Varadyam

ഐതിഹ്യപ്പെരുമയില്‍ വൈക്കം വടക്കുപുറത്തുപാട്ട്

Published by

രിത്ര പ്രസിദ്ധമായ വൈക്കം മഹാദേവ ക്ഷേത്രാങ്കണത്തില്‍ പന്ത്രണ്ടുവര്‍ഷം കൂടുമ്പോള്‍ നടത്തപ്പെടുന്ന വടക്കുപുറത്തു പാട്ട് 2025 മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലായി ആഘോഷിക്കപ്പെടും. വടക്കുപുറത്തുപാട്ടിനോടനുബന്ധിച്ച് കോടി അര്‍ച്ചനയുണ്ട്.

തെക്കുപുറത്തുപാട്ട് അധികം തവണ നടത്തപ്പെട്ടില്ല. വടക്കുപുറത്തുപാട്ടിനും ഒരു മുടക്കം ബാധിച്ചുവെങ്കിലും വൈക്കത്തപ്പന്റെയും കൊടുങ്ങല്ലൂരമ്മയുടെയും കരുണകൊണ്ടും ഭക്തരുടെ നിരന്തരപരിശ്രമംകൊണ്ടും വടക്കുപുറത്തുപാട്ട് അതിന്റെ ഗരിമ വീണ്ടെടുത്ത് ഇപ്പോള്‍ മുടക്കമില്ലാതെ വ്യാഴവട്ടക്കാലത്ത് ഒരിക്കല്‍ എന്ന നിലയില്‍ ഭംഗിയായി നടത്തപ്പെടുന്നു.

1925 ല്‍ മുടങ്ങിയ വടക്കുപുറത്തുപാട്ട് 1965 ല്‍ പുനരാരംഭിച്ചു. തുടര്‍ന്ന് മുടക്കമില്ലാതെ ഭംഗിയായി ആഘോഷിക്കപ്പെടുന്നു.
രാജഭരണകാലത്തൊരിക്കല്‍ വൈക്കത്ത് വസൂരിരോഗം പടര്‍ന്നുപിടിച്ചു. പ്രജാക്ഷേമതല്‍പ്പരനായ വടക്കുംകൂര്‍ വലിയ തമ്പുരാന്‍ കൊടുങ്ങല്ലൂര്‍ ചെന്ന് അമ്മയെ സങ്കടമോചനത്തിനായി ഉപാസിച്ചു. 12 ദിവസത്തെ ഉപാസന കാലം കൂടുന്ന ദിവസം തമ്പുരാന് സ്വപ്‌നദര്‍ശനം ഉണ്ടായി. തലയ്‌ക്കല്‍ ഒരു നാന്ദകം വച്ചിട്ടുണ്ടെന്നും അതുമായി വടക്കുംകൂര്‍ ദേശത്തുചെന്ന് വൈക്കത്തപ്പന്റെ വടക്കേമതില്‍ക്കെട്ടിനുള്ളില്‍ കിഴക്ക്-പടിഞ്ഞാറ് നെടുപുര കെട്ടി നാന്ദകം പ്രതിഷ്ഠിച്ച് കളമെഴുതി പൂജ നടത്താനും, താന്‍ സങ്കടമോചനം വരുത്തിക്കൊള്ളാമെന്നും ഒരു ബാലിക പറയുന്നതായിട്ട് തമ്പുരാന്‍ സ്വപ്‌നം കണ്ടു. ഉണര്‍ന്ന് നോക്കുമ്പോള്‍ നാന്ദകം തലയ്‌ക്കല്‍ ഇരിക്കുന്നതായി കണ്ടു. ഭക്തോത്തമനായ വടക്കുംകൂര്‍ വലിയ രാജ നാന്ദകവുമെടുത്ത് വൈക്കത്ത് മടങ്ങിയെത്തി അമ്മയുടെ അരുളപ്പാട് അക്ഷരംപ്രതി നടപ്പിലാക്കി.

വടക്കുപുറത്തുപാട്ട് കളം എഴുതാനുള്ള അവകാശം പുതുശ്ശേരി കുറുപ്പന്മാര്‍ക്കാണ് തമ്പുരാന്‍ കല്‍പ്പിച്ച് നല്‍കിയത്. ഇന്നും ആ കുടുംബക്കാര്‍ക്കാണ് കുളത്തിനുള്ള അവകാശം. ആദ്യ വടക്കുപുറത്തുപാട്ട് കാലം കൂടിയതോടെ വസൂരി ദീനമെന്ന സങ്കടവും ഒഴിഞ്ഞു.

മീനമാസത്തിലെ കാര്‍ത്തികനാള്‍ നാല്‍പ്പത്തിയൊന്നാം ദിവസം വരുന്ന രീതിയില്‍ കാലേകൂട്ടി മുഹൂര്‍ത്തം കുറിച്ച് ഇരുപത്തിയൊന്നടി ഉയരമുള്ള ഒറ്റത്തടി പ്ലാവ് വെട്ടി ക്ഷേത്രമതില്‍ക്കകത്ത് നെടുംപുരയുടെ പടിഞ്ഞാറെ അറ്റത്തായി സ്ഥാപിക്കും. ഭൂസ്പര്‍ശമില്ലാതെ വെട്ടിയെടുത്ത് ആഘോഷപൂര്‍വ്വമാണ് തടി ക്ഷേത്രത്തിലേക്ക് കൊണ്ടുവരിക. വൈക്കത്തപ്പന്റെ പന്തീരടി പൂജയ്‌ക്കുശേഷം ക്ഷേത്രതന്ത്രി പൂജിച്ചു നല്‍കുന്ന വാളുമായി വെളിച്ചപ്പാട് മുന്‍കൂട്ടി തീരുമാനിച്ച പ്ലാവിനടുത്ത് ഭക്തജനങ്ങളുടെ അകമ്പടിയോടെയെത്തുകയും പ്ലാവിന് മൂന്ന് വലംവച്ച് വാള്‍കൊണ്ട് പ്ലാവില്‍ കൊത്തുകയും ചെയ്യും. മരംമുറിക്കാന്‍ നിശ്ചയിക്കപ്പെട്ടവര്‍ പ്ലാവ് നിലം തൊടാതെ മുറിച്ചെടുത്ത് ഭക്തജനങ്ങളുടെ തോളിലേറ്റും. വാദ്യമേളങ്ങളുടെ അകമ്പടിയോടെയെത്തിച്ച് ക്ഷേത്രമതില്‍ക്കകത്ത് ശുഭ മുഹൂര്‍ത്തത്തില്‍ സ്ഥാപിക്കും.

ചേക്കോട്ട് കുടുംബത്തിനാണ് വടക്കുപുറത്തുപാട്ടിന്റെ വെളിച്ചപ്പാടാകാനുള്ള നിയോഗം. ഈ വര്‍ഷത്തെ വടക്കുപുറത്തുപാട്ടിന് ചേക്കോട്ട് കുടുംബാംഗമായ കേശവന്‍ കുട്ടിയാണ് വെളിച്ചപാടായി അവരോധിക്കപ്പെട്ടത്. വൈക്കം ക്ഷേത്രത്തിന്റെ വടക്കുകിഴക്കേ ദിക്കില്‍ ചാലപ്പറമ്പ് പാഴൂര്‍ പുത്തന്‍വീട്ടില്‍ നിന്നാണ് മരം മുറിച്ചുകൊണ്ടുവന്നത്.

നെടുംപുരയില്‍ സ്ഥാപിക്കുന്ന തൂണ്‍ താന്ത്രിക വിധിയനുസരിച്ച് ശുദ്ധി ചെയ്ത് കൊടുങ്ങല്ലൂരമ്മയുടെ സാന്നിദ്ധ്യം ആവാഹിക്കുന്നത് ക്ഷേത്രതന്ത്രിയുടെ അധികാരമാണ്. തൂണ് സ്ഥാപിച്ചാല്‍ അന്നുമുതല്‍ ദിവസവും ഒരുനേരം ദേവിക്ക് നിവേദ്യം സമര്‍പ്പിക്കും.

വടക്കുപുറത്ത് പാട്ടിനോട് അനുബന്ധിച്ച് രണ്ട് ദേശതാലപ്പൊലികള്‍ നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. ഉദയനാപുരം ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ നിന്നാണ് ദേശ താലപ്പൊലി ആരംഭിക്കുക. തൈക്കാട്ടുശ്ശേരി ദേവിക്ഷേത്രത്തിലേക്കും മൂത്തേടത്ത് കാവിലേക്കുമാണ് ദേശതാലപ്പൊലികള്‍ പോകുന്നത്. രണ്ട് ദേവിമാരേയും വടക്ക് പുറത്തുപാട്ടിനു ക്ഷണിക്കുക എന്നതാണ് ദേശതാലപ്പൊലിയുടെ ഉദ്ദേശ്യമെന്ന് പഴമക്കാര്‍ പറയുന്നു. മൂത്തേടത്ത് കാവിലേക്കുള്ള താലപ്പൊലി വൈക്കം ക്ഷേത്രമതില്‍ക്കകത്ത് ആരാധിക്കപ്പെടുന്ന പനച്ചിക്കല്‍ ഭഗവതിക്ക് സമര്‍പ്പിച്ച് വീണ്ടും താലങ്ങളില്‍ അരിയും പൂവും നിറച്ച് മൂത്തേടത്ത് കാവിലെത്തി സമര്‍പ്പിക്കുകയാണ് സമ്പ്രദായം.

പാട്ട് തുടങ്ങും മുന്‍പ് കരക്കാരുടെ വകയായി ക്ഷേത്രത്തിന്റെ നാല് നടയിലും ഗോപുരത്തിനു വെളിയിലായി അടയ്‌ക്കാ മരംകൊണ്ട് ധ്വജസ്തംഭം നാട്ടി അതില്‍ ആഘോഷപൂര്‍വം ദിക്കുകൊടികള്‍ സ്ഥാപിക്കുന്ന പതിവുണ്ട്. വടക്കുപുറത്ത് പാട്ടിനായി കിഴക്കുപടിഞ്ഞാറായി ഉണ്ടാക്കുന്ന നെടുംപുരയില്‍ പാട്ട് തുടങ്ങുന്ന ദിവസം മുതല്‍ പത്മമിട്ട് ത്രികാലപൂ
ജ നടത്തും.

പഞ്ചവര്‍ണ്ണ കളം എഴുതുന്നതിനും ചിട്ടയുണ്ട്. ആദ്യനാലുദിനങ്ങള്‍ അഷ്ടഭുജങ്ങളുള്ള ധൂളി ചിത്രവും, അടുത്ത നാലു ദിവസം പതിനാറ് കൈകളുള്ള ചിത്രവും, അടുത്ത മൂന്നു ദിവസം മുപ്പത്തി രണ്ട് കൈകളുള്ള ചിത്രവും അവസാന ദിവസം (പന്ത്രണ്ടാം ദിനം) വേതാള കണ്ഠസ്ഥിതയായ അറുപത്തിനാലു കൈകളുള്ള ദേവീരൂപവും വരയ്‌ക്കും. വലിയ കളത്തിന് ആയിരത്തി ഇരുന്നൂറ് അടിക്കു മുകളില്‍ വിസ്താരം ഉണ്ടാവും.

കളംപാട്ടു തുടങ്ങിയാല്‍ തീരും വരെ ദിവസവും ക്ഷേത്രത്തിന്റെ വടക്കേനടയിലുള്ള കൊച്ചാലും ചുവട്ടില്‍നിന്ന് താലപ്പൊലിയോടെയുള്ള എതിരേല്‍പ്പ് നടക്കും. വൈക്കത്തപ്പന്റെ അത്താഴ ശീവേലി ആദ്യപ്രദക്ഷിണം വടക്കേനടയിലെത്തുമ്പോള്‍ കൊച്ചാലും ചുവട്ടില്‍നിന്നുള്ള ദേവിയുടെ എഴുന്നള്ളത്ത് വടക്കേ നടയിലൂടെ ക്ഷേത്രത്തില്‍ പ്രവേശിക്കും. പി
ന്നീടുള്ള പ്രദക്ഷിണങ്ങള്‍ മുഴുവനാക്കി ദേവി കളംപാട്ടു നടക്കുന്ന നെടുമ്പുരയിലേക്കും വൈക്കത്തപ്പന്‍ ശ്രീകോവിലിലേക്കും എഴുന്നള്ളും. ക്ഷേത്രനട അടച്ചുകഴിഞ്ഞാല്‍ കളം പാ
ട്ടും കളം മായ്‌ക്കലും നടക്കും.

പാട്ട് കാലം കൂടുന്ന ദിവസം നെടുമ്പുരയുടെ വടക്കു കിഴക്കു ഭാഗത്ത് വലിയ ഗുരുതി നടക്കും. കളം മായ്ച്ചു കഴിഞ്ഞാണ് വലിയ ഗുരുതി. വടശ്ശേരി മനയിലേക്കാണ് ഗുരുതിക്കുള്ള അവകാശം. വലിയ ഗുരുതി കഴിഞ്ഞാല്‍ അടുത്ത വടക്കുപുറത്തു പാട്ടിന് ഒരു വ്യാഴവട്ടം കാത്തിരിക്കലായി.

വടക്കുപുറത്തു പാട്ടിന്റെ കാര്യം പറയുമ്പോള്‍ തെക്കുപുറത്തുപാട്ടും പരാമര്‍ശിക്കേണ്ടതുണ്ട്. വൈക്കം ക്ഷേത്രത്തിന്റെ ഉടമസ്ഥരായിരുന്ന ഊരാളരും വടക്കുംകൂര്‍ രാജകുടുംബവുമായി അസ്വാരസ്യം ഉടലെടുക്കുകയും തമ്മില്‍ അകല്‍ച്ചയുണ്ടാവുകയും ചെയ്തു. ഒരു വിഭാഗം വടക്കുംകൂറിനു ഐക്യം പ്രഖ്യാപിച്ചു. മറുകൂട്ടര്‍ എതിര്‍വിഭാഗത്തിന്റെ നാശത്തിനായി തുടങ്ങിയതാണ് തെക്കുപുറത്തു പാട്ടെന്ന് പഴമൊഴി. വടക്കുംകൂര്‍ തിരുവിതാംകൂറിന്റെ ഭാഗമായതോടെ പരസ്പരം പോരടിക്കേണ്ട അവസ്ഥ ഒഴിവായി. സ്വാഭാവികമായും നന്മയ്‌ക്ക് മുന്‍തൂക്കം കുറഞ്ഞ തെക്കുപുറത്തുപാട്ട് ഓര്‍മ്മയാവുകയും ചെയ്തു. രാജ്യത്തെ പ്രജകളുടെ നന്മയെ കാംക്ഷിച്ചു തുടങ്ങിയ വടക്കുപുറത്തുപാട്ട് കാലദോഷം മൂലം അല്‍പ്പകാലം മുടങ്ങിയെങ്കിലും പൂര്‍വ്വാധികം ഭംഗിയായി ഇന്നും നടന്നുവരുന്നു.

ഇത്തവണ വടക്കുപുറത്തു പാട്ടിന്റെ കളം എഴുതുക 88-കാരനായ പുതുശ്ശേരി ശങ്കരക്കുറുപ്പിന്റെ നേതൃത്വത്തിലാണ്. 65 ല്‍ പുനരാരംഭിച്ചശേഷം നടന്ന എല്ലാ വടക്കുപുറത്തു പാട്ടിന്റെ കളമെഴുത്തിലും സജീവമായിരുന്നു ശങ്കരക്കുറുപ്പ്.

കളത്തിന്റെ ഇടതുവശം ദേവാംശവും, വലതുവശം അസുരാംശവുമെന്നാണ് സങ്കല്‍പ്പം. 25 കുറുപ്പന്മാരാണ് ആദ്യദിവസങ്ങളില്‍ കളം എഴുതുക. അവസാനദിവസം 60 പേരാണ് കളം എഴുതുന്നത്.

ഉത്തര കേരളത്തില്‍ കല്ലാറ്റ് കുറുപ്പന്മാര്‍ക്കും ദക്ഷിണ കേരളത്തില്‍ പുതുശ്ശേരി കുറുപ്പന്മാര്‍ക്കുമാണ് കളത്തിന്റെ അധികാരം.

അവസാന ദിവസത്തെ കളത്തിന് 120 കിലോ മഞ്ഞള്‍പ്പൊടി, 120 കിലോ അരിപ്പൊടി, 100 കിലോ ഉമിക്കരി, 150 കിലോ വാകപ്പൊടി എന്നിവയാണ് ഉപയോഗിക്കുക.

ഈ വര്‍ഷത്തെ വടക്കുപുറത്തുപാട്ടിന്റെ സമയക്രമം
2025 ഫെബ്രുവരി 21 –
പന്തല്‍കാല്‍നാട്ടുകര്‍മ്മം
2025 മാര്‍ച്ച് 17 മുതല്‍ കോടിയര്‍ച്ചന
2025 ഏപ്രില്‍ 2 മുതല്‍ വടക്കുപുറത്തുപാട്ട്
2025 ഏപ്രില്‍ 13- വലിയകളം വലിയ ഗുരുതി
നിത്യവും ക്ഷേത്ര അരങ്ങില്‍ വിവിധങ്ങളായ
കലാപരിപാടികള്‍ നടത്തപ്പെടും.

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by