാനിക്കുന്നത്. മറ്റു ചില സംസ്ഥാനങ്ങള്‍ക്ക് ഗ്രാന്റ് ആയി കൊടുത്തപ്പോള്‍ എന്തുകൊണ്ട് കേരളത്തിന് ദുരിതാശ്വാസ സഹായം പലിശരഹിത വായ്പയായി നല്‍കിയെന്ന് ന്യായമായും ആര്‍ക്കും സംശയം വന്നേക്കാം.

ഇവിടെയാണ് സംസ്ഥാന സര്‍ക്കാരിന്റെ ധനകാര്യ വിശ്വാസ്യത ചിത്രത്തില്‍ വരുന്നത്. കുറച്ചുകാലമായി നമ്മുടെ സര്‍ക്കാരിന്റെ മുഖമുദ്ര തന്നെ വകമാറ്റലാണ്. ആര്‍സി ബുക്കിനും
ഡ്രൈവിങ് ലൈസന്‍സിനും വേണ്ടി പണം അടച്ചവര്‍ക്ക് സര്‍ക്കാര്‍ ആ തുക വക മാറ്റിയതിനാല്‍ എത്രയോ മാസങ്ങള്‍ കഴിഞ്ഞിട്ടും അവ രണ്ടും കിട്ടാതിരുന്നതിന് കേരളം സാക്ഷിയായി. വിവിധ അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പണം എടുത്ത് ട്രഷറി പൂട്ടാതെ മുന്നോട്ടു കൊണ്ടുപോകാന്‍ ശ്രമിക്കുന്നത് നമ്മള്‍ കാണുന്നുണ്ട്. സഹകരണ പെന്‍ഷന്‍ ഫണ്ടില്‍ നിന്ന് 1000 കോടി സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. കേരള വാട്ടര്‍ അതോറിറ്റി ട്രഷറിയില്‍ നിക്ഷേപിച്ച 700 കോടിയോളം രൂപ കാണാനില്ലെന്ന് അതിന്റെ എംഡി സര്‍ക്കാരിന് പരാതി നല്‍കിയിരിക്കുകയാണെന്ന് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. റെയില്‍വേയ്‌ക്കു ഭൂമി ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് പണം അനുവദിച്ചു വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഭൂമി ഏറ്റെടുത്തു കിട്ടുന്നില്ലെന്നു റെയില്‍വേ മന്ത്രി പരാതിപ്പെടുന്നു. ശ്രീരാമകൃഷ്ണ മിഷന്‍ കേരള സംസ്ഥാനത്തിന്റെ സോവറീന്‍ ഗ്യാരണ്ടി വിശ്വസിച്ച് കെടിഡിഎഫ്‌സിക്ക് കൊടുത്ത നിക്ഷേപം തിരിച്ചു കൊടുക്കാത്തതിനാല്‍ അവര്‍ക്ക് കോടതി കയറേണ്ടി വന്നു. സംസ്ഥാനത്തെ മൂന്നരക്കോടി ജനങ്ങളെ നാണം കെടുത്തി കോടതിയില്‍ ചീഫ് സെക്രട്ടറി പറഞ്ഞത് സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി ഗ്യാരണ്ടി അനുസരിച്ചുള്ള ബാധ്യത നിറവേറ്റാന്‍ അനുവദിക്കുന്നില്ല എന്നാണ്. (ഏതെങ്കിലും വ്യക്തി ഗ്യാരണ്ടി നിന്നിട്ടു പണം കൊടുത്തില്ലെങ്കില്‍ ജയിലില്‍ പോ
കേണ്ടി വരും). ഇതെല്ലാം പരിഗണിക്കുമ്പോള്‍ ദുരിതാശ്വാസത്തിന് ഗ്രാന്റ് കൊടുക്കുന്നതിനേക്കാള്‍ സുരക്ഷിതം കൊടുത്ത ആവശ്യത്തിന് ഉപയോഗിക്കണമെന്ന് വ്യവസ്ഥ വയ്‌ക്കാന്‍ കഴിയുന്ന വായ്പയാണ് എന്ന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കുന്നത് സ്വാഭാവികം. (ദുരന്തവുമായി ബന്ധപ്പെട്ടു നാശനഷ്ടത്തിന്റെയും ചിലവുകളുടെയും ഒക്കെ പെരുപ്പിച്ച കള്ളക്കണക്കുകളുണ്ടാക്കി കേന്ദ്രത്തിനു സമര്‍പ്പിച്ചപ്പോള്‍ തന്നെ വിശ്വാസ്യത നഷ്ടപ്പെട്ടിരുന്നു എന്നത് വേറെ കാര്യം).
(കേരളത്തിലെ കാര്‍ഷിക രംഗത്തെ നൂതന സംരംഭങ്ങള്‍ക്ക് വേണ്ടി ലോകബാങ്ക് നല്‍കിയ 140 കോടി വായ്പയുടെ തുക ഫെബ്രുവരിയില്‍ തന്നെ കേന്ദ്രത്തില്‍ നിന്ന് കൊടുത്തതാണ്. നിമിഷനേരം കൊണ്ട് നടക്കുന്ന ഇലക്ട്രോണിക്ക് പേയ്മെന്റിന്റെതായ ഈ കാലത്തും ഏപ്രില്‍ അവസാനമായിട്ടും ഫണ്ട് എത്തേണ്ടിടത്തു എത്തിയിട്ടില്ലത്രേ. ഇതിനെ പറ്റി അന്വേഷിക്കാന്‍ ലോകബാങ്ക് സംഘം വരുന്നുവെന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.)

വയനാട്ടില്‍ ദുരന്തമുണ്ടായതിന്റെ പിറ്റേ ദിവസം തന്നെ ജൂലൈ 31 ന് കേന്ദ്രം സംസ്ഥാന ദുരിശ്വാസ നിധിയിലേക്ക് 145.20 കോടി രൂപ കൈമാറി. ഒക്ടോബര്‍ ഒന്നിന്
വീണ്ടും ഒരു 145.20 കോടി നല്‍കി. (എന്നിട്ടും കേന്ദ്രം ഒന്നും തരുന്നില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ മാസങ്ങളോളം നുണ പ്രചാരണം നടത്തി.)

ഈ തുകയടക്കം ഏകദേശം 600 കോടിയിലധികം സംസ്ഥാന ദുരിതാശ്വാസ നിധിയില്‍ നീക്കിയിരിപ്പുണ്ടായിരുന്നു. ഈ പണം കൊണ്ട് സര്‍ക്കാരിന് ഉടന്‍ തന്നെ പുനര്‍നിര്‍മ്മാണ പരിപാടികള്‍ ആരംഭിക്കാമായിരുന്നു അതുകൊണ്ടാണ് മാര്‍ച്ച് 31ന് അകം പണി പൂര്‍ത്തിയാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ദുരന്തം നടന്നു മാസങ്ങള്‍ കഴിഞ്ഞിട്ടും ഒരു പണിയും തുടങ്ങാത്ത സര്‍ക്കാര്‍ ഈ വ്യവസ്ഥ 529 കോടി തുക ലാപ്‌സ് ആക്കാനുള്ള മറ്റൊരു ചതിയായി വ്യാഖ്യാനിച്ചു. പക്ഷേ കേന്ദ്രസര്‍ക്കാര്‍ കാലതാമസത്തെപ്പറ്റി മനസ്സിലാക്കിയപ്പോള്‍ അടുത്ത ഡിസംബര്‍ 31 വരെ കാലാവധി നീട്ടി നല്‍കി ഈ ആരോപണത്തിന്റെയും മുനയയൊടിച്ചു.

വയനാട് ദുരന്തബാധിതര്‍ക്ക് വളരെ ഉദാരമായ സഹായ വാഗ്ദാനങ്ങള്‍ ആണ് അന്യസംസ്ഥാന സര്‍ക്കാരുകളില്‍ നിന്ന് അടക്കം വന്നിരുന്നത്. സൗജന്യമായി ഭവനങ്ങള്‍ നിര്‍മിച്ചു കൊടുക്കാം എന്ന് പറഞ്ഞ വിവിധ ഏജന്‍സികള്‍ക്ക് സര്‍ക്കാര്‍ അനുവാദമോ സ്ഥലമോ നല്‍കിയില്ല. എല്ലാവര്‍ക്കും സൗജന്യമായി വീടുവെച്ചു നല്‍കാമെന്നു പറഞ്ഞ ഹൈറേഞ്ച് ഡെവലപ്‌മെന്റ് സൊസൈറ്റിയുടെ വാഗ്ദാനത്തിന് സര്‍ക്കാര്‍ ചെവി കൊടുത്തതേയില്ല. ദുരന്തം നടന്നതിന് പിറ്റേന്ന് തന്നെ സര്‍ക്കാര്‍ ചെയ്തത് ദുരിതാശ്വാസനിധി പ്രഖ്യാപിക്കുകയാണ്. അതിലേക്ക് 730 കോടി രൂപയാണ് പിരിഞ്ഞു കിട്ടിയത്. ഈ തുക കൊണ്ടും യാതൊരുവിധ നിര്‍മാണ പ്രവര്‍ത്തനങ്ങളും തുടങ്ങിയില്ല എന്ന് മാത്രമല്ല ഇരകളുടെ പ്രൊഫഷണല്‍ കോളേജില്‍ പഠിക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസം പോലും സമയത്ത് ഫീസ് അടയ്‌ക്കാത്തതിനാല്‍ മുടങ്ങുന്ന സ്ഥിതിയായി. അതായതു ദുരിതാശ്വാസത്തിനു വേണ്ടതിന്റെ നാലു മടങ്ങു ഫണ്ട് പല സ്രോതസുകളില്‍ നിന്നായി ലഭ്യമായെങ്കിലും നടപടികള്‍ ഇപ്പോഴും ഇഴഞ്ഞു നീങ്ങുന്നു.

ക്ഷീരമുള്ളോരകിടിന്ന് ചുവട്ടിലും

സോവറീന്‍ ഗ്യാരണ്ടീ ബാധ്യത പാലിക്കാതിരുന്ന സംസ്ഥാന സര്‍ക്കാരിന്റെ വായ്പാ ചരിത്രം മോശമാകുന്നതിനാല്‍ ഭാവിയില്‍ നടക്കുന്ന കടമെടുപ്പിനെല്ലാം സംസ്ഥാനം അധിക പലിശ കൊടുക്കേണ്ടി വരും. കടമെടുത്തും പലിശ കൊടുത്തും മുടിയുന്ന സംസ്ഥാന സര്‍ക്കാരിന് വലിയൊരു ആശ്വാസമാണ് കേന്ദ്ര സര്‍ക്കാരിന്റെ പ്രത്യേക പ്രൊജക്ടുകള്‍ക്കുള്ള അമ്പതു വര്‍ഷത്തേയ്‌ക്കുള്ള പലിശ രഹിത വായ്പാ പദ്ധതി. പ്രത്യേകിച്ചും റെവന്യൂ ചെലവല്ലാം കഴിഞ്ഞു മൂലധന ചെലവിനു പ
ണമില്ലാത്ത സാഹചര്യത്തില്‍. അതിലും ചതി ആരോപിക്കാനാണ് ഡോ. തോമസ് ഐസക്കിന് താത്പര്യം. കൂടുതല്‍ നല്ല പ്രൊജക്ടുകള്‍ വര്‍ഷാരംത്തിലെ കൊടുക്കുന്ന സംസ്ഥാനങ്ങള്‍ക്ക് ഈ പദ്ധതിയില്‍ കൂടുതല്‍ വിഹിതം കിട്ടും. അതിനു സമയബന്ധിതമായി ശ്രമിക്കാതെ അവസാന നിമിഷം തട്ടിക്കൂട്ടു പ്രൊജക്ടുകള്‍ നല്‍കി ശതമാനം കുറഞ്ഞുവെന്നു പരാതി പറയാനാണ് ഉത്സാഹം. ജനത്തെ പറഞ്ഞു തെറ്റിദ്ധരിപ്പിച്ചു രാഷ്‌ട്രീയ മുതലെടുപ്പ് നടത്തി നാലു വോട്ട് കിട്ടുമോ എന്നത് മുഖ്യ ലക്ഷ്യമാകുമ്പോള്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക തത്പര്യങ്ങള്‍ ബലി കഴിക്കപ്പെടുന്നു എന്നതാണ് ദുഃഖകരം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by