വഖഫ് ബില്ലില്‍ പരിഷ്‌കരണങ്ങള്‍ വരുത്തി പുതിയ വഖഫ് നിയമ ഭേദഗതി ബില്‍ 2025 പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കി. ലോക്സഭയിലും രാജ്യസഭയിലും മികച്ച ഭൂരിപക്ഷത്തോടെ പാസായ ബില്‍ രാഷ്‌ട്രപതി ദ്രൗപദി മുര്‍മു ഒപ്പുവെയ്‌ക്കുന്നതോടെ നിയമമാകും. വഖഫ് മാനേജ്മെന്റില്‍ മെച്ചപ്പെട്ട ഭരണം, സുതാര്യത, സ്വീകാര്യത എന്നിവ ലക്ഷ്യമിട്ടാണ് പുതിയ വഖഫ് ബില്‍ പാസാക്കിയത്. ഇത് യാഥാര്‍ത്ഥ്യമായതോടെ വഖഫ് നിയമത്തില്‍ എന്തൊക്കെ മാറ്റങ്ങള്‍ വരുമെന്ന് പരിശോധിക്കാം.
വഖഫ് എന്നാലെന്ത്
വഖഫ് എന്ന ആശയം ഇസ്ലാമിക നിയമങ്ങളിലും പാരമ്പര്യങ്ങളിലും വേരൂന്നിയതാണ്. പള്ളികള്‍, സ്‌കൂളുകള്‍, ആശുപത്രികള്‍ അല്ലെങ്കില്‍ മറ്റ് പൊതുസ്ഥാപനങ്ങള്‍ നിര്‍മിക്കുന്നതുപോലുള്ള ജീവകാരുണ്യ, മതപര ആവശ്യങ്ങള്‍ക്കായി ഒരു മുസ്ലീം നല്‍കുന്ന ദാനത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. ദാനം നല്‍കിയാല്‍ പിന്നെ അത് മാറ്റാനാവില്ല. അതായത് അത് വില്‍ക്കാനോ സമ്മാനിക്കാനോ പാരമ്പര്യമായി നല്‍കാനോ ബാധ്യതപ്പെടുത്താനോ കഴിയില്ല. അത് ദൈവത്തില്‍ നിക്ഷിപ്തമാണ്. ഇസ്ലാമിക വിശ്വാസ പ്രകാരം, ദൈവം എന്നേക്കും നിലനില്‍ക്കുന്നതിനാല്‍ വഖഫ് സ്വത്തും അങ്ങനെ തന്നെ.
എന്താണ് പുതിയ വഖഫ് നിയമം
വഖഫ് രൂപീകരണം സംബന്ധിച്ച് പഴയ നിയമത്തില്‍ പ്രഖ്യാപനം, ഉപയോക്താവ് അല്ലെങ്കില്‍ എന്‍ഡോവ്മെന്റ് (വഖഫ്അലാല്‍ ഔലാദ്) എന്നിവ പ്രകാരം അനുവദിച്ചത് ആയിരുന്നു. എന്നാല്‍ പുതിയ നിയമ പ്രകാരം ഉപയോക്താവിന് വഖഫ് നീക്കം ചെയ്യാം. പ്രഖ്യാപനം അല്ലെങ്കില്‍ എന്‍ഡോവ്മെന്റ് ആയി മാത്രമേ വഖഫ് അനുവദിക്കൂ. ദാതാക്കള്‍ 5 വര്‍ഷത്തിലധികമായി മുസ്ലീമായിരിക്കണം, സ്ത്രീകളുടെ അനന്തരാവകാശം നിഷേധിക്കാന്‍ കഴിയില്ല എന്നീ വ്യവസ്ഥകളുണ്ട്.
സര്‍ക്കാര്‍ വസ്തുവകകള്‍ വഖഫ് ആകുന്നത് സംബന്ധിച്ച് പഴയ നിയമത്തില്‍ യാതൊരു വ്യവസ്ഥയുമില്ല. എന്നാല്‍ ഭേദഗതി വ്യവസ്ഥകള്‍ പ്രകാരം വഖഫ് ആയി കണക്കാക്കിയിരുന്ന സര്‍ക്കാര്‍ സ്വത്തുക്കള്‍ വഖഫ് ആയി തുടരില്ല. തര്‍ക്കങ്ങള്‍ പരിഹരിക്കുന്നത് കളക്ടറാണ്, അദ്ദേഹം സംസ്ഥാനത്തിന് റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ സപ്തംബര്‍ വരെയുള്ള കണക്ക് പ്രകാരം 5,924 സര്‍ക്കാര്‍ വസ്തുവകകളാണ് വഖഫ് ആണെന്ന് പ്രഖ്യാപിച്ചിട്ടുള്ളത്.
വഖഫ് നിര്‍ണ്ണയിക്കാനുള്ള അധികാരം പഴയ നിയമപ്രകാരം വഖഫ് ബോര്‍ഡിനാണ്. എന്നാല്‍ പുതിയ നിയമപ്രകാരം ആ വ്യവസ്ഥകള്‍ പൂര്‍ണ്ണമായും നീക്കം ചെയ്തിട്ടുണ്ട്. മുനമ്പത്തെ ഭൂമി വഖഫ് ആണെന്ന് പ്രഖ്യാപിച്ചത് വഖഫ് ബോര്‍ഡാണ്. പുതിയ ഭേദഗതി പാസാവുന്നതോടെ അത്തരം അധികാരങ്ങള്‍ വഖഫ് ബോര്‍ഡുകള്‍ക്കില്ലാതാവും. വഖഫ് ആണെന്ന് പ്രഖ്യാപിക്കാന്‍ അധികാരം നല്‍കുന്ന സെക്ഷന്‍ 40 ആണ് പുതിയ ബില്ലില്‍ നീക്കം ചെയ്തിരിക്കുന്നത്.
വഖഫ് സര്‍വ്വേ നടത്തുന്നത് സര്‍വ്വേ കമ്മീഷണര്‍മാരും അഡീഷണല്‍ കമ്മീഷണര്‍മാരും ചേര്‍ന്നാണ്. എന്നാല്‍ പുതിയ നിയമത്തില്‍ സംസ്ഥാനത്തെ റവന്യൂ നിയമപ്രകാരം ജില്ലാ കളക്ടര്‍മാരെയാണ് ഇതിന് അധികാരപ്പെടുത്തുന്നത്.
കേന്ദ്ര വഖഫ് കൗണ്‍സിലിലെ രണ്ട് വനിതാ അംഗങ്ങളടക്കം എല്ലാ അംഗങ്ങളും മുസ്ലിം ആവണമെന്നാണ് പഴയ നിയമത്തിലുള്ളത്. എന്നാല്‍ പുതിയ നിയമത്തില്‍ കേന്ദ്ര വഖഫ് കൗണ്‍സിലില്‍ എംപിമാര്‍, മുന്‍ ജഡ്ജിമാര്‍, പ്രമുഖ വ്യക്തിത്വങ്ങള്‍ എന്നീ വിഭാഗങ്ങളില്‍ നിന്ന് രണ്ടംഗങ്ങളെ ഉള്‍പ്പെടുത്താം. ഇവര്‍ മുസ്ലിം ആവണമെന്ന് നിര്‍ബന്ധമില്ല. എന്നാല്‍ മുസ്ലിം സംഘടനയുടെ പ്രതിനിധി, ഇസ്ലാമിക് നിയമ പണ്ഡിതന്‍, വഖഫ് ബോര്‍ഡുകളുടെ ചെയര്‍പേഴ്സണ്‍മാര്‍ എന്നിവര്‍ മുസ്ലിം ആവണം എന്ന് നിര്‍ബന്ധമുണ്ട്. മുസ്ലിം അംഗങ്ങളില്‍ രണ്ട് മുസ്ലിം വനിതകളും നിര്‍ബന്ധമാണ്. ആകെ 22 പേര്‍ കൗണ്‍സിലില്‍.
സംസ്ഥാന വഖഫ് കൗണ്‍സിലിലേക്ക് പഴയ നിയമത്തില്‍ തിരഞ്ഞെടുക്കപ്പെട്ട രണ്ട് മുസ്ലീം എംപിമാര്‍/എംഎല്‍എമാര്‍/ബാര്‍ കൗണ്‍സില്‍ അംഗങ്ങള്‍, രണ്ട് വനിതകള്‍ എന്നിവരാണുണ്ടായിരുന്നത്. എന്നാല്‍ പുതിയ നിയമ പ്രകാരം സംസ്ഥാന സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്യുന്ന അംഗങ്ങള്‍( രണ്ടു പേര്‍ മുസ്ലിം ഇതര വിഭാഗക്കാര്‍), ഷിയ, സുന്നി, പിന്നാക്ക മുസ്ലിം, ബോറ, ആഗാഖാനി മുസ്ലിം വിഭാഗങ്ങളില്‍ നിന്ന് ഓരോരുത്തര്‍ എന്നിവര്‍ വേണം. കുറഞ്ഞത് രണ്ട് മുസ്ലിം വനിതകള്‍ അടക്കം 11 പേര്‍.
ട്രിബ്യൂണല്‍ രൂപീകരണം: പഴയ നിയമത്തില്‍ ജഡ്ജിന്റെ നേതൃത്വത്തില്‍ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റും മുസ്ലിം നിയമ വിദഗ്ധനും ഉള്‍പ്പെട്ട ട്രിബ്യൂണല്‍ വേണമെന്നാണ് വ്യവസ്ഥ. പുതിയ നിയമ ഭേദഗതി പ്രകാരം മുസ്ലിം നിയമ വിദഗ്ധനെ ഒഴിവാക്കിയിട്ടുണ്ട്. ജില്ലാ ജഡ്ജ് ചെയര്‍മാനും സംസ്ഥാന സര്‍ക്കാരിലെ ജോയിന്റ് സെക്രട്ടറിതല ഉദ്യോഗസ്ഥനും ഉള്‍പ്പെട്ടതാവും ട്രിബ്യൂണല്‍. ട്രിബ്യൂണലിന്റെ ഉത്തരവിന്മേല്‍ പ്രത്യേക സാഹചര്യത്തില്‍ മാത്രമേ ഹൈക്കോടതി ഇടപെടാവൂ എന്നായിരുന്നു പഴയ വ്യവസ്ഥ. പുതിയ നിയമത്തില്‍ 90 ദിവസത്തിനകം ട്രിബ്യൂണല്‍ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കാന്‍ സാധിക്കും.
മുന്‍ നിയമത്തില്‍ വഖഫ് അക്കൗണ്ടുകള്‍ ഓഡിറ്റ് ചെയ്യാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരുകള്‍ക്കായിരുന്നു എങ്കില്‍ പുതിയ നിയമത്തില്‍ വഖഫ് രജിസ്ട്രേഷനടക്കം വ്യവസ്ഥകള്‍ കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാരിനാവും. വഖഫ് അക്കൗണ്ടുകളുടെ ഓഡിറ്റ് സിഎജിയോ സിഎജി ചുമതലപ്പെടുത്തിയ ഓഫീസറോ നിര്‍വഹിക്കണം. വിവിധ മുസ്ലിം വിഭാഗങ്ങള്‍ക്ക് പ്രത്യേക വഖഫ് എന്ന വ്യവസ്ഥ അനുസരിച്ച് നേരത്തെ ഷിയയ്‌ക്കും സുന്നിക്കും ബോര്‍ഡുകളുണ്ടായിരുന്നു. എന്നാല്‍ പുതിയ ഭേദഗതി പാസാവുന്നതോടെ ബോറ, ആഗാഖാനി വഖഫ് ബോര്‍ഡുകളും നിലവില്‍ വരും.
വഖഫ് സ്ഥാപനങ്ങള്‍ ബോര്‍ഡിന് നല്‍കേണ്ട വാര്‍ഷിക സംഭാവന ഏഴു ശതമാനത്തില്‍ നിന്ന് അഞ്ചു ശതമാനമാക്കി കുറയ്‌ക്കും. പ്രതിവര്‍ഷം ഒരു ലക്ഷത്തിലധികം വരുമാനമുള്ള എല്ലാ വഖഫ് സ്ഥാപനങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ ഓഡിറ്റിങ് നിര്‍ബന്ധമാക്കി.
വഖഫ് സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്നത് കാര്യക്ഷമമാക്കുക എന്നതാണ് 2025 ലെ വഖഫ് ഭേദഗതി ബില്‍ വഴി കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിട്ടത്. പൈതൃക സ്ഥലങ്ങള്‍ സംരക്ഷിക്കുന്നതിനും സാമൂഹിക ക്ഷേമം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള വ്യവസ്ഥകളും ബില്ലിലുണ്ട്. മുസ്ലിങ്ങളുടേത് അല്ലാത്ത സ്വത്തുക്കള്‍ വഖഫ് ആയി പ്രഖ്യാപിക്കുന്ന രീതി അവസാനിപ്പിക്കാനും ബില്‍ സഹായിക്കും. പൈതൃക സ്ഥലങ്ങളും വ്യക്തിഗത സ്വത്തവകാശങ്ങളും സംരക്ഷിക്കും. വഖഫ് സ്വത്ത് അവകാശവാദങ്ങളെച്ചൊല്ലി വിവിധ സംസ്ഥാനങ്ങളില്‍ പരാതികളുണ്ട്. 2024 സെപ്തംബര്‍ മുതലുള്ള ഡാറ്റ പ്രകാരം 25 സംസ്ഥാനങ്ങളിലെ വഖഫ് ബോര്‍ഡുകളിലായി ആകെ 5,973 സര്‍ക്കാര്‍ സ്വത്തുക്കള്‍ വഖഫ് സ്വത്തുക്കളായി പ്രഖ്യാപിച്ചിട്ടുണ്ട്.
വഖഫ് (ഭേദഗതി) ബില്‍ 2025 പാസായതു വഴി വഖഫ് ഭരണത്തിന് മതേതരവും സുതാര്യവും ഉത്തരവാദിത്തമുള്ളതുമായ ഒരു സംവിധാനം കേന്ദ്രസര്‍ക്കാര്‍ സ്ഥാപിക്കുകയാണ്. വഖഫ് സ്വത്തുക്കള്‍ മതപരവും ജീവകാരുണ്യപരവുമായ ആവശ്യങ്ങള്‍ നിറവേറ്റുന്നുണ്ട്. എന്നാല്‍ നിയമ, സാമ്പത്തിക, ഭരണപരമായ ഉത്തരവാദിത്തങ്ങള്‍ വഖഫ് ബോര്‍ഡ് നിര്‍വഹിക്കേണ്ടതുണ്ട്. വഖഫ് ബോര്‍ഡുകളും സെന്‍ട്രല്‍ വഖഫ് കൗണ്‍സിലും മതപരമായ ചുമതല മാത്രമല്ല നിര്‍വഹിക്കേണ്ടത്. വഖഫ് സ്വത്തുക്കളുടെ നിര്‍വഹണവും പൊതുജനതാല്‍പ്പര്യ സംരക്ഷണവും ബോര്‍ഡിന്റെ ഉത്തരവാദിത്വമാണ്. പുതിയ ബില്‍ വഴി ഭാരതത്തിലെ വഖഫ് സ്വത്തുക്കളുടെ ഭരണത്തിന് പുരോഗമനപരവും നീതിയുക്തവുമായ ഒരു ചട്ടക്കൂട് സജ്ജമാക്കുകയാണ്.
വഖഫ് ഭേദഗതി ബില്‍ പരിഹരിക്കാന്‍ ലക്ഷ്യമിടുന്നത്
വഖഫ് സ്വത്ത് മാനേജ്മെന്റിലെ സുതാര്യതയില്ലായ്മ.
വഖഫ് ഭൂമി രേഖകളുടെ അപൂര്‍ണ്ണമായ സര്‍വേകളും മ്യൂട്ടേഷനും.
സ്ത്രീകളുടെ അനന്തരാവകാശങ്ങള്‍ക്കുള്ള വ്യവസ്ഥകളുടെ അപര്യാപ്തത.
കൈയേറ്റം ഉള്‍പ്പെടെയുള്ള ദീര്‍ഘകാല വ്യവഹാരങ്ങളുടെ എണ്ണം. 2013 ല്‍, 10,381 കേസുകള്‍ കെട്ടിക്കിടക്കുന്നുണ്ടായിരുന്നു, അവ ഇപ്പോള്‍ 21,618 കേസുകളായി വര്‍ദ്ധിച്ചു.
സ്വന്തം അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ഏതെങ്കിലും സ്വത്ത് വഖഫ് ഭൂമിയായി പ്രഖ്യാപിക്കാനുള്ള വഖഫ് ബോര്‍ഡുകളുടെ യുക്തിരഹിതമായ അധികാരം.
വഖഫായി പ്രഖ്യാപിച്ച സര്‍ക്കാര്‍ ഭൂമിയുമായി ബന്ധപ്പെട്ട നിരവധി തര്‍ക്കങ്ങള്‍.
വഖഫ് സ്വത്തുക്കളുടെ ശരിയായ അക്കൗണ്ടിങ്ങിന്റെയും ഓഡിറ്റിങ്ങിന്റെയും അഭാവം.
വഖഫ് മാനേജ്മെന്റിലെ ഭരണപരമായ കഴിവില്ലായ്മ.
ട്രസ്റ്റ് സ്വത്തുക്കളോടുള്ള അനുചിതമായ പെരുമാറ്റം.
സെന്‍ട്രല്‍ വഖഫ് കൗണ്‍സിലിലും സംസ്ഥാന വഖഫ് ബോര്‍ഡുകളിലും അര്‍ഹതയുള്ളവരുടെ പ്രാതിനിധ്യമില്ലായ്മ.
അന്യായമായ വഖഫ് അവകാശങ്ങളുടെ ചില ഉദാഹരണങ്ങള്‍
തമിഴ്നാട്: തിരുച്ചെന്തുരൈ ഗ്രാമത്തിലെ ഒരു കര്‍ഷകന് മുഴുവന്‍ ഗ്രാമത്തിന്റെയും മേലുള്ള വഖഫ് അവകാശവാദം കാരണം തന്റെ ഭൂമി വില്‍ക്കാന്‍ കഴിഞ്ഞില്ല. മകളുടെ വിവാഹത്തിനുള്ള വായ്പ തിരിച്ചടയ്‌ക്കാന്‍ സ്വന്തം ഭൂമി വില്‍ക്കാന്‍ ശ്രമിച്ചപ്പോഴാണ് വഖഫ് ബോര്‍ഡ് ഗ്രാമം മുഴുവന്‍ സ്വന്തമാക്കിയത് അറിഞ്ഞത്.
ഗോവിന്ദപൂര്‍, ബീഹാര്‍: 2024 ആഗസ്തില്‍ ബീഹാര്‍ സുന്നി വഖഫ് ബോര്‍ഡ് ഒരു ഗ്രാമത്തിന് മേല്‍ പൂര്‍ണ്ണമായും അവകാശവാദം ഉന്നയിച്ചത് ഏഴ് കുടുംബങ്ങളെ ബാധിച്ചു. പട്ന ഹൈക്കോടതിയില്‍ കേസ് നടക്കുന്നു.
കേരളം: എറണാകുളം മുനമ്പത്ത് 600 ക്രിസ്ത്യന്‍ കുടുംബങ്ങള്‍ തങ്ങളുടെ പൂര്‍വ്വിക ഭൂമിയുടെ മേലുള്ള വഖഫ് ബോര്‍ഡിന്റെ അവകാശത്തിനെതിരെ പോരാടുന്നു.
കര്‍ണാടക: 2024ല്‍ വഖഫ് ബോര്‍ഡ് വിജയപുരയിലെ 15,000 ഏക്കര്‍ വഖഫ് ഭൂമിയായി പ്രഖ്യാപിച്ചതു മുതല്‍ കര്‍ഷകര്‍ പ്രതിഷേധത്തിലാണ്. ബല്ലാരി, ചിത്രദുര്‍ഗ, യാദ്ഗിര്‍, ധാര്‍വാഡ് എന്നിവിടങ്ങളിലും തര്‍ക്കങ്ങള്‍ ഉടലെടുത്തു. കുടിയൊഴിപ്പിക്കല്‍ നടക്കില്ലെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കി.
ഉത്തര്‍പ്രദേശ്: സംസ്ഥാന വഖഫ് ബോര്‍ഡിന്റെ അഴിമതിക്കും ദുര്‍ഭരണത്തിനുമെതിരെ നിരവധി പരാതികളാണ് ഉയര്‍ന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക