Samskriti

വൈക്കത്തപ്പന്റെ വടക്കേമുറ്റത്തെ വടക്കുപുറത്ത് പാട്ട്

Published by

ന്ത്രണ്ടു വര്‍ഷത്തെ കാത്തിരിപ്പിനുശേഷം വൈക്കത്തമ്പലത്തിന്റെ വടക്കേ മുറ്റത്ത് ഇന്നു വടക്കുപുറത്തു പാട്ടിന് ആരംഭമാകും. ഇതിനു മുന്നോടിയായി മാര്‍ച്ച് 17 (മീനമാസത്തിലെ ചിത്തിര നാള്‍) മുതല്‍ ക്ഷേത്രത്തിന്റെ കിഴക്കുവശത്ത് കോടി അര്‍ച്ചന ആരംഭിച്ചിരുന്നു. ഏപ്രില്‍ 12 ന് (മീന മാസത്തിലെ അത്തം നാള്‍) കോടി അര്‍ച്ചന സമംഗളം പര്യവസാനിക്കും. 51 വൈദികര്‍ 27 ദിനംകൊണ്ട് വേദസാര ശിവസഹസ്രനാമം ഒരു കോടി തവണ ജപിച്ചു കാലംകൂടുന്നതാണ് കോടി അര്‍ച്ചന.

കളംപാട്ട്
മീനത്തിലെ കാര്‍ത്തിക നാളില്‍ തുടങ്ങി ചിത്തിരയില്‍ അവസാനിക്കും വിധമാണ് ഇത്തവണ കളംപാട്ട് നടക്കുക. അവകാശികളായ പുതുശ്ശേരി കുറുപ്പന്മാരാണ് പഞ്ചവര്‍ണപ്പൊടികള്‍ ഉപയോഗിച്ച് കളം തീര്‍ക്കുക. ആദ്യനാലു ദിനങ്ങളില്‍ (ഏപ്രില്‍ 2,3,4,5) എട്ടുകൈകളുള്ള കാളീ രൂപവും 6,7,8,9 തീയതികളില്‍ ദേവിക്കു 16 കൈകളും 10, 11, 12 ദിവസങ്ങളില്‍ 32 കൈകളും അവസാനദിനമായ 13-ന് 64 കൈകളോടുകൂടിയ ദേവീ രൂപവുമാണ് കളം വരയ്‌ക്കുക. പി.എന്‍. ശങ്കരക്കുറുപ്പിന്റെ നേതൃത്വത്തിലാണ് കളം വരയ്‌ക്കല്‍. 39 അടി നീളവും 41 അടി വീതിയുമാണ് കളത്തിനുണ്ടാവുക. 30 കലാകാരന്മാര്‍ തുടക്കത്തിലും അറുപതിലധികം പേര്‍ അവസാന കളം വരയ്‌ക്കലിലും പങ്കാളികളാവും.

അവസാന ദിവസം വരയ്‌ക്കുന്ന, വേതാളത്തിന്റെ പുറത്തേറിയ 64 കൈകളുള്ള ഭദ്രകാളി കളത്തിനു പ്രത്യേകതകള്‍ ഏറെയുണ്ട്.രണ്ട് പറ നെല്ലും രണ്ട് പറ അരിയും കൂമ്പാരമാക്കിയാണ് ദേവിയുടെ ഇരു സ്തനങ്ങള്‍ തീര്‍ക്കുക. അരിപ്പൊടി, മഞ്ഞള്‍പ്പൊടി, കരിപ്പൊടി, വാകപ്പൊടി, ചുണ്ണാമ്പ് ഇവയാണ് നിറക്കൂട്ടു നിര്‍മ്മിതിക്ക് ഉപയോഗിക്കുക.
ഏതാണ്ട് 16 മണിക്കൂര്‍ കൊണ്ടാണ് കളം എഴുതിത്തീരുക. കളത്തില്‍ ഇടതുഭാഗം ദൈവികവും വലതുഭാഗം ആസുരികവുമാണ്.

വീക്കന്‍ ചെണ്ട, ചേങ്ങില, നന്തുണി തുടങ്ങിയ വാദ്യങ്ങളുടെ അകമ്പടിയോടെ പുതുശ്ശേരി കുറുപ്പന്മാര്‍ ദേവീസ്തുതികളും ഒടുവിലായി പാദാദികേശ വര്‍ണ്ണനയും നടത്തി പാട്ടു പൂര്‍ത്തിയാക്കി കളം മായ്‌ക്കും. പൂക്കുലകൊണ്ടാണ് കളം മായ്‌ക്കുക. ശേഷം കളത്തിലെ പൊടി പ്രസാദമായി നല്‍കും.

അറുപത്തിനാലിന്റെ നിറവ്
അവസാനദിനം കളത്തിനു ചുറ്റുമായി 64 നിറപറകള്‍, 64 വിളക്കുകള്‍, 64 സ്ഥലത്ത് ഇലയില്‍ അരി, നെല്ല്, 64 ഉണ്ട ശര്‍ക്കര, 64 നാളികേരം, 64 അടയ്‌ക്ക, 64 വെറ്റില, 64 പൂക്കുല, 64 നിറമാലകള്‍, 64 മടല്‍ കുരുത്തോലകൊണ്ട് തോരണം എന്നിവയുണ്ടാവും

ദേവിയുടെ തിരുവായുധങ്ങള്‍
അറുപത്തിനാലു കൈകളില്‍ ദേവി ഏന്തുന്ന ആയുധങ്ങള്‍- ശൂലം,കുന്തം, ചക്രം, കടുത്ത, തോമരം, വാള്‍, മുസലം, പാശം, ഗദ, വേല്‍, കലപ്പ, പട്ടസം, തോട്ടി, ചാട്ട, വജ്രം, സുദര്‍ശനം, അര്‍ദ്ധചന്ദ്രം, മരം, ദണ്ഡ്, നേര്‍വാള്‍, ത്രിശിഖ, വരുണാസ്ത്രം, ചങ്ങല, ചുരിക, കഞാര, നാന്ദകം, നാഗാസ്ത്രം, മുള്‍ഗരം, പാത്രം, ശിരസ്, അഗ്നി, താമര, മാന്‍, മണി, വീണ, ജപമാല, ഗ്രന്ഥം, വില്ല്, കുഴിത്താളം, കൊടിമരം, ശംഖ്, ഉടുക്ക്, കരിമ്പ്, പരിച, കാഹളം, കൊമ്പ്, കുഴല്‍, ഓടക്കുഴല്‍, പൂവ്, വെണ്‍ചാമരം, ആലവട്ടം, ചൊട്ട, പന്തം, നാരങ്ങ, ധൂപക്കുറ്റി, കുത്തുവിളക്ക്, കൊടിവിളക്ക്, മൊട്ട്, കശലക്കുടം, നാരായം എന്നിവയാണ്.

അലങ്കാര മാലകള്‍
ചരടുമാല, പുലിനഖമാല, കണ്ഠശരം, നാലുപാണ്ഡി, പൂത്താലി, പണത്താലി, പാലയ്‌ക്കാമാല, അരിച്ചുമണിമാല, മാമ്പൂമാല, യന്ത്രക്കുഴല്‍, പച്ചക്കല്‍ത്താലി, കാശുതാലി, കൊഴല്‍ മോതിരം, തലയോട്ടിമാല, പൂമാല, മുത്തുമാല, രത്‌നമാല, ശംഖുമാല. ഉടയാട വീരാളിപ്പാട്ടു പോലെയാണ്.

കൊടുങ്ങല്ലൂരമ്മയുടെ സാന്നിധ്യം
വൈക്കം ക്ഷേത്രത്തിലെ അത്താഴപൂജയ്‌ക്ക് ശേഷം നെടുമ്പുരയില്‍നിന്ന് ദേവിയെ തിടമ്പില്‍ ആവാഹിച്ച് ക്ഷേത്രപ്രദക്ഷിണം ചെയ്ത് കൊച്ചാലും ചുവട്ടിലേക്ക് ആനയിക്കും. ആനപ്പുറമേറി വാദ്യമേളങ്ങളുടേയും വെളിച്ചപ്പാടിന്റേയും അകമ്പടിയോടെ കൊച്ചാലുംചുവട്ടിലെത്തുന്ന ദേവിയെ അവിടെനിന്ന് 64 കുത്തുവിളക്കേന്തിയ വ്രതധാരിണികളുടെ അകമ്പടിയോടെ വൈക്കം ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കും. വൈക്കത്തപ്പന്‍ അത്താഴ ശീവേലിക്ക് എഴുന്നള്ളി വടക്കേ നടയിലെത്തുമ്പോള്‍ പുത്രീഭാവത്തിലുള്ള കൊടുങ്ങല്ലൂരമ്മ ഒത്തുചേരും. കൂടി എഴുന്നള്ളത്തിനുശേഷം വൈക്കത്തപ്പന്‍ ശ്രീലകത്തേക്കും ദേവി പാട്ടുപുരയിലേക്കും മടങ്ങും. വൈക്കത്തപ്പന്റെ നടയടച്ചു കഴിഞ്ഞാല്‍ പാട്ടും കളം മായ്‌ക്കലും നടക്കും.

തിരി ഉഴിച്ചിലും ഗുരുതിയും
നിത്യവും പൂവ്, അക്ഷതം, പൂക്കുല, നെയ്യില്‍ മുക്കിയ ഒന്‍പതു തിരി എന്നിവ താംബാളത്തിലെടുത്ത് കളത്തിനും ഭക്തര്‍ക്കും ഉഴിയും. കണ്ണേറിനു പരിഹാരമായാണ് ഇതു ചെയ്യുന്നത്.

വടക്കുപുറത്തുപാട്ടിന്റെ സമാപന ദിവസം കളം മായ്ച്ചശേഷം, വടക്കുപുറത്ത് ഗുരുതി നടക്കും. വടശ്ശേരി ഇല്ലക്കാര്‍ക്കാണ് ഗുരുതിക്കുള്ള അവകാശം. ഗുരുതി പൂര്‍ത്തിയാവുന്നതോടെ വടക്കുപുറത്തുപാട്ട് പര്യവസാനിക്കും. നേരിട്ട് വന്ന് പ്രസാദം സ്വീകരിക്കാനാവാത്ത ഭക്തര്‍ക്ക് പ്രസാദം തപാലില്‍ അയയ്‌ക്കുന്നതിനുള്ള സൗകര്യവും സംഘാടക സമിതി ഏര്‍പ്പെടുത്തിയിട്ടുണ്ട്. 250 ഓളം സന്നദ്ധ പ്രവര്‍ത്തകരാണ് രാപകലില്ലാതെ വടക്കുപുറത്തുപാട്ടിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നത്. കലാമണ്ഡപത്തില്‍ എല്ലാ ദിവസവും കളം മായ്‌ക്കലിന് ശേഷം പ്രമുഖരുടെ സംഗീത-നൃത്ത-വാദ്യ അവതരണവും നടക്കും.

ഇടക്കാലത്ത് മുടങ്ങിപ്പോയ വടക്കുപുറത്തുപാട്ട് പുനരാരംഭിക്കാന്‍ വടക്കുംകൂര്‍ രാജകുടുംബത്തില്‍ നിന്നുതന്നെ ഒരാളുണ്ടായി. വടക്കുംകൂര്‍ രാജരാജ വര്‍മ്മരാജയും പ്രശസ്ത സംഗീതജ്ഞന്‍ വൈക്കം വാസുദേവന്‍ നായരും മുന്‍കൈ എടുത്താണ് 1965 -ല്‍ വടക്കുപുറത്തുപാട്ട് പുനരാരംഭിച്ചത്.

കാലേകൂട്ടി മുഹൂര്‍ത്തം കണ്ട് പ്ലാവു മുറിച്ചു തുടക്കം
മീനമാസത്തിലെ കാര്‍ത്തികനാള്‍ നാല്‍പ്പത്തിയൊന്നാം ദിവസം വരുന്ന രീതിയില്‍ കാലേകൂട്ടി മുഹൂര്‍ത്തം കുറിച്ച് ഇരുപത്തിയൊന്നടി ഉയരമുള്ള ഒറ്റത്തടി പ്ലാവ് വെട്ടി ക്ഷേത്രമതില്‍ക്കകത്ത് നെടുംപുരയുടെ പടിഞ്ഞാറെ അറ്റത്തായി സ്ഥാപിക്കും. ഭൂസ്പര്‍ശമില്ലാതെ വെട്ടിയെടുത്ത് ആഘോഷപൂര്‍വ്വമാണ് തടി ക്ഷേത്രത്തിലേക്ക് കൊണ്ടുവരിക.

വൈക്കത്തപ്പന്റെ പന്തീരടി പൂജയ്‌ക്കുശേഷം ക്ഷേത്രതന്ത്രി പൂജിച്ചു നല്‍കുന്ന വാളുമായി വെളിച്ചപ്പാട് മുന്‍കൂട്ടി തീരുമാനിച്ച പ്ലാവിനടുത്ത് ഭക്തജനങ്ങളുടെ അകമ്പടിയോടെ എത്തുകയും മൂന്ന് വലംവച്ച് വാള്‍കൊണ്ട് പ്ലാവില്‍ കൊത്തുകയും ചെയ്യും. പ്ലാവ് നിലം തൊടാതെ മുറിച്ചെടുത്ത് ഭക്തജനങ്ങള്‍ തോളിലേറ്റും. വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്രമതില്‍ക്കകത്ത് എത്തിച്ച് ശുഭ മുഹൂര്‍ത്തത്തില്‍ സ്ഥാപിക്കും.

ഇന്നാരംഭിക്കുന്ന വടക്കുപുറത്തു പാട്ടിന്റെ പന്തല്‍കാല്‍നാട്ടുകര്‍മ്മം 2025 ഫെബ്രുവരി 21ന് ആയിരുന്നു. ചേക്കോട്ട് കുടുംബത്തിനാണ് വടക്കുപുറത്തുപാട്ടിന്റെ വെളിച്ചപ്പാടാകാനുള്ള നിയോഗം. ഈ വര്‍ഷത്തെ വടക്കുപുറത്തുപാട്ടിന് ചേക്കോട്ട് കുടുംബാംഗമായ കേശവന്‍ കുട്ടിയാണ് വെളിച്ചപാടായി അവരോധിക്കപ്പെട്ടത്. വൈക്കം ക്ഷേത്രത്തിന്റെ വടക്കുകിഴക്കേ ദിക്കില്‍ ചാലപ്പറമ്പ് പാഴൂര്‍ പുത്തന്‍വീട്ടില്‍ നിന്നാണ് പ്ലാവു മുറിച്ചത്.

നെടുംപുരയില്‍ സ്ഥാപിച്ച പ്ലാവിന്‍ തൂണ്‍ താന്ത്രിക വിധിയനുസരിച്ച് ശുദ്ധി ചെയ്ത് അതില്‍ കൊടുങ്ങല്ലൂരമ്മയുടെ സാന്നിദ്ധ്യം ആവാഹിക്കുന്നത് ക്ഷേത്രതന്ത്രി ആണ്്. തൂണ് സ്ഥാപിച്ച അന്നുമുതല്‍ ദിവസവും ഒരുനേരം ദേവിക്ക് നിവേദ്യ സമര്‍പ്പണവും ഉണ്ടാവും

പഞ്ചവര്‍ണ്ണ പൊടികള്‍
കളമെഴുതാന്‍ ഉപയോഗിക്കുന്നത് പ്രകൃതിദത്തമായ അഞ്ച് തരം പൊടികളാണ്. ഇവതാണ് പഞ്ചവര്‍ണ്ണ പൊടി എന്നറിയപ്പെടുന്നത്. വെള്ള, കറുപ്പ്, പച്ച, മഞ്ഞ, ചുവപ്പ് എന്നിവയാണ് അഞ്ചു നിറങ്ങള്‍. ഉമിക്കരി (കറുപ്പ്), അരിപ്പൊടി (വെള്ള), മഞ്ഞള്‍പ്പൊടി (മഞ്ഞ), നെന്മേനിവാകയുടെ പൊടി (പച്ച), മഞ്ഞളും ചുണ്ണാമ്പും അരിപ്പൊടിയും ചേര്‍ത്ത മിശ്രിതം (ചുവപ്പ്) എന്നിവയുപയോഗിച്ചാണ് അഞ്ചു നിറങ്ങള്‍ തയ്യാറാക്കുന്നത്.

ഈ നിറങ്ങളെ ഓരോ ലോഹങ്ങളുമായും ബന്ധപ്പെടുത്തിയിട്ടുണ്ട്. മഞ്ഞനിറം സ്വര്‍ണ്ണത്തേയും, പച്ചനിറം നാകത്തേയും, ചുവപ്പുനിറം ചെമ്പിനേയും, കറുപ്പ് ഇരുമ്പിനേയും, വെള്ള നിറം വെള്ളിയേയും ആണ് പ്രതിനിധീകരിക്കുന്നത്.

ഐതിഹ്യം ഇങ്ങനെ
രാജഭരണകാലത്ത് ഒരിക്കല്‍ വൈക്കത്ത് വസൂരി പടര്‍ന്നുപിടിച്ചു. പ്രജാക്ഷേമതല്‍പ്പരനായ വടക്കുംകൂര്‍ വലിയ രാജ കൊടുങ്ങല്ലൂരില്‍ എത്തി ശ്രീകുരുംബയെ സങ്കടമോചനത്തിനായി ഉപാസിച്ചു. 12 ദിവസത്തെ ഉപാസന കാലം കൂടുന്ന ദിവസം തമ്പുരാന് ഒരു സ്വപ്‌നദര്‍ശനം ഉണ്ടായി. തലയ്‌ക്കല്‍ ഒരു നാന്ദകം വച്ചിട്ടുണ്ടെന്നും അതുമായി വടക്കുംകൂര്‍ ദേശത്തുചെന്ന് വൈക്കത്തപ്പന്റെ വടക്കേമതില്‍ക്കെട്ടിനുള്ളില്‍ കിഴക്ക്-പടിഞ്ഞാറ് നെടുപുര കെട്ടി നാന്ദകം പ്രതിഷ്ഠിച്ച് കളമെഴുതി പൂജ നടത്തണമെന്നും, അതോടെ താന്‍ സങ്കടമോചനം വരുത്തിക്കൊള്ളാമെന്നും ഒരു ബാലിക പറയുന്നതായാണ്് തമ്പുരാന്‍ സ്വപ്നത്തില്‍ കണ്ടത്.

ഉണര്‍ന്ന് നോക്കുമ്പോള്‍ നാന്ദകം തലയ്‌ക്കല്‍ ഇരിക്കുന്നതു കണ്ടു തമ്പുരാന്‍ അത്ഭുതസ്തബ്ധനായി. ഭക്തോത്തമനായ തമ്പുരാന്‍ നാന്ദകവുമെടുത്ത് മടങ്ങിയെത്തി അമ്മയുടെ അരുളപ്പാട് നടപ്പിലാക്കി. വടക്കുപുറത്തു പാട്ടിന്റെ ഉദ്ഭവം ഇങ്ങനെയാണെന്നാണ് ഐതിഹ്യം. കൊട്ടാരത്തില്‍ ശങ്കുണ്ണി രചിച്ച ഐതിഹ്യമാലയില്‍ വൈക്കത്തെപ്പാട്ടുകള്‍ എന്നൊരു അധ്യായം തന്നെയുണ്ട്. വടക്കു പുറത്തു പാട്ടുപോലെ തെക്കുപുറത്തുപാട്ടും ഉണ്ടായിരുന്നെങ്കിലും അധികം തവണ നടത്തപ്പെട്ടിട്ടില്ല. വടക്കുപുറത്തുപാട്ടിന് ഒരു മുടക്കം വന്നുവെങ്കിലും വൈക്കത്തപ്പന്റെ അനുഗ്രഹത്താലും കൊടുങ്ങല്ലൂരമ്മയുടെ കരുണകൊണ്ടും ഭക്തരുടെ നിരന്തര പരിശ്രമം കൊണ്ടും വടക്കുപുറത്തുപാട്ട് അതിന്റെ ഗരിമ വീണ്ടെടുത്ത് മുടക്കമില്ലാതെ വ്യാഴവട്ടത്തില്‍ ഒരിക്കല്‍ എന്ന നിലയില്‍ ഭംഗിയായി നടക്കുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക