ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തില്‍ കേരളത്തില്‍ ഉണ്ടായ സാമൂഹ്യ നവോത്ഥാനത്തില്‍ പ്രധാന പങ്കുവഹിച്ച ആചാര്യ സ്ഥാനീയരില്‍ പ്രമുഖനാണ് വാഗ്ഭടാനന്ദ ഗുരുദേവന്‍. ഉത്തരമലബാര്‍ ആയിരുന്നു അദ്ദേഹത്തിന്റെ കര്‍മ്മക്ഷേത്രം. പുതുതലമുറ അദ്ദേഹം നടത്തിയ സാമൂഹ്യ പരിഷ്‌കരണ ശ്രമങ്ങളേയും അത് കേരളത്തില്‍ വരുത്തിയ വിപ്ലവകരമായ മാറ്റങ്ങളേയും കുറിച്ച് കൂടുതല്‍ അറിയേണ്ടതുണ്ട്.
1885 ഏപ്രില്‍ 27ന് (കൊല്ലവര്‍ഷം 1060 മേടം 14) കണ്ണൂര്‍ ജില്ലയിലെ പാട്യം ഗ്രാമത്തില്‍ വയലേരി എന്ന തീയ്യര്‍ തറവാട്ടില്‍ കോരന്‍ ഗുരുക്കളുടേയും ചീരു അമ്മയുടേയും മകനായാണ് വാഗ്ഭടാനന്ദന്റെ ജനനം. വയലേരി കുഞ്ഞിക്കണ്ണന്‍ ഗുരുക്കള്‍ എന്നതായിരുന്നു അദ്ദേഹത്തിന്റെ യഥാര്‍ത്ഥ നാമം. അദ്ദേഹത്തിന്റെ വാഗ്മിത കണ്ട് ബ്രഹ്മാനന്ദ സ്വാമി ശിവയോഗി ആണ് ‘വാഗ്ഭടാനന്ദന്‍’ എന്ന പേരു നല്‍കിയത്. മലബാര്‍ കേന്ദ്രീകരിച്ചായിരുന്നു പ്രാധാനമായും അദ്ദേഹത്തിന്റെ സാമൂഹിക പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍. ഹിന്ദു മതത്തില്‍ നിലനിന്ന അന്ധവിശ്വാസങ്ങള്‍ ഇല്ലായ്മ ചെയ്തതിലും വിശ്വാസാചാരങ്ങളെ കാലോചിതമായി പരിഷ്‌കരിച്ചതിലും വാഗ്ഭടാനന്ദന്റെ സംഭവാനകള്‍ നിസ്തുലമാണ്.
സംസ്‌കൃത പണ്ഡിതനായ അച്ഛനില്‍ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടി. പാരമ്പത്ത് രൈരുനായര്‍, എം. കോരപ്പന്‍ ഗുരുക്കള്‍ എന്നിവരില്‍ നിന്ന് തര്‍ക്കത്തിലും വ്യാകരണത്തിലും ഉപരിപഠനം നടത്തി. 1905-ല്‍ കോഴിക്കോട്ടെത്തിയ അദ്ദേഹം ഡോ. അയ്യത്താന്‍ ഗോപാലന്റെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായി ബ്രഹ്മസമാജത്തോടോപ്പം ചേര്‍ന്നു. ബ്രഹ്മസമാജത്തിനായി ഒട്ടേറെ പ്രാര്‍ത്ഥനാ ഗിതങ്ങളും കീര്‍ത്തനങ്ങളും രചിച്ചു. ഡോ. അയ്യത്താന്‍ ഗോപാലന്റെ പത്‌നിയായിരുന്ന കൗസല്യഅമ്മാളിന്റെ ജീവചരിത്രവും രചിച്ചു.
1906-ല്‍ ‘ആത്മപ്രകാശിക’ എന്ന പേരില്‍ സംസ്‌കൃത വിദ്യാലയം ആരംഭിച്ചു. മലബാറില്‍ സംസ്‌കൃത ഭാഷ ജനകീയമാക്കുന്നതിനു മുന്‍കൈയെടുത്തു. അക്കാലത്ത് കേരളത്തില്‍ നിലനിന്ന അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും എതിരിടുന്നതോടൊപ്പം ഭാരതീയ തത്ത്വചിന്തയുടെ ആധാരമായ ‘അദൈ്വത’ദര്‍ശനത്തെ സാധാരണക്കാര്‍ക്ക് പ്രാപ്യമായ രീതിയില്‍ അവതരിപ്പിച്ച് മനുഷ്യനെ മനുഷ്യനാക്കി മാറ്റുകയെന്ന അതിസാഹസിക പോരാട്ടമാണ് അദ്ദേഹം നടത്തിയത്.
1911-ല്‍ കോഴിക്കോട് കല്ലായിയില്‍ രാജയോഗാനന്ദ കൗമുദി യോഗശാല സ്ഥാപിച്ചു. 1914 മാര്‍ച്ചില്‍ ‘ശിവയോഗി വിലാസം’ മാസിക ആരംഭിച്ചു. 1920-ല്‍ തിരുവിതാംകൂറിലും മലബാറിലും ‘ആത്മവിദ്യാസംഘം’ സ്ഥാപിച്ചു. ഹിന്ദു മത പരിഷ്‌കരണമായിരുന്നു ആത്മവിദ്യാസംഘത്തിന്റെ ലക്ഷ്യം.
‘ഐക്യ നാണയ സംഘം’ എന്ന പേരില്‍ വാഗ്ഭടാനന്ദന്റെ നേതൃത്വത്തില്‍ രൂപംകൊണ്ട കാര്‍ഷിക ബാങ്ക് ആണ് ഇന്നത്തെ കരാര്‍ കമ്പനിയായ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റി ആയി മാറിയത്. ചാപ്പയില്‍ കുഞ്ഞ്യേക്കു ഗുരുക്കള്‍ മുതല്‍ പതിനാലു പേര്‍ ഒരു രൂപ ഓഹരിയെടുത്താണ് ഐക്യനാണയസംഘം ആരംഭിച്ചത്. കേരളത്തിലെ എന്നല്ല, ഭാരതത്തിലെ തന്നെ ഏറ്റവും വലിയ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റികളില്‍ ഒന്നായ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി എന്ന യുഎല്‍സിഎസ്.
1921-ല്‍ ആത്മവിദ്യാസംഘം ‘അഭിനവ കേരളം’ എന്ന പത്രം തുടങ്ങി. അന്ധവിശ്വാസങ്ങളെ യുക്തി മാര്‍ഗത്തില്‍ ഉച്ചാടനം ചെയ്യാനാണ് അദ്ദേഹം അഭിനവ കേരളത്തിലൂടെ അവസാനം വരെ ശ്രമിച്ചത്.
തുടക്കത്തില്‍ ബ്രഹ്മാനന്ദ ശിവയോഗിയുടെ അന്തരംഗ ശിഷ്യനായിരുന്നെങ്കിലും പിന്നീട് അദ്ദേഹത്തിന്റെ ചില വീക്ഷണങ്ങളില്‍ വിയോജിച്ച് സ്വന്തം പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കടത്തനാട്ട് അദ്ദേഹം നടത്തിയ പോരാട്ടം ‘ഏറ്റുമാറ്റ്’ പോലുള്ള അനാചാരങ്ങള്‍ ഇല്ലാതാക്കി. ശിഷ്യനായ മണല്‍ത്താഴ രാമോട്ടി അവര്‍ണര്‍ക്ക് കുളിക്കാന്‍ പുതുപ്പണത്ത് പൊതുകുളമുണ്ടാക്കി. 1931-ല്‍ ഈ കുളത്തിനടുത്ത് വാഗ്ഭടാനന്ദന്‍ നടത്തിയ പ്രഭാഷണ പരമ്പരയോടെ ആണ് കുട്ടിച്ചാത്തന്‍ കാവുകളിലെ ജന്തുബലി ഇല്ലാതായത്.
അറിവു നല്‍കാന്‍ പാഠശാലകള്‍, ആശയരൂപവത്കരണത്തിനും ആശയ സംവാദങ്ങള്‍ക്കും പ്രബോധന സംഘടന, ആശയവിനിമയത്തിന് പത്രസ്ഥാപനം, അടിമത്തത്തില്‍നിന്നും മോചനം നേടാനും ഇഷ്ടപ്പെട്ട തൊഴില്‍ ചെയ്ത് ജീവിക്കാനും സാമ്പത്തിക സ്വാശ്രയത്വത്തിനും പരസ്പര സഹായ സഹകരണ സംഘങ്ങള്‍, പിഞ്ചുകുഞ്ഞുങ്ങള്‍ക്കുപോലും ഹൃദ്യമാവുന്ന പ്രാര്‍ഥനകളും ധ്യാനരീതികളും തുടങ്ങി സമഗ്ര സാമൂഹ്യ പരിഷ്‌കരണത്തിനു വേണ്ടതെല്ലാം അദ്ദേഹം ചെയ്തു. ആത്മീയാചാര്യന്‍, കവി, പത്രപ്രവര്‍ത്തകന്‍, വിദ്യാഭ്യാസ വിചക്ഷണന്‍, തൊഴിലാളി സംരക്ഷകന്‍, വിമര്‍ശകന്‍, തത്ത്വചിന്തകന്‍ എന്നിങ്ങനെ ബഹുമഖ പ്രതിഭയായി അദ്ദേഹം വാഴ്‌ത്തപ്പെട്ടു. ഗാന്ധിയന്‍ ആശയങ്ങളില്‍ ഊന്നി അറിവിന്റെ ആഴത്തില്‍ നിന്നുതിരുന്ന വാഗ്‌ധോരണിയാല്‍ എതിര്‍ത്തവരെ മുഴുവന്‍ അടിയറവു പറയിച്ച ആ വിജ്ഞാന പോരാളി 1939-ല്‍ സമാധിയായി.
1917-ല്‍ ഇദ്ദേഹം സ്ഥാപിച്ച ആത്മവിദ്യാ സംഘം ജാതി വ്യവസ്ഥക്കും അനാചാരങ്ങള്‍ക്കും എതിരെയുള്ള പോരാട്ടമാണ് നടത്തിയത്. കറപ്പയില്‍ കണാരന്‍ മാസ്റ്റര്‍, കുന്നേത്ത് കുഞ്ഞേക്കു ഗുരിക്കള്‍, പാലേരി ചന്തമ്മന്‍, വണ്ണാത്തിക്കണ്ടി കണ്ണന്‍ എന്നിവരായിരുന്നു ഈ പ്രസ്ഥാനത്തിന്റെ ആദ്യകാല പ്രവര്‍ത്തകര്‍. സാമൂഹിക പരിഷ്‌കരണത്തിനായി പ്രവര്‍ത്തിച്ച സംഘടനക്കെതിരെ ജന്മിമാര്‍ ഒന്നിക്കുകയും സംഘത്തില്‍ പ്രവര്‍ത്തിക്കുന്നവരുടെ മക്കളെ സ്‌കൂളില്‍ പോലും കയറ്റാതാവുകയും ചെയ്തപ്പോഴാണ് കാരക്കാട്ട് ആത്മവിദ്യാസംഘം എല്‍.പി. സ്‌കൂള്‍ ആരംഭിച്ചത്.’ഉണരുവിന്‍, അഖിലേശനെ സ്മരിപ്പിന്‍ക്ഷണമെഴുന്നേല്‍പ്പിന്‍, അനീതിയോടെതിര്‍പ്പിന്‍’.
‘നാലണ സൂക്ഷിക്കുന്നവന്‍ വേറൊരാളെ പട്ടിണിക്കിടുന്നു’
‘ഏവരും ബത ഹരിക്കുമക്കളാണാവഴിക്ക് സഹജങ്ങള്‍ സര്‍വരും’ ഇങ്ങനെ അദ്ദേഹത്തിന്റെ പ്രശസ്തമായ വരികള്‍ ഏറെയാണ്.
‘അഭിനവ കേരളം’, ‘ആത്മവിദ്യാകാഹളം’, ‘ശിവയോഗി വിലാസം’, ‘ഈശ്വരവിചാരം’ തുടങ്ങിയ പ്രസിദ്ധീകരണങ്ങള്‍ക്കു പുറമേ അഞ്ചു ഗ്രന്ഥങ്ങളും എഴുതിയ വാഗ്ഭടാനന്ദന്‍ 54വര്‍ഷത്തെ ജീവിത നിയോഗം പൂര്‍ത്തിയാക്കി 1939 ഒക്ടോബര്‍ 29-ന് ആണ് അന്തരിച്ചത്.
(ഹിന്ദുഐക്യവേദി സംസ്ഥാനവൈസ് പ്രസിഡന്റ് ആണ് ലേഖകന്‍).
പ്രതികരിക്കാൻ ഇവിടെ എഴുതുക