തികഞ്ഞ യാഥാസ്ഥിതികനായ രാഘവയ്യ തിരുവിതാംകൂറിലെ ദിവാനായിരുന്നകാലം. എല്ലാ ജാതി വിരുദ്ധ പ്രസ്ഥാനങ്ങളോടും കര്‍ശനമായ നിലപാട് എടുത്തിരുന്നകാലം. ഈ പശ്ചാത്തലത്തില്‍, ഒരു നൂറ്റാണ്ടു് മുമ്പ് അയിത്തജാതിക്കാരനായ ഒരു യുവാവ് തിരുവിതാംകൂര്‍ ദിവാന്‍ജിയെ നോക്കി വെല്ലുവിളിച്ചത് കേരള ചരിത്രത്തിലെ പൊട്ടിത്തെറിക്കുന്ന സംഭവം ആയി മാറി. ”മഹാരാജാവിന്റെ തിരുമുമ്പില്‍ ക്ഷേത്രപ്രവേശന നിവേദനം നടത്താന്‍ താങ്കള്‍ അനുവദിക്കുകയില്ല. പ്രജാസഭയില്‍ അവതരിപ്പിക്കാന്‍ സമ്മതിക്കുകയില്ല. ഇങ്ങനെയാണെങ്കില്‍ സംസ്ഥാനത്തിന് വെളിയില്‍ പോയി ഈ പ്രശ്‌നത്തിന് പരിഹാരം ഞാന്‍ ഉണ്ടാക്കും. എന്നായിരുന്നു വെല്ലുവിളി. ഈ സംഭവമാണ്, ടി.കെ. മാധവന്‍ എന്ന ആ യുവാവ് 1921-ല്‍ തിരുനെല്‍വേലിയില്‍ പോയി ഗാന്ധിജിയെ കണ്ടു സംസാരിക്കാനും ഗാന്ധിജിക്ക് തിരുവിതാംകൂറിലെ അന്നത്തെ സാമൂഹ്യ അനീതികള്‍ മനസ്സിലാക്കാനും ഇടവരുത്തിയത്. പില്‍ക്കാലത്ത് ഗാന്ധിജിയും ഗുരുദേവനും തമ്മിലുള്ള സംവാദത്തിന് അടിത്തറയിടാന്‍ ദേശാഭിമാനി ടി.കെ. മാധവനും ഗാന്ധിജിയും തമ്മിലുള്ള ഊഷ്മളമായ സ്‌നേഹബന്ധം കാരണമായി.
ചെട്ടിക്കുളങ്ങരയിലെ ഗീതാഭവനത്തില്‍ ടി.കെ.മാധവന്‍ ഉള്ളപ്പോള്‍ നിരവധി സന്ദര്‍ശകര്‍ ഉണ്ടായിരിക്കും. പൂര്‍ണ്ണ ആരോഗ്യവാനു പോലും സാധിക്കാത്ത ഭാരിച്ച ജോലികളാണ് രോഗിയായിരുന്നിട്ടും അദ്ദേഹം ഏറ്റെടുത്ത് നടപ്പാക്കിയത്. ജന്മനാ കാസ രോഗിയായിരുന്ന അദ്ദേഹം ക്ലേശഭരിതമായ ജോലി നിമിത്തം നിത്യരോഗിയായി പ്രവര്‍ത്തന മണ്ഡലമായ യുദ്ധഭൂമിയില്‍ പടത്തലവനെപോലെ പോരാടി മരിച്ചുവീഴുകയായിരുന്നു.
വൈക്കം സത്യഗ്രഹവും, തിരുവാര്‍പ്പ് സത്യഗ്രഹവും മുതല്‍ നിരവധി സമരപരമ്പരകള്‍ക്ക് നേതൃത്വം നല്‍കി ശക്തനായ ജനകീയ നേതാവായി അദ്ദേഹം പ്രശോഭിച്ചു. സംഘാടകന്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തികള്‍ അത്ഭുതമായി ചരിത്രകാരന്‍മാര്‍ രേഖപ്പെടുത്തുന്നു. ഒരു വര്‍ഷം കൊണ്ട്, എസ്എന്‍ഡിപിയെ ജനകീയ സമരസംഘടനയാക്കുന്നതിന് അടിത്തറയിട്ടു. എസ്.എന്‍.ഡി.പി. യോഗത്തിന്റെ ആ കാലഘട്ടം ടി.കെ.മാധവന്റെ സമരകാലഘട്ടമായി സഹോദരന്‍ അയ്യപ്പന്‍ വിലയിരുത്തുന്നു. പരസ്പരവിരുദ്ധമായ ആശയ സംഹിതകളെ അടിസ്ഥാനമാക്കി പ്രവര്‍ത്തിച്ചുവന്നിരുന്ന ജനത്തെ ഒരു കുടക്കീഴില്‍ സംഘടിപ്പിക്കുന്നതില്‍ അദ്ദേഹത്തിന് ജന്മസിദ്ധമായ കഴിവുണ്ടായിരുന്നു. വൈക്കം സത്യഗ്രഹം അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ്. കേരളത്തിലെ സവര്‍ണ്ണ നേതാക്കള്‍ ഉള്‍പ്പെടെ ബാരിസ്റ്റര്‍ ജോര്‍ജ് ജോസഫ് മുതല്‍ അങ്ങ് അകലെയുള്ള അകാലികളെ വരെ ആ സമരത്തില്‍ പങ്കെടുപ്പിക്കാന്‍ സാധിച്ചു. ഗാന്ധിജിയുടെ ദര്‍ശനങ്ങളോട് ഒരു തരത്തിലും യോജിപ്പില്ലായിരുന്ന ഗുരുദേവന്‍ പക്ഷെ ടി.കെ. മാധവന്റെ സമരത്തിന് തന്റെ വൈക്കത്തെ മേലൂര്‍ മഠം നല്‍കി അനുഗ്രഹിച്ചു. ഇവിടെ എല്ലാവരും ഖദര്‍ ആണോ കഴിക്കുന്നത് എന്ന് ഗുരുദേവന്‍ തമാശ രൂപേണ ചോദിക്കുകയുണ്ടായി. ടി.കെ. മാധവന്റെ ഗാന്ധി ഭക്തിയെ പരോക്ഷമായി വിമര്‍ശിക്കുകയായിരുന്നു ഗുരുദേവന്‍. സംന്യാസി ആയിരുന്ന ഗുരുദേവന്‍ നേരിട്ട് സമര പന്തല്‍ സന്ദര്‍ശിച്ചത് ടി.കെ. മാധവനോടുള്ള സ്‌നേഹവാത്സല്യം കൊണ്ടു മാത്രമായിരുന്നു. ശിവഗിരി മഠത്തില്‍ വൈക്കം സത്യഗ്രഹത്തിന് വേണ്ടി ഗുരുദേവന്‍ ഒരു കാണിക്കവഞ്ചി തുറന്നു. തിരുവിതാംകൂറിലെ പ്രസിദ്ധമായ ആലുംമൂട്ടില്‍ കുടുംബത്തിലെ കേശവന്‍ ചാന്നാരുടേയും കോമലേഴത്തുകുടുംബത്തിലെ ഉമ്മിണി അമ്മയുടേയും മകനായി 1885 സെപ്റ്റംബര്‍ 2-ാം തീയതി ആണ് ടി.കെ. മാധവന്റെ ജനനം. ജാതീയമായ അവഗണന അദ്ദേഹത്തിന് ചെറുപ്പത്തില്‍ത്തന്നെ അനുഭവിക്കേണ്ടി വന്നു. തന്റെ വീട്ടില്‍ ആശ്രിതരായിരുന്ന സവര്‍ണ്ണ കുടുംബത്തിലെ കുട്ടികളുടെ കൂടെ ആയിരുന്നു മാധവന്‍ കുടിപ്പള്ളിക്കുടത്തില്‍ പോയിരുന്നത്. സ്‌കൂളില്‍ ആശാന്‍ മറ്റു കുട്ടികളെ തൊട്ട് അടിക്കുമ്പോള്‍ മാധവനെ തൊടാതെ എറിഞ്ഞാണ് അടികൊടുത്തത്. ഇത് മാധവന്റെ മനസില്‍ ആഴത്തില്‍ മുറിവേല്‍പ്പിച്ചു.
പില്‍ക്കാലത്ത് കേരളത്തെ മാറ്റിമറിച്ച പ്രക്ഷോഭങ്ങള്‍ക്ക് നെടുംതൂണായ ടി.കെ.മാധവന് എല്ലാ സൗഭാഗ്യങ്ങളും ഉണ്ടായിട്ടും ജാതിയുടെ ഇത്തരം അടിമത്വം ഏറെ അനുഭവിക്കേണ്ടിവന്നു. ആലുംമൂട്ടിലെ കുടുംബത്തിലെ കുട്ടികളെ ഇംഗ്ലീഷ് പഠിപ്പിക്കാന്‍ ആലപ്പുഴയില്‍ നിന്നു സുബ്രഹ്മണ്യന്‍പിള്ള എന്ന അദ്ധ്യാപകനെ ഏര്‍പ്പാടാക്കിയിരുന്നു. അങ്ങനെ അദ്ദേഹത്തിന് ഇംഗ്ലീഷില്‍ നല്ല പരിജ്ഞാനം സിദ്ധിച്ചു. ജീവചരിത്രങ്ങള്‍ ഉള്‍പ്പെടെയുള്ള സാഹിത്യസൃഷ്ടികള്‍ അദ്ദേഹം സ്വായത്തമാക്കി. പില്‍ക്കാലത്ത് ടി.കെ.യുടെ പൊതുപ്രവര്‍ത്തനത്തിന് ഇത് വളരെ പ്രയോജനപ്പെട്ടു.
1915-ല്‍ കൊല്ലത്തുനിന്ന് ആരംഭിച്ച ‘ദേശാഭിമാനി’ പത്രത്തിലൂടെ തന്റെ ആശയങ്ങളും പ്രവര്‍ത്തനപദ്ധതികളും ജനമനസ്സുകളില്‍ ശക്തമായ കൊടുങ്കാറ്റായി സന്നിവേശിപ്പിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. സ്വദേശത്ത് മാത്രം അറിയപ്പെട്ടിരുന്ന ടി.കെ, പിന്നീട് കേരളം മുഴുവനും പ്രസിദ്ധനായ ദേശാഭിമാനി ടി.കെ.മാധവന്‍ ആയത് ഈ പത്രത്തിലൂടെയാണ്. സമരപരമ്പരകളേയും എസ്.എന്‍.ഡി.പി. യോഗങ്ങളെയും ജനകീയ പ്രസ്ഥാനമാക്കി മാറ്റുന്നതിനും ദേശാഭിമാനി വലിയ പങ്ക് വഹിച്ചു. കോട്ടയത്ത് തിരുനക്കര മൈതാനിയില്‍ പൗരസമത്വത്തിനുവേണ്ടി ഒരു മഹാസമ്മേളനം ഇ.ജെ.ജോണ്‍ ബി.എ.ബി.എല്‍.ന്റെ അദ്ധ്യക്ഷതയില്‍ നടത്തിയതിന്റെ മുഖ്യസംഘാടകന്‍ ടി.കെ.ആയിരുന്നു. മൂന്നു പ്രബല സമുദായങ്ങളായ ഈഴവ, ക്രിസ്ത്യന്‍, മുസ്ലീം വിഭാഗങ്ങളെ ഒരുമിച്ച് സംഘടിപ്പിച്ച് അന്നു നിലവില്‍ സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ നിലനിന്നിരുന്ന, ഇവരെ ഒഴിവാക്കുന്ന നിയമം റദ്ദ് ചെയ്തു തരണമെന്ന് ആവശ്യപ്പെട്ട് ഒരു ഭീമഹര്‍ജി മഹാരാജാവിന്റെ മുമ്പില്‍ വായിച്ച് അവതരിപ്പിച്ചത് ടി.കെ.മാധവന്‍ ആയിരുന്നു. കേരളത്തിലെ പൊതുജീവിതത്തിന് പ്രജയില്‍ നിന്നു പൗരനിലേക്കുള്ള ചിന്തയുടെ അടിസ്ഥാനമിട്ടത് ഈ സമരമാണ്. ആ കാലഘട്ടം, കേരളത്തിന്റെ നവോത്ഥാന കാലഘട്ടം എന്നു വിലയിരുത്തപ്പെടുന്നു.
ചരിത്രപണ്ഡിതന്മാര്‍ എന്നു സ്വയം ധരിക്കുന്നവര്‍ ഗുരുദേവനേയും അക്കാലത്തെ നേതാക്കളേയും വികലമായി ചിത്രീകരിക്കുന്ന പ്രവണത അടുത്ത കാലത്തു കണ്ടുവരുന്നുണ്ട്. കുമാരനാശാനും ടി.കെ.മാധവനും ബദ്ധവൈരികളായിരുന്നു എന്ന വീക്ഷണം ശരിയല്ല. ടി.കെ.യുടെ കൊല്ലത്തുള്ള ദേശാഭിമാനി ഓഫീസിലെ നിത്യസന്ദര്‍ശകനായിരുന്നു ആശാന്‍. ആ മഹാത്മാക്കളുടെ ജീവിതം ശരിയായി പഠിക്കുന്നവര്‍ക്ക് ഇതിലെ പൊരുത്തക്കേട് മനസ്സിലാകും. ആശാനും ടി.കെയും അന്നത്തെ പൊതുജീവിതത്തിലെ അനാചാരങ്ങള്‍ തകര്‍ത്തെറിയാന്‍ ഒരുപോലെ ശക്തമായി നിലകൊണ്ടു. പക്ഷേ അവരുടെ സമീപനങ്ങളില്‍ വൈരുദ്ധ്യമുണ്ടായിരുന്നു. സംന്യാസിയുടെ ദാര്‍ശനിക ഔന്നിത്യം ആശാനുണ്ടായിരുന്നു. ടി.കെയാണെങ്കില്‍ ക്ഷോഭിക്കുന്ന ജനതയുടെ പ്രതീകമായിരുന്നു. ഈ ആശയ സംഘട്ടനം അതിന്റെ മൂര്‍ദ്ധന്യത്തില്‍ നില്‍ക്കുമ്പോഴും അവരുടെ വ്യക്തിബന്ധത്തിന് ഒരു കുറവും വന്നിരുന്നില്ല. ഒരിക്കല്‍, ഒരു യോഗത്തില്‍ ആശാന്‍, ടി.കെ, സഹോദരന്‍ അയ്യപ്പന്‍, കെ.പി.കയ്യാലക്കല്‍ എന്നിവര്‍ അവരവരുടെ വാദമുഖങ്ങളെ അവതരിപ്പിച്ചുകൊണ്ടും എതിര്‍കക്ഷികളെ അതിശക്തമായി എതിര്‍ത്തുകൊണ്ടും പ്രസംഗിക്കുകയായിരുന്നു. ഇതൊക്കെ കേട്ടുകൊണ്ടു മുന്‍നിരയില്‍ ഇരുന്ന ആശാന്റെ ഭാര്യ ഭാനുമതിഅമ്മ, ടി.കെ.യുടെ ഭാര്യ നാരായണി ചാന്നാട്ടി, സഹോദരന്‍ അയ്യപ്പന്റെ ഭാര്യ പാര്‍വതിഅമ്മ കെ.പി.കയ്യാലയ്‌ക്കലിന്റെ ഭാര്യ നാരായണി അമ്മ എന്നിവര്‍ വിഷണ്ണരായി തലകുനിച്ചിരുന്നു. ഗാഢമായ സ്‌നേഹബന്ധത്തില്‍ കഴിഞ്ഞിരുന്ന കുടുംബങ്ങളായിരുന്നു ഇവരുടേത്. ഇനി ഒരിക്കലും അതുപോലെ കഴിയാന്‍ പറ്റുകയില്ല എന്ന ചിന്താഭാരമായിരുന്നു ആ പ്രസംഗങ്ങള്‍ കേട്ട അവര്‍ക്ക്. യോഗം കഴിഞ്ഞു. സദസ്സ് ലഘുഭക്ഷണത്തിനായി തിരിച്ചപ്പോഴും ആ അമ്മമാര്‍ ദുഃഖത്തോടെ ഇരുന്നു. അപ്പോള്‍ ദൂരെനിന്ന് പൊട്ടിച്ചിരിയോടെ കെട്ടിപ്പിടിച്ചു കൊണ്ടു ആ നാലുപേരും വരുന്നു. വേദിയില്‍ കണ്ട ആളുകള്‍ ആയിരുന്നില്ല അവര്‍.
ടി.കെയുടെ 44-ാം വയസ്സിലെ മരണം കുടുംബത്തെ പ്രതിസന്ധിയില്‍ കൊണ്ടെത്തിച്ചു. അപ്പോഴെല്ലാം ഭാനുമതി അമ്മ ആ കുടുംബത്തോടൊപ്പം സഹാനുഭൂതിയോടെ നിലകൊണ്ടു. ടി.കെയുടെ ജീവിതരേഖകള്‍ ഇന്നും കിട്ടാന്‍ കാരണം ഭാനുമതിയമ്മയാണ്. അവര്‍ ടി.കെയുടെ ജീവിതചരിത്രം രണ്ടു വാള്യങ്ങളിലായി കൊല്ലം ശ്രീരാമവിലാസം പ്രസ്സില്‍ 1936-ല്‍ ശാരദ ബുക്ക് ഡിപ്പോയില്‍ പ്രസിദ്ധപ്പെടുത്തിയത് ആ സ്‌നേഹത്തിന്റെ ആഴവും പരപ്പും വെളിപ്പെടുത്തുന്നു. എല്ലാ സൗഭാഗ്യങ്ങളും മാറ്റിവച്ച് പ്രവര്‍ത്തിമണ്ഡലത്തില്‍ പൊരുതി നിന്ന ടി.കെ.മാധവന്‍ 1930 ഏപ്രില്‍ 27-ാം തീയതി വെളുപ്പിന് 5 മണിക്ക് കാലയവനികയ്‌ക്കുള്ളില്‍ മറഞ്ഞു. കേരളീയ നവോത്ഥാന ചരിത്രത്തില്‍ ആരാലും മായ്‌ക്കപ്പെടാത്തവിധം ദേശാഭിമാനി ടി.കെ.മാധവന്‍ എന്ന പേര് സ്വര്‍ണ്ണലിപികളാല്‍ എഴുതി ചേര്‍ക്കപ്പെട്ടിരിക്കുന്നു.
(ടി.കെ. മാധവന്റെ ചെറുമകന്‍ ആണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: