പത്തനംതിട്ട: വയനാട്ടില്‍ ഭൂപരിഷ്‌കരണ നിയമം ലംഘിച്ച് 3800 ഏക്കര്‍ സര്‍ക്കാര്‍ തോട്ടഭൂമി നിയമവിരുദ്ധമായി തരം മാറ്റി മുറിച്ച് വിറ്റതായി റവന്യൂ വകുപ്പ് കണ്ടെത്തി. ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ഇരകളായവരുടെ പുനരധിവാസത്തിന് തടസം നില്‍ക്കുന്നത് ഇങ്ങനെ ഭൂമി സ്വന്തമാക്കിയ മാഫിയയാണ്.
ഭൂപരിഷ്‌കരണ നിയമത്തിന്റെ ഭാഗമായി ചെമ്പ്ര എസ്റ്റേറ്റിന്, സൗത്ത് വയനാട് താലൂക്ക് ലാന്‍ഡ് ബോര്‍ഡ് 92 /1973 സീലിങ് കേസില്‍ 4,500 ഏക്കര്‍ തോട്ടഭൂമിക്ക് ഇളവ് നല്കിയിരുന്നു. അടുത്തിടെ വയനാട്ടിലെ റവന്യൂ ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണത്തില്‍ 1973ല്‍ ബോര്‍ഡ് ഇളവ് അനുവദിച്ചതില്‍ നാലില്‍ ഒന്ന് ഭൂമി മാത്രമേ നിലവിലുള്ളൂ എന്നാണ് കണ്ടെത്തിയത്.
പ്രമാണ പ്രകാരം വിദേശ കമ്പനിയായ ഹാരിസണ്‍ കമ്പനി 1947ന് മുമ്പ് കൈവശം വച്ചിരുന്ന ഭൂമിയാണ് ചെമ്പ്ര എസ്റ്റേറ്റ്. വയനാട്ടിലെ റവന്യൂ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ സര്‍വ്വേ നമ്പര്‍ 88/1 തോട്ടഭൂമി 496 പേര്‍ക്കാണ് മുറിച്ച് വിറ്റതായി കണ്ടെത്തിയത്. കോട്ടപ്പടി വില്ലേജില്‍ ഒരു കുടുംബത്തിലെ അംഗങ്ങളായ 21 പേര്‍ 100 ഏക്കറോളം ഭൂമി മുറിച്ച് വാങ്ങിയിട്ടുണ്ട്. തോട്ടഭൂമി കൈയടക്കിയവര്‍ നാലും അഞ്ചും ഏക്കര്‍ മുതല്‍ അഞ്ച് സെന്റ് വരെ മുറിച്ച്, മറിച്ചു വില്‍പ്പന നടത്തി.
ഉരുള്‍പൊട്ടലില്‍ ഭൂമിയും വീടും നഷ്ടമായവരുടെ പുനരധിവാസത്തിന് ഹാരിസണ്‍സിന്റെ നെടുമ്പാല എസ്റ്റേറ്റിലും കല്‍പ്പറ്റ എല്‍സ്റ്റോണ്‍ എസ്റ്റേറ്റിലെ കല്‍പ്പറ്റ ബൈപ്പാസിനോട് ചേര്‍ന്ന് പുല്ലാറ ഡിവിഷനിലും ടൗണ്‍ഷിപ്പ് നിര്‍മിക്കാനാണ് സര്‍ക്കാര്‍ അംഗീകാരം നല്കിയത്. നെടുമ്പാല എസ്റ്റേറ്റിലെ 65.41 ഹെക്ടറും എല്‍സ്റ്റോണ്‍ എസ്റ്റേറ്റിലെ 78.7 െഹക്ടറുമാണ് ദുരന്തനിവാരണ നിയമപ്രകാരം ഏറ്റെടുക്കുന്നത്. ഇതിനെതിരെയാണ് ഹാരിസണും, എല്‍സ്റ്റോണും ഹൈക്കോടതിയില്‍ ഹര്‍ജി നല്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക