Kerala

ഇന്ന് ലോക കാലാവസ്ഥാ ദിനം: കേരളത്തില്‍ കൂടുതല്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍ ഒരുങ്ങുന്നു

Published by

മട്ടാഞ്ചേരി: ഭാരത കാലാവസ്ഥാ നിരീക്ഷണകേന്ദ്രം (ഐഎംഡി) അതിന്റെ 150-ാം വാര്‍ഷികത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ‘മിഷന്‍ മോസം’ പദ്ധതിയിലൂടെ കേരളത്തില്‍ കൂടുതല്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളൊരുക്കുകയാണ്. കൊച്ചിയിലെ സംസ്ഥാനത്തെ ഏക ഐഎംഡി റഡാര്‍ കേന്ദ്രം ശ്രദ്ധേയമായ വന്‍ മുന്നേറ്റത്തിലാണ്.

കാലാവസ്ഥാ വ്യതിയാനം ജനങ്ങളില്‍ ഏറെ സ്വാധീനമുണര്‍ത്തുന്ന കാലഘട്ടത്തില്‍ കൃത്യതയാര്‍ന്ന സന്ദേശങ്ങള്‍ കൈമാറുന്നതിന്റെ തീവ്രയജ്ഞത്തിലാണ് ഐഎംഡി. ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയിലൂടെ രണ്ടായിരം കോടി രൂപ ചെലവഴിച്ചാണ് കേന്ദ്രസര്‍ക്കാര്‍ ‘മിഷന്‍ മോസം’ വിഭാവനം ചെയ്തിരിക്കുന്നത്. കൂടുതല്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍, റഡാര്‍ സ്റ്റേഷനുകള്‍, സൂപ്പര്‍ കമ്പ്യൂട്ടര്‍ സംവിധാനം, ഡാറ്റാ സംഭരണം, ദുരന്തനിവാരണം, മുന്‍കൂട്ടിയുള്ള പ്രകൃതിദുരന്ത പ്രവചനം, ജനസുരക്ഷ, ലോകശ്രദ്ധ തുടങ്ങിയവയ്‌ക്ക് ഊന്നല്‍ നല്കിയുള്ള മുന്നേറ്റത്തിലാണ് ഭാരത കാലാവസ്ഥാ കേന്ദ്രം.

മിഷന്‍ മോസം പദ്ധതിയിലൂടെ ഐഎംഡി കേരള-ലക്ഷദ്വീപ് ഘടകം വന്‍മുന്നേറ്റത്തിനൊരുങ്ങുകയാണ്. നിലവില്‍ കൊച്ചിയിലെ സ്വന്തം റഡാര്‍ കേന്ദ്രത്തില്‍നിന്നുള്ള നിരീക്ഷണ വിവരങ്ങള്‍ക്കൊപ്പം തിരുവനന്തപുരം വിഎസ്എസ്‌സിയിലെ റഡാര്‍ വിവരങ്ങളും സംഗ്രഹിച്ചാണ് കാലാവസ്ഥാ പ്രവചനം. 2017 ജൂലൈയില്‍ തുടങ്ങിയ കൊച്ചി റഡാര്‍ കേന്ദ്രത്തില്‍നിന്ന് ഓരോ 15 മിനിറ്റിലും കാലാവസ്ഥ വ്യതിയാനവും മൂന്ന് മണിക്കൂര്‍ ഇടവിട്ട് കാലാവസ്ഥാ പ്രവചനവും നടക്കുന്നു. ബെല്‍, ഐഎസ്ആര്‍ഒ, ഐഎംഡി എന്നിവരുടെ സംയുക്ത സംരംഭത്തില്‍ സമ്പൂര്‍ണമായി, തദ്ദേശീയമായി നിര്‍മിച്ച ‘എസ്’ ബാന്റ് റഡാറാണ് കൊച്ചി കാലാവസ്ഥാ റഡാര്‍ കേന്ദ്രത്തിലേത്.

ചുഴലിക്കാറ്റ്, മേഘമാറ്റങ്ങള്‍, ജലകിരണ സാധ്യതകള്‍, ഉഷ്ണ-ശൈത്യ വ്യതിയാനങ്ങള്‍ എന്നിവയ്‌ക്കൊപ്പം മഴമേഘങ്ങളുടെ സഞ്ചാരപഥം പ്രവചിക്കാനും കഴിയുന്നു. അത്യാധുനിക കമ്പ്യൂട്ടര്‍ സംവിധാനത്തിലൂടെ 24ഃ7 നിരീക്ഷണമാണിവിടെ ഒരുക്കിയിരിക്കുന്നതെന്ന് സ്റ്റേഷന്‍ മേധാവി ബിപിന്‍ ലാല്‍ പറഞ്ഞു. ‘മിഷന്‍ മോസം’ പദ്ധതിയിലൂടെ വയനാട്, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ റഡാര്‍ കേന്ദ്രങ്ങളും കണ്ണൂര്‍, തിരുവനന്തപുരം, കോഴിക്കോട്, മംഗലാപുരം എന്നിവിടങ്ങളില്‍ മൈക്രോ റേഡിയല്‍ കേന്ദ്രങ്ങളുമുയരുമെന്ന് ഐഎംഡി കേരള-ലക്ഷദ്വീപ് മേധാവി നീന കെ. ഗോപാല്‍ പറഞ്ഞു. ലോക കാലാവസ്ഥാ ദിനാഘോഷത്തിന്റെ ഭാഗമായി കൊച്ചിയിലെ ഐഎംഡി റഡാര്‍ കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങളറിയാനും സന്ദര്‍ശിക്കാനും നാളെ പൊതുജനങ്ങള്‍ക്ക് സൗജന്യ പ്രവേശനമേര്‍പ്പെടുത്തിയിട്ടുണ്ട്. വിവരങ്ങള്‍ക്ക്: 9447049127.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക