Kerala

സിപിഎം സമ്മേളനം: വിമര്‍ശിക്കാന്‍ വിദൂര സാധ്യത ഉള്ളവരെ ഒഴിവാക്കി

Published by

കൊല്ലം: സിപിഎം സംസ്ഥാന സമ്മേളനത്തിന് കൊല്ലത്ത് കൊടിയിറങ്ങുമ്പോള്‍ യാഥാര്‍ത്ഥ്യമാകുന്നത് അക്ഷരാര്‍ത്ഥത്തില്‍ പിണറായിയുടെ സര്‍വാധിപത്യത്തിന്റെ തിരക്കഥ. വേണ്ടപ്പെട്ടവരെ എല്ലാം തിരുകിക്കയറ്റി വിമര്‍ശിക്കാന്‍ വിദൂര സാധ്യത ഉള്ളവരെ എണ്ണമിട്ട് ഒഴിവാക്കി പുതിയ പാര്‍ട്ടി ഘടന നിലവില്‍ വന്നു.

നവ കേരളത്തെ നയിക്കാന്‍ പുതുവഴികള്‍ എന്ന രേഖ സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ചപ്പോള്‍ ചെറുവിമര്‍ശനങ്ങള്‍ ഉയര്‍ന്നെങ്കിലും അത് നേതൃത്വം ചെവിക്കൊണ്ടില്ല. ചര്‍ച്ചയില്‍ പങ്കെടുത്ത 27 പ്രതിനിധികളില്‍ ചിലരില്‍ നിന്നും ഒറ്റപ്പെട്ട പ്രതിഷേധം ഉയര്‍ന്നെങ്കിലും ഇത് ഒടുവില്‍ വനരോദനമാവുകയായിരുന്നു. സര്‍ക്കാര്‍ ഫീസ് ഉള്‍പ്പെടെയുള്ള നികുതിഭാരം ജനങ്ങളില്‍ അടിച്ചേല്‍പ്പിച്ച് തിരിച്ചടി വാങ്ങരുത്, വ്യക്തത വരുത്തണം, തിരക്കിട്ട് നടപ്പാക്കരുത് എന്നൊക്കെ പ്രതിനിധികളില്‍ ചിലര്‍ വിളിച്ചുപറഞ്ഞെങ്കിലും ആശയം വ്യക്തമായി എന്ന ഒറ്റവാക്ക് പറഞ്ഞ് പിണറായി വിജയന്‍ ഇവരോടെല്ലാം ഇരിക്കാന്‍ ധാര്‍ഷ്ട്യത്തോടെ ആവശ്യപ്പെടുകയായിരുന്നു. ഇതോടെ തുടര്‍ ചര്‍ച്ചയ്‌ക്ക് തയാറെടുത്തിരുന്ന പ്രതിനിധികളില്‍ പലര്‍ക്കും ഭയപ്പാടായി, മൗനികളുമായി.

കഴിഞ്ഞ കൊച്ചി സമ്മേളനം മുതല്‍ സംസ്ഥാന സെക്രട്ടറിയുടെ പ്രവര്‍ത്തന റിപ്പോര്‍ട്ടിനേക്കാള്‍ സമ്മേളനത്തില്‍ പ്രധാന്യം നല്‍കിയത് പോളിറ്റ് ബ്യൂറോ അംഗമായ മുഖ്യമന്ത്രി അവതരിപ്പിക്കുന്ന കേരള വികസന നയരേഖയ്‌ക്കായിരുന്നു. ജനങ്ങളെ വിവിധ തലങ്ങളിലായി വിഭജിച്ച് വ്യത്യസ്തമായ സെസ് ചുമത്തണമെന്ന നിര്‍ദേശത്തിലേക്ക് വരെ പോയി പിണറായിയുടെ കൊല്ലം നയരേഖ.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by