നാളികേരം, അടയ്‌ക്ക, കുരുമുളക്, റബ്ബര്‍, ഏലം, നെല്ല്, പച്ചക്കറി, പഴവര്‍ഗ്ഗങ്ങള്‍, കിഴങ്ങുവര്‍ഗ്ഗങ്ങള്‍, പൂക്കള്‍, ചെറുധാന്യങ്ങള്‍, വാഴ, ഔഷധസസ്യങ്ങള്‍ തുടങ്ങി എല്ലാത്തരം കൃഷിയും കേരളത്തില്‍ പ്രതിസന്ധി നേരിടുന്നു.
വിത്തു മുതല്‍ വിപണി വരെ കര്‍ഷകരുടെ ദുരിതം അവസാനിക്കുന്നില്ല. സംസ്ഥാനത്തിന്റെ കാര്‍ഷിക പദ്ധതികള്‍ക്കായുള്ള സാമ്പത്തിക മുതല്‍ മുടക്കിന്റെ ബഹുഭൂരിപക്ഷവും കേന്ദ്രവിഹിതമാണ്. കൃഷി സംസ്ഥാനത്തിന്റെ കീഴിലായതിനാല്‍ അതിനുള്ള ഫണ്ടുകള്‍ ചെലവഴിക്കുന്നത് സംസ്ഥാന സര്‍ക്കാരാണ്. കേന്ദ്ര വിഹിതമായി ലഭിക്കുന്ന വലിയ തുകകള്‍ സംസ്ഥാന ഭരണകൂടം ലാപ്‌സാക്കി കളയുകയോ, വകുപ്പു മാറ്റി ചെലവഴിക്കുകയോ ആണ് ചെയ്യുന്നത്. ഇതു കാര്‍ഷിക മേഖലയോടുള്ള വഞ്ചനയാണ്. കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്ലാന്‍ ഫണ്ടില്‍ 30% ഉല്പാദന കാര്‍ഷിക മേഖലകളില്‍ ചെലവഴിക്കണമെന്നാണ് പറയുന്നത്. എന്നാല്‍ പ്ലാന്‍ ഫണ്ടിന്റെ 15% പോലും വിനിയോഗിക്കപ്പെടുന്നില്ല. അതിന്റെ അര്‍ത്ഥം കേരളത്തില്‍ ആകെയുള്ള 941 ഗ്രാമപഞ്ചായത്തുകളിലടക്കം കാര്‍ഷികാവശ്യത്തിനും അനുബന്ധകാര്യങ്ങള്‍ക്കും ഈ കുറഞ്ഞ ശതമാനത്തിലുള്ള പ്ലാന്‍ ഫണ്ടിന്റെ പകുതി തന്നെ ഉപയോഗിക്കുന്നില്ല. ഇതാണ് താഴേ തലത്തിലുള്ള ഭരണ സംവിധാനത്തിന്റെ സ്ഥിതി. പലപദ്ധതികളും പ്രഖ്യാപനത്തിലും ഉദ്ഘാടന പരിപാടിയിലും അവസാനിച്ചു.
കേരളത്തിലെ കാര്‍ഷികമേഖല ഇപ്പോഴും നൂതനമായ സാങ്കേതിക വിദ്യകളെ സ്വീകരിക്കാന്‍ മടിക്കുന്നു. പോളീഹൗസുകള്‍, ഗ്രീന്‍ ഹൗസുകള്‍ തുടങ്ങി പതിറ്റാണ്ടുകള്‍ പഴക്കമുള്ള സംവിധാനങ്ങളോടൊപ്പം ബയോ ടെക്‌നോളജിയിലും നാനോ ടെക്‌നോളജിയിലുമുള്ള നവസാധ്യതകള്‍ സ്വീകരിക്കണം.
കര്‍ഷകരുടെ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. രാഷ്‌ട്രീയാഭിമുഖ്യമുള്ള സഹകരണമേഖല കര്‍ഷകരുടെ ശവക്കുഴി തോണ്ടുന്ന നിലപാടുകളാണ് സ്വീകരിക്കുന്നത്. അദ്ധ്വാനിച്ചുണ്ടാക്കിയ ഉല്‍പ്പന്നം സര്‍ക്കാരിനു കൊടുത്തതിന്റെ വിലപോലും സര്‍ക്കാര്‍ ഏജന്‍സികള്‍ ലഭ്യമാക്കാതെ കര്‍ഷകരെ ദ്രോഹിക്കുകയാണ്. ഒന്നാം കൃഷിയില്‍ അളന്ന നെല്ലിന്റെ വില കിട്ടാത്തതിനാല്‍ രണ്ടാം കൃഷി ഇറക്കാന്‍ കഴിയുന്നില്ല. ആകെയുള്ള സമ്പാദ്യം സഹകരണസംഘങ്ങളില്‍ നിക്ഷേപിച്ച കര്‍ഷകര്‍ കബളിപ്പിക്കപ്പെട്ടു. ഇതൊന്നും ചോദിക്കാനും പറയാനും ആരുമില്ലാത്ത നാഥനില്ലാക്കളരിയായിത്തീരുന്നു കാര്‍ഷിക സാമ്പത്തികരംഗം. അതിനാല്‍ കര്‍ഷകര്‍ സ്വയം സജ്ജരാകണം. ചെറിയ കര്‍ഷക കൂട്ടായ്മകളിലൂടെ കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക ക്ഷേമപദ്ധതികളെ നേരിട്ടു സ്വീകരിക്കുന്നതിനുള്ള സംവിധാനത്തിനു കീഴില്‍ കര്‍ഷകര്‍ അണിനിരക്കണം. ഉല്പാദനവും വിപണനവും ഇടനിലക്കാരെ ഒഴിവാക്കി മുന്നോട്ടുകൊണ്ടുപോകാന്‍ അതു സഹായിക്കും. ഭാരതത്തിലെ പുതിയ കാര്‍ഷിക വസന്തത്തിനോടൊപ്പം നില്‍ക്കാന്‍ കേരളത്തിലെ കര്‍ഷകര്‍ക്ക് സാധിക്കണം.
സംയോജിത കൃഷിയും വിള ഇന്‍ഷുറന്‍സും
കേരളത്തിലെ പരമ്പരാഗത കാര്‍ഷിക വീക്ഷണം സംയോജിത കൃഷിയുമായി ബന്ധപ്പെട്ടതാണ്. വര്‍ദ്ധിച്ച ജനസാന്ദ്രത, കാലാവസ്ഥയിലെ അപ്രതീക്ഷിത വ്യതിയാനം, ജലസേചന സൗകര്യത്തിന്റെ അഭാവം, കൂടിയ ഉല്‍പ്പാദനച്ചിലവ്, കുറഞ്ഞ ഉല്പാദനക്ഷമത, മേച്ചില്‍പുറങ്ങളുടെ അപര്യാപ്തത, കുറഞ്ഞ സംസ്‌കരണ വിപണന സാധ്യതകള്‍, അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങളുടെ തള്ളിക്കയറ്റം, ആഗോളവത്കരണത്തിന്റേയും ഉദാരവത്കരണത്തിന്റേയും പ്രത്യാഘാതങ്ങള്‍ തുടങ്ങിയ പരിമിതികളെ മറികടക്കാനുതകുന്ന കൃഷിസമ്പ്രദായമായ സംയോജിത കൃഷി കേരളത്തിന് ഏറ്റവും അനുയോജ്യമാണ്. ഗോ ആധാരിതമായ ഈ കാര്‍ഷിക ചക്രം വിളകള്‍, കന്നുകാലികള്‍, മത്സ്യം, കോഴി, താറാവ്, പന്നി, പച്ചക്കറി, തേനീച്ച, ആന്തൂറിയം, അലങ്കാര മത്സ്യം, എല്ലാം യോജിച്ചുവരുന്ന കൃഷിയാണത്.
ഇത്തരം ആസൂത്രിതമായ ഫാം പ്ലാനിംഗ് ചെറുകിട നാമമാത്ര കര്‍ഷകര്‍ക്ക് ഗുണപ്രദമാണ്. ഓരോ കര്‍ഷക കൂട്ടായ്മകളും അതാതിടങ്ങളില്‍ പ്രായോഗികമായ കാര്‍ഷികപദ്ധതികള്‍ തയ്യാറാക്കണം. ഭരണ സംവിധാനങ്ങളെക്കൊണ്ട് അംഗീകരിപ്പിക്കണം. കേരളത്തിലെ കൃഷിഭവനുകള്‍ പൂര്‍ണ്ണമായും സ്മാര്‍ട്ട് കൃഷിഭവനുകള്‍ അല്ലാത്തതിനാല്‍ കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക ആപ്പുകള്‍ ഉപയോഗിച്ചും കിസാന്‍ കോള്‍ സെന്ററുകളെ ആശ്രയിച്ചും പുതിയ വിവരങ്ങള്‍ ആര്‍ജ്ജിക്കണം. അപ്രതീക്ഷിതമായ കാലാവസ്ഥാ വ്യതിയാനങ്ങളെ കര്‍ഷകര്‍ കരുതിയിരിക്കണം. എല്ലാ വിളകളും പ്രാഥമികമായിത്തന്നെ പ്രധാനമന്ത്രി ഫസല്‍ ഭീമയോജന അടക്കമുള്ള ഇന്‍ഷ്വറന്‍സ് സംവിധാനങ്ങള്‍ക്ക് വിധേയമാക്കി കാര്‍ഷിക പരിരക്ഷ ഉറപ്പുവരുത്തണം.
കേരളത്തിലെ കൃഷിവകുപ്പും അനുബന്ധ വകുപ്പുകളും ഉപയോഗശൂന്യമായ ഒരു പാഴ്‌വസ്തുവായാണ് അനുഭവപ്പെടുന്നത്. അതിന്റെ അലകും പിടിയും മാറേണ്ടതാണ്. പുതിയ തലമുറയെ കൃഷിയിലേക്കാകര്‍ഷിക്കാനുള്ള സംവിധാനങ്ങള്‍ക്ക് ആക്കം കൂട്ടണം. അതിനായി കൃഷിയുടെ സംസ്‌കാരം സ്‌കൂള്‍ തലം മുതല്‍ ആരംഭിക്കണം. കൃഷിയെ സംബന്ധിക്കുന്ന നിര്‍ബന്ധിത വിദ്യാഭ്യാസം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയാല്‍ തീരുന്ന പ്രശ്‌നമേയുള്ളൂ. ലഹരി പദാര്‍ത്ഥങ്ങളുടെ പിടിയിലമര്‍ന്നുകൊണ്ടിരിക്കുന്ന വിദ്യാലയങ്ങളെ അതില്‍നിന്നടര്‍ത്തിയെടുക്കാനുതകുന്ന പദ്ധതിയാണ് കാര്‍ഷിക വിദ്യാഭ്യാസം. ഈ കാര്‍ഷിക ലഹരി രാഷ്‌ട്രനന്മയ്‌ക്ക് ഉതകുകയും ചെയ്യും.
പശുവിന്‍ പാലിന് നെട്ടോട്ടമോടുന്ന കേരളം
കൃഷിയുടെയും മൃഗപരിപാലനത്തിന്റേയും വളരെ പുരാതനമായ പാരമ്പര്യമാണ് കേരളത്തിനുള്ളത്. ഗോ ആധാരിതജൈവകൃഷി സമ്പ്രദായം നൂറ്റാണ്ടുകളായി ഇവിടെ നിലനി
ന്നിരുന്നു. 2019 ലെ സെന്‍സസ് അനുസരിച്ച് കേരളത്തില്‍ ആകെ 29,08,657 കന്നുകാലികളാണുള്ളത്. ഇതില്‍ പശുക്കള്‍ 1,21,879 എണ്ണം. ഇവയെ പരിപാലിക്കുന്ന 12 ലക്ഷത്തോളം ക്ഷീരകര്‍ഷകരാണുണ്ടായിരുന്നത്. ഇപ്പോള്‍ ക്ഷീരകര്‍ഷകര്‍ 10 ലക്ഷത്തില്‍ താഴെമാത്രം. കേരളത്തിലെ കന്നുകാലികളില്‍ 94% സങ്കരയിനങ്ങളാണ്. നാടന്‍ ഇനങ്ങള്‍ 0.06% മാത്രമാണ്. ക്ഷീരോല്പാദന രംഗത്ത് സ്വയം പര്യാപ്തതയിലെത്താന്‍ കേരളത്തിനു കഴിഞ്ഞിട്ടില്ലെന്നു മാത്രമല്ല അന്യ സംസ്ഥാനങ്ങളെ അമിതമായി ആശ്രയിക്കേണ്ടിയും വരുന്നു. കാലിത്തീറ്റയും ജോലിക്കൂലിയും അടക്കമുള്ള ഉല്പാദനച്ചെലവിനനുസൃതമായി കര്‍ഷകര്‍ക്ക് പാലിന് വില ലഭിക്കുന്നില്ല. സര്‍ക്കാര്‍ ഏജന്‍സികളടക്കം ഇടനിലക്കാരായിനിന്ന് കര്‍ഷകരെ ചൂഷണം ചെയ്യുന്നു. ക്ഷീര കര്‍ഷകരില്‍ നിന്ന് പ്രതിമാസം 20 രൂപ നിരക്കില്‍ അംശാദായം വാങ്ങിച്ചെടുത്തിട്ടും ക്ഷീരകര്‍ഷകന് പെന്‍ഷന്‍ നല്‍കുമെന്ന വാഗ്ദാനം പാലിക്കപ്പെട്ടിട്ടില്ല.
കേരളത്തില്‍ പാലിനും പാലുല്‍പ്പന്നങ്ങള്‍ക്കും വലിയ വിപണിയാണുള്ളത്. 87.5 ലക്ഷം ലിറ്റര്‍ പാലാണ് പ്രതിദിന ഉപഭോഗം. ഇതില്‍ 19 ലക്ഷത്തോളം ലിറ്റര്‍ ഇവിടുത്തെ ക്ഷീരസംഘങ്ങള്‍ വഴി സംഭരിക്കുന്നു. കര്‍ഷകരില്‍നിന്ന് നേരിട്ട് സംഭരിച്ച് കച്ചവടം നടത്തുന്ന സ്ഥാപനങ്ങളും വ്യക്തികളുമുണ്ട്. വെളുത്തതെല്ലാം പാലല്ല എന്ന തിരിച്ചറിവ് കേരളസമൂഹം ഉള്‍ക്കൊള്ളുന്നില്ലെങ്കില്‍ ഗുരുതര ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നാം എത്തിച്ചേരും. സൂക്ഷിച്ചു വയ്‌ക്കുന്ന സമയം ദീര്‍ഘിപ്പിക്കുന്നതിനും കൈമാറ്റം ചെയ്യുമ്പോള്‍ കേടുകൂടാതെ ഇരിക്കുന്നതിനും പാലിലെ ഘടകങ്ങളുടെ അളവ് ഉയര്‍ത്താനും മറ്റു പദാര്‍ത്ഥങ്ങള്‍ ചേര്‍ക്കുന്നുണ്ട്. ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ഒരു തരത്തിലുമുള്ള മായം ചേര്‍ക്കലുകളും പാലില്‍ നടത്താന്‍ പാടില്ല.
തമിഴ്‌നാട്ടിലെ പശുക്കളുടെ പാലില്‍ എസ്എന്‍എഫ് കുറവായതിനാല്‍ കൊഴുപ്പിന്റേയും കൊഴുപ്പിതര ഖരപദാര്‍ത്ഥങ്ങളുടെയും അളവ് ഉയര്‍ത്തുന്നതിന് പഞ്ചസാര, ഗ്ലൂക്കോസ്, മാള്‍ട്ടോ ഡെക്‌സ്ടിന്‍, അരിമാവ്, മൈദ, ഇന്‍ഡസ്ട്രിയല്‍ സ്റ്റാര്‍ച്ച്, യൂറിയ തുടങ്ങിയവ പാലില്‍ ചേര്‍ക്കുന്നു. പാലില്‍ അടങ്ങിയ പ്രധാന പ്രോട്ടീനാണ് കേസിന്‍. ഇതിനുപകരം പ്രോട്ടീന്‍ ഇതര നൈട്രജന്‍ സോഴ്‌സ് എന്ന നിലയില്‍ യൂറിയ ചേര്‍ത്ത് പാലില്‍ കൃത്രിമപ്രോട്ടീന്‍ നിര്‍മിക്കുന്നു. പാല്‍ കേടുകൂടാതെ കൂടുതല്‍ കാലം സൂക്ഷിക്കുന്നതിന് പാസ്ചുറൈസ് ചെയ്ത് തണുപ്പിക്കുന്നത് ഒരു പ്രക്രിയയാണ്. ഇതിനെ മറികടക്കാന്‍ ഫോര്‍മലിന്‍ ചേര്‍ക്കുകയാണിപ്പോള്‍. കൂടാതെ ബോറിക് ആസിഡ്, ഹൈഡ്രജന്‍ പെറോക്‌സൈഡ് എന്നിവയും ചേര്‍ക്കുന്നുണ്ട്. 0.14-0.16 ശതമാനം ലാക്ടിക് ആസിഡാണ് സാധാരണയായി പാലിലുള്ളത്. കൂടുതല്‍ നേരം പാല്‍ സാധാരണ അന്തരീക്ഷത്തിലിരിക്കുമ്പോള്‍ ലാക്‌ടോസ് ബാക്ടീരിയകളുടെ പ്രവര്‍ത്തനംകൊണ്ട് ലാക്ടിക് ആസിഡായി പരിവര്‍ത്തനം ചെയ്ത് അമ്ലത ഉയരും. അങ്ങനെ പാല്‍ പിരിഞ്ഞുപോകും. ഇതൊഴിവാക്കാന്‍ സോഡിയം ഹൈഡ്രോക്‌സൈഡ്, സോഡിയം കാര്‍ബണേറ്റ്, സോഡിയം ബൈ കാര്‍ബണേറ്റ് എന്നിവ പാലില്‍ ചേര്‍ക്കും. കൂടാതെ ഭക്ഷ്യ എണ്ണയും ഡിറ്റര്‍ജന്റും ചേര്‍ത്ത് ബ്ലെന്‍ഡ് ചെയ്‌തെടുത്ത മിശ്രിതത്തിലേക്ക് നാമമാത്രമായി കുറച്ചുപാലും ചേര്‍ത്ത് തയ്യാറാക്കുന്ന പാലുപോലെ തോന്നിക്കുന്ന സിന്തറ്റിക് മില്‍ക്ക് വ്യാപകമായി പ്രചാരത്തിലുണ്ട്. കര്‍ഷകര്‍ ഉല്പാദിപ്പിക്കുന്ന വസ്തുക്കളില്‍ മായം ചേര്‍ത്ത് പൊതുസമൂഹത്തെ രോഗഗ്രസ്ഥമാക്കുന്ന അവസ്ഥ ഇല്ലാതാകണമെങ്കില്‍ കഠിന പ്രയത്‌നം വേണ്ടിവരും. പാലും പാലുല്‍പ്പന്നങ്ങളും മാത്രമല്ല സര്‍വ്വഭക്ഷ്യ വസ്തുക്കളും മായം ചേര്‍ക്കലിന്റെ വിഷഹസ്തങ്ങളിലാണ്. കേരള സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള വെളിച്ചെണ്ണ പോലും മായംചേര്‍ന്നതാണെന്നും ഭക്ഷ്യയോഗ്യമല്ലെന്നും കണ്ടെത്തിയ സാഹചര്യം മറന്നുകൂടാ. അതിനാല്‍ വിഷമുക്ത ഭക്ഷണം രോഗമുക്തമാനവന്‍ എന്ന ആശയം ഭാരതീയ കിസാന്‍ സംഘ് മുന്നോട്ടുവയ്‌ക്കുന്നു.
(ഭാരതീയ കിസാന്‍ സംഘ്‌സംസ്ഥാന അദ്ധ്യക്ഷനുംപ്രമുഖ കാര്‍ഷിക സംരംഭകനും ഗ്രന്ഥകാരനുമാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: