ഭരണഘടനാ ശില്‍പിയും ബഹുമുഖ വ്യക്തിത്വത്തിന് ഉടമയുമായ ഡോ. ബാബാ സാഹേബ് അംബേദ്കറിനു ചരിത്ര- രാഷ്‌ട്രമീമാംസ പാഠ്യക്രമങ്ങളില്‍ വേണ്ടത്ര അംഗീകാരം കിട്ടിയിട്ടില്ല. ഭരണഘടനാ ചരിത്രത്തില്‍ നിന്ന് വിസ്മൃതമാക്കാന്‍ ശ്രമിച്ചിട്ടുള്ള അദ്ദേഹത്തിന്റെ രണ്ടുപ്രസംഗങ്ങള്‍ ആത്മനിര്‍ഭര ഭാരതത്തിലേക്കുള്ള പ്രയാണകാലത്ത് വളരെ പ്രാധാന്യമര്‍ഹിക്കുന്നു. ഭരണഘടന സമിതിയിലെ അവസാനത്തേതും, മന്ത്രിസഭയില്‍നിന്ന് രാജിവെച്ചുകൊണ്ടുള്ളതുമാണവ. യഥാര്‍ത്ഥ രാജ്യസ്നേഹിയുടെ മനസില്‍ നിന്നുയര്‍ന്നു വരേണ്ട ആശങ്കകളും ക്രമേണയുണ്ടാകുന്ന നിരാശകളുമാണ് ഈ പ്രസംഗങ്ങളില്‍ നിഴലിക്കുന്നത്.
ഇവിടെ ഭരണഘടനാ സമിതിയിലെ അവസാനത്തെ പ്രസംഗത്തിന്റെ നിര്‍ണ്ണായക ഭാഗങ്ങള്‍ പരിശോധിക്കുമ്പോള്‍, പരാമര്‍ശിക്കപ്പെടുന്ന വിഷയങ്ങള്‍ എല്ലാം ഇന്നും പ്രസക്തമാണ്. ഭരണഘടനാ രൂപീകരണവേളകളില്‍ നേരിടേണ്ടിവന്ന പ്രശ്നങ്ങളെയും, വെല്ലുവിളികളെയും നേരിട്ട കാലവിളംബത്തെയും എല്ലാം കാര്യകാരണസഹിതം അദ്ദേഹം വിസ്തരിക്കുന്നു. ഒപ്പം സഹകരിച്ചവരോടെല്ലാം അംബേദ്കര്‍ നന്ദി പറയുന്നുണ്ട്.
ഭരണഘടനയുടെ പ്രവര്‍ത്തനത്തെ നിര്‍ണ്ണയിക്കുന്ന ഘടകങ്ങള്‍ എന്തൊക്കെയെന്ന് അദ്ദേഹം സൂചിപ്പിക്കുന്നു. ജനങ്ങളും രാഷ്‌ട്രീയപാര്‍ട്ടികളും കൂടി ഉണ്ടാക്കുന്നതാവണം ജനാധിപത്യത്തിലെ ഭരണസംവിധാനം. ആ ഭരണ സംവിധാനമാകട്ടെ, ജനങ്ങളുടെ അഭിലാഷങ്ങള്‍ക്കും രാഷ്‌ട്രീയപാര്‍ട്ടികളുടെ രാഷ്‌ട്രീയ ആവശ്യങ്ങള്‍ക്കും വേണ്ടത്ര പരിഗണന കൊടുക്കണം. പ്രശ്ന പരിഹാരങ്ങള്‍ ഭരണഘടനാ രീതിയിലൂടെയല്ലാതെ, വിപ്ലവ സമീപനത്തിലൂടെ എങ്കില്‍ ഭരണഘടന അപ്പാടെ പരാജയമാവുമെന്നു അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.
കമ്യൂണിസ്റ്റ് പാര്‍ട്ടിയും സോഷ്യലിസ്റ്റ് പാര്‍ട്ടിയും ഈ ഭരണഘടനയെ എതിര്‍ക്കുന്നതിന്റെ കാരണങ്ങള്‍ ഈ പ്രസംഗത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടുന്നുണ്ട്. കമ്യൂണിസ്റ്റ് പാര്‍ട്ടി ആവശ്യപ്പെടുന്ന ഭരണഘടന, തൊഴിലാളി വര്‍ഗ സര്‍വാധിപത്യത്തിലധിഷ്ഠിതമാവണമെന്നാണ്. സോഷ്യലിസ്റ്റ് പാര്‍ട്ടിയെ സംബന്ധിച്ച് രണ്ടു കാരണങ്ങള്‍ ഉണ്ട്:- എ)അവര്‍ അധികാരത്തില്‍ വരികയാണെങ്കില്‍ ഈ ഭരണഘടനയില്‍ ഒരു വകുപ്പുകൂടി പെടുത്തി, എല്ലാ സ്വകാര്യസ്വത്തുക്കളും യാതൊരു നഷ്ടപരിഹാരവും കൊടുക്കാതെ ദേശസാത്കരിക്കും.ബി) ഭരണഘടന ഉറപ്പുതരുന്ന മൗലികാവകാശം അനിയന്ത്രിതമാവണം. കാരണം, നിയന്ത്രണ വിധേയമായാല്‍, അവര്‍ക്കു അധികാരം കിട്ടാത്ത പക്ഷം ഈ അവകാശങ്ങള്‍ ഉപയോഗിച്ച് ഭരണത്തെ വിമര്‍ശിക്കാനോ വേണ്ടിവന്നാല്‍ രാജ്യത്തെ തന്നെ അട്ടിമറിക്കാനോ സാധിക്കില്ല. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍, ഭരണഘടന വിഭാവനം ചെയ്യുന്ന തത്വങ്ങള്‍ ഇന്നത്തെ തലമുറയുടെയും ഭരണഘടനാ സമിതിയിലെ അംഗങ്ങളുടെയും മാത്രമാണ്. കാലം മാറുന്നതിന് അനുസരിച്ച്, തലമുറകള്‍ മാറുന്നതനുസരിച്ച വേണ്ട ഭേദഗതികള്‍ വരുത്താനുള്ള വകുപ്പുകള്‍ കൃത്യമായി നമ്മുടെ ഭരണഘടനയിലുണ്ട്.
കേന്ദ്ര- സംസ്ഥാന ബന്ധങ്ങളെക്കുറിച്ചുള്ള ആക്ഷേപങ്ങള്‍ക്കും അദ്ദേഹം വ്യക്തമായ മറുപടി നല്‍കുന്നുണ്ട്. പരാതി എന്തെന്നാല്‍, ഈ ഭരണഘടന കേന്ദ്രത്തിനു കൂടുതല്‍ അധികാരം നല്കി സംസ്ഥാനങ്ങളെ വെറും മുന്‍സിപ്പാലിറ്റികളായി തരംതാഴ്‌ത്തുന്നു എന്നതാണ്. ഈ പ്രസംഗത്തിലൂടെ അദ്ദേഹം കൊടുക്കുന്ന മറുപടി കൃത്യമാണ്. അതായത് ഒരു ഫെഡറല്‍ സംവിധാനത്തിന്റെ അടിസ്ഥാന തത്വം, കേന്ദ്ര-സംസ്ഥാന ങ്ങളുടെ നിയമ നിര്‍മാണ-നിയമനിര്‍വഹണ അധികാരങ്ങള്‍ ഭരണഘടന തന്നെ നിഷ്‌കര്‍ഷിക്കുന്നു എന്നതാണ്. അതിനാല്‍ ഭരണഘടനാ പ്രകാരം സംസ്ഥാന സര്‍ക്കാരുകള്‍ ഒരുതരത്തിലും, നിയമനിര്‍മാണ- നിയമനിര്‍വഹണ കാര്യങ്ങളില്‍ കേന്ദ്രത്തെ ആശ്രയിക്കേണ്ട കാര്യമില്ല. രണ്ടു കൂട്ടര്‍ക്കും ഇക്കാര്യങ്ങളില്‍ തുല്യ അധികാരം എങ്കിലും കേന്ദ്രത്തിനു കുറച്ചു കൂടുതലുണ്ട്. അത് അവശിഷ്ടാധികാരവും, അടിയന്തിരാവസ്ഥ പ്രഖ്യാപനവുമാണ്. മറ്റു ഫെഡറല്‍ സംവിധാനങ്ങളില്‍നിന്ന് വ്യസ്ത്യസ്തമായി ഇനി
യും ചില അധികാരങ്ങള്‍ കൂടി കേന്ദ്രം വഹിക്കുന്നുണ്ട്. ഇത്രയും വൈവിധ്യങ്ങളുള്ള രാജ്യത്തു കേന്ദ്രത്തിനു മാത്രമേ രാജ്യ താല്‍പ്പര്യത്തിനും, പൊതുവായ ആവശ്യങ്ങള്‍ക്കും വേണ്ടിയുള്ള പ്രവര്‍ത്തനം നടത്താനാകൂ. രാജ്യം അടിയന്തരാവസ്ഥയില്‍ ആയിരിക്കുമ്പോള്‍, സംസ്ഥാനങ്ങളില്‍ നിന്ന് പ്രതീക്ഷിക്കുന്നത് ദേശീയതാല്പര്യങ്ങള്‍ക്ക് ഒപ്പം നില്‍ക്കുന്ന സമീപനത്തെയാണ്. ഇത് മാത്രമാണ് സംസ്ഥാനം ചെയ്യേണ്ടത്. ഭാരതത്തെപ്പോലെ വൈവിധ്യമാര്‍ന്ന ഒരു രാജ്യത്തിന്റെ യഥാര്‍ത്ഥ പ്രശ്നങ്ങള്‍ മനസ്സിലാക്കിയിട്ടുള്ളവര്‍ക്കു ഇങ്ങനൊരു സംവിധാനത്തെ അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടാവില്ലെന്നും അംബേദ്കര്‍ ഓര്‍മിപ്പിക്കുന്നു.
അദ്ദേഹത്തിന്റെ പ്രസംഗത്തിലെ ഇനിയുള്ള ഭാഗങ്ങളില്‍ എടുത്തുകാണിക്കുന്നതു ചില ആശങ്കകളാണ്. അദ്ദേഹം ചോദിക്കുന്നു, ഈ രാജ്യത്തിനു പൂര്‍ണ്ണ സ്വാതന്ത്യം നിലനിര്‍ത്താന്‍ സാധിക്കുമോ? 1950 ജനുവരി 26 ന് പൂര്‍ണ്ണ സ്വാതന്ത്ര്യം നേടുന്ന ഈ രാജ്യത്തിന്റെ ചരിത്ര ഏടുകള്‍ ഉദാഹരണമാക്കിക്കൊണ്ടാണ് ഈ ചോദ്യം ഉന്നയിക്കുന്നത്. മുഹമ്മദ് കാസിമിന്റെ സിന്ധ് ആക്രമണം തൊട്ട്, ദാഹര്‍ രാജാവിന്റെ സൈന്യാധിപന്‍, കാസിമിനില്‍ നിന്ന് അച്ചാരം വാങ്ങി ചതിച്ചതു മുതല്‍ രാജ്യത്തിനകത്തുനിന്നുള്ള ചതികളെ പരാമര്‍ശിച്ചുകൊണ്ടാണ് അദ്ദേഹം ആശങ്കപ്പെടുന്നത്. ഇത്തരം ചതികളുടെ തുടര്‍ച്ച ഇനിയും ഉണ്ടാകുമോ എന്നാണ് അദ്ദേഹം ചോദിക്കുന്നത്. അതിന്റെ പിന്നിലിലുള്ള വസ്തുത എന്നത് മേല്പറഞ്ഞ പഴയ ശത്രുക്കളോടൊപ്പം ഇന്ന് നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്ന ജാതി- വര്‍ഗ ചിന്തകളാണ്. ഇത്തരം വിവിധ ജാതി-വര്‍ഗ്ഗങ്ങള്‍ അവരുടേതായ രാഷ്‌ട്രീയ പാര്‍ട്ടികള്‍ രൂപീകരിക്കാന്‍ ശ്രമം ആരംഭിച്ചിരിക്കുന്നു. ഇന്ത്യന്‍ ജനത ഇത്തരം ജാതി-വര്‍ഗങ്ങള്‍ക്ക് രാജ്യത്തേക്കാള്‍ പ്രാധാന്യം കൊടുക്കുമോ? അതോ, രാജ്യത്തിനു ഇക്കൂട്ടരെക്കാള്‍ ബഹുമാനം കൊടുക്കുമോ? പാര്‍ട്ടികള്‍ ഈ ജാതി-വര്‍ഗങ്ങള്‍ക്ക് രാജ്യത്തേക്കാള്‍ പ്രാധാന്യം കൊടുക്കുകയാണെങ്കില്‍ നമ്മുടെ സ്വാതന്ത്ര്യം ത്രിശങ്കുവിലാകും എന്ന് അംബേദ്കര്‍ മുന്നറിയിപ്പ് നല്‍കുന്നു. എന്നുമാത്രമല്ല, ക്രമേണ സ്വാതന്ത്ര്യം തന്നെ എന്നന്നേക്കുമായി നഷ്ടപ്പെടും. ഈ സ്ഥിതിവിശേഷത്തോട് ചെറുത്തു നില്‍ക്കണമെന്നും, നമ്മുടെ സ്വാതന്ത്ര്യത്തെ സംരക്ഷിക്കാന്‍ അവസാന തുള്ളി രക്തം വാര്‍ന്നുപോകുന്നതു വരെ നിശ്ചയദാര്‍ഢ്യത്തോടെ പ്രവൃത്തിക്കണമെന്നും ആഹ്വാനം ചെയ്യുന്നുണ്ട്.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: