Kerala

ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാലയ്‌ക്ക് അഗ്നി പകർന്നു; തലസ്ഥാനം യാഗശാലയായി

Published by

തിരുവനന്തപുരം: ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാലയ്‌ക്ക് അഗ്നി പകർന്നു. രാവിലെ 9.45 ന് ശുദ്ധ പുണ്യാഹത്തോടെ പൊങ്കാലചടങ്ങുകൾ ആരംഭിച്ചു. പണ്ടാര അടുപ്പിലേക്കു ക്ഷേത്ര തന്ത്രി ബ്രഹ്മശ്രീ പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാട് ശ്രീകോവിലില്‍ നിന്നും ദീപം പകര്‍ന്ന് മേല്‍ശാന്തിക്ക് കൈമാറി. തുടർന്ന് അഗ്നി പണ്ടാര അടുപ്പിലേക്ക് പകർന്നതോടെ തലസ്ഥാനം യാഗശാലയായി. പണ്ടാര അടുപ്പിൽ നിന്നും ക്ഷേത്ര പരിസരത്തു നിന്ന് പത്ത് കിലോമീറ്ററുകളോളം ചുറ്റളവിലുള്ള ലക്ഷക്കണക്കിന് അടുപ്പുകളിലേക്ക് തീപടർന്നു.

1.15 നാണ് നിവേദ്യം. കണ്ണകീ ചരിതത്തില്‍ പാണ്ഡ്യ രാജാവിനെ വധിച്ച ശേഷം വിജയശ്രീലാളിതയായി വരുന്ന ദേവിയുടെ ഭാഗം തോറ്റം പാട്ടുകാര്‍ അവതരിപ്പിച്ചു കഴിഞ്ഞയുടനെ തന്ത്രി പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാട് ശ്രീകോവിലില്‍ നിന്നും ദീപം പകര്‍ന്ന് മേല്‍ശാന്തി വി. മുരളീധരന്‍ നമ്പൂതിരിക്ക് കൈമാറി. മേല്‍ശാന്തി ക്ഷേത്ര തിടപ്പള്ളിയിലെയും വലിയ തിടപ്പള്ളിയിലെയും പൊങ്കാല അടുപ്പില്‍ തീ പകര്‍ന്ന ശേഷം അതേ ദീപം സഹ മേല്‍ശാന്തിക്കും കൈമാറി. സഹമേല്‍ശാന്തി ക്ഷേത്രത്തിന് മുന്‍വശത്ത് ഒരുക്കിയിട്ടുള്ള പണ്ടാര അടുപ്പിലേക്ക് തീ പകർന്നു.

പൊങ്കാല നിവേദ്യത്തിനായി ക്ഷേത്രത്തില്‍ നിന്നും 400 പൂജാരിമാരെ പ്രത്യേകമായി നിയോഗിച്ചിട്ടുണ്ട്. തുടർന്ന് രാത്രി 7.45ന് കുത്തിയോട്ടവും ചൂരൽകുത്തും നടക്കും. രാത്രി 11.15ന്‌ പുറത്തെഴുന്നള്ളിപ്പും വെള്ളി രാവിലെ എട്ടിന്‌ അകത്തെഴുന്നള്ളിപ്പും നടക്കും. രാത്രി 10ന്‌ കാപ്പഴിക്കും. രാത്രി ഒന്നിന്‌ കുരുതി തർപ്പണത്തോടെ പൊങ്കാല മഹോത്സവത്തിന്‌ സമാപനമാകും. ഇത്തവണ തലസ്ഥാന ന​ഗരിയിൽ പൊങ്കാല സമർപ്പണത്തിന് മുൻവർഷങ്ങളിലേക്കാൾ തിരക്ക് അനുഭവപ്പെട്ടു. ഇന്നലെ വൈകീട്ടും ഇന്ന് പുലർച്ചെയും ദേവീദർശനത്തിനായി നീണ്ട ക്യൂ ഉണ്ടായിരുന്നു.

പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. ക്ലബുകളും റസിഡന്റ്സ് അസോസിയേഷനുകളും പൊങ്കലയർപ്പണത്തിന് വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by