Kerala

കേരളത്തില്‍ 10 നഗരങ്ങളിലെ തരിശുഭൂമി കണ്ടെത്താന്‍ കേന്ദ്ര സര്‍വേ

Published by

പത്തനംതിട്ട: വിവിധ സംസ്ഥാനങ്ങളിലെ നഗരസഭകളില്‍ ഉപയോഗരഹിതമായ സര്‍ക്കാര്‍ ഭൂമിയുടെ കണക്കെടുക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ സര്‍വേ കേരളത്തിലും തുടങ്ങി. രാജ്യത്തെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് 198 കോടി അനുവദിച്ചു. നഗരങ്ങളില്‍ എത്ര പൊതുസ്വത്തുണ്ടെന്നും, അത് എങ്ങനെ പ്രയോജനപ്പെടുത്താമെന്നും കണ്ടെത്തുകയാണു ലക്ഷ്യം. സംസ്ഥാന സര്‍ക്കാരുകളുടെ കൈവശം ഇവയുടെ വ്യക്തമായ രേഖകളില്ല.

ആദ്യഘട്ടത്തില്‍ കേരളത്തിലെ 10 നഗരസഭകളിലാണ് സര്‍വേ. ജൂലൈയില്‍ ആദ്യഘട്ട സര്‍വേ പൂര്‍ത്തിയാകും. നഗരസഭ, റെയില്‍വെ, സ്വകാര്യഭൂമി, ഉപയോഗരഹിത സ്ഥലങ്ങള്‍, ബസ് സ്റ്റാന്‍ഡ്, പൊതുസ്ഥാപനങ്ങള്‍, ദേവാലയങ്ങള്‍, ഇടവഴികള്‍, തോട്, ശ്മശാനം, തുടങ്ങി കുടിവെള്ള പൈപ്പ്, ലൈന്‍ വൈദ്യുതി ലൈന്‍ എന്നിവവരെ അളന്നു തിട്ടപ്പെടുത്താന്‍ അത്യാധുനിക സാങ്കേതിക സംവിധാനമാണ് ഉപയോഗിക്കുക.

‘നാഷണല്‍ ജിയോ സ്‌പെഷല്‍ നോളജ് ബേസ്ഡ് ലാന്‍ഡ് സര്‍വേ ഓഫ് അര്‍ബന്‍ ഹാബിറ്റേഷന്‍’ എന്നാണു പദ്ധതിയുടെ പേര്. ഹരിപ്പാട്, നെയ്യാറ്റിന്‍കര, ആറ്റിങ്ങല്‍, പൊന്നാനി, കാസര്‍കോട് നഗരസഭകളില്‍ ആധുനിക വെര്‍ട്ടിക്കല്‍ ക്യാമറ ഘടിപ്പിച്ച ഡ്രോണ്‍ ഉപയോഗിച്ചാണു വിവരങ്ങള്‍ ശേഖരിക്കുക. തലശ്ശേരി, വൈക്കം, പെരിന്തല്‍മണ്ണ നഗരസഭകളില്‍ 360 ഡിഗ്രിയിലുള്ള ത്രിമാന ചിത്രങ്ങള്‍ ലഭിക്കുന്ന ക്യാമറകള്‍ ഉപയോഗിക്കും.

പുനലൂര്‍, വടകര, നഗരസഭകളില്‍ ഇവയ്‌ക്കു പുറമേ ഭൂമിയുടെ ഉപരിതലം കൃത്യമായി രേഖപ്പെടുത്തുന്ന ക്യാമറയാണ് ഡ്രോണില്‍ ഘടിപ്പിക്കുക. മൂന്നുരീതിയില്‍ ഏതാണോ കൃത്യവും സമഗ്രവുമായ വിവരം നല്കുകയെന്നു വിലയിരുത്തി അതു മറ്റു നഗരസഭകളിലും നടപ്പാക്കുമെന്ന് സര്‍വേ ഓഫ് ഇന്ത്യ കേരള, ലക്ഷദ്വീപ് ചീഫ് സര്‍വേയര്‍ ടി.എസ്. അംബി അറിയിച്ചു. ‘ഡിജിറ്റല്‍ ഇന്ത്യ ലാന്‍ഡ് റിക്കാര്‍ഡ്‌സ് മോഡണൈസേഷന്‍ പ്രോഗ്രാമി’ന്റെ ഭാഗമായാണ് പദ്ധതി.

സംസ്ഥാന സര്‍ക്കാര്‍ 2002ല്‍ ഡിജിറ്റല്‍ സര്‍വേ ആരംഭിച്ചിരുന്നെങ്കിലും ഭൂമിയുടെ അളവു മാത്രമാണ് ശേഖരിച്ചത്. ഭൗതിക ആസ്തി വിവരങ്ങള്‍ അതിലുണ്ടായിരുന്നില്ല. കേന്ദ്ര പദ്ധതിയില്‍ ത്രീഡി മാപ്പിങ് ഉള്‍പ്പെടെയുണ്ട്. സര്‍വേ വിവരങ്ങള്‍ തിരുവനന്തപുരം റീസര്‍വേ ഓഫീസിന് കൈമാറും. കൃത്യമായ ഭൂമി രേഖകളുടെ അടിസ്ഥാനത്തില്‍ ആസൂത്രിതമായ നഗര വികസനത്തിനും ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കങ്ങള്‍ പരിഹരിക്കാനും ഭൂമി കൈയേറ്റം തടയാനും നികുതി പിരിവും വിഭവ വിനിയോഗവും കാര്യക്ഷമമാക്കാനും ഇതിലൂടെ സാധിക്കുമെന്നാണ് കേന്ദ്ര വിലയിരുത്തല്‍.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക