Main Article

ഇവിടെ രാജാധികാരം ഉള്ളവരില്ല

Published by

പാര്‍ലമെന്റ് നിയമം പാസാക്കുന്നു. നിര്‍വഹണവിഭാഗം അത് നടപ്പിലാക്കുന്നു. ഞങ്ങള്‍ അവ വ്യാഖ്യാനം ചെയ്യുന്നു. ഭാരതത്തിലെ പരമോന്നത കോടതിയിലെ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന വഖഫ് ഭേദഗതിയുടെ നിയമ സാധുത ചോദ്യം ചെയ്തതടക്കമുള്ള ഹര്‍ജികള്‍ പരിഗണിക്കുമ്പോള്‍ പറഞ്ഞ വാക്കുകളാണിത്.

നമ്മുടെ ഭരണഘടനയുടെ പ്രവര്‍ത്തനം ഹ്രസ്വമായ രീതിയില്‍, പക്ഷെ, ഭംഗിയായും അവതരിപ്പിക്കുകയായിരുന്നു നമ്മുടെ ചീഫ് ജസ്റ്റിസ്. നിയമനിര്‍മാണം പാര്‍ലമെന്റിന്റേയും നിയമസഭയുടെയും അധികാരമാണ്. ആ അധികാരത്തില്‍ കൈകടത്തിക്കൊണ്ട് കോടതിക്ക് നിയമം ഉണ്ടാക്കാന്‍ കഴിയുമോ?. ഓര്‍ഡിനന്‍സുകള്‍ എന്ന താത്കാലിക നിയമമല്ലാതെ നിയമനിര്‍മാണം പരിപൂര്‍ണമായും പാര്‍ലമെന്റിനും നിയമസഭകള്‍ക്കും മാത്രം നീക്കിവയ്‌ക്കപ്പെട്ടവയാണ്. ഇതാണ് നമ്മുടെ ഭരണഘടനയുടെ അന്തഃസത്തയും പ്രത്യേകതയും. മൂന്ന് നെടുംതൂണുകളിലാണ് അതിന്റെ നിലനില്‍പ്. ഓരോ ഘടകത്തിനും നിശ്ചിത അധികാരങ്ങളും പരിധികളും അതിര്‍വരമ്പുകളും നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. ഈ മൂന്ന് ഘടകങ്ങളും പരസ്പരപൂരകങ്ങളാണ്. ഒന്ന് മറ്റൊന്നിനെ കടന്നാക്രമിക്കുകയോ അതിന്റെ അധികാര പരിധിയില്‍ അതിക്രമിച്ച് കയറുകയോ ചെയ്യുന്നത് നിഷിദ്ധമാണ്. ഉദാഹരണത്തിന് പാര്‍ലമെന്റ് പാസാക്കുന്ന നിയമം ഭരണാഘടനാവിധേയമാണെന്നും അതില്‍ കോടതികള്‍ ഇടപെടാന്‍ പാടില്ലെന്നും ഒരു നിയമം ഉണ്ടാക്കാന്‍ പാര്‍ലമെന്റിന് അധികാരമുണ്ടോ. ഇല്ലാ എന്നത് വ്യക്തമാണ്.

ആ അധികാരമില്ലാത്തതുകൊണ്ടാണ് 91-ാം പട്ടികയിലുള്‍പ്പെടുത്തി ചില നിയമങ്ങള്‍ക്ക് സംരക്ഷണം നല്‍കിയിരിക്കുന്നത്. നിയമം വ്യാഖ്യാനിക്കുന്ന കോടതികള്‍ക്ക് നിയമനിര്‍മാണ അധികാരം ഭരണഘടനയുടെ ഏതെങ്കിലും അനുഛേദത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടോ, ഇല്ല എന്ന് മാത്രമല്ല- നിയമസഭയുടെയും പാര്‍ലമെന്റിന്റെയും നടപടികളില്‍ പോലും ഇടപെടാന്‍ കോടതികള്‍ക്ക് അധികാരമില്ലെന്ന് ഭരണഘടനയുടെ 105,194 എന്നീ അനുഛേദത്തില്‍ നിന്ന് വളരെ വ്യക്തമാണ്. പാര്‍ലമെന്റിലോ നിയമസഭകളിലോ അഭിപ്രായ പ്രകടനം നടത്തിയാല്‍ മാനനഷ്ടക്കേസുകളില്‍ നിന്നുപോലും അംഗങ്ങള്‍ക്ക് പരിരക്ഷയുണ്ട്.

പാര്‍ലമെന്റോ നിയമസഭകളോ പാസാക്കുന്ന ബില്ലുകള്‍ നിയമമാകണമെങ്കില്‍ 111 ഉം 200 ഉം അനുഛേദങ്ങള്‍ പ്രകാരം രാഷ്‌ട്രപതിയോ ഗവര്‍ണര്‍മാരോ അനുമതി നല്‍കണം. 205-ാം അനുഛേദ പ്രകാരം രാഷ്‌ട്രപതിക്ക്, ഗവര്‍ണര്‍മാര്‍ അനുമതിക്കായി അയയ്‌ക്കുന്ന ബില്ലുകള്‍ രാഷ്‌ട്രപതിക്ക് അനുമതി നല്‍കുകയോ നിഷേധിക്കുകയോ ചെയ്യാനുള്ള അധികാരമുണ്ട്. ഇപ്രകാരം അനുമതി നല്‍കാത്ത ബില്ലുകള്‍ നിയമമാവുകയില്ല. രാജ്യത്തെ ഏറ്റവും ആധികാരവും സുപ്രധാനവുമായ ഗ്രന്ഥമാണ് നമ്മുടെ ഭരണഘടന. മുന്ന് ഘടകങ്ങളുടെയും പ്രവര്‍ത്തനം ഈ ഗ്രന്ഥത്തിന്റെ ചട്ടക്കൂടില്‍ ഒതുക്കിനിര്‍ത്തിക്കൊണ്ട് വേണം നിര്‍വഹിക്കാന്‍. ഭരണഘടനയില്‍ നിര്‍വചിച്ച നടപടികള്‍ പാലിക്കാതെ ഒരു ബില്ലും നിയമമാകുകയില്ല.

ബില്ലുകള്‍ക്ക് അനുമതി നല്‍കാന്‍ പ്രത്യേക സമയപരിധി ഭരണഘടന നിശ്ചയിച്ചിട്ടില്ല. കഴിവതും വേഗം എന്ന പദപ്രയോഗമാണ് ഭരണഘടനയിലുളളത്. രാജ്യത്തിന് വേണ്ടി സര്‍വ്വതും ത്യജിച്ച് സേവനനിരതരും ദേശസ്‌നേഹികളുമായ പ്രമുഖരാണ് സുദീര്‍ഘ ചര്‍ച്ചകള്‍ക്കുശേഷം ഭരണഘടനയ്‌ക്ക് രൂപം കൊടുത്തത്. കഴിവതും വേഗം എന്ന പദപ്രയോഗം പോര, കാലാവധി നിര്‍ണയിക്കണം എന്ന് പ്രമുഖരായ പല അംഗങ്ങളും ഭരണഘടനാ നിര്‍മാണ സമിതിയില്‍ ആവശ്യപ്പെടുകയുണ്ടായി. പ്രഗത്ഭമതിയായ ഡോ. അംബേദ്കര്‍ യുക്തിസഹമായ വാദങ്ങള്‍ക്കൊണ്ട് ആ ആവശ്യം ഉള്‍പ്പെടുത്തേണ്ടതില്ലെന്ന് അംഗങ്ങളെ ബോധ്യപ്പെടുത്തി. കഴിഞ്ഞ 75 വര്‍ഷത്തെ പ്രവര്‍ത്തനത്തില്‍ ഈ രീതിക്ക് ഒരു വൈകല്യവും ആരും ചൂണ്ടിക്കാണിക്കുകയുണ്ടായില്ല.

എന്നാല്‍ വിചിത്രമെന്ന് പറയട്ടെ 140 കോടി ജനങ്ങളില്‍ രണ്ട് പേര്‍ സുപ്രീം കോടതി ജഡ്ജിമാര്‍ എന്ന നിലയില്‍ ഭരണഘടനയില്‍ അതിന്റെ നിര്‍മാതാക്കള്‍ എഴുതിച്ചേര്‍ത്ത വാക്കുകള്‍ ഉള്‍പ്പെടുത്തികൊണ്ട് ആ വിധിന്യായം വഴി രാഷ്‌ട്രപതിക്ക് കല്‍പ്പന പുറപ്പെടുവിക്കുകയുണ്ടായി. നിയമം വ്യാഖ്യാനിക്കാന്‍ മാത്രം ചുമതലപ്പെടുത്തിയവര്‍ നിയമം നിര്‍മിക്കുക എന്ന അധികാരം ഉപയോഗിക്കുന്ന കാഴ്ചയാണ് രാജ്യം കണ്ടത്. വിചിത്രമെന്ന് പറയട്ടെ മൂന്ന് മാസം എന്ന സമയപരിധി കടമെടുത്തത് പാകിസ്ഥാന്‍ ഭരണഘടനയില്‍ നിന്നാണ്. ഇവിടെ പ്രസക്തമായ ഒരു ചോദ്യം നിയമ നിര്‍മാണങ്ങള്‍ക്കില്ലാത്ത അധികാരം നിയമം വ്യാഖ്യാനിക്കുന്നവര്‍ക്ക് എങ്ങനെ കിട്ടി, ആരു നല്‍കി.

സ്വയം നല്‍കുന്നത് ഭരണഘടനയിലെ ഏത് അനുഛേദത്തിന്റെ പിന്‍ബലത്തിലാണ്. നമ്മുടെ മഹത്തായ ഭരണഘടന കൈയൊഴിഞ്ഞ് പാക് മാതൃക സ്വീകരിക്കാന്‍ രണ്ട് ജഡ്ജിമാരെയും പ്രേരിപ്പിച്ചത് ഏത് ചേതോവികാരമാണ്. ഈ രണ്ട് ജഡ്ജിമാര്‍ അടിസ്ഥാനമാക്കിയിട്ടുളളത് 142-ാം അനുഛേദമാണ്. പരിപൂര്‍ണമായ നീതി ചെയ്യാന്‍ യുക്തമായ കല്‍പ്പനകള്‍ പുറപ്പെടുവിക്കാന്‍ സുപ്രീം കോടതിക്ക് ഈ അനുഛേദം അധികാരം നല്‍കുന്നുണ്ട്. പക്ഷെ ആ അധികാരം ഭരണഘടനയെത്തന്നെ നോക്കുക്കുത്തിയാക്കുന്ന തരത്തില്‍ പ്രയോഗിക്കാമോ. ജനാധിപത്യത്തില്‍ പരമാധികാരികളായ ജനങ്ങളെ മറികടന്ന് ഈ അധികാരം എവിടെ നിന്ന് കിട്ടി. ഭരണഘടനാ വിരുദ്ധമായ അധികാരം 142-ാം അനുഛേദം ഒരിക്കലും അനുവദിക്കുന്നില്ല. സ്രഷ്ടാവിനേക്കാള്‍ വലുതാകരുത് സൃഷ്ടി. വാദത്തിന് വേണ്ടി ഇങ്ങനെ ഒരു അധികാരം ഉണ്ട് എന്നത് സമ്മതിച്ച് കൊടുക്കാം. അപ്പോള്‍ ഈ അധികാരത്തിന്റെ വിരാമം എവിടെയായിരിക്കും. ഉദാഹരണത്തിന് തങ്ങള്‍ക്കും മന്ത്രിമാരെപ്പോലെ ദേശീയ പതാക കാറുകളില്‍ പറത്താന്‍ അവകാശം വേണമെന്ന് അലഹാബാദ് ഹൈക്കോടതി ഒരു വിധിന്യായത്തിലുടെയാണ് പ്രഖ്യാപിച്ചത്. മാന്യതകൊണ്ടും മര്യാദകൊണ്ടും സര്‍ക്കാരുകള്‍ ആ വിചിത്ര വിധി ചോദ്യം ചെയ്തില്ല. എന്നാല്‍ അതിന് സമാനമായ മറ്റൊരു കല്‍പ്പന നമ്മുടെ സുപ്രീം കോടതി പുറപ്പെടുവിച്ചാലോ. ഞങ്ങള്‍ക്ക് അമിതമായ ജോലിഭാരമുണ്ട്. രാജ്യത്തെ ഏറ്റവും വലിയ കോടതിയിലാണ് ഞങ്ങള്‍ ഇരിക്കുന്നത്. അതുകൊണ്ട് ഇപ്പോള്‍ പാര്‍ലമെന്റ് രണ്ടാം പട്ടികയനുസരിച്ച് നിശ്ചയിച്ച ശമ്പളം കുറവാണെന്നും അത് ചുരുങ്ങിയത് 15 ലക്ഷമെങ്കിലും ആക്കണമെന്നും കല്‍പ്പിക്കാന്‍ നമ്മുടെ സുപ്രീം കോടതിക്ക് അധികാരമുണ്ടോ. ഇല്ല എന്ന് ഉത്തരം പ്രകടമാണ്, സംശയരഹിതമാണ്. ഭരണഘടന തന്നെ ആ ചോദ്യത്തിന് മറുപടി നല്‍കിയിട്ടുണ്ട്.
എന്നാല്‍ ഈ അടിസ്ഥാന തത്വങ്ങളൊക്കെ വിസ്മരിച്ചുകൊണ്ട് പരമാധികാരികളായ ജനങ്ങളുടെ അഭിപ്രായം തൃണവത്കരിച്ചുകൊണ്ട് ഞങ്ങളാണ് പരമാധികാരികള്‍, ഞങ്ങള്‍ക്ക് എന്തും ചെയ്യാം, ഞങ്ങള്‍ പറയുന്നതാണ് നിയമം എന്നൊക്കെ നമ്മുടെ ബഹുമാന്യരായ രണ്ട് ജഡ്ജിമാര്‍ ചിന്തിച്ചിട്ടുണ്ടെങ്കില്‍ അവരുടെ ചിന്താസരണിക്ക് എന്തോ വൈകല്യം സംഭവിച്ചിട്ടുണ്ടെന്നുളളത് വ്യക്തമാണ്. ജനാധിപത്യത്തില്‍ രാജാക്കന്മാര്‍ ഇല്ല. നിയമവാഴ്ചയാണ് ഇവിടെ ഭരിക്കുന്നത്. ഭരണഘടനയാണ് എല്ലാ അധികാരങ്ങളുടെയും സിരാകേന്ദ്രം.ആ ഭരണഘടനയെ മറികടക്കാന്‍ ഒരു ശക്തിക്കും ജനങ്ങള്‍ അധികാരം നല്‍കിയിട്ടില്ല. ഇല്ലാത്ത അധികാരം ഉണ്ടെന്ന് കരുതുന്നത് രാജാക്കന്മാരുടെ ചിന്താഗതിയാണ്. ഒരു ജനാധിപത്യ സംവിധാനത്തില്‍ അത്തരം ചിന്താഗതികളെ വച്ചുപൊറുപ്പിക്കാന്‍ കഴിയില്ല. ചുരക്കത്തില്‍ ഒറ്റ വാക്കില്‍ പറഞ്ഞാല്‍ ചക്രവര്‍ത്തിമാരാകാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് നമ്മുടെ ജഡ്ജിമാര്‍. അതൊരിക്കലും അനുവദനീയമല്ല.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by